Published by www.lightofisIamiblogspot.com
12 March 2020 7.01 pm
തിരുനബി(സ)യോടുള്ള അദമ്യമായ അനുരാഗം വിശ്വാസിയുടെ ജീവിതത്തിന്റെ വിജയത്തിന് അനിവാര്യമാണ്. തിരുനബി സ്നേഹത്തിന്റെ അറ്റമില്ലാത്ത സമുദ്രതീരത്തേക്ക് ലോകത്തെ സഞ്ചരിപ്പിച്ച് കൊണ്ട് ജയം കൈവരിക്കാൻ സച്ചിതരായ മുൻകാമികൾക്ക് സാധിച്ചിട്ടുണ്ട്. അവരുടെയെല്ലാം ഉന്നത നേട്ടത്തിന്റെ പിന്നിലെ ചാലക ശക്തി തിരുനബി സ്നേഹം മാത്രമാണ്. അല്ലാഹു പറയുന്നു: തിരുദൂതരെ വിശ്വസിക്കുകയും ബഹുമാനിക്കുകയും സഹായിക്കുകയും അവിടത്തോടൊപ്പം ഇറക്കപ്പെട്ട നൂറിനെ പിൻപറ്റുകയും ചെയ്യുന്നവരാണ് വിജയികൾ (സൂറത്തുൽ അഅറാഫ് 157) വിശ്വാസിയുടെ ജീവിതവിജയമത്രയും നബിയെ സ്നേഹിക്കുകയും പിന്തുടരുകയും ചെയ്യലാണ് എന്നതാണ് ഖുർആനിന്റെ സാക്ഷ്യപ്പെടുത്തൽ.
വർണ്ണനാതീതമായ ആ ബഹുമുഖ ജീവിതത്തിനുടമയെ വർണ്ണിക്കാൻ നിരവധി തൂലികകൾ പിറവിയെടുത്തു. തിരു നബിയോടുള്ള അതിരറ്റ അനുരാഗം അവരുടെ അധരങ്ങളിലൂടെ പേമാരിയായി പെയ്തിറങ്ങി ഗദ്യമായും പദ്യമായും രൂപം പ്രാപിച്ചു. സ്റ്റേജിലും പേജിലും തിരു കീർത്തനങ്ങൾ കൊണ്ട് നിറഞ്ഞ് നിന്നു. ഈ കീർത്തനങ്ങൾ ആലപിച്ചും ആസ്വദിച്ചും സ്നേഹത്തിന്റെ ഗിരിമയിലെത്തി. പ്രകീർത്തന ഗ്രന്ഥങ്ങൾ ആലപിച്ചും പാരായണം ചെയ്ത് കൊണ്ട് മാത്രം ഇഷ്ഖിന്റെ ഉത്തുംഗ സോപാനത്തിലെത്തിയവർ നിരവധിയാണ്.പല ഭാഷകളിൽ വിരചിതമായ വർണ്ണന കൃതികൾ വിശ്വാസികളുടെ ഹൃത്തടങ്ങൾ അനുരാഗത്തിന്റെ അനർവചനീയമായ വികാരത്താൽ പ്രവാചക പ്രേമത്തിൽ ലയിപ്പിച്ചു. അതിൽ ഖ്യാതി നേടിയത് ഇമാം ബൂസ്വീരി (റ) രചന നടത്തിയ ഖസീദത്തുൽ ബുർദ : തന്നെയാണ്. ഹസ്സാനു സാബിത് (റ), കഅബുബ്നു സുഹൈർ (റ), അബൂഹനീഫ (റ), മലയാള നാടിന്റെ അനുരാഗികളായ വെളിയംകോട് ഉമർ ഖാളി (റ), കുണ്ടൂർ അബ്ദുൽ ഖാദിർ മുസ്ലിയാർ തുടങ്ങിയവർ ഇക്കൂട്ടത്തിൽ പ്രധാനികളാണ്.
