പ്രവാചക പരിസമാപ്ത്തി തെളിവുകൾ സംസാരിക്കുന്നു.


ഖാദിയാനിസം - ഭാഗം 5

 മുഹമ്മദ് നബി (സ) അന്ത്യപ്രവാചകരാണന്നാണ് ഇസ് ലാമിക വിശ്വാസം. ഇസ്ലാമിലെ വിശ്വാസ പ്രമാണങ്ങൾ കൊണ്ട് തെളിയിക്കപ്പെട്ട വസ്തുതയാണിത്.

തെളിവ് 1 

مَّا كَانَ مُحَمَّدٌ أَبَآ أَحَدٍ۬ مِّن رِّجَالِكُمۡ وَلَـٰكِن رَّسُولَ ٱللَّهِ وَخَاتَمَ ٱلنَّبِيِّـۧنَۗ وَكَانَ ٱللَّهُ بِكُلِّ شَىۡءٍ عَلِيمً۬ا

മുഹമ്മദ് നബി (സ) നിങ്ങളുടെ പുരുഷന്‍മാരില്‍ ഒരാളുടെയും പിതാവല്ല. എന്നാൽ, അവർ അല്ലാഹുവിന്‍റെ റസൂലും നബിമാരിൽ അവസാനത്തവരുമാകുന്നു. അല്ലാഹു ഏത് കാര്യത്തെപ്പറ്റിയും അറിവുള്ളവനാകുന്നു.
(വിശുദ്ധ ഖുർആൻ (33:40) )
  മുഹമ്മദ് നബി (സ) അവസാനത്തെ നബിയാണന്നതിനുള്ള ഖുർആനിലെ ഖന്ധിത തെളിവാണ് മേൽ ഉദ്ധരിക്കപ്പെട്ട സൂറത്തുൽ അഹ്സാബിലെ നാല്പതാമത്തെ വചനം . ഇവിടെ പരാമർശിക്കപ്പെട്ട ختم എന്നതിലാണല്ലോ വിഷയം. ഖാദിയാനികൾ ഇതിന് ശ്രേഷ്ഠമായത് എന്ന് അർത്ഥം പറഞ്ഞ് കൊണ്ടാണ് തിരുനബി(സ) നബിമാരിൽ ശ്രേഷ്ഠവാൻ എന്ന് പറയുന്നത്. എന്നാൽ ഈ പദത്തിന് ഭാഷാപണ്ഡിതരും ഖുർആൻ വ്യാഖ്യാതാക്കളും എന്ത് പറയുന്നു എന്ന് നോക്കാം. ഖതമ എന്ന ദാതുവിന് അവസാനം എന്നാണ് അർത്ഥം നൽകിയിരിക്കുന്നത്. സീൽ വെക്കുക എന്നും കാണാം. രണ്ടായാലും നമ്മുടെ വാദസ്ഥിതികരണത്തിന് ഉതകുന്നതാണ്. പ്രമുഖ ഭാഷാപണ്ഡിതൻ
ഇമാം ഇബ്നു മൻളൂർ അബൂ ഇസ്ഹാഖ്(റ) വിൽ നിന്ന് ഉദ്ധരിക്കുന്നു. ഖത്മ ,ത്വബഅ എന്നീ രണ്ടു ധാതുക്കളും ഭാഷ പരമായി ഒന്നു തന്നെയാണ്. പലയിടങ്ങളിലായി ഇബ്നു മൻളൂർ (റ) അവസാനം എന്നാണ് ഖതമ എന്ന പദത്തിന് അർഥം നൽകിയിരിക്കുന്നത്. അവർ തുടരുന്നു ختم فلان القرآن. എന്ന് പറഞ്ഞാൽ അവൻ്റെ പാരായണം അവസാനിച്ചു എന്നാണ്. خاتم كل شيء എന്നാലും അവസാനവും അന്ത്യവും എ തന്നെയാണ് അർത്ഥം. ഖാത്തിമുസ്സൂറത്ത് എന്നാൽ സൂറത്ത് അവസാനിച്ചു എന്നാണ്. ഖിതാമുൽ വാദി എന്നായാലും അതിൻ്റെ അങ്ങേ അറ്റം എന്നാണ്. وخِتامُ القَوْم وخاتِمُهُم وخاتَمُهُم: آخرُهم എന്നാണങ്കിൽ ആ സമൂഹത്തിലെ അവസാനത്തയാൾ എന്നാണ്.മുഹമ്മദ് നബി (സ) നബിമാരിലെ അവസാനത്തവരാണ്.ഖാതിം, ഖാതം ഇവ രണ്ടും നബിയുടെ നാമങ്ങളിൽ പെട്ടതാണ്. ഖുർആനിൽ അങ്ങനെ വന്നിട്ടുമുണ്ട് مَا كانَ مُحَمَّدٌ أَبا أَحَدٍ مِنْ رِجالِكُمْ وَلكِنْ رَسُولَ اللَّهِ وَخاتَمَ النَّبِيِّينَ
 (ലിസാനുൽ അറബ് .)

