സുൽത്വാൻ സ്വലാഹുദ്ധീൻ അയ്യൂബി(റ):ധീരനായ പടനായകൻ

Published by www.lightofislam.co.in on 01 March 2022


ഇസ്ലാമിക ചരിത്രത്തിൽ വീരസാഹസികനായ നവോത്ഥാന നായകനാണ് സുൽത്വാൻ സ്വലാഹുദ്ധീൻ അയ്യൂബി(റ). തന്റെ നാമത്തെ അന്വർത്ഥമാക്കും വിധത്തിലുള്ള ഉജ്ജ്വല സംഭാവനകളാണ് അദ്ദേഹം ദീനിന് വേണ്ടി നൽകിയിട്ടുള്ളത്. ഒരേ സമയം തുല്യതയില്ലാത്ത ഒരു ധീര പോരാളിയും മനുഷ്യ സ്നേഹിയുമായിരുന്നു ചരിത്രത്തിലെ സ്വലാഹുദ്ധീൻ അയ്യൂബി. 
          ഇറാഖിലെ പ്രസിദ്ധമായ തിക്രിത് ഗ്രാമത്തിലാണ് കുർദ് വംശജനായ സ്വലാഹുദ്ധീൻ അയ്യൂബി ജനിക്കുന്നത്. ഹിജ്റ 532ലായിരുന്നു ജനനം. ഇറാഖിലെ വളരെയധികം പഴക്കംചെന്ന ഒരു പട്ടണമാണ് തിക്രിത്. പിതാവ് നജ്മുദ്ധീൻ അയ്യൂബി അവിടെ ഭരണാധികാരിയായിരുന്നു. എങ്കിലും അദ്ധേഹം തികഞ്ഞ ഒരു മതഭക്തനും പണ്ഡിതനും സൂക്ഷ്മാലുമായിരുന്നു. അയ്യൂബ് ബ്നു ശാദി എന്നാണ് യത്ഥാർത്ത നാമം. ഇവർ പിന്നീട് മൗസിലിലേക്ക് (മൊസൂൾ) സ്ഥലം മാറി. വടക്കൻ ഇറാഖിലെ ഒരു നഗരമാണ് മൗസിൽ. അവിടെ അവർ സൻകി കുടുംബത്തെ ഭരണത്തിൽ സഹായിച്ചു. പിതാവ് നജ്മുദ്ധീൻ സിറിയ ഭരണാധിപനായിരുന്ന ഇമാദുദ്ധീൻ സൻകിയുടെ ഗവർണറായി ബഅലബക്കിലേക്ക് നിയുക്തനായപ്പോൾ അവിടേക്ക് പോയി. സ്വലാഹുദ്ധീൻ (റ) പ്രാഥമിക അറിവ് നാട്ടിൽ നിന്ന് തന്നെ കരസ്ഥമാക്കി. ചെറുപ്രായത്തിൽ തന്നെ ഖുർആൻ ഹൃദ്യസ്ഥമാക്കി, ഹാഫിള് അബൂത്വാഹിർ അൽ ഇസ്ഫഹാനി, അബൂ താഹിർ ബിൻഔഫിൽ മാലികി, 
അബ്ദുല്ലാഹിബ്നു ബർദി അന്നഹ് വി തുടങ്ങിയ പ്രമുഖ പണ്ഡിതരിൽ നിന്ന് ഹദീസ് ജ്ഞാനം കരസ്ഥമാക്കി. കർമശാസ്ത്രത്തിൽ അവഗാഹമുള്ള ഒരു കർമ്മശാസ്ത്ര പണ്ഡിതൻ കൂടിയായിരുന്നു അയ്യൂബി(റ). ഫിഖ്ഹിലെ അത്തൻബീഹ് എന്ന ഗ്രന്ഥം മനപാഠമാക്കിയതായി ഇമാം സുബ്കി (റ) ഉദ്ധരിക്കുന്നുണ്ട്. ചരിത്രത്തിലായിരുന്നു അപാര പാണ്ഡിത്യം . സമയത്തിന് വില നൽകി എപ്പോഴും അറിവും പണ്ഡിത ചങ്ങാത്തവുമായി കഴിഞ്ഞുകൂടാൻ സമയം കണ്ടെത്തിയിരുന്നു. യുദ്ധവേളകിൽ പോലും ഹദീസ് പഠനം നടത്തിയിരുന്നതായി ചരിത്രം മുദ്രണം ചെയ്യുന്നു.  
           പതിനാലാം വയസ്സിലായിരുന്നു വിവാഹം. ചെറുപ്രായങ്ങളിൽ പുരുഷന്മാർക്ക് ഭാരിച്ച ഉത്തരവാദിത്വങ്ങൾ നൽകുന്ന കാലമായിരുന്നു അത്. ഇക്കാലത്ത് പിതൃവ്യനിൽ നിന്ന് സൈനിക പാഠങ്ങൾ സ്വായത്തമാക്കി. നല്ലൊരു വ്യക്തി ജീവിതം നയിക്കാൻ അദ്ധേഹത്തിന് സാധിച്ചു. സുന്നി ആശയാദർശത്തിൽ കണിശതയോടെ ജീവിക്കാനും സൂക്ഷമതയോടെ കാര്യങ്ങളിൽ ഇടപെടാനും കഴിഞ്ഞു. സൽകർമനിഷ്ഠയും ആരാധനകളിലെ ജാഗ്രതയും ജിവിതാന്ത്യം പുലർത്തിപോന്നു. ജമാഅത്തുകൾക്ക് മുടക്കം വരാതെയും സൂക്ഷമതയോടെ നമസ്ക്കരിച്ചും ദൈനംദിനചര്യകളും നിത്യേനയുള്ള ഖുർആൻ പാരായണവും അവശരും നിലാരഭരുമായ പാവങ്ങൾക്കും സമൂഹത്തിലെ ഉന്നത ശ്രേണിക്കാരായ പണ്ഡിതർക്കും മുതഅല്ലിമുകൾക്കും നൽകുന്ന സഹായവും സ്വദഖകളുമെല്ലാം അവിടുത്തെ ആത്മീയ ജീവിതത്തിനുള്ള അടയാളങ്ങളാണ്. സാമ്പത്തീകാന്തരീക്ഷം മോശമാണങ്കിലും കയ്യിൽവരുന്ന സംഖ്യകൾ സ്വന്താവശ്യങ്ങൾക്കായി സ്വരൂപിക്കാതെ പാവങ്ങൾക്ക് സഹായിക്കാൻ അവയെ നീക്കിവെച്ച തുല്യതയില്ലാത്ത ധർമിഷ്ഠനായ ഭരണാധികാരിയാണ് അയ്യൂബി(റ). ലാളിത്യവും വിനയും നിറഞ്ഞ ആ ജീവിതത്തിൽ ആഢംബരത്തിന്റെയും ദുർവ്യയത്തിന്റെയും കതകുകൾ കൊട്ടിയടക്കപ്പെട്ടു. സാധാരണക്കാരിൽ ഒരുവനായി ജീവിച്ചു. സ്വന്തമായി ഭൂമിയോ മാളികകളോ ഉണ്ടായിരുന്നില്ല മരിക്കുന്ന വേളയിൽ ഒരു ദിനാർ 47 ദിർഹം മാത്രമാണ് കൈവശം ശേഷിച്ചിരുന്നത്. മരണാന്തര ക്രിയകൾക്ക് പോലും മതിവരാത്ത ശേഷിപ്പ്. പരിത്യാഗജിവിതത്തിന്റെ നേർ ചിത്രമാണ് വീരസാഹസികനായകന്റെ ജീവിതത്തിൽ. സൽഗുണ സമ്പന്നനായിരുന്നു സത്യസന്ധത, ക്ഷമ, വിനയം, വിട്ടുവീഴ്ച്ച മനോഭാവം, ഉദാരത, പ്രതിപക്ഷ ബഹുമാനം, ദയ, നീതി, വിട്ടുവീഴ്ച്ച തുടങ്ങിയ സവിശേഷ ഗുണങ്ങൾ അവരുടെ കൂടപിറപ്പായിരുന്നു. പണ്ഡിതരോടുള്ള സമീപനവും സൂഫികളോടുള്ള ആദരവും പഠിതാകൾക്ക് നൽകിയ സ്വീകരണവും അദ്ധേഹത്തെ വേറിട്ടവനാക്കുന്നു. ഇത്രമേൽ സൽഗുണങ്ങളാൽ സൗകുമാര്യത നിറഞ്ഞ ജീവിതം നയിച്ച ഭരണാധിപരും സൈനികരുമായവർ വിരളമാണ്. 
