Published by www.lightofislam.co.in
ഭാഗം II
അഹ്മദിയ മുസ്ലിം ജമാഅത്തിൻ്റെ സ്ഥാപകൻ മീർസയെ അന്ധമായി വിശ്വസിക്കുകയും അദ്ധേഹം പറയുന്നതെല്ലാം അപ്പാടെ വിഴുങ്ങുകയുമായിരുന്നു അനുയായികൾ. അയാൾ ഉന്നയിക്കുന്ന വിഷയങ്ങളിൽ പതിയിരിക്കുന്ന അപകടങ്ങളോ, വിശ്വാസങ്ങളിൽ വരുന്ന അപചയങ്ങളോ ഇവർ മുഖവിലക്കെടുത്തിരുന്നില്ല. തീർത്തും വിശ്വാസയോഗ്യമല്ലാത്ത കാര്യങ്ങൾ നിരന്തരം വാദിക്കുകയും ജനങ്ങളെ അതിൽ വിശ്വസിപ്പിക്കുകയുമായിരുന്നു ഇദ്ധേഹം.അതിൽ പ്രധാനപ്പെട്ട ഒന്നാണ് ഇൽഹാം വാദം. അല്ലാഹുവിന്റെ സാമീപ്യം കരസ്ഥമാക്കിയ ഔലിയാക്കൾക്ക് അല്ലാഹു പ്രകടിപ്പിക്കുന്നതാണ് ഇൽഹാം. യഥാവിധി അല്ലാഹു തോന്നിപ്പിക്കുന്നതാണ്.
എന്നാൽ ചിലർ തങ്ങൾക്ക് അനുഭവെടുന്ന തെറ്റായ തോന്നലുകൾ എല്ലാം ഇൽഹാമിൻ്റെ ലിസ്റ്റിൽ ഉൾപ്പെടുത്തി സ്വയം ദൈവീക വെളിപ്പാട് ചമയുന്ന വ്യാജന്മാരുണ്ട് അക്കൂട്ടത്തിൽ ഒരാളാണ് കഥാ പുരുഷൻ അഹ്മദ് മീർസ .കല്ലുവെച്ച നുണകൾ പറയാനും പ്രചരിപ്പിക്കാനും യാതൊരു മടിയുമില്ലാത്തയാളാണ് ഇദ്ദേഹം.തൻ്റെ ഇൽഹാം വാദത്തിലൂടെ പലതും പ്രചരിപ്പിക്കുകയും ചെയ്ത് കൂട്ടുകയും ചെയിതിട്ടുണ്ട്. അദ്ദേഹത്തിൻ്റെ രണ്ടാം വിവാഹം ഇൽഹാം മുഖേനയുള്ള ബോധനം വഴിയായിരുന്നുവത്രേ. അവരുടെ ഗ്രന്ഥത്തിൽ നിന്ന് വായിക്കാം ഹദ്റത്ത് അഹ്മദ്ന്റെ രണ്ടാം വിവാഹം 1884-ൽ ദൈവിക നിർദ്ദേശപ്രകാരവും ഇൽഹാമിന്റെ അടിസ്ഥാനത്തിലും ഡൽഹി യിലെ സുപ്രസിദ്ധമായ ഒരു സയ്യിദ് കുടുംബത്തിലെ പരിശുദ്ധവതിയായ മഹിളാരത്നം, ഹദ്റത്ത്സയ്യിദ നുസ്റത്ത് ജഹാംബീഗം സാഹിബയുമായി നടന്നു. ഒരു ഇൽഹാമിന്റെ നിറപുലർച്ചകൂടിയായിരുന്നു അത്. ആ ഇൽഹാം ഇപ്രകാരമായിരുന്നു. “നിന്റെ
മറ്റൊരു വിവാഹം നടത്തണമെന്ന് ഞാൻ ആഗ്രഹിക്കുന്നു. ഈ എല്ലാ കാര്യങ്ങളും
ഞാൻതന്നെ ഒരുക്കുന്നതാണ്.” (ഹയാത്ത ത്വയ്യിബ, പേജ്-73).