ഇഷ്ഖിന്റെ തിരയൊടുങ്ങാത്ത സാഗരതീരത്തേക്ക് നബി സ്നേഹികളെ കൊണ്ടെത്തിച്ച പ്രഖ്യാതമായ കാവ്യസുധയാണ് അനുരാഗത്തിന്റെ സർവ്വസീമകളും മറികടന്ന ആഷിഖു റസൂൽ മുഹമ്മദ് അബൂബക്കർ റഷീദുൽ ബഗ്ദാദി (റ)വിന്റെ ഖസീദത്തുൽ വിത്രിയ്യഃ . തിരുദൂതരോടുള്ള അടക്കാനാവാത്ത മഹബ്ബത്ത് നിറഞ്ഞൊഴുകി ലാം അലിഫ് അടക്കം ഇരുപത്തി ഒമ്പത് അറബി അക്ഷരമാലകൾ കൊണ്ട് കോർത്തിണക്കിയ അത്യപൂർവ കാവ്യമാണ് പ്രസ്തുത കൃതി. ഇസ്ലാമിനെയും തിരുനബിയെയും കവിതയിലൂടെ നഖശികാന്തം എതിർത്ത കഅബ് ബ്നു സുഹൈർ പിൽക്കാലത്ത് ഇസ്ലാം ആശ്ലേഷണം നടത്തി തിരുനബിയുടെ സവിധത്തിൽ വെച്ച് അനുരാഗത്തിന്റെ മധുമലർ അവിടുത്തെ അധരങ്ങളിൽ നിന്ന് ഗദ്യമായി നിർഗളിച്ച ബാനത്ത് സുആദ് ചൊല്ലി തീർന്നപ്പോൾ തിരുദൂതർ (സ) തന്റെ ശരീരത്തിൽ അണിഞ്ഞ പുതപ്പ് സമ്മാനമായി നൽകി അനുഗ്രഹിച്ചു. ഖസീദത്തുൽ ബുർദ: യെന്ന ലോകപ്രശസത കീർത്തന കാവ്യം രചിച്ചപ്പോൾ ഇമാം ബൂസ്വീരി (റ)വിന്റെ ഉറക്കത്തിൽ വന്ന് തുരുനബി(സ) ആശിർവാദം നൽകി ശുഭാശംസ നേർന്നിട്ടിട്ടുണ്ട്. ഇതു പ്രകാരം ഖസീദത്തുൽ വിത്രിയയുടെ രചനക്ക് വിരാമം കുറിച്ചപ്പോഴും ആശിർവാദം നൽകി തിരുദൂതർ (സ) അനുഗ്രഹാശിസുകൾ നേർന്നു.അങ്ങനെ തിരുനബിയുടെ ശുഭാശംസകൾ നേടിയ അനശ്വര കാവ്യങ്ങളുടെ കൂട്ടത്തിൽ ഉൾപ്പെടാൻ സാധിച്ചു.
ഇരുപത്തിയൊമ്പത് ഭാഗങ്ങളിലായി 610 പദ്യങ്ങളുണ്ട്. അറബി അക്ഷരമാലയാണ് ഭാഗങ്ങൾ, ഓരോന്നിലും 21 പദ്യങ്ങളാണുള്ളത്. എന്നാൽ മീം ഹർഫിന്റെ ഭാഗത്തിൽ 22 പദ്യങ്ങളാണ് ഉള്ളത്. നബി(സ)യുടെ പേരായ "മുഹമ്മദ് " എന്നതിലെ പ്രഥമാക്ഷരമായ മീമിന്റെ സവിശേഷതയും പ്രാധാന്യവും അറിയിക്കാൻ വേണ്ടിയാണ് ഒരു പദ്യം മീ മിന്റെ കാണ്ഡത്തിൽ ഏറ്റിയിട്ടുള്ളത്. സ്വദഖത്തുല്ലാഹിൽ ഖാഹിരി (റ)വിന്റെ തഖ്മീസിലും ഒരു ബൈത്ത് കൂട്ടി 30 ആക്കിയിട്ടുണ്ട്. അതും മീമിന്റെ മാഹാത്മ്യം ബോധ്യപ്പെടുത്താൻ വേണ്ടി തന്നെയാണ്. ഓരോ അക്ഷരങ്ങളിലും അതേ അക്ഷരത്തിൽ ആരംഭിച്ച് അതേ അക്ഷരത്തില്‍ തന്നെ അവസാനിക്കുകയും ചെയ്യുന്ന അത്യപൂര്‍വായ കാവ്യശൈലിയിലാണ് വരികള്‍ ക്രോഡീകരിക്കപ്പെട്ടിട്ടുള്ളത്. അക്ഷരങ്ങളിൽ കോർത്തിണിക്കിയെന്ന സവിശേഷതകൊപ്പം വരികളുടെ ആദ്യാവസാനങ്ങളുടെ പ്രാസരീതിയുടെ യോജിപ്പും മറ്റൊരു പ്രധാന സവിശേഷതയാണ്.
