പോറ്റുമ്മയുടെ സ്നേഹ തണലിൽ

Posted on 18/9/2023 10.50 pm
By www.lightofislamiblogspot.com

റബീഉൽ അവ്വൽ 2️⃣
ഭാഗം 2

           ബനൂ സഅദ് ഗോത്രക്കാരായ ഒരു സംഘം കുട്ടികളെ അന്വേഷിച്ച് മക്കയിലേക്ക് യാത്ര പുറപ്പെട്ടു. ആ സംഘത്തിൽ ഹലീമയും ഭർത്താവും അവരുടെ കുഞ്ഞുമുണ്ട്. ക്ഷാമം നിറഞ്ഞകാലത്താണ് അവർ സഞ്ചരിക്കുന്നത്. ഹലീമ ബീവിയുടെ യാത്ര മെലിഞ്ഞ് ബലഹീനമായ കഴുത പുറത്താണ് എത്ര വേഗത്തിൽ സഞ്ചരിക്കാൻ ശ്രമിച്ചിട്ടും നടക്കുന്നില്ല. കൂടെയുളളവർക്കൊപ്പം എത്താൻ കഴിയുന്നില്ല. അങ്ങനെ അവർ മക്കയിലെത്തി. പോറ്റിവളർത്താൻ കുട്ടികളെ തേടിയിറങ്ങി. മുത്ത്നബിയെ പലരും കണ്ടങ്കിലും പിതാവില്ലന്നറിഞ്ഞപ്പോൾ അവർ പിന്മാറി. മറ്റുള്ളവർ കുട്ടികളുമായി തിരിച്ചു പോവാൻ ഒരുങ്ങിയപ്പോൾ ഹലീമ (റ) ഭർത്താവിനോട് പറഞ്ഞു നമുക്ക് ആ പൊന്നു മോനെ കൊണ്ടുപോകാം. ഭർത്താവും സമ്മതിച്ചു. ആ കുട്ടിയിൽ അല്ലാഹു ബറകത്ത് നൽകുമെന്ന് ഇരുവരും പ്രതീക്ഷിച്ചു. 

അവരുടെ പ്രതീക്ഷ വെറുതെ ആയില്ല , അവിടുന്ന് മടങ്ങും മുൻപേ അവർ അത് കണ്ടു. കുട്ടിയെ എടുത്ത് പാല് കൊടുത്തു , ആ കുട്ടിയും ഇവരുടെ മകൻ ളംറത്തും നല്ലവണ്ണം കുടിച്ചു. അവർ സുഖമായി അന്നുറങ്ങി. അവരുടെ ഒട്ടകവും നല്ലവണ്ണം പാൽ ചുരത്തി വേണ്ടുവോളം ഇവരും കുടിച്ചു. അങ്ങനെ നേരം പുലർന്നു ഇരുവരും ഇന്നലത്തെ വിശേഷങ്ങൾ പങ്കു വെക്കുകയാണ്. ഇന്നലത്തെ രാത്രി വല്ലാത്ത അനുഭൂതി നിറഞ്ഞ രാത്രി. അല്ലാഹു ആ കുട്ടിയെ കൊണ്ട് ചെയ്ത ബറക്കത്ത് അവർ ഓർത്തു. ഇനി മടക്കത്തിനുള്ള സമയമായി.

     കുട്ടിയെ ഏൽപ്പിക്കുമ്പോൾ ആമിന ബീവി പറഞ്ഞു എൻറെ മകനെ നീ സംരക്ഷിക്കണം ശേഷം അവർ കണ്ട അത്ഭുത കാഴ്ചകൾ അവർക്ക് വിവരിച്ചു കൊടുത്തു .

