മലയാള സാഹിത്യത്തിൽ അതുല്യ സ്ഥാനീയനാണ് ബേപ്പൂർ സുൽത്താൻ ബഷീർ. തനതായ ഭാഷാശൈലി കൊണ്ടും അനന്യമായ ജീവിത ശൈലി കൊണ്ടും തന്റെ രചനകളെ മഹത്ത്വരമാക്കാൻ അദ്ദേഹത്തിനായിട്ടുണ്ട്. സാഹിത്യവും മനുഷ്യരും എത്രമേൽ ബന്ധപ്പെട്ടിരിക്കുന്നുവെന്ന് ബഷീർ കൃതികൾ വരച്ച് കാണിക്കുന്നുണ്ട്. വാക്കുകളോട് സൗഹാർദ്ദ പുരസരം സമീപിക്കുന്നത് ബഷീറിന്റെ പ്രത്യേക ശൈലിയാണ്.
ജനങ്ങൾക്കു വേണ്ടിയാണ് ബഷീർ എഴുതിയത്. അങ്ങനെയാണദ്ദേഹം ജനകീയ എഴുത്തുകാരനായത്. പ്രപഞ്ചത്തിൽ കാണുന്ന ഓരോ ചരങ്ങളും ബഷീറിന്റെ കഥാപാത്രങ്ങളാണ്. അവയെ എങ്ങനെയെല്ലാം കഥാപാത്രങ്ങളായി ആവിഷ്ക്കരിക്കാമെന്ന് കൃത്യമായ നിരീക്ഷണം ബഷീറിനുണ്ട്. അത് കൊണ്ട് തന്നെ പൊളളുന്ന ജീവിത കഥകളെ നർമത്തിൽ അവതരിപ്പിച്ച് പാഠം നൽകാൻ ബഷീർ സാഹിത്യത്തിന് സാധിച്ചിട്ടുണ്ട്. കഠിന ജീവിത സഞ്ചാരങ്ങൾക്കിടയിലും സാഹിത്യത്തെ നെഞ്ചോട് ചേർത്തുവെച്ച മലയാളത്തിന്റെ പ്രിയങ്കരനാണ് വൈക്കം മുഹമ്മദ് ബഷീർ.
യുനസ്ക്കോയുടെ സാഹിത്യനഗര പട്ടവുമായി ലോകരാജ്യങ്ങൾക്കിടയിൽ കോഴിക്കോട് നഗരം തല ഉയർത്തിനിൽക്കുമ്പോൾ അതിനേറ്റം അർഹരിൽ ഒരാളാണ് ബേപ്പൂരിലെ സുൽത്താൻ. ബഷീറിനെ പിന്തുടർന്ന ഒരെഴുത്തുകാരനെ സൃഷ്ടിക്കാൻ മലയാള സാഹിത്യത്തിന് ആയിട്ടില്ലങ്കിലും പിന്തുടർച്ചയുള്ള അനേകം വായനക്കാരെ സൃഷ്ടിക്കാൻ ബഷീർ കൃതികൾക്ക് സാധിച്ചിട്ടുണ്ട്. മലയാള സാഹിത്യത്തിനും ഭാഷക്കും ദാർശനിക മാനങ്ങൾ നൽകി ഇന്ത്യൻ സാഹിത്യത്തിൽ അദ്വീതിയ സ്ഥാനിയനാണ് ബഷീറെന്ന ജനപ്രിയ സാഹിത്യകാരനെന്ന് പറയാം.
0 അഭിപ്രായങ്ങള്‍