ഇസ്ലാമിൻ്റെ പാരിസ്ഥിതിക പാഠങ്ങൾ

Published by www.lightofislam.co.in
On JUNE 04,2020

        നബി(സ) പറയുന്നു: അനസ്(റ) വിൽ നിന്ന് ഉദ്ധരണി: മുസ്ലിമായ ഒരാൾ കൃഷി ചെയ്തു. അതല്ലങ്കിൽ ഒരു വൃക്ഷം നട്ടുപിടിപ്പിച്ചു .അതിൽ നിന്ന് വല്ല പക്ഷിയോ, മനുഷ്യനോ, മൃഗമോ ഭക്ഷിച്ചാൽ അത് അവനിക്കുള്ള സ്വദഖയാവും (മുസ്ലിം). പ്രകൃതിയിൽ നാം നിർവഹിക്കേണ്ട വ്യവഹാരവും അതിൻ്റെ പ്രതിഫലവുമാണ് പ്രസ്തുത വാക്യത്തിലൂടെ തിരുദൂതർ (സ) വ്യക്തമാക്കുന്നത്. പ്രകൃതിക്കും മനുഷ്യനും തമ്മിൽ വലിയ ബന്ധമുണ്ട്. പ്രകൃതിയുമായി ഇണങ്ങി ജീവിക്കുന്ന മനുഷ്യൻ തന്നെയാണ് പ്രകൃതി സംരക്ഷിക്കുന്നതും, മലിനപ്പെടുത്തുന്നതും. സംരക്ഷണത്തെ ഇസ്ലാം പ്രോത്സാഹിപ്പിക്കുകയും മലിനീകരണത്തെയും നശീകരണത്തെയും നിരുത്സാഹപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. പ്രവാചക പാഠങ്ങളിൽ ഇവ രണ്ടിനെയും സവിസ്തരം വിശകലനം നടത്തിയിട്ടുണ്ട്. ഉപര്യുക് ഹദീസ് വാചകത്തിൽ പ്രകൃതിയിൽ മനുഷ്യൻ ഇടപെടേണ്ടതിൻ്റെ പ്രസക്തിയാണ് വിളിച്ചോതുന്നത്. കാർഷികവൃത്തി ഏറ്റവും നല്ല വ്യവഹാരമാണ്. സ്വന്തം കൈ കൊണ്ട് അദ്ധ്വാനത്തിലൂടെ ഫലം കണ്ടെത്താനുള്ള വഴിയാണ് കൃഷി. ഏറ്റവും ഉത്തമ സമ്പാധ്യത്തിൻ്റെ കൂട്ടത്തിൽ കൈതൊഴിലിനൊപ്പവും കച്ചവടത്തോടൊപ്പവും കൃഷിയെയും ഗണിച്ചിട്ടുണ്ട്. ഈ ഹദീസിനെ വിവരിച്ച് ഇമാം നവവി(റ) രേഖപ്പെടുത്തുന്നു: ഈ ഹദീസിൽ വൃക്ഷം നട്ടുപിടിപ്പിക്കുന്നതിൻ്റെയും കൃഷി ചെയ്യുന്നതിൻ്റെയും മഹത്വമുണ്ട്. അന്ത്യദിനം വരെ ഈ കൃഷിയും വൃക്ഷവും അതിൽ നിന്ന് ഉത്ഭവിക്കുന്നതും നിലനിൽക്കുന്ന കാലത്തോളം അവന് അതിൻ്റെ പ്രതിഫലം നിലനിൽക്കും.ഏറ്റവും നല്ല സമ്പാദ്യം കൃഷിയിലൂടെ ലഭിക്കുന്നതാണെന്നന്നും മഹാനവറുകൾ അഭിപ്രായപ്പെടുന്നു. 