[ഹദ്റത്ത് അഹ്മദ് പേജ് 17] ,
1868- 69 കാലത്ത് ഇദ്ധേഹത്തെ ഒരാൾ അഹ്ലെ ഹദീസ് വിഭാഗക്കാരനായ
ഹുസൈൻ ബട്ടാലവിയുമായി ചർച്ചക്ക് കൊണ്ട് പോയി. ബട്ടാലവിയുടെ വാദങ്ങൾ തെറ്റാണന്ന് തെളിയിക്കാനായിരുന്നു മീർസയെ കൊണ്ട് പോയത്. അവരുടെ ചർച്ച ആരംഭിച്ചപ്പോൾ ബട്ടാലവിയോട് അദ്ധേഹത്തിൻ്റെ പ്രമാണങ്ങളെ കുറിച്ച് മീർസ ആരാഞ്ഞു ഈ സമയം തങ്ങളുടെ വിശ്വാസ പ്രമാണം ഇസ്ലാമിക പ്രമാണങ്ങൾ തന്നെയാണെന്ന് പറഞ്ഞപ്പോൾ മീർസ പറഞ്ഞു ഈ പ്രമാണങ്ങൾ ശരിയായവയാണ് ഇതിനോട് സംവാദം നടത്താനില്ല. ഇത് കേട്ടപ്പോൾ അദ്ധേഹത്തെ കൊണ്ട് പോയവർക്ക് നീരസം വന്നു പോൽ. അപ്പോൾ മീർസ അവരോട് പറഞ്ഞു വത്രേ താൻ ചെയ്തതെല്ലാം അല്ലാഹുവിനെ മുൻനിർത്തിയാണ്. അപ്പോൾ അതും ഇൽഹാം മുഖേന അല്ലാഹു അറിയിച്ചു എന്നാണ് ഇയാൾ വാദിക്കുന്നത്. "അല്ലാഹു നിന്റെ പ്രവൃത്തിയിൽ സന്തുഷ്ടനായിരിക്കുന്നു. അവൻ നിനക്ക് അനു ഗ്രഹത്തിനുമേൽ അനുഗ്രഹം നൽകും.ഏതുവരെ യെന്നാൽ രാജാക്കന്മാർ നിന്റെ വസ്ത്രത്തിൽനിന്ന് അനുഗ്രഹം തേടും"
(ബറാഹീനെ അഹ്മദിയ്യാ, ഭാഗം 4, പേജ്-520) ഇങ്ങനെ ഇൽ ഹാം വാദിച്ചുംം തനിക്ക് അല്ലാഹു നേരിട് വെളിപാടുകൾ നൽകിയിട്ടുണ്ടെന്നും പറഞ്ഞ് ജനങ്ങളെ കബളിപ്പിച്ച് തൻ്റെ വരുതിയിലാക്കുകയായിരുന്നു കള്ള പ്രവാചകൻ മീർസ . തനിക്ക് ഒരു മകൻ പിറവിയെടുക്കുന്നനതിനെ സംബന്ധിച്ച് ദിവ്യബോധനം ലഭിച്ചതായും ഇയാൾ പറയുന്നുണ്ട്.“നീ ചോദിച്ചതിൻപ്രകാരം ഞാൻ നിനക്ക് കാരുണ്യത്തിന്റെ ഒരടയാളം നൽകുന്നു. അത്ഭുതശക്തിയുടേയും ഔദാര്യത്തിന്റേയും സാമീപ്യത്തിന്റേയും അടയാളം നിനക്ക് നൽകുന്നു. വരപ്രസാദ ത്തിന്റേയും ഔദാര്യത്തിന്റേയും അടയാളം നിനക്ക് നൽകപ്പെടുന്നു. വിജയങ്ങളുടെ കുഞ്ചിക നിനക്ക് ലഭ്യമാകുകയാണ്. അവനോടൊപ്പം അനുഗ്രഹമുണ്ട്. അത് അവന്റെ വരവോടുകൂടി വരുന്നതാണ്. അവൻ പ്രതാപവും പ്രഭാവവും ഐശ്വര്യവുമുള്ളവനായിരിക്കും. അവൻ ലോകത്തുവന്ന് തന്റെ മസീഹീഗുണവും റൂഹുൽ ഹഖിന്റെ (സത്യത്തിന്റെ ആത്മാവ്) അനുഗ്രഹവും മുഖേന അനേ കരുടെ രോഗത്തെ സുഖപ്പെടുത്തും. അവൻ കലിമതുല്ലാഹ് (അല്ലാഹുവിന്റെ വചനം) ആകുന്നു.എന്തുകൊണ്ടെന്നാൽ അല്ലാഹു വിന്റെ അനുഗ്രഹവും അഭിമാനവും അവനെ മഹത്വത്തിന്റെ വചനത്താൽ അയച്ചിരിക്കുന്നു. അവൻ വലിയ ബുദ്ധിശാലിയും കാര്യ ജ്ഞനുമായിരിക്കും; ഹൃദയാത്മനാ സഹിഷ്ണുതയുള്ളവനും.
