ഖുദ്സിന്റെ മോചനം പുനർ വായിക്കപ്പെടുന്നു

www.lightofislamiblogspot.com
റജബ് 27 തിരുനബിയുടെ രാപ്രയാണത്തിന്റെ ഓർമ്മകൾ വർഷാവർഷം മുസ്‌ലിം ലോകം വാഴ്ത്തപ്പെടുന്ന സുന്ദര ദിനം മറ്റൊരു ചരിത്ര സംഭവത്തിന് കൂടി സാക്ഷ്യം വഹിച്ചിട്ടുണ്ട്. നിരവധി പ്രവാചകരുടെ പുണ്യപാദസ്പർശംകൊണ്ട്അനുഗ്രഹീതമായ മണ്ണ് ,ലോക മുസ്ലീങ്ങൾ ദീർഘകാലം ഖിബ്ലയായി ആരാധനകൾ നിർവഹിച്ച പുണ്യ ഗേഹം  ബൈത്തുൽ മുഖദ്ദസ് ഇവിടെയാണ് നബി തങ്ങളുടെ ആദ്യമായി  നിശാപ്രയാണത്തിലെ  പ്രഥമ ഇറക്കം. ഈ ഖുദ്സും മസ്ജിദുൽ അഖ്സയും ഒരുകാലത്ത് കുരിശ് പടയാളികളുടെ കൈവശത്തിലാവുകയുണ്ടായി, മുസ്ലീങ്ങൾക്ക് പൂർവ്വകാല സ്വാതന്ത്ര്യത്തോടെ പ്രവേശനം നിഷേധിക്കപ്പെട്ടു. ക്രൈസ്തവരുടെ കൈപ്പിടിയിൽ നിന്നും ഖുദ്സിന് മോചനം നൽകി മസ്ജിദുൽ അഖ്സയിൽ നിർഭയത്തോടെ ആരാധനകൾ നിർവഹിക്കാനും നഷ്ടപ്രതാപം വീണ്ടെടുക്കാനും പല ഭരണ നേതാക്കളും ആഗ്രഹിച്ചിട്ടുണ്ട് . സിറിയയുടെ ഭരണാധികാരിയായിരുന്ന നൂറുദ്ദീൻ സങ്കിയുടെ ചിരകാല അഭിലാഷമായിരുന്നു ഖുദ്സിന്റെ സമ്പൂർണ്ണ മോചനം. അതിനുവേണ്ടി പല യത്നങ്ങളും നടത്തിയിട്ടുണ്ട്.  പക്ഷേ വിധി അവരുടെ ആഗ്രഹ സഫലീകരണത്തിന് തടസ്സം സൃഷ്ടിച്ചു. ഹിജറ 569 ൽ അദ്ദേഹം ദിവംഗതനായി പിന്നീട് അദ്ദേഹത്തിൻറെ ഗവർണറായിരുന്ന സുൽത്താൻ സലാഹുദ്ദീൻ അയ്യൂബി (റ) അവരുടെ കരങ്ങളിൽഭരണംനിക്ഷിപ്തമായി.സിറിയയും ഈജിപ്തും അതോടുകൂടെ പൂർവ പ്രതാപത്തിൽ ആയെങ്കിലും കുരിശു സൈന്യത്തിൻറെ കടന്നുകയറ്റം ചില പ്രതിസന്ധികൾ സൃഷ്ടിച്ചു കൊണ്ടിരുന്നു.  കൃത്യതയാർന്ന ആസൂത്രണങ്ങൾ നടത്തി സലാഹുദ്ദീൻ അയ്യൂബി മുന്നേറി, പല പോരാട്ടങ്ങളിലും നേതൃത്വം നൽകി വിജയത്തിൻറെ വെന്നിക്കൊടി പാറിച്ചു.       
യൂറോപ്യരുടെ കോട്ടകളും കോളനികളും കീഴടക്കി ഈ ഒടുവിൽ അദ്ദേഹം പലസ്തീനിൽ പ്രവേശിച്ചു ലക്ഷ്യം ഖുദ്സ് അധീനപ്പെടുത്തുകയും മുസ്ലിങ്ങൾ നാളിതുവരെ ആരാധനകൾ നിർവഹിച്ച മസ്ജിദുൽ അഖ്സയും കുരിശ് സൈന്യത്തിന്റെ കരാള ഹസ്തത്തിൽ നിന്നും മോചിപ്പിക്കുക എന്നതായിരുന്നു.  ഫലസ്തീനിൽ കടന്നയുടൻ അദ്ദേഹം ഖുദ്സ് അധീനപ്പെടുത്തി . ശേഷം രണ്ടാം ലക്ഷ്യത്തിലേക്ക് നീങ്ങി പോരാട്ട രഹിത മുന്നേറ്റമാണ് അദ്ദേഹം ലക്ഷ്യമിട്ടത് അക്കാര്യം ഭരണകൂടത്തെയും കുരിശ് പടയാളികളെയും അറിയിക്കുകയും ചെയ്തു ഖുദ്സും പള്ളിയും നിങ്ങളെപ്പോലെ ഞങ്ങളും ആദരിക്കുന്നു പോരാട്ടമോ സംഘർഷമോ ഞാൻ ഉന്നം വെക്കുന്നില്ല എന്നാൽ മാനുഷികതയുടെ പര്യായമായിരുന്ന സലാഹുദ്ദീൻ അയ്യൂബിയുടെ ഈ നന്മയാർന്ന നിർദ്ദേശം സ്വീകരിക്കാൻ അവർക്കായില്ല, മറിച്ച് അത് തള്ളുകയാണ് ചെയ്തത് .