തികഞ്ഞ നബി സ്നേഹിയായിരുന്നു കാവ്യരചയിതാവ് മുഹമ്മദ് അബൂബക്കർ റശീദുൽ ബഗ്ദാദി(റ). നബി (സ) യുടെ നാമം കേൾക്കുബോഴേക്കും ഉടനടി സ്വലാത്ത് ചൊല്ലും. മറ്റു സമയങ്ങളിലും സ്വലാത്ത് ചൊല്ലി നബി തങ്ങളെ അതിരറ്റ് സ്നേഹിച്ചിരുന്നു. ആ തിരുപ്രണയത്തിനു മുന്നിൽ ജീവിതം തന്നെ സമർപ്പിച്ച വ്യക്തി പ്രഭാവമാണ് മഹാനുഭാവൻ . ശാഫിഈ കർമ്മ ശാസ്ത്ര പണ്ഡിതനും വാഇളും, ഇ കൂടുതൽ തർക്കവിതർക്കങ്ങളിൽ ഏർപ്പെടുന്നവരും, ബഗ്ദാദിലെ പ്രസിദ്ധ പാട്ടുക്കാരനുമായിരുന്നു. നബി(സ) യോടുള്ള അങ്ങേയറ്റത്തെ പ്രണയത്താൽ മദീനയിൽ ചെന്ന് സിയാറത്ത് ചെയ്യാൻ റശീദുൽ ബഗ്ദാദി (റ) ഉദ്ധേശിച്ചു. അനുഗ്രഹങ്ങളുടെ വർഷ ബിന്ദുക്കൾ പെയ്തിറങ്ങിയ മദീനയെ സ്വപ്നം കണ്ട് . തന്റെ സ്നേഹഭാജനമായ മദീനയുടെ പുണ്യപുംഗവരുടെ സാമീപ്യം കൊതിച്ച് യാത്രക്ക് തയ്യാറെടുപ്പ് തുടങ്ങി. വിശ്വാസിയുടെ ഹൃദയം എപ്പോഴും മദീനയുമായി ബന്ധപ്പെട്ട് കിടക്കും. പുണ്യ റൗളയിൽ ചെന്ന് തിരുദൂതരോട് അഭിവാദനം ചെയ്യാനും തന്റെ സങ്കട കഥകളും സന്തോഷ വിശേഷങ്ങളും പങ്കുവെക്കാനും അവർ വെമ്പൽ കൊണ്ടിരിക്കും. അതാണല്ലോ തിരുദൂതർ പറഞ്ഞുവെച്ചത് സർപ്പം മാളത്തിലേക്കെന്നപ്പോലെ വിശ്വാസം മദീനയിലേക്ക് മടങ്ങും. ഈ മടക്കമാണ് മുഹമ്മദ് അബൂബക്കർ റശീദുൽ ബഗ്ദാദി (റ)വിനെ പോലെയുള്ള അനുരാഗികൾ കൊതിക്കുന്നത്. ഒരു പാട് പേർ മദീനയിൽ ചെന്ന് പുണ്യ റൗളയിൽ ചുടുചുംബനം നടത്തി ആവലാതികൾ പറഞ്ഞ് അതെല്ലാം നേടിയെടുത്ത