           പിതാവ് നജ്മുദ്ധീനും പിതൃവ്യനും നൂറുദ്ധീൻ സൻങ്കിയുടെ അടുത്ത സൈനിക മേധാവികളായിരുന്നു. ഈ ബന്ധമാണ് സ്വലാഹുദ്ധീനെയും സൈനികത്തിലെത്തിക്കുന്നത്.നൂറുദ്ധീൻ തന്റെ ശിഷ്യനെ പോലെ അയ്യൂബിയെെ പരിചരിച്ചു. അതിനാൽ ചെറുപ്രായത്തിൽ തന്നെ ഭരണകാര്യങ്ങൾ പഠിക്കാനും ഇടപെടാനും കഴിഞ്ഞു. പിന്നീട് ഇസ്ലാമിന്റെെ ഉന്നമനത്തിനാായി ഇരുവരും സുഹൃത്തുക്കളെപ്പോലെ യത്നിച്ചു. അവരുടെ ധീരമായ ഇടപെടലുകൾ കൊണ്ട് യൂറോപ്യരുടെ ആധിപത്യം അവസാനിപ്പിച്ച് ദീനിനും സമുദായത്തിനും യശസ്സുണ്ടാക്കാൻ കഴിഞ്ഞു. പിതൃവ്യനോടൊപ്പം ഈജിപ്തിലെത്തി ,അവിടെ നടന്ന പോരാട്ടത്തിൽ പങ്കെടുത്തു. ഈജിപ്ത് ജയിച്ചടക്കിയ സേനാ വ്യൂഹത്തിൽ ഒരു കണ്ണിയായി ചേരാൻ അവർക്ക് സാധിച്ചു. ശേഷം ഫാത്വിമി ഭരണാധികാരി ആള്വിദിന്റെ മന്ത്രിയായി സേവനമനുഷ്ഠിച്ച സ്വലാഹുദ്ധീൻ പിന്നീട് അധികാരിയായി ഇതോടെ ഫാത്വിമി ഭരണത്തിന് അന്ത്യം കുറിക്ക്പ്പെട്ടു. എങ്കിലും നൂറുദ്ധീന്റെ പിന്നിൽ തന്നെെ ഉറച്ച് നിന്ന് കൊണ്ട് അദ്ധേഹം പ്രവർത്തിച്ചു. പലയിടങ്ങളിലേക്കും സഞ്ചചരിച്ച് ഉന്നതവിജയങ്ങളും നേട്ടങ്ങളും കൈവരിച്ചു. നൂറുദ്ധീൻ സങ്കിയുടെ കാലത്ത് നേടിയ വിജയമത്രയും സ്വലാഹുദ്ധീൻ (റ)വിന്റെ നേതൃത്വത്തിലായിരുന്നു. സഞ്ചാരങ്ങൾക്കും പടയോട്ടങ്ങൾക്കും ശേഷം ഹിജ്റ 566ൽ മഹാനുഭാവൻ ഈജിപ്തിൽ തിരിച്ച് വന്നു. ശേഷം ആദർശശുദ്ധികലശത്തിൽ ഏർപ്പെട്ടു. ശിയാക്കളും റാഫിളുകളുമായ അവാന്തര വിഭാഗങ്ങളിൽ നിന്നുള്ള ഫാത്വിമി ഭരണാധികാരികളെയും ഖാളിമാരെയുമെല്ലാം പിരിച്ച് വിട്ടു. തൽസ്ഥാനത്തേക്ക് ശാഫിഈ സരണിയിലെ പണ്ഡിതരെ നിയമിക്കുകയും ചെയ്തതോടെ ഈജിപ്പത്തിൽ നീണ്ട 270 വർഷക്കാലം നിലനിന്ന ഫാതിമികളുടെ ഭരണത്തിന് പൂർണ്ണ സമാപനമായി. അയ്യൂബി ഭരണം ഉദയം ചെയ്യുകയുമുണ്ടായി. വീണ്ടും ഇസ്ലാമിന്റെ പൈതൃകം വീണ്ടെടുക്കപ്പെട്ടു തൽപരകക്ഷികളായ  അവാന്തരവിഭാഗങ്ങളെ പാടെ തുടച്ചു നീക്കി. ഇതോടുകൂടെ അഹ് ലുസ്സുന്നയുടെ സമുദ്ധാരകൻ കൂടിയായി അയ്യൂബി(റ)ലോകം വാണു. തുടർന്ന് ഈജിപ്തിനെ അബ്ബാസി ഖിലാഫത്തിനോട് ചേർക്കുകയും സുന്നി ആദർശ ആശയങ്ങൾ പ്രചരിപ്പിക്കുകയും ശാഫിഈ മദ്റസകൾ സ്ഥാപിക്കുകയും ചെയ്തു. താൻ വിഭാവനം ചെയ്ത ആ നല്ല കാലത്തിലൂടെ ജൈത്രയാത്രയുമായി സ്വലാഹുദ്ധീൻ (റ) മുന്നേറികൊണ്ടിരുന്നു. നൂറുദ്ധീൻ സങ്കിയുടെ മരണശേഷം സിറിയയെ കൂടി തന്റെ അധികാര പരിധിയിൽ കൂട്ടി ചേർത്തു. അക്കാലത്ത് ക്രൈസ്തവർ ഉന്നംവെച്ച പ്രദേശമായിരുന്നു സിറിയ . അങ്ങനെ ഈജിപ്ത്, സിറിയ എന്നിവിടങ്ങളിലെ ഭരണാധികാരിയയി സ്വലാഹുദ്ധീൻ (റ) മാറി.വിജയശ്രീലാളിതനായി മുന്നേറുന്ന സ്വലാഹുദ്ധീനിന്റെ അടുത്ത ലക്ഷ്യം തന്റെയും നൂറുദ്ധീന്റെയും ചിരകാല അഭിലാഷമായിരുന്ന ഖുദ്സിന്റെ മോചനമായിരുന്നു. 
       കുരിശുയുദ്ധം.

             എ ഡി 1096 ലാണ് കുരിശുയുദ്ധം ആരംഭിക്കുന്നത്. മൊത്തം ഏട്ട് കുരിശുയുദ്ധങ്ങളാണ് ഉണ്ടായത്. അജയ്യരായി സർവരുടെയും മേൽ ആധിപത്യം സ്ഥാപിച്ച യൂറോപ്യൻ ശക്തിയെ കുരിശുയുദ്ധത്തിലൂടെ തറപറ്റിച്ച് ഖുദ്സിനെ മോചിപ്പിച്ച ഈ വീര സാഹസികനെ പ്രമുഖ ചരിത്രകാരനായ എമർഷൻ വിശേഷിപ്പിക്കുന്നത് " കുരിശ് യുദ്ധകാലഘട്ടം പരിചയിച്ച ഏറ്റവും വലിയ മഹാൻ " എന്നാണ്. കേവലം യുദ്ധത്തിലൂടെയുള്ള നാശനഷ്ട്ടങ്ങൾക്കതീതം ഇത്തരം അടിയന്തരഘട്ടങ്ങളിലും മാനുഷിക മൂല്യങ്ങളെ സംരക്ഷിക്കുന്ന മഹാപ്രതിഭയായിരുന്നു സ്വലാഹുദ്ധീൻ (റ)
