ഉറങ്ങാത്ത നഗരത്തിലെ ഉണർന്നിരിക്കുന്ന കാഴ്ച്ചകളിലേക്ക്

ബോംബെ യാത്ര 1

കണ്ണഞ്ചിപ്പിക്കുന്ന മനോഹര കാഴ്ച്ചകളോടെ തല ഉയർത്തി നിൽക്കുന്ന ഇന്ത്യയിലെ പ്രധാന നഗരമാണ് വ്യവസായ നഗരമെന്ന ഖ്യാതി നേടിയ മുംബൈ നഗരം. മഹാരാഷ്ട്രയുടെ തലസ്ഥാനമായ മുംബൈക്ക് ബോംബെ എന്നായിരുന്നു ആദ്യനാമം . പതിനാറാം  നൂറ്റാണ്ടിൽ പോർച്ചുഗീസുകാർ മുംബൈ കൈവശപ്പെടുത്തിയപ്പോൾ അവർ മുംബൈയെ പല പേരുകളിലും വിളിച്ചെങ്കിലും 'ബോംബൈം' എന്ന പേരാണ്‌ അവർ രേഖകളിൽ ഉപയോഗിച്ചിരുന്നത്‌. പതിനേഴാം നൂറ്റാണ്ടിൽ ബ്രിട്ടീഷുകാരുടെ ആഗമനത്തോടെ അവർ ആംഗ്ലേയവത്കരിച്ച്‌ ബോംബൈം -നെ ബോംബെ എന്നു വിളിച്ചു. എന്നിരുന്നാലും മറാത്തികൾ മുംബൈ എന്നും ഗുജറാത്തികൾ മംബൈ എന്നും ഹിന്ദിയിൽ ബംബൈ എന്നുമാണ്‌ ഈ നഗരം അറിയപ്പെട്ടിരുന്നത്‌. 1995-ഇൽ ഔദ്യോഗികമായി നഗരത്തിന്റെ പേര്‌ വീണ്ടും മുംബൈ എന്നാക്കിത്തീർത്തു. എന്നിരുന്നാലും പല നഗരവാസികളും നഗരത്തിലെ പല പ്രസിദ്ധ സ്ഥാപനങ്ങളും നഗരത്തെ ഇന്നും ബോംബെ എന്നു തന്നെ വിളിച്ചു വരുന്നു. ബൊംബ എന്ന വാക്കിന്റെ പോർച്ചുഗീസ്‌ ഭാഷയിലെ അർത്ഥം നല്ല ഉൾക്കടൽ (ബോം ബാഹിയ) എന്നാണ്‌. ഒരു കോടിയിലധികം ജനങ്ങൾ അധിവസിക്കുന്ന ഇന്ത്യയിൽ തന്നെയും ഏറ്റവും ജനസാന്ദ്രത കൂടിയ നഗരമാണ് മുംബൈ
       ഷൊർണ്ണൂരിൽ നിന്നാണ് മുംബെയിലേക്ക് യാത്രയുടെ തുടക്കം. ഇത് രണ്ടാം തവണയാണ് മുംബൈ ലക്ഷ്യമാക്കി ഷൊർണൂരിൽ നിന്ന് വണ്ടി കയറുന്നത്. എറണാകുളം ഹസ്രത്ത് നിസാമുദ്ധീൻ എക്സ്പ്രസ്സ് ഞങ്ങളെയും വഹിച്ച് കൊണ്ട് 7. 28 ന് യാത്രയാരംഭിച്ചു. ഓരോ ട്രെയിൻ യാത്രകളും ഒരു പാട് നല്ല ഓർമ്മകൾ സമ്മാനിക്കുന്നതാണ്. മലബറിൻ്റെ ഹരിതകാന്തിയിൽ രാവിലെ പെയ്ത മഴയിൽ നനഞ്ഞു കുളിച്ചു നിൽക്കുന്നത് കാണാൻ തന്നെ എന്ത് രസമാണ്. എന്നാൽ ചിലയിടത്ത് വരണ്ട് നിൽക്കുന്ന പാടങ്ങളെയും കാണാം. മലയാളത്തിൻ്റെ അക്ഷര പ്രതിഭ എം ടിയുടെ ഓർമകൾ കഥ പറയുന്ന നിളയോരത്ത് കൂടെ ഞങ്ങളെ വഹിച്ച സൂപ്പർ ഫാസ്റ്റ് എക്സ്പ്രസ് സൂപ്പറായിട്ട് തന്നെ കൂക്കിപ്പായും തീവണ്ടി പാഞ്ഞടുത്തു. സ്റ്റേഷനുകൾ കുറവായതിനാൽ തന്നെ ഓരോ സ്റ്റേഷനുകളും മിന്നി മറഞ്ഞു. 