മുനിർ അഹ്സനി ഒമ്മല
വിശുദ്ധ ഖുർആൻ കഴിഞ്ഞാൽ ഇസ്ലാമിക പ്രമാണങ്ങളിൽ രണ്ടാം സ്ഥാനമാണ് ഹദീസുകൾക്ക്. തിരുനബി (സ്വ) യുടെ വാക്ക്, പ്രവർത്തി ,മൗനാനുവാദം എന്നിവക്കാണ് ഹദീസ് എന്ന് പറയുന്നത്. വിശുദ്ധ ഖുർആനിന്റെ വിശദീകരണമാണ് ഹദീസുകൾ. വിശാലർത്ഥത്തിൽ സ്വഹാബത്, താബിഉകൾ എന്നിവരുടെ വാക്ക്, പ്രവർത്തി, മൗനാനുവാദം എന്നിവയെ ഹദീസ് എന്ന് പ്രയോഗിക്കാറുണ്ട് . നബി (സ ) യുടെ സവിധത്തിൽ ആരെങ്കിലും എന്തെങ്കിലും ഒരു കാര്യം പറയുകയോ, ചെയ്യുകയോ ചെയ്തു പക്ഷേ തങ്ങൾ അതിനെ എതിർക്കുകയോ മാറ്റി പറയുകയോ ചെയ്തില്ല ഇതിനാണ് മൗനാനുവാദം എന്ന് പറയുന്നത് . നബി (സ) യിൽ നിന്നും ഉണ്ടാവുന്ന ഈ സംഗതികൾക്ക് ചര്യ (സുന്നത്ത് ) എന്ന് പറയുന്നു ഈ ചര്യകളെ റിപ്പോർട്ട് ചെയ്യുന്നതാണ് ഹദീസ് . ഈ ഹദീസുകൾ നിവേദനം ചെയ്യുന്നവരുടെ ശൃംഖലക്ക് 'സനദ്' എന്നും പറയുന്നു. ഹദീസിലെ വാചകങ്ങളാണ് മത് ന് എന്നറിയപ്പെടുന്നത്
സ്വഹാബി പ്രമുഖരായ മുആദ് (റ)വിനെ നബി (സ) യുടെ പ്രതിനിധിയായി യമനിലേക്ക് പറഞ്ഞയക്കുബോൾ അവിടുന്ന് ചോദിച്ചു: ഓ മുആദ് നിങ്ങൾ അവിടെ എത്തി കഴിഞ്ഞാൽ പല പ്രശ്നങ്ങളും നിങ്ങൾ അഭിമുഖീകരിക്കേണ്ടിവരും . അവ എങ്ങനെയാണ് നിങ്ങൾ തീർപ്പ് കൽപ്പിക്കുക ? മുആദ് (റ) പറഞ്ഞു: അല്ലാഹുവിന്റെ ഗ്രന്ഥം അനുസരിച്ച് ഞാൻ തീർപ്പു കൽപ്പിക്കും. വീണ്ടും ചോദിച്ചു: ഖുർആനിൽ വ്യക്തമാക്കിയിട്ടില്ലാത്ത പ്രശ്നങ്ങൾ നേരിടേണ്ടി വന്നാലോ?