അനുരാഗനിർദ്ദരിയുടെ സ്നേഹകാഴ്ച്ചകളാണ്. അങ്ങനെയൊരു അവസരത്തിനാണ് അദ്ധേഹം നിനക്കുന്നതും. എന്നാൽ അവരുടെ യാത്ര വിവരം മദീനയുടെ ഭരണാധിപന് സ്വപ്ന ദർശനത്തിലൂടെ മദീനയുടെ സുൽത്വാൻ തിരുനബി അറിയിച്ച് കൊടുക്കുന്നു: ബഗ്ദാദിൽ നിന്നും മുഹമ്മദ് അബൂബക്കർ എന്ന് പേരായ ഒരാൾ മദീന ലക്ഷ്യം വെച്ച് യാത്ര പുറപ്പെട്ടിട്ടുണ്ട് .അദ്ധേഹത്തെ യാത്ര വഴിമധ്യേ തടയണം.മദീനയുടെ അതിർത്തി ബേധിക്കാൻ അനുവധിക്കരുത്. ഭരാണാധിപൻ തിരിച്ച് ചോദിച്ചു: നബിയെ മദീനയിൽ പലരും വരും ഇദ്ധേഹത്തെ തിരിച്ചറിയാനുള്ള അടയാളമെന്താണ്. നബി( സ ) പറഞ്ഞു കൊടുത്തു: ഇദ്ധേഹത്തിന് മുന്നിൽ എന്റെ നാമം പറയപ്പെട്ടാൽ ഞൊടിയിടയിൽ അദ്ധേഹം ഉറക്കെ സ്വലാത്ത് ചൊല്ലും. ഇതാണ് അദ്ധേഹത്തെ തിരിച്ചറിയാനുള്ള മാർഗം . ഭരണാധിപൻ മദീന അതിർത്തിയിൽ സൈനികരെ വിന്യസിച്ചു. അവർ പരിശോധന തുടങ്ങി കുറച്ച് ദിവസങ്ങൾക്കകം മഹാനവറുകൾ ക്ഷീണിതനായി അവിടെ എത്തി .അവർ അന്വേഷിച്ചു എടവിടുന്നാണന്ന് ആരാഞ്ഞു എല്ലാത്തിനും മറുപടിയായി മഹാൻ പറഞ്ഞു : ഞാൻ മുഹമ്മദ് അബൂബക്കർ ,ബഗ്ദാദിൽ നിന്ന് വരുന്നു. കൂട്ടത്തിൽ ഒരാൾ തിരുനാമം ഉരുവിട്ടു. കേട്ട മാത്രയിൽ അദ്ധേഹം സ്വലാത്ത് ചൊല്ലി.അവർ ഉറപ്പിച്ചു ഇതു തന്നെയാണ് നബി(സ) നിർദ്ദേശിച്ച ആ വ്യക്തി. അബൂബക്കർ (റ) വിനോട് സൈനികർ പറഞ്ഞു : തിരിച്ച് പോകാം, നിങ്ങൾക്ക് മദീനയിലേക്ക് പ്രവേശനാനുമതി ഇല്ല. വ്യസനസമേതം അദ്ധേഹം വിഷാദത്തോടെ തിരിഞ്ഞു നടന്നു .