ഗത്യന്തരമില്ലാതെ ഒടുവിൽ അദ്ദേഹം യുദ്ധത്തിന് തയ്യാറെടുത്തു അവർ നീണ്ട ചെറുത്തുനിൽപ്പിന് ശേഷം അവസാനം സന്ധിക്കു തയ്യാറായി പണം നൽകി പട്ടണം വിടാൻ അവർ തീരുമാനിച്ചു. പണം ഇല്ലാത്തവരുടെ മോചനദ്രവ്യം സലാഹുദ്ദീൻ (റ) സ്വയം ഏറ്റെടുത്തു ഹിജിറ 583 റജബ് 27 മിഅറാജ് ദിനത്തിൽ മുസ്‌ലിം ലോകം തിരുനബിയുടെ നിശാ പ്രയാണരാവിലെ മഹത്വം കണക്കിലെടുത്ത് ആരാധനയിൽ നിമഗ്നരായിരിക്കെ  കുരിശ് സേനയുടെ കരാള ഹസ്തത്തിൽ നിന്നും ബൈത്തുൽ മുഖദ്ദസ് മോചിപ്പിച്ചു അന്നൊരു വെള്ളിയാഴ്ച ദിവസമായിരുന്നു. കുരിശ് സേന ഒന്നിനുപിറകെ ഒന്നായി പലായനം ആരംഭിച്ചു ഖുദ്സും പരിസരവും വീണ്ടും ഇസ്ലാമിൻറെ പൂർവ്വ പ്രതാപം വീണ്ടെടുത്തു ദമസ്കസിലെ ഖാളിയുംയും സലാഹുദ്ദീൻ (റ) വിന്റെമാർഗ്ഗദർശിയും കൂടിയായിരുന്ന മുഹിയുദ്ദീൻ സുബ്കി ഖുതുബ നിർവഹിച്ചു ജുമുഅ നടത്തി. സലാഹുദ്ദീൻ അയ്യൂബി(റ) മുഖേന ബൈത്തുൽ മുഖദ്ദസിന് മോചനം സംഭവിക്കുമെന്ന് കാലേകൂട്ടി ആ പണ്ഡിതൻ പ്രഖ്യാപനം നടത്തിയിരുന്നു. അയൂബിയുടെ നേതൃത്വത്തിൽ നേടിയെടുത്ത ഈ ഗംഭീരവിജയം ലോകമെങ്ങും സന്തോഷപൂർവ്വം ആഘോഷിച്ചു ഒമ്പത് ദശാബ്ദത്തോളം ക്രൈസ്തവ അധീനതയിൽ തളച്ചിട്ട വിശുദ്ധ ഗേഹത്തിലേക്ക് വിശ്വാസികൾ തക്ബീർ ധ്വനികൾ മുഴക്കി ഒഴുകി തുടങ്ങി തക്ബീറിന്റെ മന്ത്രധ്വനികൾ അഖ്സയുടെ ഭിത്തികളിൽ അലയടിച്ചു
                  മാനുഷികവും കാരുണ്യവും നിറഞ്ഞ മനസ്സിന് ഉടമയായിരുന്നു അയ്യൂബി സമാധാനം മാത്രമാണ് അവർ ആഗ്രഹിച്ചത്. ഖുദ്സ് മോചന വേളയിൽ പലായനം നടത്തുന്ന ക്രൈസ്തവരിൽ ചിലർക്ക് വാഹനമില്ലാതെ വൃദ്ധരായ മാതാപിതാക്കളെ ചുമലിലേറ്റി നടക്കുന്നത് കണ്ടപ്പോൾ വാഹനവും പണവും നൽകി അവരെ സഹായിച്ചു തടവിലാക്കപ്പെട്ടവരുടെ  ഭാര്യ സന്താനങ്ങൾ മുൻപിൽ വന്ന് കേണ് പറഞ്ഞപ്പോൾ മനസ്സലിഞ്ഞ സലാഹുദ്ദീൻ(റ) അവരെ മോചിപ്പിച്ചു. ബൈത്തുൽ മുഖദ്ദസിലേക്ക് വരുന്ന യൂറോപ്യൻ തീർഥാടകർക്ക് സർവ്വ സഹായവും നൽകി എന്നാൽ വർഷങ്ങൾക്ക് മുമ്പ് കുരിശു പട ബൈത്തുൽ മുഖദ്ദസ് അധീനപ്പെടുത്തിയപ്പോൾ നടത്തിയ നരഹത്യ ഇതുമായി തദാത്മ്യം