Posted by
www.lightofislami.blogspot.com on 19/9/2023 11 . 40 Am
റബീഉൽ അവ്വൽ3️⃣
മുത്ത്നബിക്ക് ഇപ്പോൾ പ്രായം ആറു വയസ്സ്. ഇനി ഉമ്മയുടെ കുടുംബക്കാരെ ഒക്കെ പരിചയപ്പെടണം. അമ്മാവൻമാർ അടക്കമുള്ള ബനു നജ്ജാർ ഗോത്രക്കാർ മദീനയിലാണ് താമസം
അവരോടൊപ്പം കുറച്ച് ദിവസം താമസിക്കണം.ഉമ്മ തന്നെ അതിന് മുന്നിൽ നിന്നു. പിതാമഹൻ അബ്ദുൽ മുത്വലിബിനോട് ആഗ്രഹം പ്രകടിപ്പിച്ചു. അദ്ദേഹം യാത്രക്കുള്ള ഒരുക്കങ്ങൾ നടത്തി കൊടുത്തു.
അവരുടെ യാത്രയിൽ മറ്റൊരു ലക്ഷ്യം കൂടിയുണ്ട് . നബിതങ്ങൾ ജീവിതത്തിൽ ദർശിക്കാത്ത പൊന്നുപ്പ അബ്ദുല്ല എന്നവരെ സിയാറത്ത് ചെയ്യണം. അല്പനേരം ഉപ്പ അന്തിയുറങ്ങുന്നിടത്ത് നിൽക്കണം. എല്ലാ ആഗ്രഹങ്ങളും മനസ്സിൽ സ്വപ്നങ്ങളായി കണ്ടു.
ഒരു ദിവസം ഉമ്മയും മകനും യസ്രിബ് (മദീനയുടെ അന്നത്തെ പേര് ) ലക്ഷ്യമാക്കി യാത്ര പുറപ്പെട്ടു. ഉമ്മു ഐമൻ (റ)യും കൂടെയുണ്ട്.
സുന്ദരവും നയന മനോഹരവുമായ വഴി കാഴ്ച്ചകൾ കണ്ടും അനുഭവിച്ചും ആസ്വദിച്ചും അവർ യാത്ര തുടർന്നു. അങ്ങനെ അവരുടെ എല്ലാമെല്ലാമായ പൊന്നുപ്പയുടെ അടുത്തെത്തി . ബനു നജ്ജാറിലെ സ്ത്രീകൾ അവർക്ക് അബ്ദുല്ല എന്നവരുടെ ഖബർ കാണിച്ചു കൊടുത്തു. അവരുടെ ഹൃദയങ്ങൾ തേങ്ങി ,നയനങ്ങൾ നിറഞ്ഞു. ഇരുവർക്കും പറയാനുള്ളതെല്ലാം അവിടെ സമർപ്പിച്ചു. ആ കുഞ്ഞുമോൻ പൊന്നുപ്പയെ ഹൃദയത്തിലേറ്റിയ ആ പുണ്യ നാടിന്റെ സൗരഭ്യം ആസ്വദിച്ചു. പക്ഷേ ഉപ്പയെ കാണാത്ത വിഷാദം ഉള്ളിലുണ്ട്.
അങ്ങനെ അവർ ഒരു മാസം അവിടെ താമസിച്ചു. ഇടക്കിടക്ക് ഉപ്പയെ സന്ദർശിക്കും. ഉമ്മയുടെ കുടുംബത്തിലുള്ള കുട്ടികളോടൊപ്പം മുത്ത്നബി കളിച്ചു നടന്നു. അവിടെ നിന്നാണ് നീന്തൽ പഠിച്ചത്. ഇതെല്ലാം കണ്ട ഉമ്മ സന്തോഷവതിയായി. മദീനയിലെ ആ ജീവിതത്തെക്കുറിച്ച് മുത്ത് നബി ഓർത്തെടുക്കുന്നു . ഞാൻ അമ്മാവന്മാരുടെ അടുക്കൽ വസിച്ചുകൊണ്ടിരിക്കുമ്പോൾ ഒരു ജൂതൻ ഇടയ്ക്കിടെ എന്റെ അടുക്കൽ വരും. എന്നെ അയാൾ നിരീക്ഷിക്കുന്നത് ഞാൻ ശ്രദ്ധിച്ചു. ഒരു ദിവസം ആരുമില്ലാത്ത സമയം അയാൾ എന്നോട് ചോദിച്ചു എന്താണ് നിന്റെ പേര് ? ഞാൻ പറഞ്ഞു അഹ്മദ് എന്നാണ്. അയാൾ എന്റെ മുതുകിലേക്ക് നോക്കി. ശേഷം ഇങ്ങനെ പറയുന്നതായി ഞാൻ കേട്ടു ഈ കുട്ടി ഈ സമുദായത്തിന്റെ നബിയാണ് . ശേഷം എന്റെ അമ്മാവന്മാരുടെ ചെന്ന് വിവരം പറഞ്ഞു അവർ എൻറെ ഉമ്മയെയും വിവരമറിയിച്ചു അതോടെ ഉമ്മാക്ക് പേടിയായി ഉടനെ മദീനയിൽ നിന്ന് തിരിച്ചു മടങ്ങി.