അവൻ ആത്മീയവും ഭൗതികവുമായ വിദ്യകളാൽ നിറക്കപ്പെടും.പ്രകാശം വരുന്നു.ദൈവം അവനെ തന്റെ അഭീഷ്ടത്തിന്റെ പരിമളംകൊണ്ട് പരിലിപ്തനാക്കിയിരിക്കുന്നു. നാം അവനിൽ നമ്മുടെ ആത്മാവ് ഇടുന്നതാണ്. അവന്റെ തലയ്ക്കുമീതെ ദൈവത്തിന്റെ നിഴലുണ്ടായിരിക്കും. അവൻ വേഗം വേഗം വളരുകയും ബന്ധനസ്ഥരുടെ മോചനത്തിന് കാരണമാകുകയും ചെയ്യും. ഭൂമിയുടെ കോണുകളോളം കീർത്തിപ്രാപിക്കും. ജാതികൾ അവനിൽനിന്ന് അനുഗ്രഹം തേടും.” (വിളംബരം 1886, ഫെബ്രുവരി 20) ഇതാണത്രേ തൻ്റെ മകനെ കുറിച്ച് ലഭിച്ച സുവാർത്ത. മുസ് ലിഹ് മൗഊദ് എന്ന പേരിലായിരുന്നു ഈ മകൻ അറിയപ്പെട്ടിരുന്നത് . അഹ്മദിയയുടെ രണ്ടാം ഖലീഫയായിരുന്നു ഇയാൾ. പല ചരിത്രങ്ങളും മറ്റും സ്വന്തം വിഷയങ്ങളിൽ എഴുതി ചേർത്ത് അല്ലാഹുവിൻ്റെ പേരിൽ കളവ് മാത്രമാണ് മീർസ പ്രചരിപ്പിക്കുന്നത്.
1875-76 കാലത്ത് അല്ലാഹു വിൻ്റെ പ്രത്യേക ബോധനം കൊണ്ട് 8, 9 മാസം തുടർച്ചയായി വ്രതമനുഷ്ഠിച്ചുവത്രേ.ഭക്ഷണം പരമാവധി കുറച്ച് ഈ സമയം ആത്മീയ ഉന്നതി കൈവരി വെച്ചുവെന്നും വാദിക്കുന്നുണ്ട്. 1885 ൻ്റെ തുടക്കത്തിൽ അല്പം കടുത്ത കൈ പ്രയോഗിച്ചു മീർസ .ഇക്കാലത്താണ് മുജദ്ദിദ് വാദം. തന്നെ അല്ലാഹു തന്നെ ഇസ്ലാമിൻ്റെയും റസൂലുള്ളാഹി (സ)ൻ്റെയും സത്യത വെളിപ്പെടുത്തുന്നതിനു വേണ്ടി ഇക്കാലഘട്ടത്തിൽ മുജദ്ദിദും ദൈവ നിയോഗിതനുമായി നിശ്ചയിച്ചിരിക്കുകയാണെന്ന് മീർസ വിളംബരപ്പെടുത്തുകയുണ്ടായി. ഓരോ നൂറ്റാണ്ടിൻ്റെ തുടക്കത്തിലും ദീനിൽ സമുദ്ധാരണത്തിന് ഓരോ പരിഷ്കർത്താക്കളെ നിയോഗിക്കുമെന്ന
തിരുദൂതർ (സ) യുടെ അധ്യാപനം സ്വയം തന്നിലേക്ക് ചാർത്തുകയായിരുന്നു മിർസ . ജനങ്ങളുടെ സങ്കൽപ്പങ്ങളെ മാറ്റി ശരിയായ ദീനിൻ്റെ വിഷയങ്ങൾ ജനങ്ങൾക്ക് പകർന്നു നൽകി തജ്ദീദ് ചെയ്യലാണ് മുജദ്ദിദ് നിർവഹിക്കുന്നത്. അല്ലാതെ സ്വന്തം കാഴ്ച്ചപ്പാടുകളെ മതനിയമങ്ങളായി അവതരിപ്പിക്കുകയും ശരിയായ ആദർശത്തെ മാറ്റി മറിക്കുകയുമല്ല. മീർസ ചെയ്തതും അത് തന്നെയാണ്. നാളിതുവരെ മുസ് ലിം ലോകം അംഗീകരിക്കുകയും ഖുർആനും തിരുവചനങ്ങളും തറപ്പിച്ച് പറയുകയും ചെയ്ത കാര്യങ്ങളെ മാറ്റിമറിച്ചും ആദർശത്തെ തിരുത്തി എഴുതിയുമാണ് മീർസ തജ്ദീദ് വാദം ഉന്നയിച്ചത്. നേരായ വിശ്വാസവും കർമ്മങ്ങളുമാണ് ഇസ്ലാം വിഭാവനം ചെയ്യുന്നത്. ഈ നേരായ പാഥയിൽ നിന്ന് വീണുപോവുന്ന ജനസഞ്ചയത്തെ പതിയെ ഉയിർത്തെഴുന്നേൽപ്പിക്കുകയാണ് നവോത്ഥാന നായകന്മാർ. എക്കാലത്തും ഇത് പോലെയുള്ള നവോത്ഥാന നായകർ പിറവിയെടുത്തിട്ടുണ്ട്. എന്നാൽ ഇതിന് വിപരീതമായി കപട നവോത്ഥാന വേഷധാരികൾ എക്കാലത്തും പ്രത്യക്ഷപ്പെട്ടിടുണ്ട്. അക്കൂട്ടത്തിൽ വേഷം ധരിച്ചവരിൽ ഒരാളാണ് അഹ്മദ് മീർസാഖാദിയാനിയെന്ന കള്ള പ്രവാചകൻ. പ്രഭയിൽ നിന്ന് ഇരുളിൻ്റെ ഉള്ളറയിലേക്കാണ് ജനങ്ങളെ തള്ളിവിട്ടത്. രണ്ടാം ഉമറെന്ന് ഖ്യാതി നേടിയ ഉമറുബ്നു അബ്ദുൽ അസീസ്(റ)വും വിജ്ഞാനത്തിൻ്റെ ഗിരിമയിൽ വിരാചിക്കുന്ന ഇമാം ശാഫിഇ (റ)വും അശ്അരി (റ)വും ഇമാം ഗസാലിയും (റ) അടക്കമുള്ള അറിവും ആത്മീയതയും മേളിച്ച പണ്ഡിത വരേണ്യർ നിർവഹിച്ച പദവിയിലേക്കാണ് കള്ള വാദങ്ങൾ കൊണ്ട് രംഗത്ത് വന്ന ഇയാൾ സ്വയം ഉപവിഷ്ഠനാകുന്നത് വഞ്ചകരെന്നാണ് ഇവർക്ക് ഖുർആൻ വിളിപ്പേരിട്ടത്. മീർസയെ പോലെ കപട നവോത്ഥാനം ഉന്നയിച്ച് പലരും പ്രത്യക്ഷപ്പെട്ടിട്ടുണ്ട് ഇവരെ കുറിച്ച് ഖുർആൻ മുന്നറിയിപ്പ് നൽകുന്നു:ഞങ്ങൾ അല്ലാഹുവിലും അന്ത്യദിനത്തിലും വിശ്വസിച്ചിരിക്കുന്നു എന്ന് പറയുന്ന ചില ആളുകളുണ്ട് ; ( യഥാർത്ഥത്തിൽ ) അവർ വിശ്വാസികളല്ല.അല്ലാഹുവിനെയും വിശ്വാസികളെയും വഞ്ചിക്കുവാനാണ് അവർ ശ്രമിക്കുന്നത്. ( വാസ്തവത്തിൽ ) അവർ ആത്മവഞ്ചന മാത്രമാണ് ചെയ്യുന്നത്. അവരത് മനസ്സിലാക്കുന്നില്ല.