         ഒരാളുടെ കൃഷിയിടത്തിൽ നിന്ന് ഭക്ഷിക്കപ്പെടുന്നതിനെ സ്വദഖയോടാണ് നബി തങ്ങൾ ഉപമപ്പെടുത്തുന്നത്. മനുഷ്യൻ്റെ സ്ഥായിയായ ജീവതത്തിൽ ഉപകരിക്കപ്പെടുന്നതാണ് സ്വദഖയുടെ ഫലം. ഭൗതിക ജീവിതത്തിൽ നൽകുന്ന സ്വദഖകൾ പാരത്രിക ജീവിതത്തിലെ മോക്ഷത്തിനുള്ള ഹേതുകങ്ങളാണന്നാണ് ഇസ്ലാമിക അധ്യാപനങ്ങൾ . പൊതുവിൽ ധാനധർമ്മങ്ങളെയാണല്ലോ സ്വദഖ എന്ന് പറയാറുള്ളത്. ഇത് നാണയ കൈമാറ്റം മാത്രമല്ല നല്ല കാര്യങ്ങളും സ്വദഖ തന്നെയാണ്. ജാബിർ(റ) വിൽ നിന്ന് നിവേദനം നബി(സ) പറയുന്നു: എല്ലാ സദ്കർമ്മങ്ങളും സ്വദഖയാണ്.( ബുഖാരി). ഇതേ വാചകം ഹുദൈഫത്തു ബ്നുൽ യമാനി (റ) വിൽ നിന്ന് മുസ്ലിം (റ) റിപ്പോർട്ട് ചെയ്തിട്ടുണ്ട്. കാർഷികവൃത്തിയും സദ് കർമ്മം തന്നെയാണ്. അതിൽ നിന്നും പ്രതിഫലം ലഭ്യമാവും. ഭക്ഷിച്ചാൽ മാത്രമല്ല നശിച്ച് പോവുന്നതും മോഷ്ടിക്കപ്പെടുന്നതും സ്വദഖയായി പരിണമിക്കുമെന്ന് തിരുദൂതർ (സ) പഠിപ്പിക്കുന്നു ജാബിർ(റ) നിവേദനം ചെയ്യുന്നു , തങ്ങൾ പറഞ്ഞു: ഒരു മുസ്ലിം ഒരു ചെടി നട്ടുപിടിപ്പിക്കുകയും അതിൽ നിന്ന് ഭക്ഷിക്കുന്നതിലും മോഷ്ടിക്കപ്പെടുന്നതിലും മറ്റു രൂപത്തിൽ നിപ്പിക്കപ്പെടുന്നതിലുമെല്ലാം അവൻ ദാനം ചെയ്തതിൻ്റെ പ്രതിഫലമുണ്ട് (മുസ്ലിം). മറ്റൊരു റിപ്പോർട്ടിൽ കാണാം: മുസ് ലിമായ ഒരാൾ ഒരു ചെടി നട്ടുപിടിപ്പിച്ചു.അതിൽ നിന്ന് മനുഷ്യനോ, മൃഗമോ, പക്ഷിയോ ഭുജിക്കുകയാണങ്കിൽ അന്ത്യനാൾ വരെ അവൻ സ്വദഖ ചെയ്ത പ്രതിഫലം ലഭിക്കും. മേൽ ഹദീസുകളിൽ മോഷ്ടിക്കലിനെ അനുവദനീയമാക്കുകയല്ല. മറിച്ച് കാർഷിക വൃത്തിയെയും പ്രകൃതി സംരക്ഷണത്തേയും പ്രോത്സാഹിപ്പിക്കുകയാണ് ചെയ്യുന്നത്. അന്യൻ്റെ വസ്തുക്കൾ സമ്മതത്തോടെയാണ് എടുക്കാൻപാടുകയുള്ളു.കൂടുതലായി കൃഷി ചെയ്യപ്പെടുന്ന പ്രദേശമാണ് നമ്മുടെ കേരളം . ഇടക്കിടക്ക് പ്രകൃതിക്ഷോപങ്ങളും ഉയർന്ന തോതിലുള്ള കാറ്റും മഴയും നമ്മുടെ കൃഷികൾക്ക് നാശം വിതക്കാറുണ്ട് ഇതിൽ സാമ്പത്തികമായ നഷ്ട്ടങ്ങൾ വന്നുഭവിക്കുമെങ്കിലും വിശ്വാസികൾക്ക് സ്വദഖയുടെ കൂലി ലഭിക്കുമെന്നതിൽ പ്രത്യാശിക്കാം. പരിസ്ഥിതി സംരക്ഷണത്തിൻ്റെ ഒരു ഭാഗം മാത്രമാണ് വൃക്ഷതൈ നട്ടുപിടിപ്പിക്കലും കൃഷിയും ഇതിനെ പ്രോത്സാഹിപ്പിക്കുന്ന വചനങ്ങൾ ധാരാളം ഇനിയുമുണ്ട്.