ഒരു മാസം കഴിഞ്ഞപ്പോൾ അവർ മക്കയിലേക്ക് തിരിക്കാൻ തീരുമാനിച്ചു. ഈന്തപ്പനത്തോപ്പുകൾ നിറഞ്ഞ കണ്ണിന് കുളിർമയുള്ള ആ നാട് നബിയിൽ ആകൃഷിച്ചു. പിതാവിനെ ഒരിക്കൽ കൂടി സന്ദർശിച്ചു. വീണ്ടും കാണാമെന്ന ഭാവത്തിൽ ആമിന ബീവിയും പ്രിയതമനോട് യാത്ര പറഞ്ഞു. അങ്ങനെ മക്കയിലേക്ക് തിരിച്ചു.
പക്ഷേ
യാത്ര മക്കയിലെത്തും മുൻപ് ഉമ്മക്ക് പനി ബാധിച്ചു. ഇനി യാത്ര നീളില്ല. നല്ല മൂർച്ചയുള്ള അസുഖമാണ്. അവർ അവിടെ ആ മരുഭൂമിയിൽ തമ്പ് കെട്ടി, നബിയും ഉമ്മയും സഹായി ഉമ്മു ഐമനും. അവർ മൂന്ന് പേരും ആ തമ്പിൽ കഴിഞ്ഞു. രോഗം മൂർഛിച്ചു വന്നു. തന്റെ പൊന്നു മകനെ ഉമ്മു ഐമനിന്റെ കൈകളിൽ ഏൽപ്പിച്ചു. പ്രിയതമന് വിട നൽകിയ ആ മണ്ണ് അവർക്കും ഇടം നൽകി യാത്രയായി. അബവാഅ് എന്ന ആ സ്ഥലത്താണ് മഹതി അന്തിയുറങ്ങന്നത്. ചുരുങ്ങിയ കാലം കൊണ്ട് സ്നേഹത്തിന്റെ എല്ലാ വാത്സല്യങ്ങളും നൽകിയ ആ ഉമ്മയെ സന്ദർശിക്കാൻ മുത്ത് നബി ഇടക്കിടക്ക് വരാറുണ്ട്. അവിടെയെത്തുമ്പോൾ സുന്ദരമായ അവരുടെ ഓർമകൾ മുത്ത്നബിയുടെ കണ്ണുകൾ നിറഞ്ഞു തുളുമ്പി നിൽക്കും.
മദീനയിൽ നിന്ന് തിരിച്ചെത്തിയ നബിയുടെ സംരക്ഷണ ചുമതല പിതാമഹൻ അബ്ദുൽ മുത്തലിബിൽ ആയിരുന്നു.അദ്ദേഹം നബിയെ പൊന്നുപോലെ നോക്കി ഉമ്മു ഐമൻ (റ) പറയുന്നുണ്ട്. അബ്ദുൽ മുത്തലിബ് വഫാത്തായപ്പോൾ അദ്ദേഹത്തിൻറെ കട്ടിലിനു പിന്നിൽ നിന്ന് നബി കരയുന്നത് ഞാൻ കണ്ടു. 8 വയസ്സ് പ്രായമായപ്പോഴാണ് അബ്ദുൽ മുത്തലിബ് വഫാത്താകുന്നത്. പിന്നീട് സംരക്ഷണച്ചുമുതല പിതൃസഹോദരൻ അബു താലിബിൽ ആയിരുന്നു. അബ്ദുൽ മുത്തലിബ് വഫാത്താവുന്ന നേരം അബൂതാലിബിനെ വിളിച്ചു വരുത്തി പറഞ്ഞു എനിക്ക് മുഹമ്മദിനോടുള്ള അങ്ങേയറ്റത്തെ സ്നേഹം നിനക്കറിയാം ആ കുട്ടിയുടെ കാര്യത്തിൽ നീ എങ്ങനെയാണ് എന്നെ ശ്രദ്ധിക്കുക ? എന്ന് പറയണം. ഉടനെ അദ്ദേഹം പറഞ്ഞു: പിതാവേ ..... അവന്റെ കാര്യത്തിൽ നിങ്ങൾ എന്നോട് വസിയ്യത്ത് ചെയ്യേണ്ട ആവശ്യമില്ല ആ കുഞ്ഞ് എൻ്റെ സഹോദരൻറെയും എന്റെയും മകനാണ്
അങ്ങനെ ഉമ്മയുടെയും ഉപ്പയുടെയും ഓർമയിൽ മുത്ത് റസൂൽ (സ) വളർന്നു വലുതായി കൊണ്ടിരുന്നു. എല്ലാവരുടെയും കണ്ണിലുണ്ണിയായി , സത്യസന്ധത പുലർത്തി ജീവിച്ചു കൊണ്ടിരുന്നു.
0 അഭിപ്രായങ്ങള്‍