അവരുടെ മനസ്സുകളിൽ ഒരുതരം രോഗമുണ്ട്. തന്നിമിത്തം അല്ലാഹു അവർക്ക് രോഗം വർദ്ധിപ്പിക്കുകയും ചെയ്തു. കള്ളം പറഞ്ഞുകൊണ്ടിരുന്നതിന്റെഫലമായി വേദനയേറിയ ശിക്ഷയാണ് അവർക്കുണ്ടായിരിക്കുക.നിങ്ങൾ നാട്ടിൽ കുഴപ്പമുണ്ടാക്കാതിരിക്കൂ എന്ന് അവരോട് ആരെങ്കിലും പറഞ്ഞാൽ, ഞങ്ങൾ സംസ്ക്കരണം മാത്രമാണല്ലോ ചെയ്യുന്നത് എന്നായിരിക്കും അവരുടെ മറുപടി.എന്നാൽ യഥാർത്ഥത്തിൽ അവർ തന്നെയാകുന്നു കുഴപ്പക്കാർ. പക്ഷെ, അവരത് മനസ്സിലാക്കുന്നില്ല. മറ്റുള്ളവർ വിശ്വസിച്ചത് പോലെ നിങ്ങളും വിശ്വസിക്കൂ എന്ന് അവരോട് ആരെങ്കിലും പറഞ്ഞാൽ ഈ മൂഢൻമാർ വിശ്വസിച്ചത് പോലെ ഞങ്ങളും വിശ്വസിക്കുകയോ ? എന്നായിരിക്കും അവർ മറുപടി പറയുക. എന്നാൽ യഥാർത്ഥത്തിൽ അവർ തന്നെയാകുന്നു മൂഢൻമാർ. പക്ഷെ, അവരത് അറിയുന്നില്ല.(അൽ ബഖറ 8-13) ശരിയേതെന്നുംം നശീകരണം ഏതെന്നും ശരിയാംവണ്ണം ബോധ്യപ്പെടുത്തുകയാണ് വിശുദ്ധ ഖുർആൻ.
ഇന്ത്യൻ മുസ്ലിംകൾക്ക് തുല്യതയില്ലാത്ത നേതൃത്വം നൽകി മതനവീകരണവാദികളെയും കപടൻമാരെയും തുരത്തുകയും ചെയ്ത പണ്ഡിത ലോകത്തെ അതുല്യ പ്രഭ ഇമാം അഹ്മദ് റസാഖാൻ ബറേൽവി (റ) മുസ്ലിം ഉമ്മത്തിന് ദിശാബോധം നൽകി കൊണ്ടിരുന്ന കാലത്താണ് ധവള സാമ്രാജ്യത്തിൻ്റെ കൂലി തൊയിലാളിയായി പ്രത്യക്ഷപ്പെട്ട മീർസയുടെ സമുദ്ധാരണ വാദം. വെള്ളപ്പടയുടെ അധിനിവേശത്തെ നഖശിഖാന്തം എതിർത്ത ഇമാം റസാഖാൻ (റ) തന്നെയായിരുന്നു പതിനാലാം നൂറ്റാണ്ടിലെ പരിഷ്ക്കർത്താവായി ലോകം വാഴ്ത്തിയതും. നാല്മദ്ഹബിലും ഒരുപോലെ പ്രാവിണ്യം നേടിയ, എല്ലാ ഫന്നുകളിലും വിശാരദനായ മഹാനുഭാവന് സമകാലീന പണ്ഡിത മഹത്തുകളും വിശ്വാസി സഹസ്രവും ചാർത്തിക്കൊടുത്ത പദവിയാണ് മീർസ സ്വയം അവകാശപ്പെട്ടത്. 1890 ൻ്റെ അവസാനത്തിലാണ് ഇസാ നബി(അ) വഫാത്തായെന്ന ദിവ്യബോധന സുവിശേഷവുമായി മിർസ രംഗത്തെത്തുന്നത്. 