വായിൽ കൊള്ളാത്ത ഗൗരവതനിറഞ്ഞ വാക്കുകളും ആരും ഇതുവരെ കേൾക്കാത്ത പദങ്ങളുമെല്ലാമാണ് നേരായ സാഹിത്യം. അതേ സാഹിത്യമൊള്ളു എന്ന് ധരിച്ചിരിക്കുന്നവർക്കിടയിലേക്കാണ് എന്റെ ഭാഷ വളരെ മോശമാണ് എന്ന് പറഞ്ഞു കൊണ്ട് സ്വതസിദ്ധമായ ശൈലിയിൽ ഒരു സാഹിത്യം സൃഷ്ടിച്ചെടുത്ത മലയാളത്തിന്റെ പ്രിയ സാഹിത്യകാരനാണ് ബഷീർ. ഇന്ന് അദ്ദേഹത്തിന്റെ ഓർമ്മദിനമാണ്. അദ്ദേഹത്തിനിങ്ങനെ ഒരു ഓർമ ദിനമില്ലങ്കിൽ പോലും അദ്ദേഹം തന്റെ പുസ്തകത്തിലൂടെ വായിച്ച് കൊണ്ടിരിക്കുകയാണ്. നാം സംസാരിക്കുന്ന നമ്മുടെ ഭാഷയിൽ കൂടിയും ജീവിത പരിസരങ്ങളിൽ നിന്നും ഗദ്യവും പദ്യവുമായി സാഹിത്യ രചനകൾ നടത്താമെന്ന് തെളിയിച്ച വ്യക്തിത്വമാണ് അദ്ദേഹം. കവിത എഴുതണോ, കഥ എഴുതണോ, രണ്ടും വശമില്ല, ഭാഷയും കഷ്ടിയാണ് അക്ഷരങ്ങൾ തന്നെ എല്ലാം ശരിക്കറിഞ്ഞു കൂടാ ബഷീറിന്റെ ആദ്യഴുത്തിന്റെ സമയത്ത് അദ്ദേഹത്തിന്റെ ചിന്തയിലാണ്ടുപോയ വാക്കുകളാണിത്. അല്ല നമ്മിൽ പലരുടെയും ചിന്തയും ഇത് തന്നെയാവും. എന്നാൽ അങ്ങനെ ഒന്നും എഴുതാതെ ചിന്തിച്ചിരുന്നുവെങ്കിൽ നമുക്ക് ഇത്ര വലിയ നാട്ടെഴുത്തുകാരനെ അല്ല ജീവിതത്തെ അറിഞ്ഞ എഴുത്തുകാരനെ ലഭിക്കില്ലായിരുന്നു. ജോലി അന്വേഷിചിറങ്ങി നടന്ന് ഒരു പത്രമോഫീസിൽ കയറി ചെല്ലുന്ന ബഷീറിനെയാണ് ആദ്യ കഥയിൽ നമുക്ക് വായിക്കാനാവുന്നത്. ആ കയറിയിറങ്ങലിന്റെയും സംഭാഷണത്തിന്റെയും കാരണത്താൽ പിറവിയെടുത്തതാണ് എന്റെ തങ്കം എന്നത് . ഹോസ്റ്റലിനു മുൻപിലെ വഴിവക്കിലെ പൈപ്പിൽ നിന്നും വെള്ളം എടുക്കാൻ വന്ന യുവതികളിൽ ആർക്കും വേണ്ടാത്ത ഒരു കുറുബിയെ പറ്റി ഒരു കഥ തോന്നി അതാണ് അദ്ദേഹം ജയ കേസരിയിൽ സമർപ്പിച്ച ആദ്യ കഥ. അവിടെ നിന്നും തുടങ്ങിയ ആ എഴുത്തുകൾ പിന്നീടങ്ങോട്ട് അനുസ്യൂതം തുടർന്നു. കഥയായും നോവലായും ലേഖനങ്ങളായുമെല്ലാം ഒന്നിനുപിറകെ ഒന്നായി വന്നു. അധികവും സന്ത്വം ജീവിതത്തിലെ , കുടുംബത്തിലെ അനുഭവ പാഠങ്ങൾ, സംഭവങ്ങൾ, കഥാപാത്രങ്ങളും സ്മര്യവ്യക്തിത്വങ്ങളും തന്റെ കുടുംബത്തിലെ അംഗങ്ങൾ . കൃത്യമായി അതെല്ലാം