അവർ പറഞ്ഞു: തിരുനബി (സ) യുടെ ചര്യ പ്രകാരം വിധിക്കും അപ്പോഴും നബി (സ) ചോദിച്ചു അതിലും വ്യക്തമായി പറയാത്ത കാര്യങ്ങൾ കൈകാര്യം ചെയ്യേണ്ടി വന്നാലോ ? മുആദ് (റ) പ്രതിവചിച്ചു: ഖുർആനും ഹദീസും മുമ്പിൽ വെച്ച് നിരീക്ഷണം നടത്തി ഞാനൊരു തീരുമാനം കൈക്കൊള്ളും. ഇത് കേട്ട സമയം നബി(സ) അത്യധികം സന്തോഷിക്കുകയും മുആദ് (റ) വിന്റെ നെഞ്ചത്ത് കൈവെച്ച് അനുഗ്രഹിക്കുകയും ചെയ്തു.അറഫ ദിനത്തിലെ വിടവാങ്ങൽ പ്രസംഗത്തിൽ തടിച്ച് കൂടിയ അനുചരന്മാരോട് നബി (സ) പറഞ്ഞത് ഇവിടെ പ്രസ്താവ്യമാണ് “ഞാൻ നിങ്ങളെ രണ്ട് കാര്യങ്ങൾ ഏൽപ്പികുന്നു, അവ മുറുകെ പിടിക്കുന്ന പക്ഷം നിങ്ങൾ വഴി പിഴക്കുകയില്ല; അല്ലാഹുവിന്റെ ഗ്രന്ഥവും അവൻറെ റസൂലിന്റെ ചര്യകളുമാണവ"
മറ്റൊരു ഹദീസിൽ ഇപ്രകാരം കാണാം ഇർബാളുബ്നു സാറിയത്ത് (റ) വിൽ നിന്ന് ഉദ്ധരണി അവർ പറയുന്നു: നബി (സ ) ഒരിക്കൽ ഞങ്ങൾക്ക് അർത്ഥപൂർണ്ണമായ ഒരു ഉപദേശം നൽകി , അത് കേട്ടപ്പോൾ ഹൃദയങ്ങൾ ഭയചികിതമാവുകയും , കണ്ണുകളിൽ നിന്ന് ബാഷ്പം ഒഴുകുകയും ചെയ്തു . അപ്പോൾ ഞങ്ങൾ പറഞ്ഞു അല്ലാഹുവിന്റെ റസൂലേ ഇത് ഒരു വിടവാങ്ങൽ പ്രസംഗം പോലെയുണ്ടല്ലോ അത് കൊണ്ട് ഞങ്ങളെ ഉപദേശിച്ചാലും നബി(സ) പറഞ്ഞു: ''അല്ലാഹുവോട് ദയഭക്തിയോടെ ജീവിക്കാനും ഒരു നീഗ്രോ അടിമ തന്നെ അമീറായി വന്നാലും അദ്ധേ ഹത്തെ അനുസരിക്കാനും നിങ്ങളെ ഞാൻ ഉപദേശിക്കുന്നു. നിങ്ങളിൽ നിന്ന് ജീവിച്ചിരിക്കുന്നവർക്ക് ധാരാളം അഭിപ്രായ വ്യത്യാസം കാണാൻ കഴിയും . അപ്പോൾ എന്റെയും സദ് വൃത്തരും വിവേകികളുമായ ഖലീഫമാരുടെയും ചര്യ നിങ്ങൾ പിന്തുടരുക . അണപ്പല്ലുകൾ കൊണ്ട് നിങ്ങളവ കടിച്ചു പിടിക്കുവിൻ. (മതത്തിൽ) നിർമ്മിക്കപ്പെട്ട കാര്യങ്ങൾ നിങ്ങൾ വർജ്ജിക്കണം . എന്തുകൊണ്ടെന്നാൽ നൂതനമായി നിർമ്മിക്കപ്പെട്ട എല്ലാ കാര്യങ്ങളും അനാചാരമാണ് ( അബുദാവൂദ്, തുർമുദി)
ഉപര്യുക്ത ഹദീസുകളിൽ നിന്ന് ഹദീസിന്റെ ആവശ്യകതയും പ്രസക്തിയും മനസ്സിലാക്കാം ഖുർആൻ മാത്രമേ സ്വീകരിക്കുകയുള്ളു ഹദീസ് വേണ്ട എന്ന് പറഞ്ഞ് നിരാകരിക്കുന്നവർ സൂക്ഷിക്കേണ്ടതുണ്ട് കാരണം നബി (സ) യുടെ ഉപദേശങ്ങളും നിർദ്ദേശങ്ങളും സ്വീകരിക്കണമെന്ന് നമ്മോട് ഉദ്ഘോഷിച്ചത് വിശുദ്ധ ഖുർആനിലൂടെ അല്ലാഹുവാണ്. അല്ലാഹു പറയുന്നു: റസൂൽ നിങ്ങൾക്ക് എന്ത് കൊണ്ടുവന്നുവോ അത് നിങ്ങൾ സ്വീകരിക്കുകയും , അവർ എന്തിൽ നിന്ന് നിങ്ങളെ വിരോധിച്ചുവോ അതിൽ നിന്നും നിങ്ങൾ അകന്നു നിൽക്കുകയോ ചെയ്യുക. (സൂറത്തുൽ ഹശ്ർ 7 ) മറ്റൊരിടത്ത് പറയുന്നു : നബിയെ താങ്കൾ പറയുക നിങ്ങൾ അല്ലാഹുവിനെ ഇഷ്ട്ടപ്പെടുന്നുവെങ്കിൽ എന്നെ പിന്തുടരുക എങ്കിൽ അല്ലാഹു നിങ്ങളെ ഇഷ്ട്ടപ്പെടുകയും നിങ്ങളുടെ പാപങ്ങൾ പൊറുത്ത് തരികയും ചെയ്യും ( ആലു ഇംറാൻ 31) വീണ്ടും പറയുന്നു ഏതെങ്കിലും കാര്യത്തിൽ നിങ്ങൾ പരസ്പരം ഭിന്നിക്കുകയാണങ്കിൽ അതിനെ നിങ്ങൾ അല്ലാഹുവിലേക്കും അവന്റെ റസൂലിലേക്കും മടക്കുക. നിങ്ങൾ അല്ലാഹുവിലും അന്ത്യനാളിലും വിശ്വസിക്കുന്നുവെങ്കിൽ (അതാണ് വേണ്ടത് ) അതാണ് ഉത്തമവും കൂടുതൽ നല്ല പര്യവസാനമുള്ളതും ( നിസാഅ് 59) ഈ ആയത്തിൽ പറഞ്ഞ അല്ലാഹുവിലേക്കും അവന്റെ റസൂലിലേക്കും മടക്കുക എന്നതിന്റെ വിവക്ഷയെ സംബന്ധിച്ച് പണ്ഡിതന്മാർ പറഞ്ഞു അല്ലാഹുവിന്റെ ഗ്രന്ഥത്തിലേക്കും (ഖുർആനിലേക്ക് ) നബിചര്യയിലേക്കും (ഹദീസ്) എന്നാണ്
ചുരുക്കത്തിൽ വിശുദ്ധ ഖുർആനിൽ നിന്ന് കാര്യങ്ങൾ ഗ്രഹിക്കുന്നതോടൊപ്പം ഹദീസിൽ നിന്നും ഗ്രഹിക്കുകയും പഠിക്കുകയും വേണം ഖുർആനിനെ പരിഗണിക്കുബോൾ ഹദീസുകളെ തള്ളപ്പെടാൻ പാടില്ല അതിനും അർഹമായ പരിഗണന നൽകണം എന്നാൽ മാത്രമേ വിജയ പാതയിൽ സഞ്ചരിക്കാൻ സാധിക്കൂ എന്നാണ് മേൽപറഞ്ഞ ഖുർആൻ വാക്യങ്ങൾ നമ്മെ ഉണർത്തുന്നത്. ഇത് മാത്രമല്ല ഇതേ ആശയം വരുന്ന ഇനിയും നിരവധി വചനങ്ങൾ ഖുർആനിലുണ്ട് . നബി (സ ) യുടെ തിരു വാക്യങ്ങൾ എവിടുന്നു പറഞ്ഞതാണ് വെറുതെ സംസാരിച്ചതാണോ തുടങ്ങിയ ചില മൂഢ ചോദ്യങ്ങൾക്ക് വ്യക്തമായ മറുപടി ഖുർആൻ തന്നെ പറയുന്നു : നബി (സ്വ) സ്വന്തം ഇച്ഛയനുസരിച്ച് ഒന്നും സംസാരിക്കുകയില്ല , അത് അവർക്ക് നൽകപ്പെടുന്ന സന്ദേശം മാത്രമാണ് (സൂറത്തു നജ്മ് 3, 4) ഈ വാക്യം വിശദീകരിച്ച് കൊണ്ട് മുഫസ്സിറുകൾ പറയുന്നു ഇവിടെ സ്വഇച്ഛപ്രകാരമല്ലാത്ത നബിയുടെ സംസാരം എന്നാൽ ഖുർആനും അത് അല്ലാത്തതുമാണ് അപ്പോൾ ഹദീസുകളും തന്നിഷ്ട്ടപ്രകാരം സംസാരിക്കുന്നവയോ പ്രവർത്തിക്കുന്നവയോ അല്ല തുടർന്ന് അവർ പറയുന്നു സംസാരം പോലെ തന്നെയാണ് പ്രവർത്തനങ്ങളും മറ്റു അവസ്ഥകളും അവയെല്ലാം സ്വയം പറയുന്നവോ പ്രവർത്തിക്കുന്നവയോ അല്ല എല്ലാം അല്ലാഹുവിൽ നിന്നുള്ള വ്യക്തമായ സന്ദേശങ്ങൾ പ്രകാരമാണ് .
നിസ്ക്കാരം, നോമ്പ് , ഹജ്ജ്, സകാത്ത് തുടങ്ങിയ ആരാധന കർമ്മങ്ങൾ അനുഷ്ഠിക്കണമെന്ന് ഖുർആൻ നമ്മോട് പറഞ്ഞിട്ടുണ്ട് എന്നാൽ അവയുടെ രൂപങ്ങളും വിശദാംശങ്ങളും നമുക്ക് എവിടുന്ന് ലഭിക്കും . അത് ലഭിക്കണമെങ്കിൽ ഖുർആനിന്റെ വിശദീകരണമായ ഹദീസിൽ നോക്കണം . അതിൽ നിന്നേ നമുക്ക് കരസ്ഥമാകൂ കാരണം ഖുർആൻ അവതരിപ്പിക്കപ്പെട്ട നബിയുടെ വാക്കുകൾ ആണല്ലോ അവ. അപ്പോൾ പറഞ്ഞു വരുന്നത് ഖുർആൻ പോലെ ഹദീസുകളും അവലംബിക്കാൻ ഓരോ വിശ്വാസിയും ബാധ്യസ്ഥനാണ്.
ഇക്കാര്യം മുൻഗാമികൾ മനസ്സിലാക്കുകയും അവർ വളരെയധികം പ്രാധാന്യം ഹദീസുകൾക്ക് കൽപ്പിക്കുകയും ചെയ്തിട്ടുണ്ട് ഖലീഫമാർ അടക്കമുള്ള സ്വഹാബത്ത് മുതൽക്ക് മുൻഗാമികളായ ഇമാമുമാരും ഖലീഫമാരും കാര്യങ്ങൾ തീരുമാനിക്കുന്നതും ഭരണകാര്യങ്ങൾ നടപ്പിൽ വരുത്തിയിരുന്നതും ഖുർആനിനോടൊപ്പം ഹദീസുകൾ കൊണ്ടുമാണ് . അത് കൊണ്ട് തന്നെ അവരെല്ലാം ഹദീസുകൾ പഠിക്കുന്നതിലും പകർത്തുന്നതിലും അതീവ താൽപര്യം പ്രകടിപ്പിച്ചിരുന്നു . പ്രത്യേകം മനപാഠമാക്കാനും അവർ ശ്രദ്ധിച്ചിരുന്നു ലക്ഷക്കണക്കിന് ഹദീസുകൾ മനപാഠമുള്ള ഹാഫിളുകൾ വരെ ഉണ്ടായിരുന്നു എന്നാൽ ഇക്കാലത്ത് ചിലർക്ക് ഹദീസ് എന്ന് കേൾക്കുമ്പോൾ തന്നെ അരോജകമാണ് മറ്റു ചിലർക്ക് തങ്ങളുടെ ആവശ്യ നിർവഹണങ്ങൾക്കനുകൂലമായത് മാത്രം ഹദീസുകൾ അല്ലാത്തവ തള്ളപ്പെടേണ്ടത് ഇങ്ങനെയൊരു അവസ്ഥ സമുദായത്തിന്റെ പേരിൽ നടക്കുന്നവർക്ക് സംജാതമായത് വിശ്വാസ ബലഹീനതകൊണ്ടും കാപട്യം നിറഞ്ഞത് കൊണ്ടുമാണ് . ഓരോ ഹദീസും എത്തിപ്പിടിക്കുന്നതിൽ സ്വഹാബത്ത് മുതൽക്കുള്ളവർ കാണിക്കുന്ന സൂക്ഷമതയും ഉത്സാഹവും തന്നെ മതി അവരുടെ വിശ്വാസത്തിന്റെ കാഠിന്യമറിയിക്കാൻ.
