ഇമാം ശാഫിഈ (റ) ഭൂലോകം ജ്ഞാനം നിറച്ച പണ്ഡിത പ്രതിഭ.

  
www.lightofislami.blogspot.com
25 march 2020, 10 25 Am

ഭൂലോകം മുഴുവൻ ജ്ഞാനം നിറക്കുന്ന ഒരു പണ്ഡിതൻ ഖുറൈശികളിൽ നിന്ന് ഉത്ഭവിക്കും.    നബി(സ) യുടെ മുൻകൂട്ടിയുള്ള പ്രവചനങ്ങളിൽ ഒന്നാണിത്. ഈ പ്രവചനത്തിന്റെ വ്യക്തമായ പുലർച്ചയാണ് പിൽക്കാലത്ത് അറിവ് കൊണ്ട് പിൻമുറക്കാർ മുഴുവനും അംഗീകരിച്ച നാസിറുസ്സുന്ന എന്ന പേരിൽ ഖ്യാതി നേടിയ നമ്മുടെ മദ്ഹബിന്റെ ഇമാമായ ശാഫിഈ(റ).  പണ്ഡിത കുലപതിയായ ഇമാം അബൂഹനീഫ(റ)വിന്റെ വിയോഗ വർഷം തന്നെയാണ് മറ്റൊരു പണ്ഡിതജ്യോതിസിനെ ഇസ്‌ലാമിക ലോകത്തിനു കനിഞ്ഞുകിട്ടിയത്.
      അസാമാന്യ ധീക്ഷണതയും, ആഴമേറിയ ജ്ഞാന സമ്പന്നത കൊണ്ടും, കാലത്തെ വഴി നടത്തിയ മഹാപാണ്ഡിത്വത്തിനുടമയായ ഇമാം മുഹമ്മദ് ബ്നു 
ഇദ്രീസുശ്ശാഫിഈ (റ)
ഹിജ്റ 150-ൽ ഫലസ്തീനിലെ ഗസ്സയിൽ ജനിച്ചു. ചെറുപ്പത്തിൽ തന്നെ പിതാവ് നഷ്ടപ്പെട്ടു. എങ്കിലും എല്ലാ വിധ പരാധീനതകൾക്കിടയിലും  മാതാവിന് പ്രിയ പുത്രനെ നന്മയുടെ വെളിച്ചത്തിലേക്ക്കൈപിടിച്ചുയർത്താൻ സാധിച്ചു. പിതാവിന്റെ വിയോഗാനന്തരം രണ്ടാം വയസ്സിൽ മക്കയിലേക്ക് പലായനം. എട്ടാം വയസ്സിൽ ഖുർആൻ മനഃപാഠം. ചെറുപ്പകാലത്ത് തന്നെ ഒരു ചെറിയ കറാഹത്ത് പോലും ചെയ്യാതെ ജീവിക്കാൻ ശ്രമിച്ചു. പത്താം വയസ്സിൽ മാലിക് ഇമാമിന്റെ മുവത്വ കാണാതെ പഠിച്ചു.പന്ത്രണ്ട് വയസ്സ് ആയപ്പോഴേക്കും പക്വമതിയായ ഒരു ഹദീസ് പണ്ഡിതനായി മാറി. അതിനിടയിൽ ഫിഖ്ഹിലും പ്രത്യേകം ശ്രദ്ധ കേന്ദ്രീകരിച്ചു. പതിനഞ്ചാം വയസ്സിൽ ഫത് വ കൊടുക്കാൻ അനുമതി ലഭിച്ചു.