[ابن منظور، لسان العرب، 12/163,164 )

 ഇവിടെ ഇബ്നു മൻളൂർ (റ)വിൻ്റെ അവസാനത്തെ പരാമർശങ്ങൾ പ്രത്യേകിച്ച് ശ്രദ്ധിക്കേണ്ടതാണ്. നബി(സ) അന്ത്യപ്രവാചകരാണെന്ന് പറഞ്ഞ് കൊണ്ട് നാം ചർച്ച ചെയ്യുന്ന ആയത്ത് തന്നെയാണ് തെളിവായി ഉദ്ധരിക്കപ്പെടുന്നത്. 
അല്ലാമാ മുർതളാ സബിദി(റ) പറയുന്നു: ഖാതം എന്നതിൻ്റെ അർത്ഥം എല്ലാ വസ്തുവിൻ്റെയും അവസാനം, അന്ത്യം എന്നാണ്. ആഖിറുൽ ഖൗം എന്നും പ്രയോഗമുണ്ട്. അതിൽ പെട്ടതാണ് ഖുർആനിലെ വചനം. ഖാതിമുന്നബിയ്യീൻ എന്നത് .അതിൻ്റെ അർത്ഥം നബിമാരിൽ അവസാനത്തവർ എന്നാണ്. ഖാതിം, ഖാതം എന്നത് നബി(സ)യുടെ നാമങ്ങളിൽ പെട്ടതാണ്. അതായത് നബി(സ്വ)യുടെ വരവ് കൊണ്ട് നുബുവത്ത് അവസാനിച്ചു എന്നാണ്.( താജുൽ അറൂസ് )
ഇബ്നു ഫാരിസ് (റ) പറയുന്നു:ഖതമ എന്നാൽ ഒരു വസ്തുവിൻ്റെ അവസാനമെത്തിക്കുക എന്നാണ് .يُقَالُ خَتَمْتُ الْعَمَلَ، وَخَتْمَ الْقَارِئُ السُّورَةَ. എന്നാല്ലാം പറയപ്പെടാറുണ്ട്. (ഇവിടെയെല്ലാം അവസാനം എന്ന് തന്നെയാണ് അർത്ഥം.) നബി(സ) ഖാതിമുന്നബിയീൻ ആണ് അഥവ നബിമാരിൽ അവസാനത്തവരാണ്.
[ابن فارس، مقاييس اللغة، ٢٤٥/٢]
  ഉദാഹരണത്തിന് പ്രശസ്തമായ മൂന്ന് ഭാഷാ ഗ്രന്ഥങ്ങൾ ഉദ്ധരിച്ചു എന്നേയുള്ളു. ഇതിലപ്പുറം അനേകം ഭാഷാ ഗ്രന്ഥങ്ങളിലെ വിവരണവും തഥൈവ.