            അനസ് (റ) പറയുന്നു നബി (സ) പറയുന്നതായി കേട്ടു  : ലോകാവസാനം സംഭവിക്കുമ്പോള്‍ നിങ്ങളുടെ കയ്യില്‍ ഒരു ചെറിയ ഈന്തപ്പന തൈയ്യുണ്ടെങ്കില്‍ അത് നട്ടുപിടിപ്പിക്കാന്‍ അവന് കഴിയുമെങ്കില്‍-അവനത് ചെയ്യട്ടെ. (അഹ്മദ്) ഒരിക്കൽ അമ്മാറത് ബ്നു ഖുസൈമ (റ)വിൻ്റെ പിതാവിനോട് ഉമർ (റ) പറയുന്നു: നിങ്ങൾ എന്ത് കൊണ്ടാണ് നിങ്ങളുടെ ഭൂമി കൃഷി ചെയ്യാതെ ഒഴിച്ചിട്ടിരിക്കുന്നത്. അവർ പറഞ്ഞു: നാളെ മരിക്കാൻ നിൽക്കുന്ന വയോധികനാണ് ഞാൻ. ഉമർ(റ) പറഞ്ഞു നിങ്ങൾ എന്തായാലും കൃഷി ചെയ്യണം അമ്മാറത് (റ) പറയുന്നു എൻ്റെ പിതാവിന് കൂടെ ഉമർ(റ) കൃഷി ചെയ്യുന്നതായി ഞാൻ കണ്ടു. ( ജാമിഉൽ കബീർ ) പ്രായമെത്രയായാലും കൃഷിക്ക് തടസ്സമല്ലന്നും വിലപ്പെട്ട സമയം പാഴാക്കരുതെന്നുമാണ് ഉമർ(റ)ധ്യോതിപ്പിക്കുന്നത്. നമ്മുടെ ഭൂമി ഒഴിച്ചിടരുതെന്ന സന്ദേശവും ഇവിടെ നൽകപ്പെടുന്നു. അബ്ദുല്ലാഹിബ്നു സലാം (റ) പറയുന്നതായി ഉദ്ധരിക്കപ്പെടുന്നു നിങ്ങൾ ഒരുമലഞ്ചെരുവിൽ കൃഷി ചെയ്തു കൊണ്ടിരിക്കുന്നതിനിടയിൽ ദജ്ജാൽ പുറപ്പെട്ടുവെന്ന് കേട്ടാലും ധൃതി കാണിക്കരുത്. തീർച്ച ജനങ്ങൾക്ക് അതിന് ശേഷവും ജീവിതമുണ്ട് (അദബുൽ മുഫ്റദ്) മഹത്തുക്കൾ ഇത്രമേൽ മാഹാത്മ്യത്തോടെ കൃഷിയെ സമീപിക്കാനും അതിനെ കുറിച്ച് സംസാരിക്കാനും കാരണം ഭൂമിയുടെ പ്രകൃത അലങ്കാരത്തെ കുറിച്ച് വിശുദ്ധ ഖുർആനിലൂടെ അല്ലാഹു ഓർമ്മപ്പെടുത്തുന്നു : ഭൂമിയിൽ തൊട്ടുതൊട്ടു കിടക്കുന്ന ഖണ്ഡങ്ങളുണ്ട്‌. മുന്തിരിത്തോട്ടങ്ങളും കൃഷികളും, ഒരു മുരട്ടിൽ നിന്ന്‌ പല ശാഖങ്ങളായി വളരുന്നതും, വേറെ വേറെ മുരടുകളിൽ നിന്ന്‌ വളരുന്നതുമായ ഈന്തപ്പനകളും ഉണ്ട്‌. ഒരേ വെള്ളം കൊണ്ടാണ്‌ അത്‌ നനയ്ക്കപ്പെടുന്നത്‌. ഫലങ്ങളുടെ കാര്യത്തിൽ അവയിൽ ചിലതിനെ മറ്റു ചിലതിനെക്കാൾ നാം മെച്ചപ്പെടുത്തുന്നു. തീർച്ചയായും അതിൽ ചിന്തിക്കുന്ന ജനങ്ങൾക്ക്‌ ദൃഷ്ടാന്തങ്ങളുണ്ട്‌.(സൂറത്തുറഅദ്: 4) ഭൂമിയിൽ ദർശിക്കപ്പെടുന്ന പ്രകൃതി കാഴ്ച്ചകളെയും സംവിധാനത്തെയുമാണ് ഖുർആൻ പറയുന്നത്. നാം നട്ടുപിടിപ്പിക്കുന്ന വൃക്ഷത്തിലെ പഴമോ കൃഷിയുടെ ഫലമോ കുഴിച്ച കിണർ കാരണമോ മരണശേഷവും ഖബറിലായിരിക്കെ കൂലി ലഭിക്കുന്നതാണെന്ന് മിർഖാത്തിൽ രേഖപ്പെടുത്തുന്നു . ചുരുക്കത്തിൽ ഏറ്റവും നല്ല വ്യവഹാരത്തിൽ ഇതിനെെ പെടുത്താമെന്ന് ഇസ്ലാം പഠിപ്പിക്കുന്നു.