കുറച്ച് കാലത്തിന് ശേഷം വീണ്ടും അവർ മദീന ലക്ഷ്യം വെച്ച് പുറപ്പെട്ടു ഇത്തവണയും തടയാൻ നബി(സ) ആവശ്യപ്പെടുകയും അവർ തടയുകയും ചെയ്തു.ഇത്തവണയും വിഷണ്ണനായി തിരിച്ച് മടങ്ങാനേ അവർക്കായൊള്ളു. പിന്നീട് ബഗ്ദാദിൽ നിന്ന് മദീനയിലേക്ക് വിറക് കൊണ്ടുപോകുന്ന വ്യക്തിയെ കാണുകയും തന്നെ സുരക്ഷിതമായി എത്തിക്കാൻ കരാറ് ഉണ്ടാക്കുകയും ചെയ്തു. തന്റെ തോട്ടത്തിൽ നിന്ന് വിറക് ഉണ്ടാക്കാനും പറഞ്ഞു . തന്നെ സുരക്ഷിതമായി എത്തിച്ചാൽ എല്ലാ തോട്ടങ്ങളും സമ്മാനമായി നൽകാമെന്ന് വാഗ്ദാനം നൽകി. തന്റെ ഏക്കറുകൾ വിസ്തൃതിയുള്ള പതിനെട്ട് തോട്ടങ്ങളും മദീനയാത്രക്കായി അവർ വിൽപന നടത്തി. വിറക് കെട്ടുകാരൻ മുഹമ്മദ്അബൂബക്കർ (റ)വിനെ അതിനുള്ളിലാക്കി ഭദ്രമായി ഒളിപ്പിച്ച് യാത്ര തുടങ്ങി. മൂന്നാമതും അദ്ധേഹത്തെ തടയാൻ തിരുനബി(സ) നിർദ്ദേശം നൽകി. വിറക് കെട്ടുകാരൻ പരിശോധന ഭംഗിയായി നിർവഹിച്ച് മദീന അതിർത്തിയിൽ പ്രവേശനം. പെട്ടെന്ന് മുഹമ്മദ് എന്ന വിളിയാളം ഉയർന്നു. തന്റെ സ്നേഹസ്വരൂപത്തിന്റെ നാമം കേട്ടപ്പോൾ എല്ലാം മറന്ന് വിറക് കെട്ടിൽ നിന്ന് അദ്ധേഹം അത്യുച്ചത്തിൽ സ്വലാത്ത് ചൊല്ലി. സംശയം തോന്നിയ സൈനികർ അദ്ധേഹത്തെ തിരിച്ച് വിളിക്കുകയും വിറക് കെട്ട് പരിശോധിക്കുകയും ചെയ്തു. അതിനുള്ളിൽ നിന്ന് മുഹമ്മദ് അബൂബക്കർ റശീദുൽ ബഗ്ദാദിയെന്ന അനുരാഗത്തിന്റെ ഉച്ചിയിലെത്തിയ ആ പ്രേമപാത്രത്തെ തിരിച്ചയച്ചു. മദീനയിൽ ഒരിക്കൽ പോലും പ്രവേശിക്കാൻ സാധിക്കാതെ വിഷമതയോടെ തിരിച്ച് നടന്നു. ഇത്രയധികം മദീനയിൽ പ്രവേശിക്കാൻ കഷ്ട്ടതകൾ സഹിച്ച് ശ്രമിച്ച അദ്ധേഹത്തെ തടയാൻ പറഞ്ഞതിന്റെ കാരണം ഭരണാധിപൻ തിരു നബിയോട് പരതി. അവിടുന്ന് പറഞ്ഞു: മുഹമ്മദ് അബൂബക്കർ റശീദുൽ ബഗ്ദാദി എന്നെ വളരെയധികം സ്നേഹിക്കുന്ന വ്യക്തിയാണ്. പേര് കേൾക്കുമ്പോഴേക്ക് സ്വലാത്ത് ചൊല്ലും, അല്ലാത്ത സമയങ്ങളും എന്റെ പേരിൽ അധികമായി സ്വലാത്ത് ചൊല്ലുന്നയാളാണ്. ഇത്രമേൽ എന്നെ പ്രയ്യം വെക്കുന്ന അദ്ധേഹം എന്റെയടുക്കൽ വന്നാൽ അദ്ധേഹത്തെ സ്വീകരിക്കാൻ ഞാൻ ഈ ഖബറിൽ നിന്നും എഴുന്നേൽക്കേണ്ടിവരും. അതിപ്പോൾ ഉചിതമല്ലല്ലോ അത് കൊണ്ടാണ് ഞാൻ തടയാൻ പറഞ്ഞത്. ഈ വിരഹ വേദനയാൽ അബൂബക്കർ റശീദുൽ ബഗ്ദാദി (റ)വിന്റെ അധരങ്ങളിൽ നിന്ന് പ്രേമം കവിതയായി പെയ്തിറങ്ങിയ അനുരാഗ കാവ്യമാണ് ഖസീദത്തുൽ വിത്രിയ്യ . മദീനയിൽ പ്രവേശിക്കാകാൻ സാധ്യമാവാതെ തിരിച്ച് മടങ്ങേണ്ടിവന്ന വിരഹം ഖസീദയിൽ അവർ പരാമർശിക്കുന്നുണ്ട്.