      അവർ മക്കയിൽ നിന്ന് യാത്ര പറഞ്ഞിറങ്ങുകയാണ്. ഒരുപാട് ദൂരം സഞ്ചരിക്കണം. എന്നാൽ ഇങ്ങോട്ട് പതിയെ വന്ന കഴുത മടക്ക യാത്രയിൽ ശരവേഗത്തിൽ കുതിച്ചു . ആർക്കും ഒപ്പമെത്താൻ കഴിയുന്നില്ല. അവർ പലതും പറഞ്ഞു. പക്ഷേ ഹലീമ ബീവിയുടെ വാഹനം അതിവേഗം അവരുടെ നാട്ടിൽ എത്തി . ഭൂമിയിൽ വളരെ ക്ഷാമം പിടിച്ച നാടായിരുന്നു അത് . പക്ഷേ ഇവർ തിരിച്ചെത്തിയപ്പോൾ അത്ഭുതങ്ങളുടെ കലവറ തന്നെയായിരുന്നു.
       പല തരത്തിലുള്ള സംഭവങ്ങൾ അരങ്ങേറി, പ്രദേശമാകെ സുന്ദര കാഴ്ച്ച, കറവ വറ്റിയ ആടുകൾ പാൽ ചുരത്തുന്നു. മെലിഞ്ഞൊട്ടിയവ വയർ നിറഞ്ഞ് തടിച്ച് കൊഴുത്തിരിക്കുന്നു. ആ കുടുംബത്തിന്റെ ഐശ്വര്യത്തിന്റെയും സമൃദ്ധിയുടെയും സന്തോഷത്തിന്റെയും നാളുകൾ.
ഇത് കാണുമ്പോൾ അയൽവാസികളുടെ അവസ്ഥ എന്താകും. അവരും ഹലീമയുടെ ആടുകളെ മേക്കുന്നിടത്ത് കൊണ്ട് പോയങ്കിലും പ്രതീക്ഷകൾ തെറ്റി അവർക്ക് വലിയ കാര്യമൊന്നും ഉണ്ടായില്ല. അങ്ങനെ രണ്ടു വർഷം പോയതറിഞ്ഞില്ല. ഈ അനുഗ്രഹീതനായ കുട്ടിയെ തിരിച്ചു കൊടുക്കാനും കഴിയുന്നില്ല. എന്നാൽ അവരുടെ ആഗ്രഹം പോലെ നടന്നു.

 അന്ന് മക്കയിൽ പകർച്ചവ്യാധികളുടെ സമയമായിരുന്നു. അത് കൊണ്ട് തന്നെ കുട്ടിയെ വീണ്ടും പോറ്റാൻ ഉമ്മ ആമിന സമ്മതം കൊടുത്തു. സന്തോഷപൂർവ്വം അവർ വീട്ടിലേക്ക് തന്നെ തിരികെ പോന്നു. വീണ്ടും ഹലീമ ബീവിയുടെ സംരക്ഷണത്തിൽ വളർന്നു. സഹോദരൻ ളംറത്ത് ഉറ്റ ചങ്ങാതിയായിരുന്നു . രണ്ടു പേരും കളിച്ചും ആടിനെ മേച്ചും ആ വീട്ടിൽ വളർന്നു. ശൈമ ഇത്താത്തയായി അവരെ ശ്രദ്ധിച്ചു കൂടെ നടന്നു. ആ ഗ്രാമത്തിൽ എല്ലാം അറിഞ്ഞും ആസ്വദിച്ചും ജീവിച്ചു. ഇടയിൽ ആടു മേക്കുമ്പോൾ രണ്ട് മലക്കുകൾ വന്ന് നെഞ്ച് കീറി ശസ്ത്രക്രിയ നടത്തി. അവർ ഭയന്നു. നബി തങ്ങൾ എല്ലാം വിവരിച്ചു കൊടുത്തു .

നബിയെ തനിച്ചാക്കി ഹലീമാ ബീവി ദൂരെ എങ്ങും പോകില്ലായിരുന്നു. ഒരിക്കൽ ഹലീമ ബീവിയുടെ മകനും മകളും സഹോദരിയുമായ ഷൈമയുടെ കൂടെ നട്ടുച്ച സമയം ആടിനെ മേക്കാൻ പോയി അടിമ ബീവി കുട്ടിയെ അന്വേഷിച്ച് ഇറങ്ങി ആടുമേക്കുന്നത് കണ്ടപ്പോൾ ചോദിച്ചു ഈ ചൂടിലാണോ കുട്ടിയെ നിർത്തുന്നത് ശൈമ മറുപടി പറഞ്ഞു: ഉമ്മാ എൻ്റെ ഈ സഹോദരന് ചൂട് ഏൽക്കില്ല. കുട്ടിക്ക് മേഘം തണലിട്ട് കൊടുക്കുന്നത് ഞാൻ കണ്ടിട്ടുണ്ട്. കുട്ടി നിൽക്കുമ്പോൾ മേഘം നിൽക്കുകയും സഞ്ചരിക്കുമ്പോൾ കൂടെ സഞ്ചരിക്കുകയും ചെയ്യുന്നു.