        യുദ്ധകെടുതികളും വംശനാശവും ഭയന്ന് ആദ്യം സന്ധിയിലേർപ്പെടാനാണ് അദ്ധേഹം ശ്രമങ്ങൾ നടത്തിയത്. അതു വഴി സമാധാനമാർഗത്തിലായെങ്കിലും അതിനെ സംരക്ഷിക്കാൻ കുരിശു പടയാളികൾക്ക് കഴിഞ്ഞില്ല. അവൻ വലിയ അക്രമണത്തിനു മുതിർന്നു . ഒന്നാം കുരിശ് യുദ്ധത്തിൽ മൂന്ന് ലക്ഷം പടയാളികളുമായി യൂറോപ്യൻ ഭരണാധികൾ വന്ന് അൻത്വാകിയ്യ, റൂഹ, ട്രിപ്പോളി, ബൈതുൽ മുഖദ്ദസ്, അക്ക, സ്വൂർ , എന്നിവ കീഴടക്കി ലക്ഷകണക്കിന് മനുഷ്യ ശരീരങ്ങളെ മൃഗീയമായി ചെറുപ്പ വലിപ്പ ലിംഗ വ്യത്യാസമില്ലാതെ കൊന്നൊടുക്കി.എന്നാൽ രണ്ടാം കുരിശ് യുദ്ധത്തിൽ റൂഹ തിരിച്ച് പിടിച്ച് മുസ്ലിം സൈന്യം മുന്നേറി ജയം കൈവരിച്ചു. ഇതിനു ശേഷമാണ് സുൽത്വാൻ സ്വലാഹുദ്ധീൻ അയ്യൂബിയുടെ രംഗപ്രവേശം. ഹിത്തിൻ യുദ്ധത്തിലൂടെയാണ് ജൈത്രയാത്രയുടെ തുടക്കം . ത്വബ്രിയ തടാകത്തിന്റെ പരിസരത്താണ് ഹിത്തീൻ. ഹിജ്റ 583 റബീഉൽ അവ്വൽ 25 ശനിയാഴ്ച്ച ലോബിയ എന്ന സ്ഥലത്തുവെച്ച് ഇരുകൂട്ടരും ഏറ്റുമുട്ടി. റജിനോൾഡും ലോസ്നിയാനുമായിരുന്നു എതിർച്ചേരി നായകർ , പോർക്കളം ശക്തിയായി, ഫ്രഞ്ചു സേന പ്രാണരക്ഷാർത്ഥം ഓടിയകലാൻ ശ്രമിക്കുന്നുണ്ട്. എല്ലാ വഴിയും അടഞ്ഞ അവർക്ക് മുന്നിൽ തുറന്നിട്ടത് പരാജയത്തിന്റെ കവാടം മാത്രം. അവസാനം രാജാവിന്റെ തമ്പ് താഴെ വീഴും വരെ അവർ പോരാടി. വലിയ കുരിശ് ചുമന്ന് അവർ നടത്തിയ പോരാട്ടയത്നം അടിയുറച്ച ദൃഢവിശ്വാസത്തിനു മുന്നിൽ ധൂളിയായി പോയി. ദാഹിച്ച് പരവശനായ ബൈതുൽ മുഖദ്ദസ് രാജാവിന് സ്വലാഹുദ്ധീൻ (റ) കുടിക്കാൻ വെള്ളം കൊടുത്തു. ശേഷം റജിനോൾഡിലേക്ക് തിരിഞ്ഞ് അദ്ധേഹം ചെയ്ത നരഹത്യകൾ ഓരോന്നും എടുത്തുപറഞ്ഞു കൊണ്ട് സ്വലാഹുദ്ധീൻ അയ്യൂബി(റ) പറഞ്ഞു: "ഇതാ മുഹമ്മദിനു വേണ്ടി ഞാൻ ജയിച്ചിരിക്കുന്നു" റജിനോൾഡിന്റെ വീമ്പുകൾക്ക് കൃത്യമായ മറുപടിയായിരുന്നു അദ്ധേഹത്തിന്റെ മേൽ വാക്യം. തിരു നബിയുടെ പുണ്യ ശരീരം റൗളയിൽ നിന്ന് എടുക്കുമെന്നും ഹാജിമാർക്ക് നികുതി ഏർപ്പെടുത്തുമെന്നുമെല്ലാം വമ്പ് പറഞ്ഞ റജിനോൾഡ് എന്ന നീചനും നികൃഷ്ടനുമായ ആ രാജാവിനെ സുൽത്വാൻ മുൻകൂട്ടിയുള്ള തീരുമാനപ്രകാരം വധിച്ചു.രംഗം കണ്ട് ഭയവിഹലനായ ബൈതുൽ മുഖദ്ദസ് രാജാവിനെ വെറുതെ വിട്ടു. മുസ്ലിം ലോകം കാത്തിരുന്ന ആ സുന്തര നിമിഷത്തിന് എല്ലാവരും കാതോർത്തു. അന്യായമായി ക്രൈസ്തവർ പിടിച്ചടക്കപ്പെട്ട എല്ലാ പ്രദേശങ്ങളും മോചിപ്പിച്ച് തുടങ്ങി. പുറത്താക്കപ്പെട്ടവർക്ക് അഭയം നൽകാൻ അയ്യൂബി(റ) മനസ്സ് കാണിച്ചു. രാജ്യത്തിനകത്ത് താമസ്സിക്കുന്നവർക്ക് അതിന് അവകാശം  നൽകി. നാടുവിടുന്നവർക്ക് കഴിയുംവിധം സ്വത്തുക്കൾ കൊണ്ടുപോകാൻ അനുമതിയും നൽകി. 
          ഹിജ്റ 583 റജബ് 15 ന് സുൽത്വാൻ സൈനീകരുമായി ബൈതുൽ മുഖദ്ദസ് ലക്ഷ്യം വെച്ച് നീങ്ങി. സമാധാനപൂർവ്വം ഖുദ്സ് മോചിപ്പിക്കലായിരുന്നു ലക്ഷ്യം. ആദ്യം മുഖദ്ദസ് അവർ പിടിച്ചടക്കംമ്പോൾ എഴുപതിനായിരം മുസ്ലിംകളെ അവർ കൂട്ടക്കൊല നടത്തിയിരുന്നു.എന്നാൽ
വർഷങ്ങൾക്കിപ്പുറം അന്നത്തെ പകപ്പോക്കാൻ അവസരം കിട്ടിയിട്ടും സ്വലാഹുദ്ധീൻ അത് കൂട്ടാക്കിയില്ല.    പോരാട്ട രഹിത മുന്നേറ്റമാണ് അദ്ദേഹം ലക്ഷ്യമിട്ടത്. അക്കാര്യം ഭരണകൂടത്തെയും കുരിശ് പടയാളികളെയും അറിയിക്കുകയും ചെയ്തു ഖുദ്സും പള്ളിയും നിങ്ങളെപ്പോലെ ഞങ്ങളും ആദരിക്കുന്നു പോരാട്ടമോ സംഘർഷമോ ഞാൻ ഉന്നം വെക്കുന്നില്ല എന്നാൽ മാനുഷികതയുടെ പര്യായമായിരുന്ന സലാഹുദ്ദീൻ അയ്യൂബിയുടെ ഈ നന്മയാർന്ന നിർദ്ദേശം സ്വീകരിക്കാൻ അവർക്കായില്ല, മറിച്ച് അത് തള്ളുകയാണ് ചെയ്തത് .