ജാബിർ (റ) പറയുന്നു തിരുനബി (സ ) യിൽ നിന്ന് ഒരു ഹദീസ് കേട്ടിട്ടുള്ള ഒരാളെ കുറിച്ച് എനിക്ക് അറിവായി. ഉടനെ ഞാനൊരു ഒട്ടകത്തെ വാങ്ങി യാത്രക്കൊരുങ്ങി ഒരു മാസത്തെ നീണ്ട യാത്രക്കൊടുവിൽ ശാമിലെത്തി . അവിടെ എത്തിച്ചേർന്നപ്പോഴാണ് അത് അബ്ദുല്ലാഹി ബ്നു ഉനൈസ് (റ) വാണെന്ന് അറിഞ്ഞത് . വീട് കാവൽക്കാരനോട് ജാബിർ വാതിൽക്കലുണ്ടെന്ന് പറയാൻ പറഞ്ഞു കേട്ടമാത്രയിൽ അവിടുന്നു ചോദിച്ചു അബ്ദുല്ലയുടെ പുത്രൻ ജാബിറാണോ, അതെയെന്ന് മറുപടി പറഞ്ഞപ്പോൾ അവർ പുറത്ത് വന്ന് എന്നെ ആലിംഗനം ചെയ്തു സ്വീകരിച്ചു . വന്ന കാര്യം ഞാൻ പറഞ്ഞു: അങ്ങയുടെ കൈവശം തിരുനബിയിൽ നിന്നും കേട്ട ഒരു ഹദീസ് ഉണ്ടെന്നറിഞ്ഞു , അത് കേൾക്കും മുൻപ് ഞാൻ മരണപ്പെട്ടാലോ എന്ന ഭയമാണ് എന്നെ ഇവിടെ എത്തിച്ചത് . കേട്ടയുടൻ അബ്ദുല്ലാഹിബ്നു ഉനൈസ് ( റ) ആ ഹദീസ് കേൾപ്പിച്ച് കൊടുത്തു . ഇതാണ് അവർ ഹദീസിനു കൊടുത്ത പ്രാധാന്യം.
ഹദീസുകൾ മനസ്സിലാക്കി പഠനം നടത്തുന്നതോടൊപ്പം ഇൽമുൽ ഹദീസും പഠിക്കണം ഹദീസ് പഠനത്തിന്റെ രീതി, നിവേദന ശാസ്ത്രം നിവേദക ശൃംഖലയുടെ വ്യവസ്ഥകൾ, ഹദീസുകളുടെ തരംതിരിവ്, ഹദീസ് സമാഹരണം, സ്വീകാര്യ ഹദീസ്- അസ്വീകാര്യം ഏതെല്ലാം തുടങ്ങിയ വിഷയങ്ങൾ ചർച്ച ചെയ്യുന്ന വിജ്ഞാനശാഖയാണ് ഇൽമുൽ ഹദീസ് (ഹദീസ് നിദാന ശാസ്ത്രം)
നിദാന ശാസ്ത്ര പണ്ഡിതന്മാർ ഹദീസുകളെ പലതരത്തിൽ വർഗീകരണം നടത്തിയിട്ടുണ്ട്
(മർഫൂഅ്)
നബി (സ്വ) യിലേക്ക് എത്തിച്ചേരുന്ന ഹദീസുകൾക്കാണ് മർഫൂഅ് ആയ ഹദീസ് എന്ന് പറയുന്നത്
(മൗഖൂഫ്)
സ്വഹാബിയിലേക്ക് എത്തിച്ചേരുന്ന ഹദീസുകൾക്കാണ് മൗഖൂഫായ ഹദീസ് എന്ന് പറയുന്നത് ഉദാഹരണത്തിന് ഇബ്നു അബ്ബാസ് (റ) പറഞ്ഞു / ചെയ്തു/ മൗനാനുവാദം നൽകി
(മഖ്ഥൂഅ്) താബിഇയിലേക്ക് എത്തിച്ചേരുന്ന ഹദീസുകൾക്കാണ് മഖ്ഥൂഅ് എന്ന് പറയുന്നത്. എന്നാൽ ചില പണ്ഡിതന്മാർ പറഞ്ഞു മഖ്ഥൂആയവയെ ഹദീസ് എന്ന് പറയില്ല അത് മർഫൂഇനും മൗഖൂഫിനും പ്രത്യേകമാണ് മഖ്ഥൂഇന് അസർ(أثر) എന്നാണ് പറയുക . എന്നാൽ മറ്റു ചിലർ പറഞ്ഞു അസർ എന്നത് മുന്നിനും ഉപയോഗിക്കും.
(മുതവാതിർ) ഏകോപിച്ച് നുണ പറയാൻ സാധ്യതയില്ലാത്തയത്രയധികം ആളുകൾ റിപ്പോർട്ട് ചെയ്ത ഹദീസുകളാണിത്. ഇവ തീർച്ചയായും സ്വീകരിക്കപ്പെടേണ്ടതാണ് പക്ഷേ ഈ ഗണത്തിൽപ്പെട്ടവ വളരെ കുറവായിരിക്കും.
(ഖബർ വാഹിദ് ) മുതവാതിർ അല്ലാത്തവ ,ഒരു പരമ്പരയിലൂടെ മാത്രം വന്നവയും ഒന്നിലേറെ പരമ്പരകളുള്ളതും ഇതിൽ പെടും . മുതവാതിർ അല്ലാത്തതിനാൽ സസൂക്ഷമം പരിശോധിച്ച് വേണം സ്വീകരിക്കാൻ കാരണം ഇവ പല തരത്തിലുണ്ട്
1) (സ്വഹീഹ് )
സത്യസന്ധരും സദ് വൃത്തരും സൂക്ഷ്മാലുക്കളുമായ ആളുകൾ റിപ്പോർട്ട് ചെയ്ത ഹദീസുകൾക്കാണ് സ്വഹീഹ് എന്ന് പറയുന്നത് . മുതവാതിർ അല്ലാത്തവയിൽ ഏറ്റവും വിശ്വസനീയവും സ്വീകാര്യവുമാണ് സ്വഹീഹ്
2) (ഹസൻ)
ഇതിന്റെ നിവേദകർ സത്യസന്ധരും സദ് വൃത്തരുമാണ് പക്ഷേ ഹദീസ് പറഞ്ഞു കൊടുക്കുബോൾ സൂക്ഷമതയിൽ കുറവ് വന്നിട്ടുണ്ട്. ഇത് വിശ്വസിനീയതയിലും സ്വീകാര്യതയിലും രണ്ടാം സ്ഥാനത്താണ്
3) (ളഈഫ്) നിബന്ധനകളുടെ അഭാവം കാരണം സ്വഹീഹോ, ഹസനോ ആയ ഹദീസിന്റെ പദവിയിലേക്കെത്താത്ത ഹദീസുകൾ, ഇതിലെ റിപ്പോട്ടർമാർ സത്യസന്ധരോ സദ് വൃത്തരോ ആയിരിക്കില്ല ഇത്തരം ഹദീസുകൾ സ്വീകാര്യതയിൽ വളരെ പിറകിലായിരിക്കും.
4) (മൗളൂഅ്)
കളവ് പറഞ്ഞതായി തെളിഞ്ഞ വ്യക്തിയിൽ നിന്നും റിപ്പോർട്ട് ചെയ്യുന്നവയാണ് മൗളൂആയ ഹദീസ് . 'കെട്ടിച്ചമച്ചത് ' എന്നാണ് പദാർത്ഥം, ഇവകൾ റസൂൽ (സ) യുടെ പേരിൽ കള്ളം പറഞ്ഞുണ്ടാക്കിയവയാണ് .ഇത്തരം ഹദീസുകൾ തീർത്തും അസ്വീകാര്യമാണ്
ഹദീസുകളുടെ നിവേദകപരമ്പര അടിസ്ഥാനപ്പെടുത്തി വിഭജിച്ചിട്ടുണ്ട് .നിവേദക പരമ്പരയിൽ നിന്ന് ഒരാളും വിട്ട് പോയിട്ടില്ലങ്കിൽ മുത്ത്വസിലായ ഹദീസെന്നും ഒന്നോ അതിലധികമോ ആളുകൾ വിട്ടുപോയാൽ മുൻഖഥിഅ് എന്നും പറയുന്നു മുൻഖഥിഅ് ആയ ഹദീസുകൾ മൂന്ന് വിധത്തിലുണ്ട് പരമ്പരയുടെ തുടക്കത്തിൽ (സ്വഹാബി യിൽ) നിന്നാണ് പോയതെങ്കിൽ അതിനെ മുഅല്ലഖ് എന്നും താബിഇനു ശേഷമാണ് പോയതെങ്കിൽ മുർസൽ എന്നും മധ്യത്തിൽ നിന്ന് തുടർച്ചയായി രണ്ടാളുകൾ പോയതെങ്കിൽ മുഅ്ളൽ എന്നും പറയുന്നു. ഇത് മൂന്നും ളഈഫിന്റെ ഗണത്തിലാണ് പെടുക
മത്റൂക്ക് ആയ ഹദീസ്: ഹദീസിന്റെ നിവേദക പരമ്പരയിൽ ഒരു നിവേദകൻ കള്ളനാണെന്ന് ആരോപിക്കപ്പെട്ടിട്ടുള്ള സനദുള്ള ഹദീസാണ് മത്റൂക്ക്.
മുൻകർ ആയ ഹദീസ്: ഹദീസിന്റെ നിവേദക പരമ്പരയിലുള്ള ഒരു നിവേദകൻ തെമ്മാടിയോ, കൂടുതൽ അശ്രദ്ധയുള്ളവനോ, മനഃപാഠമാക്കിയതിൽ ധാരാളം പിഴവ് പറ്റുന്നവനോ ആണെങ്കിൽ ആ ഹദീസ് മുൻകറാകുന്നു. ഇവ രണ്ടും കൂടി ളഈഫിന്റെ ഗണത്തിൽപെട്ടവയാണ്
സ്വഹീഹ് ആയ ഹദീസ് ഒരാൾ ഒറ്റപ്പെട്ട് നിവേദനം ചെയ്തതാണങ്കിൽ ഗരീബ് എന്ന് പറയും രണ്ടാൾ മാത്രം നിവേദനം ചെയ്തതാണങ്കിൽ അസീസ് എന്നും രണ്ടിൽ കൂടുതൽ പേർ നിവേദനം ചെയ്യുന്നുണ്ട് പക്ഷേ ഏകോപിച്ച് കളവ് പറയാൻ സാധിക്കാത്ത അത്രയധികം പേർ ഉദ്ധരിച്ചിട്ടുമില്ല അത്തരം ഹദീസുകൾക്ക് മശ്ഹൂർ എന്നും പറയും ഇങ്ങനെയുള്ള ഹദീസിന്റെ ഇസ്വതിലാഹാത്തുകൾ നമ്മൾ അറിഞ്ഞിരിക്കേണ്ടത് അത്യാവശ്യമാണ്
ഖുദ്സിയായ ഹദീസുകൾ
അല്ലാഹു പറഞ്ഞതായി നബി (സ ) ഉദ്ധരിച്ചതും അതേ സമയം ഖുർആനിൽ ഇല്ലാത്തതുമായ ഹദീസുകൾക്കാണ് ഖുദ്സിയായ ഹദീസ് എന്നു പറയുന്നത് .