2008 ലാണ് അദ്യമായി ട്രെയിൻ യാത്ര ചെയ്യുന്നത്. ക്രിത്യമായി പറഞ്ഞാൽ സെപ്തംബർ 11 വ്യാഴാഴ്ച്ച . അത് റമളാൻ മാസം ആയിരുന്നു. കോഴിക്കോട്ട് നിന്ന് കണ്ണൂർ ജില്ലയിലെ പഴയങ്ങാടി വരെയായായിരുന്നു ആയത്ര . നിരവധി ആകുലതകളും ആകാംക്ഷയും നിറഞ്ഞ ഒരു യാത്ര. പിന്നിടങ്ങോട്ട് പല കുറി കോഴിക്കോട് നിന്നും തീവണ്ടികയറിയിട്ടുണ്ട്.കണ്ണൂരും കാസർഗോഡും എറണാകുളവും ആലപ്പുഴയും തിരുവനന്തപുരവും ഗോവയും ബാംഗ്ലൂരുവുമെല്ലാം ആ യാത്രകളിൽ ചിലതാണ്. കേരളത്തിൻ്റെയും മറ്റു സംസ്ഥാനങ്ങളുടെയും നിറപകിട്ടാർന്ന കാഴ്ച്ചകൾ കണ്ട് കൊണ്ടുള്ള യാത്രകൾ. പല മനുഷ്യർ, വ്യത്യസ്ഥ കാഴ്ചകൾ ഗ്രാമ ഭംഗികൾ, പലയിനം കൃഷി തോട്ടങ്ങൾ . പുഴയും ആറും കടലും നൽകുന്ന മനോഹര ദൃശ്യങ്ങൾ. തീർത്തും നവ്യാനുഭവങ്ങളാണ് ഓരോ യാത്രകളും നമുക്ക് നൽകുന്നത്. 
        ക്രിത്യം ഉച്ചക്ക് 12 മണിക്ക് കർണാടകയിലെ പ്രധാന സ്റ്റേഷനായ മംഗലാപുരത്തെത്തി. പിന്നിടങ്ങോട്ടുള്ള യാത്രകൾ വിവരണാതീതമാണ്. കൊങ്കൺ പാതയിലെ ഒരുപാട് കാഴ്ച്ചകൾ നിണ്ട് നിവർന്നു നിൽക്കുന്ന ഒഴിഞ്ഞ പ്രദേശങ്ങൾ,  മലനിരകൾക്കിടയിലൂടെ കൂകി വിളിച്ചു പായുന്ന ട്രെയിനുകൾ. ആളും ആരവവും ഇല്ലാത്ത റെയിൽവെ പ്ലാറ്റ്ഫോഫോമുകൾ , ഇടക്ക് ഇടക്ക് പ്രകൃതിക്ക് ചന്തം പകർന്ന് കായലുകളും പുഴകളും തെങ്ങിൻ തോപ്പുകൾ, പാത നിർമ്മാണത്തിൻ്റെ വൈദഗ്ദ്യം മനസ്സിലാക്കുന്ന തുരങ്കങ്ങൾ. ഇന്ത്യയിലെ ഏറ്റവും വലിയ തുരങ്കം സ്ഥിതി ചെയ്യുന്നത് തന്നെ കൊങ്കൺ റെയിൽവേ പാതയിലാണ്. മലകൾക്കും കുന്നുകളും പാറകെട്ടുകളും നിറഞ്ഞ ഇടങ്ങളിലാണ് തുരങ്ക പാതകൾ നിർമ്മിക്കാറുള്ളത്. ചരിത്രാതീത കാലം മുതൽ തന്നെ ഇത്തരം തുരങ്ക നിർമാണങ്ങൾ കാണാം. ബി.സി. 36-ൽ നിർമിച്ച പൊസിലിപ്പൊ ആണ് പ്രാചീന കാലത്തുണ്ടായിരുന്ന ഏറ്റവും വലിയ തുരങ്കം (1468 മീ. നീളം, 7.62 മീ. വീതി, 9.14 മീ. ഉയരം). 
     പതിനേഴാം നൂറ്റാണ്ടോടെയാണ് ഗതാഗതങ്ങൾക്ക് വേണ്ടി തുരങ്കങ്ങൾ നിർമ്മിച്ച് തുടങ്ങിയത്.ഇത്തരത്തിലൊരെണ്ണം ആദ്യമായി നിർമിച്ചത് (1666-1681) ഫ്രാൻസിലെ പിയെറെ റിക്വെയാണ്. അറ്റ്ലാൻ്റിക്  കരയേയും മെഡിറ്ററേനിയൻ കടലിനേയും ബന്ധിപ്പിക്കാനുള്ളതാണ് ഇത്. റെയിൽ ഗതാഗതം വികസിച്ചതോടെയാണ് തുരങ്കങ്ങളുടെ എണ്ണം ക്രമാതീതമായി വർദ്ധിച്ചത്. കൊങ്കൺ റെയിൽവേ പാതയിൽ 91 തുരങ്കങ്ങൾ ഉണ്ട്. പ്രകൃതിയുടെ ഹരിത കാന്തിയിൽ സഞ്ചരിക്കുന്ന ഈ റെയിൽ പാത വളരെ മനോഹരമാണ് ...