1890-ന്റെ അവസാനത്തിൽ അല്ലാഹു, ഹദ്റത്ത് അഹ്മദ്ന് ഈസാനബി(അ) മറ്റ് പ്രവാചകന്മാരെപ്പോലെ മരണമടഞ്ഞതായി അറിയിച്ചുകൊടുക്കുകയുണ്ടായി. ഈസാനബി(അ) ഇന്നും സ്ഥല ശരീരത്തോടുകൂടി ജീവിച്ചിരിക്കുന്നുവെന്ന വിശ്വാസം വിശുദ്ധഖുർആനും തിരുനബിവചനങ്ങൾക്കും ബുദ്ധിക്കും നിരക്കാത്തതാണ്.1891-ന്റെ ആരംഭത്തിൽ ഈസാനബി(അ) മരിച്ചുപോയിരിക്കുന്നു വെന്നും അദ്ദേഹം ഇനി തിരിച്ചുവരികയില്ലെന്നും നബി(സ) തിരുമേനി പ്രവചനം ചെയ്ത വാഗ്ദത്ത മസീഹും മഹ്ദിയുമായി അല്ലാഹു, തന്നെ നിയോഗിച്ചിരിക്കുന്നുവെന്നും ഈ ലോകത്തിന്റെ പരിഷ്കരണത്തിനും ഇസ്ലാമിന്റെ ശരിയായ അദ്ധ്യാപനങ്ങളെ നില നാട്ടുന്നതിനും പ്രചരിപ്പിക്കുന്നതിനും വേണ്ടി മസീഹിഗുണത്തോടുകൂടി അല്ലാഹു തന്നെ അയച്ചിരിക്കുന്നുവെന്നും ആ മഹാത്മൻ പ്രഖ്യാപിച്ചു.( അഹ്മദ് മീർസ പേജ്:27) മീർസ തൻ്റെ അനുയായികളെ പറഞ്ഞു പഠിപ്പിച്ച കെട്ടുകഥയാണ് മുകളിൽ ഉദ്ധരിച്ച ഭാഗം . പ്രവാചകത്വം വാദിച്ച പലരും പിറവിയുണ്ടായിട്ടുണ്ടെങ്കിലും ഇത്രമേൽ വികൃതവാദങ്ങൾ ഉന്നയിച്ചത് മീർസ മാത്രം. നബി തങ്ങൾ വാഗ്ദാനം ചെയിതതെല്ലാം തൻ്റെ മേൽ സ്വയം അവരോധിക്കുകയാണ് കള്ളത്തരത്തിൻ്റെ പൂമാല തന്നെയാണ് മീർസ അണിഞ്ഞിരിക്കുന്നത്. മീർസയുടെ ഈ ദിവ്യവെളിപാടുകളും അല്ലാഹു വിനാൽ തിരഞ്ഞെടുക്കപ്പെട്ട വാദവുമെല്ലാം വായിക്കപ്പെടുമ്പോൾ ഓർമയിൽ വരുന്നത് ബൈബിളിലെ പൗലോസിനെയാണ്. മഹാനായ യേശുവിൻ്റെ ജീവിതകാലത്ത് അവരുടെ ആശയങ്ങളെ എതിർക്കുകയും അനുയായികളെയും മറ്റും അക്രമിച്ച യാളാണ് പൗലോസ് . യിസ്രായിലിയരെ പ്രവാചകന്മാരെ കൊല്ലുന്ന ധിക്കാരികളായി സ്തേഫാനോസ് ചിത്രീകരിച്ചപ്പോൾ അതിൻ്റെ പ്രതികരണമെന്നോണം അദ്ദേഹത്തെ അവർ അക്രമിച്ചു. ഉടലിൽ നിന്ന് ജീവൻ വേർപ്പെടും വരെ അവരെ കല്ലെറിഞ്ഞു.