ജീവിതം ജ്ഞാന സഞ്ചാരങ്ങളുടെ ഒരു നൈരന്തര്യം തന്നെയായിരുന്നു. മക്ക, മദീന, യമന്‍, ഇറാഖ് തുടങ്ങിയ നാടുകളിലൂടെ ജ്ഞാന ദാഹവുമായി അലയുകയും ഓരോ ദേശത്തുമുള്ള പണ്ഡിതശ്രേഷ്ഠരില്‍ നിന്നും ജ്ഞാന പ്രഭ സ്വീകരിക്കുകയും ചെയ്തു. സര്‍വ മേഖലകളിലും തികഞ്ഞ അറിവ്അതായിരുന്നു മറ്റു ഇമാമുകളില്‍ നിന്നും വ്യതിരിക്തമായി ഇമാം ശാഫിഈ(റ)യുടെ പ്രത്യേകത. ഖുര്‍ആന്‍, ഹദീസ്, കര്‍മശാസ്ത്രം, വ്യാകരണം, കവിത,  വൈദ്യശാസ്ത്രം തുടങ്ങി എല്ലാ മേഖലകളിലും തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ചിട്ടുണ്ട്. ആഴമേറിയ അറിവോടൊപ്പം അല്ലാഹുവിന്റെ മുന്നില്‍ നിരന്തരം ആരാധനകളില്‍ മുഴുകുന്ന ശീലമുള്ളവരായിരുന്നു മഹാന്‍. ഇല്‍മും അമലും സമ്മേളിച്ച പണ്ഡിത പ്രതിഭ. എല്ലാ ദിവസവും ഖുര്‍ആന്‍ ഒരോ ഖത്മും റമളാനില്‍ രണ്ട് ഖത്മും വീതം അദ്ദേഹം ഓതിത്തീര്‍ക്കാറുണ്ടായിരുന്നു. പ്രധാന ശിഷ്യനായ ഇമാം മുസ്നി(റ) വിവരിച്ച ഒരു സംഭവം ഇമാം റാസി(റ) പറയുന്നു:വിജ്ഞാനത്തോട് അങ്ങയുടെ ആഗ്രഹം എങ്ങനെയാണ് എന്ന ചോദ്യത്തിന് ഇമാം ശാഫിഈ(റ) മറുപടി നല്‍കി: ഞാന്‍ കേള്‍ക്കാത്ത വല്ലതും പുതുതായി കേള്‍ക്കുമ്പോള്‍, എന്‍റെ അവയവങ്ങള്‍ക്കും ചെവികളുണ്ടായിരുന്നെങ്കില്‍ എന്നു ഞാനാഗ്രഹിക്കും. അങ്ങനെയായാല്‍ എന്‍റെ രണ്ട് കാതുകള്‍ക്കുണ്ടാകുന്ന ആസ്വാദ്യത അവയ്ക്കും ലഭിക്കുമല്ലോ. ഇല്‍മിനോട് അങ്ങയുടെ അത്യാഗ്രഹം എങ്ങനെ എന്ന ചോദ്യത്തിന്, അറുപിശുക്കനായ ഒരു ധന സമ്പാദകന് സമ്പത്തിന്‍റെ വിഷയത്തിലുള്ള അത്യാര്‍ത്തി പോലെയാണ് എന്നായിരുന്നു മറുപടി. അത് തേടിപ്പിടിക്കുന്നതില്‍ അങ്ങ് എങ്ങനെ ഇടപെടുമെന്ന ചോദ്യത്തിന്, ഏക സന്താനം മാത്രമുള്ള ഒരു ഉമ്മ ആ കുട്ടിയെ കാണാതായാല്‍ എങ്ങനെ തിരയുമോ അത് പോലെ എന്നായിരുന്നു മറുപടി.
   ഇമാം മുസ്ലിം ബിൻ ഖാലിദുസിൻ ജി (റ) അടക്കമുള്ളകർമ്മശാസ്ത്രപണ്ഡിതന്മാരിൽ നിന്ന്കർമ്മ ശാസ്ത്രം അനായാസം സ്വായത്തമാക്കി. 13ാം വയസ്സിൽ ഇമാം ദാരിൽ ഹിജ്റ മാലിക് ബിൻ അനസ് (റ) വിനെ ലക്ഷ്യമാക്കി മദീനയിലേക്ക് നീങ്ങി. അത്ഭുതകരമായി ഇമാമിൻ്റെ സെലക്ഷൻ ലഭിച്ചു. അവിടുത്തെ മുൻപിൽ മുവത്വഅ് മുഴുവനും കാണാതെ കേൾപ്പിച്ചു.തന്റെ സഹപാഠികളെക്കാൾ
സംവേദന ശേഷിയും ആഴമുള്ള ഉൾകാഴ്ച്ചയും അവിടുന്ന് പ്രകടിപ്പിച്ചിരുന്നു. ഉസ്താദുമാരെല്ലാം ശുഭ പ്രതീക്ഷയായിരുന്നു ഇമാമിൽ കണ്ടിരുന്നത്. ഇമാം മാലിക്(റ)വിന്റെ ശിഷ്യത്വം സ്വീകരിച്ചതിന് ശേഷം നേരേപോയത് ഇറാഖിലേക്കാണ്. 
