യുവത്വം നാടിന്റെ കരുത്ത്


ആഗസ്ത് 12 ലോകയുവജനദിനം

മുനീർ അഹ്സനി ഒമ്മല

       ലോകത്തെ നിർമിക്കുന്നതിൽ യുവജനങ്ങളുടെ പങ്ക് നിർണ്ണായകരമാണ് . യുവാക്കളാണ് നാടിനെ ജീർണ്ണതകളിൽ നിന്ന് മോചനം നൽകി ജീവസുറ്റതാക്കുന്നത് . അത് കൊണ്ട് തന്നെയാണ് ഐക്യ രാഷ്ട്രസഭ യുവജന ദിനാചരണം തുടങ്ങിയത് . 1998 ആഗ്സ്ത് മാസത്തിൽ ലിസ്ബണിൽ യു എസ് വിളിച്ച് ചേർത്ത ലോക രാജ്യങ്ങളിലെ യുവജന കാര്യ മന്ത്രിമാരുടെ സമ്മേളനമാണ് ഈ തീരുമാനമെടുത്തത്.അങ്ങനെ ആഗസ്ത് 12 യുവജന ദിനമായി ആചരിക്കാൻ തുടങ്ങി. 

             ജീവിതത്തിന്‍റെ നിര്‍ണ്ണായക ഘട്ടമാണ് യുവത്വം. മനുഷ്യമസ്തിഷ്കം ക്രിയാത്മകമായി ചിന്തിച്ചു തുടങ്ങുകയും വിചിന്തനങ്ങളില്‍ നിന്ന് പുതുസംവിധാനങ്ങള്‍ ആവിഷ്കരിക്കപ്പെടുകയും ചെയ്യുന്ന പ്രായമാണത്. തന്‍റെ കൈവലയത്തിലൊതുങ്ങാത്തതായി ഒന്നുമില്ലെന്ന് മനുഷ്യന്‍ ആലോചിച്ചു തുടങ്ങുന്ന ഘട്ടമായി അതിനെ വിശേഷിപ്പിക്കാം. ചരിത്രത്തിലെ ഇന്നെലകള്‍ ചികഞ്ഞാല്‍ ലോകത്ത് പരിവര്‍ത്തനങ്ങള്‍ സൃഷ്ടിക്കപ്പെട്ടത് യുവാക്കളുടെ സക്രിയമായ പ്രവര്‍ത്തനങ്ങളിലൂടെയാണ്. രാജ്യത്തിന്‍റെ ഗതിവിഗതികള്‍ നിയന്ത്രിക്കുന്നതില്‍ മുക്കാല്‍ പങ്കും രാജ്യത്തെ ഓരോ യുവാവിനുമുണ്ട്.  എന്നാൽ ഈ യുവപ്രായം നന്മയിൽ അധിഷ്ഠിതമായ ജീവിതം പടത്തുയർത്തി . നന്മക്കായി പ്രവർത്തിക്കുകയാണ് വേണ്ടത്.  യുവത്വത്തെ കുറിച്ച് അല്ലാഹു പറയുന്നു  
നന്നെ ദുര്‍ബലാവസ്ഥയില്‍നിന്ന് നിങ്ങളെ സൃഷ്ടിച്ചുണ്ടാക്കിയത് അല്ലാഹുവാണ്. പിന്നീട് ആ ദുര്‍ബലാവസ്ഥക്കുശേഷം അവന്‍ നിങ്ങള്‍ക്ക് കരുത്തേകി. പിന്നെ ആ കരുത്തിനുശേഷം ദൗര്‍ബല്യവും നരയും ഉണ്ടാക്കി. (സൂറത്തു റൂം 54)ഇവിടെ ദുർബലാവസ്ഥയിൽ നിന്ന് കരുത്തേകിയെന്ന് ഇളം പ്രായത്തിൽ നിന്ന് യുവത്വത്തിലേക്കെത്തിച്ചുവെന്നാണ്. ഉമർ(റ) പറയുന്നു: ഒരിക്കൽ ഞങ്ങൾ നബി(സ)യോടൊപ്പം ഒരു മലഞ്ചെരുവിൽ ചെന്നു. അപ്പോൾ അവിടെ ഒരു യുവാവിനെ കണ്ടു. അയാളുടെ യുവത്വം എന്നെ വല്ലാതെ അത്ഭുതമുളവാക്കി . അപ്പോൾ ഞാൻ പറഞ്ഞു: നബിയേ എന്തൊരു നല്ല യുവാവ്, ഈ യുവത്വം അയാൾ അല്ലാഹുവിന്റെ മാർഗത്തിൽ ചെലവഴിച്ചിരുന്നുവെങ്കിൽ നബി(സ) പറഞ്ഞു: അത് അല്ലാഹുവിന്റെ മാർഗത്തിലായിരിക്കാം , നിങ്ങൾക്കറിയണമെന്നില്ല. ശേഷം നബി(സ) അയാളോട് ചോദിച്ചു. നിനക്ക് ആശ്രിതരുണ്ടോ ? അതെ, ആരെല്ലാം ? അയാൾ പറഞ്ഞു എനിക്ക് മാതാവുണ്ട് . ആ സമയം തങ്ങൾ പറഞ്ഞു. നീ മാതാവിനോടൊപ്പം കൂടുക, നിശ്ചയം മാതാവിന്റെ പാദങ്ങൾക്കരികിലാണ് സ്വർഗം .  ഈ സംഭവം നമ്മേ ഉദ്ബുദ്ധരാക്കുന്നത് യുവത്വം വളരെയധികം നന്മകൾ ചെയ്യാൻ അവസ്വരമുള്ള സമയമാണ്. അത് നല്ല കാര്യങ്ങൾക്ക് ചിലവഴിക്കണമെന്നാണ്.
ഇമാം ഹാക്കിം (റ) ഉദ്ധരിക്കുന്നു നബി(സ്വ) പറഞ്ഞു  അഞ്ച് കാര്യങ്ങള്‍ക്ക് മുന്നേ അഞ്ചുകാര്യങ്ങള്‍ കൃത്യമായി വിനിയോഗിക്കണം. വാര്‍ദ്ധക്യം എത്തും മുമ്പ് യുവത്വത്തെയും ബാധ്യതയെത്തും മുമ്പ് ഒഴിവു സമയത്തെയും മരണം എത്തും മുന്നെ ജീവിതത്തെയും രോഗം എത്തും മുമ്പ് ആരോഗ്യത്തെയും ദാരിദ്ര്യം എത്തും മുമ്പ് ഐശ്വര്യത്തെയും ഫലപ്രദമായി ഉപയോഗപ്പെടുത്തിയിരിക്കണം. 
ഏതൊരു വ്യക്തിയും വാർധക്യം ആയിട്ട് എന്തെങ്കിലും പ്രവർത്തിക്കാമെന്ന് കരുതിയാൽ അത് അസാധ്യമായ സമയമാണെന്നും വാർധക്യം എത്തും മുന്നേ യുവത്വത്തിൽ ചെയ്യാനുള്ളതെല്ലാം ചെയ്ത് തീർക്കണമെന്നുമാണ് ഇസ്ലാം നമ്മെ ഓർമ്മപ്പെടുത്തുന്നത് . യുവത്വമെന്ന നമ്മുടെ നല്ല കാലത്ത് നാളെയുടെ നല്ല നാളേക്കായി കൃത്യമായ പദ്ധതികളോടെ നാം ഉപയോഗപെടുത്തിയില്ലങ്കിൽ വരുംകാലത്തെ പരാധീനതകളിൽ വ്യാകുലപെട്ടിട്ട് ഒരു കാര്യവും ഉണ്ടാവില്ല. കാരണം സമയവും കാലവും ഒരിക്കലും നമ്മെ കാത്ത് നിൽക്കില്ല , കഴിഞ്ഞ് കടന്നവ തിരുച്ചു വരികയുമില്ല ഒരു അറബി കവി പാടിയതാണ് യാതാർത്ഥ്യം യുവത്വം ഒരു ദിവസം മടങ്ങി വന്നിരുന്നെങ്കിൽ എത്ര നന്നായിരുന്നു അപ്പോൾ അതിനോട് വാർധക്യം ചെയ്തത് പങ്കുവെക്കും. ഈ കവിയുടെ ആശയം എത്ര വ്യക്തം വാർധക്യത്തിലെത്തിയ ഒരാൾക്ക് യുവത്വം ഒരിക്കലും തിരിച്ച് വരികയില്ല അപ്പോഴാണ് അത് നഷ്ട്ടപെട്ടതിന്റെ സങ്കടമുണ്ടാവുക . മറ്റൊരു കവി യുടെ ആശയം മധുരമുള്ള ജീവിതം യുവത്വ കാലങ്ങളിലാണ് . വൃദ്ധന്മാരുടെ ജീവിതത്തിൽ യാതൊരു രസവുമില്ല. 