ഇത്തരം ഹദീസുകളിലെ പദങ്ങള്‍ അല്ലാഹുവില്‍നിന്ന് തന്നെ ലഭിച്ചതാണോ അതോ നബിയുടേതാണോ എന്നതില്‍ പണ്ഡിതര്‍ക്കിടയില്‍ അഭിപ്രായാന്തരമുണ്ട്. പദങ്ങളും ആശയവും അല്ലാഹുവില്‍നിന്ന് ലഭിച്ചത് തന്നെയാണെന്നാണ് ചിലരുടെ അഭിപ്രായം. എന്നാൽ മറ്റു ചിലർ പറയുന്നു ആശയം അല്ലാഹുവിൽ നിന്നും പദങ്ങൾ നബി(സ)യിൽ നിന്നുമാണ് ഇവകളും ഖുർആനും തമ്മിലുള്ള വ്യത്യാസം ഖുർആൻ ജിബ്രീൽ (അ) മുഖേന വഹ് യ് ആയി ലഭിക്കുന്നതും എന്നാല്‍ ഹദീസ് ഖുദ്സിയിലെ ആശയങ്ങള്‍ സ്വപ്നങ്ങളിലൂടെയോ ഇല്‍ഹാമിലൂടെയാവും ലഭിച്ചിരിക്കുക. അതുപോലെ തന്നെ ഖുദ്സിയ്യായ ഹദീസുകള്‍ക്ക് ഖുര്‍ആന്‍ ആയതുകളുടെ വിധി ബാധകമല്ലെന്നതാണ് അവ തമ്മിലുള്ള പ്രധാന വ്യത്യാസം അതിനാൽ അവകൾ സ്പർശിക്കാൻ വുളൂഅ് ആവശ്യമായി വരികയുമില്ല
ഖുദ്സിയായ ഹദീസുകൾക്ക് ഉദാഹരണം ഇമാം ബുഖാരി(റ) ഉദ്ധരിക്കുന്നു. അബീഹുറൈറ (റ) വിൽ നിന്ന് ഉദ്ധരണി നബി (സ ) പറയുന്നു അല്ലാഹു താഅല പറഞ്ഞു എന്റെ വലിയ്യിനെ (മിത്രത്തെ) എതിർക്കുന്നവരാരോ അവരോട് ഞാൻ യുദ്ധം പ്രഖ്യാപിച്ചിരിക്കുന്നു . ഞാൻ നിർബ്ബന്ധമാക്കിയതിനെക്കാളും എനിക്ക് ഇഷ്ട്ടപ്പെട്ട ഒന്നുകൊണ്ടും എന്റെ അടിമക്ക് എന്നോട് അടുക്കാൻ സാധ്യമല്ല (നിർബന്ധ കർമ്മങ്ങളെ കൂടാതെ) ഐഛിക കർമ്മങ്ങൾകൊണ്ടും എന്റെ അടിമ എന്നോട് അടുത്ത് കൊണ്ടിരിക്കും അങ്ങനെ ഞാനവനെ ഇഷ്ടപ്പെടും . ഞാൻ അവനെ ഇഷ്ട്ടപ്പെട്ടാൽ അവൻ കേൾക്കുന്ന കാതും, കാണുന്ന കണ്ണും, സ്പർശിക്കുന്ന കൈയും, നടക്കുന്ന കാലും ഞാനായിത്തീരും . അവനെന്നോട് ചോദിച്ചാൽ ഞാനവന് കൊടുക്കും . അവനെന്നോട് അഭയം തേടിയാൽ ഞാനവന് അഭയം നൽകും (ബുഖാരി)
ഇത്തരം ഹദീസുകൾക്കാണ് ഖുദ്സിയായ ഹദീസ് എന്ന് പറയുന്നത്
9048740007
0 അഭിപ്രായങ്ങള്‍