ഹലീമ ബീവിക്ക് പേടിയായി. ഉടനെ മക്കയിൽ വന്ന് ആമിന ബീവിക്ക് തിരിചേൽപ്പിച്ചു. അഞ്ച് വയസ്സായിരുന്നു അന്ന് പ്രായം. കുട്ടിയെ തിരിച്ചേൽപ്പിക്കുമ്പോൾ ആമിന ബീവി ചോദിച്ചു എന്താണ് നീ പെട്ടെന്ന് തിരിച്ചേൽപ്പിച്ചത് നടന്ന സംഭവങ്ങൾ എല്ലാം അവർ പറഞ്ഞു കുട്ടിക്ക് വല്ല പ്രശ്നങ്ങളും വരുമോ എന്ന് ഞാൻ പേടിക്കുന്നു എന്റെ കടമ തീർത്തപ്പോൾ ഞാൻ തിരിച്ചേൽപ്പിക്കുകയാണ്. വിവരണങ്ങൾ എല്ലാം കേട്ട ആമിന ബീവി പറഞ്ഞു: നിങ്ങൾ പേടിച്ചത് പോലെ ഒന്നുമില്ല അല്ലാഹു സത്യം കുട്ടിയെ കീഴ്പ്പെടുത്താൻ പിശാചിന് ഒരു വഴിയുമില്ല ഈ കുട്ടിക്ക് ചില പ്രത്യേകതകളുണ്ട് കുട്ടിയെ ഞാൻ ഗർഭം ധരിച്ചപ്പോൾ എന്നിൽ നിന്ന് ഒരു പ്രകാശം പുറപ്പെട്ടു അതിൽ ബസറയിലെ കൊട്ടാരങ്ങൾ ഞാൻ തിളങ്ങി കണ്ടു, നിലത്ത് കൈകുത്തി ആകാശത്തേക്ക് കണ്ണുകൾ ഉയർത്തിയാണ് കുട്ടി ജനിച്ചത് നിങ്ങൾ കുട്ടിയെ ഏൽപ്പിച്ച സമാധാനത്തോടെ പോവുക.

     ഖദീജ ബീവിയെ വിവാഹം കഴിച്ചശേഷം നബി (സ) ഒരിക്കൽ ഹലീമ ബീവിയെ കാണാൻ ചെന്നു നാട്ടിലെ വരൾച്ചയും കന്നുകാലികൾ ചത്തുപോയ സങ്കടവും അവർ നബിയോട് പങ്കുവച്ചു. നബി (സ) ഖദീജ ബീവിയുമായി ചർച്ചചെയ്യുകയും . ഖദീജ ബീവി (റ) അവർക്ക് 40 ആടുകളും യാത്രയോഗ്യമായ ഒട്ടകങ്ങളും നൽകി .

ഹലീമ ബീവിയിൽ നിന്ന് മുലകുടി പൂർത്തിയാക്കി ശേഷം പോറ്റുമ്മയിൽ നിന്ന് പെറ്റുമ്മ തന്നെ മകനെ വളർത്തി, ഇപ്പോൾ നബിക്ക് പ്രായം ഒന്നുകൂടി കൂടി ഉമ്മയോടെപ്പം നല്ല നാളുകൾ കഴിച്ചു കൂട്ടി. അപ്പോൾ ഉമ്മയുടെ കുടുംബക്കാരെ സന്ദർശിക്കാൻ രണ്ടു പേരും കൂടി മദീന യാത്ര പ്ലാനിട്ടു.

(തുടരും )

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