ഈ ക്രൂര കൃത്യം നിർവഹിക്കുമ്പോൾ നെടുനായകത്വം വഹിച്ചത് പൗലോസായിരുന്നു. ശേേേഷം വീടുകൾ കയറി പുരുഷന്മാരെയും സ്ത്രീകളെയും അക്രമിച്ചു. ഇക്കാര്യം ബൈബിൾ തന്നെ വ്യക്തമാക്കുന്നുണ്ട് താനും.ഇങ്ങനെയൊക്കെ വികൃതങ്ങൾ കാണിച്ച ഇയാൾ ഒരു സുപ്രഭാതത്തിൽ തനിക്ക് ദർശനം ലഭിച്ചുവെന്നും തന്നെ സുവിശേഷ പ്രവർത്തികൾക്ക് യേശു കൃസ്തു തെരഞ്ഞെടുത്തുവെന്നും അവകാശപ്പെട്ടു. യേശു ശിഷ്യർ അയാളെ തള്ളിയെങ്കിലും പലരും ഈ കെണിയിൽ അകപ്പെട്ടു. പിന്നീട് ദിവ്യവെളിപ്പാടുകൾ വാദിക്കുകയും പല വിശ്വാസങ്ങളും മുറിച്ചുമാറ്റി അദ്ദേഹത്തിൻ്റെ ആശയങ്ങൾ പ്രചരിപ്പിക്കുകയും ചെയ്തു. യേശുവിനെ ദൈവമാക്കിയതും ദൈവപുത്രനാക്കിയതും ഈ പൗലോസ് തന്നെ. ഇന്നത്തെ പല വിശ്വാസങ്ങളിലും അദ്ധേഹത്തിൻ്റെ കൈ പതിഞ്ഞിട്ടുണ്ട്.കൃസ്തുമതത്തെ വേണ്ടോളം പഠിച്ച മീർസ പൗലോസിൻ്റെ മാതൃക സ്വീകരിച്ച് പുതിയ തന്ത്രങ്ങൾ മെനഞ്ഞുണ്ടാക്കുകയായിരുന്നു. പൗലോസിൻ്റെ പിൻഗാമിയായി അഹ്മദ് മീർസയെ പരിചയപ്പെടുത്താം പക്ഷേ വ്യത്യാസമുണ്ട്. പൗലോസിനെ മുഖ്യധാരാ കൃസ്ത്യാനികൾ വിശ്വസിക്കുകയു പിൽക്കാലത്ത് എല്ലാവരും ടിയാൻ്റെ അനുയായികളാവുകയും ചെയ്തു. എന്നാൽ മുസ്ലിം സമൂഹം മീർസയുടെ കളവ് തിരിച്ചറിയുകയും തള്ളുകയും ചെയ്തു.
ഇനിയും നിരവധി ദിവ്യബോധനങ്ങൾ വാദിച്ചിട്ടുണ്ട്. ഓരോ ഹദീസും തൻ്റെ പേരിൽ എഴുതി ചേർക്കാൻ പലതും ചെയിതിട്ടുണ്ട്. പഞ്ചാബിലെ മസ്ജിദുൽ അഖ്സയിൽ വെള്ളമിനാരം പറഞ്ഞുണ്ടാക്കി. പക്ഷേ നിർമ്മിതി പൂർത്തീകരിക്കും മുന്നേ കഥാപുരുഷൻ ഇനിയൊരിക്കലും തിരികെ വരാത്ത വിധം നടന്നകന്നു. എങ്കിലും അവർ അതിന് മിനാരത്തുൽ മസീഹെന്ന് നാമകരണം ചെയ്തു. പ്രതീക്ഷിക്കപ്പെടുന്ന മഹദീ ഇമാമും ഈസാ മസീഹുമെല്ലാം ആവുബോൾ ചരിത്രത്തിലെ അന്ത്യനാളിൻ്റെ അടയാളങ്ങളായ ദജ്ജാലും മറ്റും ഉണ്ടാവേണ്ടേ എല്ലാമുണ്ട്. വഴിയേ വിശദീകരിക്കാം.
മുനീർ അഹ്സനി ഒമ്മല
0 അഭിപ്രായങ്ങള്‍