بِطَيْبَةَ حَطَّ الصَالِحُونَ رِحَالَهُم=وأصْبَحْتُ عَنْ تِلْكَ الأماكِنِ أحْجَبُ
മദീനയിൽ സച്ചരിതർ യാത്ര അവസാനിപ്പിച്ചിരിക്കുന്നു. പക്ഷേ ആ പൂന്തോപ്പിനെ തൊട്ട് ഞാൻ തടയപ്പെട്ടിരിക്കുന്നു.
തന്റെ ദു:ഖം രണ്ട് വരിയിൽ ഒതുക്കാതെ തുടർന്നുള്ള വരികളിൽ തന്റെ വിനയം അടയാളപ്പെടുത്തുകയും ഇനി എന്നാണ് അവസരം ലഭിക്കുക എന്നന്വേശിക്കുന്നതോടൊപ്പം ശേഷം വന്നാൽ സ്വീകരിക്കണമെന്നും അപേക്ഷിക്കുന്നുണ്ട്.
എന്നിൽ സംഭവിച്ച ചെറുതും വലുതുമായ ദോഷങ്ങളും എന്റെ വീഴ്ച്ചകളും കാരമാണ് ആ വിശുദ്ധമണ്ണ് എന്നെ തടഞ്ഞത്.
തെറ്റ് കുറ്റങ്ങളുടെ കെണിയിൽ നിന്ന് ഈ തടവുകാരൻ മോചിപ്പിക്കുന്നതും മദീനയോട് സമീപസ്ഥനാകുന്നതും ഇനി എന്നായിരിക്കും.
അല്ലാഹുവിന്റെ ദൂതരേ....... എന്റെ എളിമയും പാപ്പരത്തവും ദാരിദ്രവും പ്രയാസവും കൊണ്ട് അങ്ങയുടെ അടുക്കലേക്ക് ഞാൻ അഭയത്തിനായി പാഞ്ഞടുക്കുകയാണ് എന്നെ സ്വീകരിക്കണേ.
തിരുനബിയുടെ മദ്ഹിന്റെ പ്രകാശനമാണ് കാവ്യത്തിന്റെ കാതൽ. നബിയുടെ നിശാ പ്രയാണവും മറ്റു അമാനുഷിക സംഭവങ്ങളും വിവരിക്കപ്പെട്ടിരിക്കുന്നു. തിരു നബിയുടെ വിശേഷണങ്ങൾ കൊണ്ടും സംഭവങ്ങളെ കൊണ്ടും സമ്പന്നമാണിത്. ശക്തമായഅനുരാഗത്താൽ തിരുദൂതരെ വർണ്ണിക്കുമ്പോൾ ഞാൻ സ്ഥലകാലബോധം പോലും നഷ്ട്ടപ്പെട്ടവനായി സ്വർഗത്തിലാണോ റൗളയിൽ വെച്ചാണോ ആസ്വദിക്കുന്നത് എന്നത് പോലും നിശ്ചയമില്ലന്ന് കവി പറയുന്നു. എന്റെ ആത്മാവിന് രോഗം ബാധിക്കുബോൾ അതിനുള്ള ഔഷധം തിരുനബി കീർത്തനം മാത്രമാണെന്ന് ശപഥം ചെയ്യുന്നു. ഈ കീർത്തന കാവ്യം കൊണ്ട് താൻ ലക്ഷ്യമിടുന്നത് അന്ത്യനാളിലെ ശിപാർശയാണന്ന് പ്രഖ്യാപിക്കുന്നു. തന്റെ മദീന പ്രവേശന തടസ്സം അവസാനത്തിലും പരാമർശിക്കുന്നുണ്ട്.തന്റെ ജീവിതത്തിലും മരണത്തിലും ആകെ തിരുനബി സ്നേഹമാണ് പ്രതീക്ഷയെന്ന് ആണയിട്ട് പ്രപഞ്ചനാഥനായ റബ്ബിനോട് പറഞ്ഞു കൊണ്ടാണ് കാവ്യം അവസാനിപ്പിക്കുന്നത്.