      ഹരിത കാന്തിയിൽ പ്രകൃതിക്ക് ചന്ദം പകരുന്ന കൊങ്കൺ റെയിൽവേയിലെ തുരങ്ക പാതകളിലൂടെ സഞ്ചരിച്ച് ഞങ്ങൾ ബീച്ച് ടൂറിസത്തിന് ഇന്ത്യയിൽ പേരുകേട്ട ഗോവയിൽ എത്തി. പനാജിയാണ് ഗോവയുടെ തലസ്ഥാനം . ഗോവയുടെ വ്യാപാര തലസ്ഥാനം മഡ്ഗാവാണ്. അത് തന്നെയാണ് ഗോവയിലെ പ്രധാന റെയിൽവേ സ്റ്റേഷനും. കർണാടക , മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളെ ബന്ധിപ്പിക്കുന്ന നഗരമാണ് ഇത്. മൂന്ന് തവണ ഇവിടെ പോയിട്ടുണ്ട്. മഡ്ഗാവും പനാജിയുമെല്ലാം ഗോവയിലെ മനോഹര കാഴ്ച്ചകളാണ്. ഗോവയിൽ ധാരാളം മലയാളികൾ ജോലി ചെയ്യുന്നുണ്ട്. അധികവും കാസർഗോഡ് തന്നെ. ഗോവയിൽ മൂന്ന് തവണ ചുറ്റിയത് പത്തു വർഷം മുൻപാണ്. പഠനം സമയത്ത് എം ഡി എസ് കോളേജിൻ്റെ ആവശ്യാർത്ഥമായിരുന്നു ഗോവ യാത്ര. 
     റെയിൽ പാതയുടെ നയന മനോഹരമായ കാഴ്ച്ചകളും കണ്ട് സന്ധ്യാ സമയത്തെ ആകാശ ചുവപ്പിൽ യാത്ര തുടർന്നു. വൈകുന്നേരം ആറ് മണിക്ക് ഗോവയിൽ എത്തി അല്പ സമയം മഡ്ഗോൺ സ്റ്റേഷനിൽ നിർത്തി ഹസ്റത്ത് നിസാമുദ്ദീൻ എക്സ്പ്രസ്സ് വീണ്ടും കുതിച്ചു. പാലങ്ങളും റോഡുകളും പാടങ്ങളും മലകളും പുഴകളും തുരങ്കങ്ങളും മിന്നി മറഞ്ഞു കൊണ്ടിരുന്നു. ഇടയിൽ സുവാരി പാലം ട്രെയിൻ യാത്രികർക്ക് കാഴ്ച്ച ഒരുക്കുന്നത്. ഇന്ത്യയിൽ തന്നെ രണ്ടാമത്തെ ഏറ്റവും നീളവും വീതിയും കൂടിയ കേബിൾ സ്റ്റേ പാലമാണ് ഇത്. വടക്കൻ ഗോവക്കും തെക്കൻ ഗോവക്കും ഇടയിലുള്ള ഒരു പാലമാണ് ഇത്. എൻ എച്ച് 66 ( കന്യാകുമാരി - പൻവേൽ) ലാണ് ഈ പാലമുള്ളത്. സുവാരി പാലത്തിൻ്റെ നിറമുള്ള കാഴ്ച്ചകൾ കണ്ട് ട്രെയിൻ യാത്ര തുടർന്നു. ട്രെയിൻ വഴി തന്നെ ഭക്ഷണം ഓർഡർ ചെയ്തു കഴിച്ചു. അല്പ സമയം ഉറങ്ങി വിശ്രമിച്ച് ക്രിത്യ സമയത്ത് തന്നെ ട്രെയിൻ പൻവേലിൽ എത്തി. ബോംബെക്ക് പോവുമ്പോൾ കേരളത്തിൽ നിന്നുള്ള യാത്രികർക്ക് അധിക ട്രൈനുകളും പൻവേൽ ആയിരിക്കും സ്റ്റോപ്പ്. എൽ ടി ടി യിലേക്ക് പോകുന്നതാണങ്കിൽ അതാണ് നല്ലത്. ഞങ്ങൾക്ക് തിരിച്ചും പൻവേലിൽ നിന്ന് തന്നെയാണ് ട്രെയിനുള്ളത്
   1962 ൽ ചരക്ക് ട്രെയിനിന് വേണ്ടിയാണ് പൻവേൽ സ്റ്റേഷൻ ആദ്യമായി തുറന്ന് കൊടുത്തത്. 1964 ലാണ് യാത്രക്കാർക്ക് വേണ്ടി തുറക്കപ്പെടുന്നത്. നവി മുംബൈക്ക് അടുത്തുള്ള സ്റ്റേഷനും പൻവേൽ തന്നെയാണ്. പൻവേലിൽ ഞങ്ങൾ ഇറങ്ങി സബർബൻ ട്രെയിൻ ലക്ഷ്യമാക്കി നടന്നു.

(തുടരും )

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