ഹദീസ് വ്യാപനത്തിൽ പ്രത്യേകം ശ്രദ്ധ പതിപ്പിച്ചു. അക്കാലത്തെ ഇമാമുൽ മുഹദ്ദിസ് എന്ന പേരിനുടമയായി. അതിനിടയിൽ ഇമാം അബൂഹനീഫ(റ) വിന്റെ ഒരു ശിഷ്യൻ കൂഫയിൽ ഉണ്ടന്ന് അറിവ് ലഭിച്ചപ്പോൾ അവിടേക്ക് യാത്ര തിരിച്ചു. അല്പകാലം അവിടെയും തങ്ങി. 
പിന്നീട് മദീനയിലേക്ക് തന്നെ തിരിച്ച് വന്നു. ഗുരുവിനെ സന്ദർശിച്ചു.
പിന്നീട് ഉമ്മയുടെ സവിധത്തിലെത്തി സന്ദർശനം കഴിഞ്ഞ് മാലിക് ഇമാമിന്റെ സന്നിധിയിലേക്ക് തിരികെ വന്നു. വീണ്ടും പഠനം തുടങ്ങി , ഹി-179ൽ ഇമാം മാലിക്(റ)വിന്റെ വഫാത്ത് വരെ തുടർന്നു. മാലിക് ( റ ) വിൻ്റെ വിയോഗാനന്തരം യമനിൽ സേവനം തുടങ്ങി. ഇടയിൽ വെച്ച് അന്യായമായി ഹി- 184ൽ
ജയിലിലടക്കപ്പെട്ടു. മോചിതനായ ശേഷം ഇറാഖിലെത്തി. അവിടെ കുറച്ച് കാലം താമസിച്ചതിനു ശേഷം
മക്കയിലെത്തി പതിനൊന്നു വർഷം ദർസ് നടത്തി. സർവ്വ വിജ്ഞാന
ശാഖകളിലും അഗാധ പാണ്ഡിത്യ മുണ്ടായിരുന്നു. നിരവധി പണ്ഡിത പ്രതിഭാശാലികൾ അവരുടെ സമീപത്ത് നിന്നും വിദ്യ നുകർന്നു. ഹി 187 ലാണ് ഇമാം അഹ്മദ് ബ്നു ഹമ്പൽ (റ) ഇമാമിന്റെ ശിഷ്യത്വം സ്വീകരിക്കുന്നത്. ഹിജ്റ 195 ൽവീണ്ടും ഇറാഖിലെ ത്തി ദർസ് നടത്തി. അഹ് മദ് ബിൻ ഹമ്പൽ (റ), അബൂ സൗർ (റ), സഅഫറാനി (റ), കറാബി സി (റ) എന്നിവർ അവിടുത്തെ ശിഷ്യന്മാരാണ്.ഇവർ ഇറാഖീ അസ്ഹാബുമാരാണ് .ഈ നാലു പേർ തന്നെയാണ്
ഖദീമായ അഭിപ്രായങ്ങൾ ഉദ്ദരിച്ചത്.197ൽ വീണ്ടും മക്കയിൽ. ഒരു വർഷം കഴിഞ്ഞ് 198ൽ ബാഗ്ദാദിലെത്തി.
അല്പകാലം അവിടെയും താമസിച്ച് ഹിജ്റ 199ൽ ഈജിപ്തിലെത്തി.
ജദീദായ അഭിപ്രായങ്ങൾ ഇവിടെയാണ് രൂപം കൊണ്ടത്. 
   അബൂയഅകൂബിൽബുവൈതി(231), ഇമാം മുസനി(റ) (264),
ഇമാം റബീഉൽ മുറാദി(207), റബീഉൽ ജീസി (256), ഇമാം അർമലത്തു ബ്നു യഹ് യ(243), യൂനുസ് ബ്നു അബ്ദിൽ അഅ് ല(264) ഇവർ ഈജിപ്തിൽ 
ഇമാമിനെഅനുഗമിച്ചവരാണ് .സുഫ് യാനുബ്നു ഉയയ്ന ഇമാം ശാഫി (റ) വിന്റെ ഉസ്താദാണ്.

