ലിഖിത ഭരണഘടനയിൽ ഏറ്റവും വലുത് എന്ന് വിശേഷിക്കപ്പെട്ട ഭരണഘടനയാണ് നമ്മുടേത്. ഭരണകൂടത്തിന്റെ അധികാരങ്ങള്‍, ചുമതലകള്‍ തുടങ്ങി പൗരന്‍ എന്ന നിലയിലുള്ള മൗലികാവകാശങ്ങള്‍, പൗരന് രാഷ്ട്രത്തോടുള്ള കടമകള്‍ തുടങ്ങിയ കാര്യങ്ങള്‍ നിര്‍വചിക്കുന്ന അടിസ്ഥാന നിയമ സംഹിതയാണ് ഭരണഘടന. ഇന്ത്യയിൽ അധിവസിക്കുന്ന ഓരോ പൗരനും ജീവിക്കാൻ ഉതകുന്ന രൂപത്തിലാണ് ഭരണഘടന നിർമ്മിക്കപ്പെട്ടത്. രാഷ്ട്രപിതാവ് ഗാന്ധിയുടെ തീവ്രമായ നിരന്തര സമര പദ്ധതികളിൽ നിന്നാണ് ഇന്ത്യയെന്ന ആശയത്തെ രൂപപ്പെടുത്തിയത്. ഈ സമര സൃഷ്ടിയുടെ ആത്മകഥയുടെ നാമമാണ് ഇന്ത്യയുടെ ഭരണഘടന.
ഭരണഘടന പിറക്കുമ്പോൾ നേരിട്ട പ്രതിസന്ധികൾ, അവയെ തരണം ചെയ്ത നേതൃത്വം, രൂപപ്പെട്ട ചർച്ചകൾ, ആശയങ്ങൾ, ചരിത്ര പ്രസിദ്ധമായ പ്രഭാഷണങ്ങൾ, എഴുത്തുകൾ, നിരീക്ഷണങ്ങൾ ഇവയിലൂടെ രൂപപ്പെട്ട ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യത്തെ ഏറ്റവും വലിയ ലിഖിത ഭരണഘടനയുടെ ആത്മകഥ അറിഞ്ഞിരിക്കണം നമ്മൾ, ചരിത്രം നമ്മോട് പറയും ഇന്ത്യൻ ഭരണഘടനയുടെ വീരകഥകൾ, ഏഴു പതിറ്റാണ്ടിപ്പുറം ഈ സാഹസിക യത്നത്തെ പുനർവായിക്കപ്പെടുമ്പോഴാണ് യത്ഥാവണ്ണം ഇന്ത്യയുടെ ഭരണഘടനയുടെ പ്രസക്തി മനസ്സിലാക്കപ്പെടുക. രാഷ്ട്ര നിർമ്മാണത്തിൽ മതത്തെ അടിസ്ഥാന ശിലയാക്കി രാജ്യം കെട്ടിപ്പടുക്കാതെ ദേശത്തിലെ ജനങ്ങളെ മനസ്സിലാക്കി രൂപപ്പെടുത്തിയ ഒരു ഭരണഘടനയെ പിച്ചിചീന്തപ്പെടുമ്പോൾ, മനുഷ്യത്വം മരവിപ്പിച്ച് സേച്ചാധിപത്യം അടക്കിവാഴുമ്പോൾ അറിയണം ഭരണഘടനയുടെ ആത്മകഥ. വർഷങ്ങൾക്കപ്പുറം ഭരണഘടന അസംബ്ലിയിൽ നെഹ്റുവും ഡോ: രാജേന്ദ്രപ്രസാദും നടത്തിയ ചരിത്രഭാഷണളുടെ ഇടിമുഴക്കം ഇന്നും നിലനിൽക്കുന്നു. ഈ ചരിത്രഭാഷണങ്ങൾ ഇന്നും വായിക്കപ്പെടണം. ഓർക്കുകയും ഉൾകൊള്ളുകയും വേണം.
രാജ്യം സ്വാതന്ത്ര്യത്തിൻ്റെ ഏഴു പതിറ്റാണ്ട് പിന്നിട്ടപ്പോൾ മതവെറിയുടെ പേരിൽ സമാധന ഇന്ത്യയെ രൂപപ്പെടുത്തിയ ഭാരതത്തിൻ്റെ സ്വന്തം ഗാന്ധിയെ ഇല്ലാതാക്കിയവർ ദേശസ്നേഹം അഭിനയിച്ച് അക്രമാസക്തമായ ഇന്ത്യയാക്കി രൂപപ്പെടുത്തുമ്പോൾ ഓർക്കണം ധീക്ഷണാശാലിയായ ഭരണഘടന ശിൽപി ബിആർ അംബേദ്ക്കറിൻ്റെ തീക്ഷ്ണചിന്തകൾ , എഴുപത്തിമൂന്ന് വർഷം രാജ്യം കൈകൊണ്ട നിലപാടുകളുടെ വർത്തമാനങ്ങൾ പറയേണ്ടതുണ്ട്. ഭരണഘടനയിലെ പ്രസക്തഭാഗങ്ങൾ വായിക്കപ്പെടണം , നേതാക്കളുടെ ഇടപെടലുകൾ അറിയണം. മതനിരപേക്ഷതയെ ഇന്ത്യ ഉയർത്തി പിടിക്കാനുള്ള വർത്തമാനങ്ങൾ നാം അറിഞ്ഞിരിക്കണം.
0 അഭിപ്രായങ്ങള്‍