ഇതിന്റെ രചന വിരാമത്തിന് ശേഷം തിരുനബിയെ സ്വപ്നത്തിൽ ദർശിച്ചത് മഹാൻ തന്നെ പറയുന്നു: കവിത എഴുതി സ്ഖലിതങ്ങൾ തിരുത്തി പൂർത്തിയാക്കിയപ്പോൾ ഞാൻ നബിയെ ദർശിച്ചു.കൂടെ കുറച്ച് സ്വഹാബത്തും ഉണ്ട് കൂട്ടത്തിൽ അബൂബക്കർ(റ)വിനെ ഞാൻ മനസ്സിലാക്കി. എന്നെ കണ്ടയുടൻ തിരുനബി എന്റെയടുത്ത് വന്നു .കൈവശമുണ്ടായിരുന്ന ഈ കവിത ഓരോരുത്തർക്കും നൽകി.ആദ്യം അബൂബക്കർ (റ) വിനാണ് കൈമാറിയത്. ശേഷം പറഞ്ഞു: നോക്കൂ എന്തൊരു വിവരണം കൊണ്ടാണ് എന്നെ വർണ്ണിക്കപ്പെട്ടിരിക്കുന്നത്. എന്നെക്കുറിച്ച് എന്തൊക്കെയാണ് പരാമർശിച്ചിരിക്കുന്നത്. ഹിജ്റ 652 ലാണ് പ്രസ്തുത സംഭവം അരങ്ങേറുന്നത്. അല്ലാമ നബ്ഹാനി ഇക്കാര്യം പ്രസ്ഥാവിച്ചിട്ടുണ്ട്. ഇതു കഴിഞ്ഞ് മൂന്നുവർഷത്തിന് ശേഷം വീണ്ടും പരിശോധിച്ച് പോരായിമകൾ മാറ്റി ലളിതമാക്കി അവതരിപ്പിക്കുന്നതിനിടയിൽ അമാനുഷികതകൾ എഴുതി ചേർക്കുന്നതിനിടയിൽ മിഅറാജിനെ കുറിച്ചുള്ള ഭാഗമെത്തി ,ജിബ്രിൽ (അ) എനിക്കവിടന്നങ്ങോട്ട് പ്രവേശനാനുമതിയില്ലന്ന ഭാഗം എഴുതിയിരുന്നില്ല അത് നാലു വരികളിൽ ഉൾകൊള്ളിച്ചു. ഇത്തവണയും ദർശനമുണ്ടായി. നബി(സ) പറഞ്ഞു: തീർച്ച;താങ്കളിലും കുടുംബത്തിനും ഭാര്യക്കും സേവകനും നിങ്ങളുടെ സകല അനുചരരിലും എന്റെ ശിപാർശ അല്ലാഹു സ്വീകരിച്ചിരിക്കുന്നു. ദർശനത്തിനുടൻ സന്തോഷത്തോടെ സുസ്മേമേരവദനനായി ഞാൻ ഉറക്കമുണർന്നു. അവസാനമായി ഞാൻ പരിശോധന നടത്തിയത് ഹിജ്റ 661 ലാണ്. ഞാൻ മിസ്റിലാണ്. അന്നും നബിയെ കണ്ടു. മുകളിൽ പറഞ്ഞതു പ്രകാരം പറയുകയും ചെയ്തു. ഈ കവിതക്കും രചയിതാവിനും നബി തങ്ങൾ നൽകിയ അംഗീകാരമാണ് സൂചിപ്പിച്ചത്.