  ഖുർആൻ വ്യാഖ്യാതാക്കളായ മുഫസ്സിറുകൾ ഈ ആയത്തിനെ എങ്ങനെയാണ് വീക്ഷിച്ചത് എന്ന് നോക്കാം. ഇമാം ത്വബരി (റ) പറയുന്നു. സീൽ വെക്കപ്പെട്ട അന്ത്യനബിയാണവർ. അവർക്ക് ശേഷം ഒരാൾക്കും അന്ത്യനാൾ വരെ അത് തുറക്കപ്പെടുകയില്ല. (തഫ്സീറുത്വബരി)
മുഹമ്മദ്നബി(സ) നബിമാരുടെ പരമ്പരക്ക് അന്ത്യം കുറിച്ച് കൊണ്ട് വന്ന അന്ത്യപ്രവാചകരാണ് (തഫ്സീർ ബൈളാവി) നബിമാർക്ക് ആരെ കൊണ്ടാണോ മുദ്രയടിക്കപ്പെട്ടത് അങ്ങനെയുള്ള അന്ത്യപ്രവാചകർ എന്നാണ് വിവക്ഷ. പൂർത്തിയാക്കി സീൽ വെക്കുന്നയാൾ എന്നാണ് അർത്ഥം. ( റൂഹുൽ ബയാൻ). ഇബ്നു കസീർ പറയുന്നു: ഈ ആയത്ത് നബി(സ)ക്ക് ശേഷം ഇനി ഒരു നബിയുമില്ല എന്നതിൻ്റെ വ്യക്തമായ രേഖയാണ്. നബി വരില്ലങ്കിൽ എന്തായാലും റസൂൽ വരികയില്ല. നുബുവത് എന്ന പദവിയേക്കാൾ ഖാസാണ് രിസാലത്ത് എന്ന പദവി. നബി(സ)ക്ക് ശേഷം ആരും വരില്ലന്നത് നബി യിൽ നിന്ന് തന്നെ സ്ഥിരപ്പെട്ട ഹദീസുകൾ വന്നിട്ടുണ്ട്. എന്ന് മാത്രമല്ല അടിമകളിലേക്ക് ഉടമയായ റബ്ബ് നബി (സ) യെ  നിയോഗിച്ചതും, അവരെ
കൊണ്ട് നുബുവ്വത്, രിസാലത്ത് അവസാനിപ്പിച്ചതും അവർക്ക് അല്ലാഹുവിൽ നിന്നുള്ള അനുഗ്രവും ബഹുമാനദരവുമാണ്. നബിക്ക് ശേഷം ഒരു നബിയെയും നിയോഗിക്കപ്പെടുകയില്ലന്ന് ഖുർആനിലൂടെ അല്ലാഹു വ്യക്തമാക്കിയതാണ്.
അവർക്ക് ശേഷം ആരെങ്കിലും ഈ പദവി വാദിച്ച് വന്നാൽ അവൻ  പെരും കള്ളനാണ്. വഴിപിഴച്ചവനും പിഴപ്പിക്കുന്നവനുമാണ് (തഫ്സീർ ഇബ്നു കസീർ). അല്ലാഹു എല്ലാ കാര്യത്തിനെ പറ്റിയും അറിവുള്ളവനാകുന്നു എന്ന വാക്യത്തെ വിശദീകരിച്ച് കൊണ്ട് ഇമാം മഹല്ലി (റ) ജലാലൈനിയിൽ പറഞ്ഞതായി കാണാം. ഈ അറിവിൽ പെട്ടതാണ് നബി(സ)ക്ക് ശേഷം ഒരു നബിയും വരില്ലന്നത്.ഈസാ നബിയുടെ ആഗമനം ഉണ്ടായാൽ അവർ നബിയുടെ ശരീഅത്ത് പ്രകാരം വിധികൾ നടപ്പിൽ വരുത്തും ( തഫ്സീർ ജലാലൈനി) ഇമാം മുത്വവല്ലി ശഅറാവി (റ) പറയുന്നു: രിസാലത്ത് പൂർത്തിയാക്കപ്പെട്ട നബിയും റസൂലുമാണ്. പുതിയ രിസാലത്തുമായി മറ്റൊരാളും കടന്നു വരില്ല (തഫ്സീർ ഹവാത്വിർ ശഅറാവി) ബഹ്റുൽ മുഹീതിൽ കാണാം. അധികപേരും ഇകാരമായി ഖാതിം എന്നാണ് പാരായണം ചെയ്തത്. അൻബിയാഇനെ ഖത്മ് ചെയ്യുക എന്നർത്ഥം. അഥവ അമ്പിയാക്കളിൽ അവസാനത്തവരായി വന്നവർ (ബഹ്റുൽ മുഹീത് ).