പുലർത്താൻ പറ്റിയതല്ല. അവർ ഖുദ്സിൽ പ്രവേശിച്ചയുടൻ അവിടെയുണ്ടായിരുന്ന മുസ്ലിങ്ങളെ മൃഗീയമായി ആക്രമിച്ചു, ജനങ്ങളെ കൂട്ടക്കൊല ചെയ്തു, കുട്ടികളും വൃദ്ധരും സ്ത്രീകളും അതിൽ പെടുന്നു. യാതൊരു ദാക്ഷിണ്യവുമില്ലാതെ തെരുവോരങ്ങളിൽ കണ്ടവരെയെല്ലാം ആക്രമിച്ച് കൊലപ്പെടുത്തി . ഖുദ്സിന്റെചരിത്രമണ്ണിൽ അനേകം മനുഷ്യശരീരങ്ങൾ മൃതിയടഞ്ഞു. കുറേപേർ ഓടിപ്പോയി അവശേഷിച്ച സ്ത്രീകളും കുട്ടികളും വൃദ്ധരും അടക്കം ഒരു ലക്ഷത്തോളം പേർ മസ്ജിദുൽ അഖ്സയിൽ അഭയം പ്രാപിച്ചു പക്ഷേ അവരെ കണ്ടയുടൻ ക്രിസ്ത്യൻ സ്ഥാനപതി ജനക്കൂട്ടത്തെ കൂട്ടക്കൊല നടത്താൻ  ഉത്തരവിറക്കി. അതോടെ നിരാലംബരായ ആ സാധു മനുഷ്യരെ മനുഷ്യത്വം മരവിച്ച കുരിശു പടയാളികൾ കൂട്ടക്കൊല ചെയ്തു.  മസ്ജിദുൽ അഖ്സയും പരിസരവും രക്ത പുഴയായി നിറഞ്ഞൊഴുകി. എന്നാൽ സഹിഷ്ണുതയും മനുഷ്യത്വവും ചേർന്ന ഈ യുഗപുരുഷൻ ഇതിന് നേർവിപരീതമാണ് പ്രവർത്തിച്ചത് എന്നല്ല രക്തം ഒഴുക്കാതെ വിജയം കരസ്ഥമാക്കാം എന്ന് വലിയ പാഠം ലോകത്തിനു പകർന്നു നൽകുകയും ചെയ്തു. മാത്രവുമല്ല നൂറ്റാണ്ടുകൾക്കപ്പുറം മുത്ത് നബി ശത്രുക്കൾക്കെതിരെ സ്വീകരിച്ച നിലപാട് തന്നെയായിരുന്നു സലാഹുദ്ദീൻ അയ്യൂബിയും അനുവർത്തിച്ചത്
        ഹിജ്റ 532 ൽ ഇറാഖിലെ തിക്രിതിൽ ജനിച്ച സലാഹുദ്ദീൻ അയ്യൂബി തികഞ്ഞ ഒരു മതപണ്ഡിതൻ ആയിരുന്നു അതിനും പുറമേ ഒരു മതഭക്തൻ കൂടിയായ അവർ വിനയവും കരുണയും സ്നേഹവും സഹനവും ദയയുമുള്ള സൽഗുണ സമ്പന്നനായിരുന്നു ഹിജ്റ 589 ഖുദ്സിന്റെ മോചകൻ ആയി ലോകം വാഴ്ത്തിയ ആ ധീര നേതാവ് ഇഹലോകവാസം വെടിഞ്ഞു. വർത്തമാനകാലത്ത് സ്വലാഹുദ്ധീൻ അയ്യൂബി(റ) വിനെ കുറിച്ചും അവരുടെ പോരാട്ടങ്ങളെയും തെറ്റിദ്ധാരണകൾ പരത്തുന്നുണ്ട്. അത്തരം രചനകളും ഇന്ന് ലഭ്യമാണ്. പ്രത്യുത സാഹചര്യത്തിൽ അയ്യൂബി(റ)വിന്റെ യാതാർത്ഥ ജീവിത ചരിതങ്ങളും പോരാട്ട രീതികളും സമൂഹത്തിൽപുനർവായിക്കപ്പെടുബോഴാണ് യാതാർത്ഥ ചരിത്രം ലോകത്തിന് തിരിച്ചറിയാനാവൂ

മുനീർ അഹ്സനി ഒമ്മല
9048740007

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