ഗത്യന്തരമില്ലാതെ ഒടുവിൽ അദ്ദേഹം യുദ്ധത്തിന് തയ്യാറെടുത്തു അവർ നീണ്ട ചെറുത്തുനിൽപ്പിന് ശേഷം അവസാനം സന്ധിക്കു തയ്യാറായി പണം നൽകി പട്ടണം വിടാൻ അവർ തീരുമാനിച്ചു. പണം ഇല്ലാത്തവരുടെ മോചനദ്രവ്യം സലാഹുദ്ദീൻ (റ) സ്വയം ഏറ്റെടുത്തു ഹിജിറ 583 റജബ് 27 മിഅറാജ് ദിനത്തിൽ മുസ്‌ലിം ലോകം തിരുനബിയുടെ നിശാ പ്രയാണരാവിലെ മഹത്വം കണക്കിലെടുത്ത് ആരാധനയിൽ നിമഗ്നരായിരിക്കെ  കുരിശ് സേനയുടെ കരാള ഹസ്തത്തിൽ നിന്നും ബൈത്തുൽ മുഖദ്ദസ് മോചിപ്പിച്ചു അന്നൊരു വെള്ളിയാഴ്ച ദിവസമായിരുന്നു. കുരിശ് സേന ഒന്നിനുപിറകെ ഒന്നായി പലായനം ആരംഭിച്ചു ഖുദ്സും പരിസരവും വീണ്ടും ഇസ്ലാമിൻറെ പൂർവ്വ പ്രതാപം വീണ്ടെടുത്തു ദമസ്കസിലെ ഖാളിയുംയും സലാഹുദ്ദീൻ (റ) വിന്റെമാർഗ്ഗദർശിയും കൂടിയായിരുന്ന മുഹിയുദ്ദീൻ സുബ്കി ഖുതുബ നിർവഹിച്ചു ജുമുഅ നടത്തി. സലാഹുദ്ദീൻ അയ്യൂബി(റ) മുഖേന ബൈത്തുൽ മുഖദ്ദസിന് മോചനം സംഭവിക്കുമെന്ന് കാലേകൂട്ടി ആ പണ്ഡിതൻ പ്രഖ്യാപനം നടത്തിയിരുന്നു. അയൂബിയുടെ നേതൃത്വത്തിൽ നേടിയെടുത്ത ഈ ഗംഭീരവിജയം ലോകമെങ്ങും സന്തോഷപൂർവ്വം ആഘോഷിച്ചു ഒമ്പത് ദശാബ്ദത്തോളം ക്രൈസ്തവ അധീനതയിൽ തളച്ചിട്ട വിശുദ്ധ ഗേഹത്തിലേക്ക് വിശ്വാസികൾ തക്ബീർ ധ്വനികൾ മുഴക്കി ഒഴുകി തുടങ്ങി തക്ബീറിന്റെ മന്ത്രധ്വനികൾ അഖ്സയുടെ ഭിത്തികളിൽ അലയടിച്ചു
                  മാനുഷികവും കാരുണ്യവും നിറഞ്ഞ മനസ്സിന് ഉടമയായിരുന്നു അയ്യൂബി സമാധാനം മാത്രമാണ് അവർ ആഗ്രഹിച്ചത്. ഖുദ്സ് മോചന വേളയിൽ പലായനം നടത്തുന്ന ക്രൈസ്തവരിൽ ചിലർക്ക് വാഹനമില്ലാതെ വൃദ്ധരായ മാതാപിതാക്കളെ ചുമലിലേറ്റി നടക്കുന്നത് കണ്ടപ്പോൾ വാഹനവും പണവും നൽകി അവരെ സഹായിച്ചു തടവിലാക്കപ്പെട്ടവരുടെ  ഭാര്യ സന്താനങ്ങൾ മുൻപിൽ വന്ന് കേണ് പറഞ്ഞപ്പോൾ മനസ്സലിഞ്ഞ സലാഹുദ്ദീൻ(റ) അവരെ മോചിപ്പിച്ചു. ബൈത്തുൽ മുഖദ്ദസിലേക്ക് വരുന്ന യൂറോപ്യൻ തീർഥാടകർക്ക് സർവ്വ സഹായവും നൽകി എന്നാൽ വർഷങ്ങൾക്ക് മുമ്പ് കുരിശു