         ഫലം കായിക്കുന്ന വൃക്ഷങ്ങളുടെ ചുവട്ടിലും വഴിവക്കിലും ആവശ്യനിർവഹണം നടത്തുന്നത് ഇസ്ലാം വിലക്കേർപ്പെടുത്തിയിട്ടുണ്ട്. അബീഹുറൈറ(റ)യിൽ നിന്ന് നിവേദനം നബി(സ) പറഞ്ഞു: ശപിക്കുന്ന രണ്ട് കാര്യങ്ങൾ നിങ്ങൾ സൂക്ഷിക്കുക സ്വഹാബത് ചോദിച്ചു ആ രണ്ട് കാര്യങ്ങൾ എന്താണ് നബി(സ) പറഞ്ഞു: ആളുകളുടെ വഴിയിലും തണലിലും വിസർജ്ജിക്കലാണ് (മുസ്ലിം)

പരിസര ശുചീകരണം മാത്രമല്ല പ്രകൃതിയെ മലിനപ്പെടുത്തുന്നതിൽ നിന്നും തടയുക കൂടിയാണ്.ചെയ്യുന്നത്. ജനങ്ങൾക്ക് തണലേകുന്ന വൃക്ഷങ്ങളെ വെട്ടിനശിപ്പിക്കാൻ സമ്മതിക്കുന്നില്ല എന്നാൽ ജീവൻ ഭീഷണിയായി നിൽക്കുന്ന അപകടം വിളിച്ച് വരുത്തുന്നതിനെ നീക്കം ചെയ്താൽ സൽകർമ്മമായി ഗണിക്കപ്പെടും. നബി(സ) പറയുന്നു: ഒരാൾ വഴിവക്കിലെ അരികത്ത് കൂടെ നടന്നുപോയപ്പോൾ അവൻ പറഞ്ഞു അല്ലാഹുവിനെ തന്നെ സത്യം മുസ്ലിംകൾക്ക് ശല്യം ചെയ്യുന്ന ഈ മരകൊമ്പ് ഞാൻ മുറിച്ച് മാറ്റുക തന്നെ ചെയ്യും. അദ്ധേഹം അത് മുറിച്ചു. അതിനാൽ അവൻ സ്വർഗത്തിൽ പ്രവേശിക്കപ്പെട്ടു (മുസ്ലിം).

          വൃക്ഷങ്ങളും കൃഷിയും മാത്രമല്ല പ്രകൃതിസംരക്ഷണം. ജലവും മറ്റും സംരക്ഷിക്കണം. വെള്ളം അമൂല്യമാണ് പാഴാക്കി കളയരുത്. നദിയും പുഴയും കനാലുകളുമെല്ലാം പ്രകൃതിയുടെ സൗന്ദര്യങ്ങളാണ് അവയെ നശിപ്പിക്കരുത്. ജനങ്ങൾക്ക് കുടിക്കാൻ വേണ്ടി കിണറുകളും ജലസംഭരണികളും സ്ഥാപിക്കുന്നതിനെ പുണ്യകർമ്മമായി ഇസ്ലാം കാണുന്നു. സഅദ് ബിൻ ഉബാദത് (റ)വിൻ്റെ ഉമ്മ മരണപ്പെട്ടപ്പോൾ അവർക്ക് വേണ്ടി എന്ത് സ്വദഖയാണ് ചെയ്യാൻ ഉത്തമമായതെന്ന് ചോദിച്ചപ്പോൾ നബി (സ) മറുപടി പറഞ്ഞത് കിണർ കുഴിച്ച് നൽകാനായിരുന്നു. ആരാധനക്ക് പോലും വെള്ളം ഉപയോഗിക്കുമ്പോൾ മിതത്വം പാലിക്കാൻ തിരുനബി(സ) പഠിപ്പിച്ചെങ്കിൽ ഇസ്ലാം പ്രകൃതിക്ക് നൽകുന്ന സംരക്ഷണത്തിൻ്റെ ഉത്തമ ദർശനങ്ങളാണ്.  പ്രകൃതിയുടെ സൗന്ദര്യ ചമൽക്കാരത്തിന് മനുഷ്യരോടെപ്പം ഇണങ്ങി ജീവിക്കുന്നവരാണ് പക്ഷിമൃഗാദികൾ. ജീവൻ വിലപ്പെട്ടതാണ് അന്യായമായി ഒരു ജീവനും അപഹരിക്കാൻ പാടില്ല. ദാഹിച്ചുവലഞ്ഞ നായക്ക് വെളളം കൊടുത്ത കാരണം സ്വർഗവും പൂച്ചയെ കെട്ടിയിട്ട് ഭക്ഷണം നൽകാതിരുന്നതിൽ നരകവും വിധിക്കപ്പെട്ട മതമാണ് ഇസ്ലാം. യുദ്ധവേളയിൽ പോലും മൃഗങ്ങളെയും വൃക്ഷങ്ങളെയും നശിപ്പിക്കരുതെന്ന സുന്ദര പാഠങ്ങളാണ് സമൂഹത്തിന് പകർന്ന് നൽകിയിരിക്കുന്നത് . പ്രകൃതിയുടെ സൗന്ദര്യത്തിന് മങ്ങലേൽക്കുന്ന മലിനീകരങ്ങളെ തടയുന്നതിൽ പ്രത്യേക ശ്രദ്ധ നൽകാൻ ഇസ്ലാം പഠിപ്പിക്കുന്നു. 