പല മഹത്തുക്കളും ഇത് കൊണ്ട് ഖിദ്മ നടത്തിയിട്ടുണ്ട്. അധികവും തഖ് മീസുകളാണ് (പഞ്ചവൽക്കരണം). ശൈഖ് മുഹമ്മദുബ്നു അബ്ദുൽ അസീസുല്ലഖമി(റ) ഇതിന് തഖ്മീസ് രചിച്ചത് തിരുനബിയുടെ സമ്മതപ്രകാരമാണ്. കഅബ ത്വവാഫ് ചെയ്യുന്നതായാണ് ദർശനം .റുക്നുൽ യമാനിയുടെ സമീപം എത്തിയപ്പോൾ അവിടെ പൊടിപിടിച്ചിരിക്കുന്നത് കണ്ടു. ആ പൊടി വൃത്തിയാക്കാൻ നബി തങ്ങൾ പറഞ്ഞു. ഞാൻ അത് ചെയ്തു. എന്റെ ബസ്താനുൽ ആരിഫീൻ ഒന്നു കൂടെ നന്നാക്കിയെടുക്കാനുള്ള സൂചനയാകുമെന്ന് ഞാൻ നിനച്ചു. നബി തങ്ങൾ ഇതിനു ശേഷം എനിക്ക് ഒരു കടലാസ് തന്നു. അതിൽ മജ്ദുദ്ധീൻ മുഹമ്മദ് അബീബക്കർ ബഗ്ദാദി(റ)വിന്റെ വിത്രിയ്യയായിരുന്നു.ഇതിനെ കുറിച്ച് ചോദിച്ചപ്പോൾ ഞാൻ എനിക്കറിയാമെന്ന് പറഞ്ഞു. ശേഷം ഞാൻ ചോദിച്ചു: നബിയെ ഞാനിത് തഖ്മീസ് ചെയ്യട്ടെ. അവിടുന്ന് സമ്മതം നൽകി.തിരുസന്നിധിയിൽ വെച്ച് രചന തുടങ്ങി. ( തഖ്മീസു ഖസാഇദിൽ വിതരിയ്യ ഫീ മദ്ഹി ഖൈറിൽ ബരിയ്യ: 15). ഇബ്നു ശഥാ ദിംയാത്വി മുഹമ്മദ് ബ്നു അബ്ദിൽ അസീസ് അൽ ഇസ്കന്തരി, മുഹമ്മദുൽ ഫാത്വിമി ബ്നുൽ ഹുസൈൻ അസ്സഖലി അൽ ഹുസൈനി, തമിഴ്നാട്ടിലെ കായൽ പട്ടണത്തിൽ അന്തിയുറങ്ങുന്ന ശൈഖ് സ്വദഖതുല്ലാഹിൽ ഖാഹിരി തുടങ്ങിയവർ അക്കൂട്ടത്തിൽ പ്രധാനികളാണ്. സുൽത്വാനുൽ ഉലമ ശൈഖുന കാന്തപുരം ഉസ്താദ് ഈ കവിതക്ക് അൽഅവാഇദുൽ വജ്ദിയ്യ എന്ന പേരിൽ ശറഹ് എഴുതിയിട്ടുണ്ട് . ലോകത്ത് ഇത്പോലെ തിരു കീർത്തനങ്ങൾ പ്രകാശിപ്പിക്കാൻ നിരവധി ഗദ്യ പദ്യ രചനകൾ നടത്തിയിട്ടുണ്ട്. അവകളെല്ലാം പ്രാധാന്യമർഹിക്കുുന്നതാണ്. എന്നാൽ തിരുദൂതരുടെ മദ്ഹ് പറഞ്ഞ് തീർന്നവരല്ല അവർ. അത് അസാധ്യമാണന്ന് എല്ലാവരും ഏകോപിച്ച കാര്യമാണ്. ഇക്കാര്യം വിത്രിരിയ്യയിലും സൂചിപ്പിച്ചിട്ടുണ്ട്. മുത്ത് നബി(സ)യുടെ കീർത്തനങ്ങൾ ആർക്കാണു വർണിച്ചു തീർക്കാൻ സാധിക്കുക. അവിടുത്തെ പ്രകീർത്തനങ്ങളുള്ള വിശുദ്ധ ഗ്രന്ഥങ്ങൾ ലോകമിൽ പാരായണം ചെയ്യപ്പെട്ടുകൊണ്ടിരിക്കുകയാണ്.
മുനീർ അഹ്സനി ഒമ്മല
0 അഭിപ്രായങ്ങള്‍