പട ബൈത്തുൽ മുഖദ്ദസ് അധീനപ്പെടുത്തിയപ്പോൾ നടത്തിയ നരഹത്യ ഇതുമായി തദാത്മ്യം പുലർത്താൻ പറ്റിയതല്ലന്ന് പറഞ്ഞുുവല്ലോ . അവർ ഖുദ്സിൽ പ്രവേശിച്ചയുടൻ അവിടെയുണ്ടായിരുന്ന മുസ്ലിങ്ങളെ മൃഗീയമായി ആക്രമിച്ചു, ജനങ്ങളെ കൂട്ടക്കൊല ചെയ്തു, കുട്ടികളും വൃദ്ധ'രും സ്ത്രീകളും അതിൽ പെടുന്നു. യാതൊരു ദാക്ഷിണ്യവുമില്ലാതെ തെരുവോരങ്ങളിൽ കണ്ടവരെയെല്ലാം ആക്രമിച്ച് കൊലപ്പെടുത്തി . ഖുദ്സിന്റെചരിത്രമണ്ണിൽ അനേകം മനുഷ്യശരീരങ്ങൾ മൃതിയടഞ്ഞു. കുറേപേർ ഓടിപ്പോയി അവശേഷിച്ച സ്ത്രീകളും കുട്ടികളും വൃദ്ധരും അടക്കം ഒരു ലക്ഷത്തോളം പേർ മസ്ജിദുൽ അഖ്സയിൽ അഭയം പ്രാപിച്ചു പക്ഷേ അവരെ കണ്ടയുടൻ ക്രിസ്ത്യൻ സ്ഥാനപതി ജനക്കൂട്ടത്തെ കൂട്ടക്കൊല നടത്താൻ  ഉത്തരവിറക്കി. അതോടെ നിരാലംബരായ ആ സാധു മനുഷ്യരെ മനുഷ്യത്വം മരവിച്ച കുരിശു പടയാളികൾ കൂട്ടക്കൊല ചെയ്തു.  മസ്ജിദുൽ അഖ്സയും പരിസരവും രക്ത പുഴയായി നിറഞ്ഞൊഴുകി. എന്നാൽ സഹിഷ്ണുതയും മനുഷ്യത്വവും ചേർന്ന ഈ യുഗപുരുഷൻ ഇതിന് നേർവിപരീതമാണ് പ്രവർത്തിച്ചത് എന്നല്ല രക്തം ഒഴുക്കാതെ വിജയം കരസ്ഥമാക്കാം എന്ന് വലിയ പാഠം ലോകത്തിനു പകർന്നു നൽകുകയും ചെയ്തു. മാത്രവുമല്ല നൂറ്റാണ്ടുകൾക്കപ്പുറം മുത്ത് നബി ശത്രുക്കൾക്കെതിരെ സ്വീകരിച്ച നിലപാട് തന്നെയായിരുന്നു സലാഹുദ്ദീൻ അയ്യൂബിയും അനുവർത്തിച്ചത്
        ഹിജ്റ 589 സ്വഫർ മാസത്തിൽ ഖുദ്സിന്റെ മോചകൻ ആയി ലോകം വാഴ്ത്തിയ ആ ധീര നേതാവ് ഇഹലോകവാസം വെടിഞ്ഞു. വർത്തമാനകാലത്ത് സ്വലാഹുദ്ധീൻ അയ്യൂബി(റ) വിനെ കുറിച്ചും അവരുടെ പോരാട്ടങ്ങളെയും തെറ്റിദ്ധാരണകൾ പരത്തുന്നുണ്ട്. അത്തരം രചനകളും ഇന്ന് ലഭ്യമാണ്. പ്രത്യുത സാഹചര്യത്തിൽ അയ്യൂബി(റ)വിന്റെ യാതാർത്ഥ ജീവിത ചരിതങ്ങളും പോരാട്ട രീതികളും സമൂഹത്തിൽപുനർവായിക്കപ്പെടുബോഴാണ് യാതാർത്ഥ ചരിത്രം ലോകത്തിന് തിരിച്ചറിയാനാവൂ.


          
        

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