     ചുരുക്കത്തിൽ ഇസ്ലാമിൻ്റെ പാരസ്ഥിതിക പാഠങ്ങൾ ലോകം കണ്ടതിൽ ഏറ്റവും വലിയ പാരസ്ഥിതിക ദർശനമാണ്. മനുഷ്യൻ പ്രകൃതിയിലെ  അല്ലാഹുവിൻ്റെ പ്രതിനിധിയാണ് ഈ സുബോധത്തോടെയാവണം ഭൂമിയിൽ കഴിയേണ്ടത്.മറിച്ച് കേവലം നശീകരണപ്രക്രിയകനും ചൂഷകനുമായി അവമതിക്കാൻ പാടുള്ളതല്ല. പ്രകൃതിയെ സംരക്ഷിക്കാനും സുരക്ഷിതത്വം നൽകാനും കഴിയണം. ഇതിന് വിപരീതമായി സ്വന്തം സാർത്ഥതക്ക് വേണ്ടിയും മറ്റും മാന്യതയിൽ നിന്ന് നശീകരണത്തിലേക്ക് മനുഷ്യൻ അധ:പതിക്കുമ്പോഴാണ് പ്രകൃതിക്ഷോപങ്ങൾ സംഹാര താണ്ഡവമാടുന്നത്. മനുഷ്യരുടെ കൈക്രിയകളിലെ അപാകതകളാണ് കടലിലും കരയിലും പ്രശ്നങ്ങളുണ്ടാവുന്നതെന്ന ഖുർആൻ പാഠം ഇവിടെ പ്രസ്താവ്യമാണ്. പ്രകൃതിയിൽ നിന്ന് താൻ ഉത്ഭവിച്ചുണ്ടാക്കുന്ന ഫലങ്ങളും സംരക്ഷിച്ചുണ്ടാക്കുന്ന ജലവും മറ്റും പ്രകൃതി നമുക്ക് നൽകുന്നതാണ്. അതിൻ്റെ സംരക്ഷകനാണ് നമ്മൾ. എല്ലാത്തിൻ്റെയും ഉടമസ്ഥത അല്ലാഹുവിനാണന്ന ഉത്തമ ബോധ്യത്തോടെ പരസ്പര സഹായത്തോടെ കഴിയണം. ഉപജീവനമാർഗങ്ങളെ അധീനപ്പെടുത്തി വെക്കരുതെന്ന പ്രവാചക പാഠം ഇതിനോട് ചേർത്തി വായിക്കണം. നബി(സ) പറയുന്നതായി ഇബ്നുമസ്ഊദ്(റ) ഉദ്ധരിക്കുന്നു: ഉപജീവനോപാധികൾ നിങ്ങൾ അധികമായി അധീനപ്പെടുത്തി വെക്കരുത്.അങ്ങനെ ചെയ്താൽ ഇഹലോകത്താൽ നിങ്ങൾ തൃപ്ത്തരവും (തുർമുദി). പ്രകൃതിസംരക്ഷണത്തിന് ഇസ്ലാംലാം കൂടുതൽ ഊന്നൽ നൽകിയതായി വ്യക്തം. പാരസ്ഥിതികത ചർച്ച ചെയ്യപ്പെടുമ്പോൾ പ്രവാചക പാഠങ്ങളും പുനർ വായിക്കപ്പെടേണ്ടതുണ്ട്.

മുനീർ അഹ്സനി ഒമ്മല


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