ഇമാം ശാ ഫിഈ (റ)വിന്റെ കൈപടങ്ങൾ കൊ ണ്ട് എഴുതിയ ആദ്യ കൃതി രിസാലയാണ്.അബ്ദുറഹ്മാനു ബ്നു മഹ്ദി (റ)വിന്റെ ആവശ്യ പ്രകാരമാണ് രിസാല രചിക്കുന്നത്.   നിദാന ശാസ്ത്രത്തിൽ ആദ്യമായി രചിക്കപ്പെട്ട ആദ്യ ഗ്രന്ഥവും ഇതുതന്നെയാണ്. ഇമാം മുസനി (റ) പറയുന്നു: ഞാൻ ശാഫിഈ (റ)വിൻ്റെ രിസാല 50 തവണ മുത്വാലഅ ചെയ്തു.ഓരോ തവണയും വ്യത്യസ്ഥമായ മസ്അലകളാണ് അതിൽ നിന്നും എനിക്ക് ലഭിച്ചത്. അൽ ഉമ്മ്, ഇഖ്തിലാഫുൽ ഹദീസ്, തുടങ്ങിയ ഗ്രന്ഥങ്ങൾ വിരചിതമായി. ഹദീസ് ജ്ഞാന ശാസ്ത്രത്തിൽ പ്രത്യേക നൈപുണ്യം ലഭിച്ചതിനാൽ നാസ്വിറുസ്സുന്ന എന്ന നാമത്തിന് അർഹനായി. ഒരു സമയം പോലും പാഴാക്കാത്ത മഹാനവറുകൾ രാത്രിയെ മൂന്ന് ഭാഗമാക്കി തിരിച്ചു. ഒന്ന് ഗ്രന്ഥരചന, രണ്ട് ഇബാദത്ത്, മൂന്ന് ഉറക്കം ഇങ്ങനെയായിരുന്നു ഇമാമിൻ്റെ രാത്രിജീവിതം. 
     ബിദ്അത്ത് വാദികൾക്കെതിരെ ശക്തമായി നിലകൊണ്ടു.തൻ്റെ ഗുരുവര്യർമുഹമ്മദ് ബിൻ ഹസനു ശൈബാനി (റ)വിൻ്റെ രീതിശാസ്ത്രമായിരുന്നു സംവാദങ്ങളിൽ, ഒരിക്കലും എതിരാളിയെ തോൽപ്പിക്കുക എന്ന ചിന്തയില്ലാതെ സത്യം മനസ്സിലാക്കി കൊടുത്ത് നേർവഴിയിൽ അടിയുറച്ച് നിർത്തുക എന്നതായിരുന്നു സംവാദങ്ങളിൽ അവർ ലക്ഷ്യമിട്ടിരുന്നത്.
   വൈജ്ഞാനിക മേഖലയിൽ അതുല്യമായ വ്യക്തിമുദ്ര പതിപ്പിച്ച മൂന്നാം മദ്ഹബിൻ്റെ ഇമാം, രണ്ടാം നൂറ്റാണ്ടിൻ്റെ യുഗപുരുഷൻ ഇമാം ശാഫിഈ (റ) ഹിജ്റ 204 റജബ് 29 ന് 54-ാം വയസ്സിൽ ഈജിപ്തിൽ വഫാത്തായി. അവിടെ തന്നെയാണ് ഖബറും. ശാഫിഈ (റ) പടുത്തുയർത്തിയ മദ്ഹബാണ് ശാഫിഈ മദ്ഹബ് . അല്‍ ഉമ്മ്, മുഖ്തസറുല്‍ മുസ്നി, മുഖ്തസറുല്‍ ബുവൈത്വി, അല്‍ ഇംലാഅ് എന്നീ നാലു ഗ്രന്ഥങ്ങളാണ് ശാഫിഈ മദ്ഹബിന്‍റെ അടിസ്ഥാനം. ഇമാം ക്രോഡീകരിക്കുകയും ഉന്നതശീർഷരായ നിരവധി പണ്ഡിതർ വിശാലമാക്കുകയും ചെയ്തു.



മുനീർ അഹ്സനി ഒമ്മല 
      

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