എഴുതി വായിക്കുന്നവർക്ക് വലിയ പാഠങ്ങൾ സമ്മാനിക്കുകയാണ് ബഷീർ. പാത്തുമ്മയുടെ ആടിനെ കുറിച്ച് അദ്ദേഹം തന്നെ പറയന്നുണ്ട് "പാത്തുമയുടെ ആട് അത് കഥയൊന്നുമല്ല നൂറു ശതമാനം സത്യമാണ്". ഇങ്ങനെ സ്വന്തം കുടുംബത്തിലെ എത്ര യത്ര സത്യങ്ങളാണ് അദ്ദേഹം കഥയും നോവലുമായി അവതരിപ്പിച്ചത്. ബാക്കിയുള്ളവർ സാങ്കൽപിക കഥാപാത്രങ്ങളെയോ , അതല്ലങ്കിൽ സഞ്ചാരങ്ങൾക്കിടയിൽ കണ്ട്മുട്ടിയവരെ കൊണ്ടോ അവതരിപ്പിച്ച് എഴുതുമ്പോൾ അവിടെയെല്ലാം ബഷീറിൽ നിന്നും ധാരാളം കാര്യങ്ങൾ പഠിക്കാനുണ്ട്. അദ്ധേഹത്തിന്റെ ഓരോ കൃതിയും ആഴത്തിൽ വിശകലനം ചെയ്യുമ്പോൾ മാത്രമാണ് അതിൽ അദ്ദേഹം ഉദ്ദേശിച്ച കാര്യങ്ങൾ വ്യക്തമാവുക. മനുഷ്യർ മനസ്സിലാക്കേണ്ട, അനുവർത്തിക്കേണ്ട കാര്യങ്ങൾ വളരെ ലളിതമായി അതിനെ അവതരിപ്പിക്കുകയാണ് അദ്ധേഹം ചെയ്യുന്നത്. ഗ്രാമജീവിതത്തിന്റെ ലാളിത്യവും നോവും വേവും വിഹ്വലതകളും സമം ചേർത്ത് കണ്ണിയിണക്കി വായനക്കാരന് വിരുന്നൂട്ടുകയാണ് ബഷീർ സാഹിത്യം . അക്ഷരങ്ങളുടെ മെഴുതിരിവെട്ടം കൂടാതെതന്നെ ബഷീറിയൻ ഭാഷാലോകത്തേക്ക് ഏതൊരു വായനക്കാരനും അനായാസേന കടന്നുചെല്ലാമെന്നത് പ്രതിഭാധനനായ ബഷീറിന്റെയും ബഷീർസാഹിത്യത്തിന്റെയും ബഷീറിയൻ ഭാഷയുടെയും മാത്രം പ്രത്യേകതയാണ്.
പുതിയ കാലത്ത് ബഷീർ സാഹിത്യങ്ങളെ വായിക്കുന്നവർ ഗണ്യമായി കുറയുന്നുണ്ടോ എന്നൊരു സംശയം. ജീവിക്കാൻ കഴിയാതെ ആത്മഹത്യകളും കൊലപാതകളും കുടുംബ കലഹങ്ങളും നിത്യ കാഴ്ച്ചയായി കൊണ്ടിരിക്കുന്ന പുതിയ തലമുറയിൽ ബഷീറിന്റെ കൃതികളും പച്ചയായ ജീവിത യാതാർത്ഥ്യങ്ങളും വായിക്കുകയും പഠന വിധേയമാകുകയും വേണം. എങ്കിൽ നമ്മുടെ നൂറുകൂട്ടം വ്യാകുലതകൾ ച്ചിരിപ്പിടിയോളമൊള്ളു , ജിവിതം ഒരനുഗ്രഹമാണ് അതിൽ കഷ്ട്ടപ്പാടും ബുദ്ധിമുട്ടുമൊക്കെയുണ്ടാവും ജീവിതത്തെ ധീരതയോടെ നേരിടണം എന്ന് മനസ്സിലാക്കാൻ സാധിക്കൂ. ഇങ്ങനെ നിരവധി ജീവിത കഥകൾ പറഞ്ഞു തന്നെ ഇമ്മിണി ബല്യ കഥകളുടെ സുൽത്താനാണ് വൈക്കം മുഹമ്മദ് ബഷീർ എന്ന മലയാളത്തിന്റെ , ബേപ്പൂരിന്റെ സുൽത്താൻ.
0 അഭിപ്രായങ്ങള്‍