     ഈ ആയത്തിന് മുഫസ്സിറുകൾ നൽകിയ വിവരണമാണ് നൽകിയത്.ഇവരെല്ലാം തന്നെ ഉപര്യുക്ത വചനത്തിൽ പരാമർശിക്കപ്പെട്ടത് അന്ത്യ പ്രവാചകൻ എന്ന് തന്നെയാണ്. ആരും തന്നെ ഈ വാക്യത്തിന് ശ്രേഷ്ഠ നബിയെന്ന് അർത്ഥം നൽകിയിട്ടില്ല. നബി തങ്ങൾ ശ്രേഷ്ഠ നബിയാണന്നതിൽ ആർക്കും തർക്കമില്ല. അതിനെ സ്ഥിരപ്പെടുത്തുന്ന ഖുർആൻ വാക്യങ്ങൾ നമ്മുടെ മുൻപിലുണ്ട്. എന്നാൽ അതൊന്നും മുഹമ്മദ് നബി (സ) അന്ത്യപ്രവാചകനാണ് എന്നതിന് എതിരല്ല.


തെളിവ്. 2 മുഹമ്മദ് നബി സർവ്വലോകർക്കുമുള്ള നബിയാണ്.

    അന്ത്യപ്രവാചകരായി ലോകത്തിന് മാർഗദർശിയായി കടന്നു വന്ന നബിയാണ് മുഹമ്മദ് നബി (സ). അവർ എല്ലാ കാലത്തേക്കുള്ള നബിയാണ് എന്ന് ഖുർആൻ തന്നെ സ്ഥിരപ്പെടുത്തുന്നു.ഈ സ്ഥിതിയിൽ നബിക്ക് ശേഷം പുതിയൊരു പ്രവാചകൻ രംഗ പ്രവേശനം ചെയ്യേണ്ടതില്ല. ഖുർആൻ പറയുന്നു.
قُلۡ يَـٰٓأَيُّهَا ٱلنَّاسُ إِنِّى رَسُولُ ٱللَّهِ إِلَيۡڪُمۡ جَمِيعًا 
നബിയേ പറയുക, ഓ ജനങ്ങളേ.... തീർച്ച ഞാൻ നിങ്ങൾ സർവരിലേക്കുമുള്ള  അല്ലാഹുവിൻ്റെ റസൂലാണ്. (അഅ്റാഫ് 158) ഈ വാക്യം വിശദീകരിച്ച് കൊണ്ട് ഇമാം ത്വബരി (റ) പറയുന്നു: എനിക്ക് മുൻപ് ചില സമുദായങ്ങളിലേക്ക് ചില മുർസലീങ്ങളെ നിയോഗിക്കപ്പെട്ടത് പോലെ ഞാൻ നിങ്ങളിൽ ചിലരെ കൂടാതെ ചിലർക്ക് മാത്രമായി നിയോഗിക്കപ്പെട്ടതല്ല മറിച്ച് ജനങ്ങളെ നിങ്ങളിലെല്ലാവരിലേക്കുമായിട്ടുള്ള അല്ലാഹു വിൻ്റെ റസൂലാണ് എന്ന് പറയുക. എന്നാണ് (തഫ്സീർ ത്വബരി). ഇതിനെ ബലപ്പെടുത്തുന്ന മറ്റു വാക്യങ്ങളും ഖുർആനിൽ ഉണ്ട്. 
മുഴുവൻ ജനങ്ങളിലേക്കുമായിട്ടല്ലാതെ നിങ്ങളെ നാം നിയോഗിച്ചിട്ടില്ല.
 وَمَاأَرْسَلْنَاكَ إِلَّا كَافَّةً لِّلنَّاسِ [ سبأ :28].

ലോകത്തിനാകയും അനുഗ്രഹമായിട്ടല്ലാതെ നിങ്ങളെ നാം നിയോഗിച്ചിട്ടില്ല 
            وَمَاأَرْسَلْنَاكإِلَّا رَحْمَةً لِّلْعَالَمِين [ الأنبياء:107]

പ്രവാചക പരിസമാപ്തിയുടെ
വ്യക്തമായ തെളിവുകളാണ് വിശുദ്ധ ഖുർആനിൻ്റെ അടിസ്ഥാനത്തിൽ നാം സംസാരിച്ചത്. തിരു നബിയോട് കൂടെ ദീൻ പൂർത്തികരിക്കപ്പെട്ടോ. ഇവ്വിഷയകമായി നബി(സ) എന്ത് പറയുന്നു .ഈസാ നബിയുടെ ആഗമം പ്രവാചക പരിസമാപ്തിക്ക് വിരുദ്ധമോ . തുടർന്ന് വായിക്കാം.

(തുടരും)

മുനീർ അഹ്സനി ഒമ്മല

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