       ഉപര്യുക്ത വാക്കുകളിൽ നിന്നെല്ലാം വായിച്ചെടുക്കാൻ കഴിയുന്ന യാതാർത്ഥ്യം യുവത്വമാണ് മാനുഷിക ജീവിതത്തിൽ മർമ്മപ്രധാനം. നന്മകൾ ചെയ്ത് കൂട്ടി വാർധക്യത്തിൽ അതിൽ സായൂജ്യമടയുകയാണ് ചെയ്യേണ്ടത്. അല്ലാതെ യുവത്വ സമയം പാഴാക്കി വാർധക്യകാലത്ത് നഷ്ട്ടപെട്ടതോർത്ത് വിരഹ വേദനയാൽ കഴിയുകയല്ല വേണ്ടത് എന്നാൽ വാർധക്യകാലത്ത് വല്ലവരും ഇത്തരം നല്ല പ്രവർത്തനത്തിൽ ഏർപ്പെടുന്നുവെങ്കിൽ വളരെ ചുരുക്കം മാത്രമാണ്. മാത്രമല്ല അത് യുവത്വത്തിൽ ചെയ്തത്തിന്റെ ബാക്കിപത്രവുമാണ്. അല്ലാതെ യുവത്വത്തെ നോക്കുകുത്തിയാക്കി വാർധക്യത്തിൽ സമ്പാദിക്കുകയല്ല. എന്നാൽ യൗവ്വനകാലം കർമ്മമണ്ഡലമായിഉപയോഗപ്പെടുത്തണമെങ്കിൽ കൗമാരകാലത്തെ ചാപല്യങ്ങളിൽ വീഴാതെ ജിവിതത്തെ പടുത്തുയർത്തണം. അത് കൊണ്ട് തന്നെ കൗമാര പ്രായത്തിലുള്ളവര്‍ക്ക് ആത്മവിശ്വാസം പകര്‍ന്നു കൊടുത്തും അവരുടെ അപകര്‍ഷബോധം അകറ്റിയും ലക്ഷ്യസാഫല്യത്തിലേക്ക് ഒരു കളിക്കൂട്ടുകാരനായി കൈപിടിച്ച് ചേര്‍ന്നുനില്‍ക്കുക കൂടി ചെയ്യുമ്പോഴാണ് വിസ്മയാവഹമായ പരിവര്‍ത്തനത്തിന് അവര്‍ വിധേയരാവുക.ശാസനകളേക്കാള്‍ പ്രോത്സാഹനങ്ങള്‍ക്കും ശിക്ഷയേക്കാള്‍ ശിക്ഷണത്തിനുംകുറ്റപ്പെടുത്തലുകളേക്കാള്‍ പ്രശംസകള്‍ക്കും മുഖ്യപരിഗണന കൊടുത്തുകൊണ്ടേ അവരുടെ ഹൃദയം കീഴടക്കാന്‍ സാധിക്കുകയുള്ളൂ.  ഇങ്ങനെ ചാപല്യങ്ങൾക്കടിമപ്പെടാതെ കൗമാരക്കാരെ വളർത്തിയെടുത്താൽ നമ്മുടെ നാടിനും സമൂഹത്തിനും നല്ലൊരു യുവജനതയെ സമർപ്പിക്കാൻ സാധിക്കും. 
           എന്നാൽ ഇന്നത്തെ യുവാക്കളുടെ അവസ്ഥ വളരെ പരിതാപകരമാണ് ,വഴി തെറ്റിയുള്ള സഞ്ചാരമാണ് അവർ നടത്തി കൊണ്ടിരിക്കുന്നത് . യുവത്വം മാറിയതോടെ യുവാക്കളും മാറി, അവരുടെ ശീലങ്ങളുടെ ചിട്ടകളും മാറി. മാറുന്ന കാലത്തിനൊപ്പം അവരും മാറുകയാണ്. എന്നാല്‍ അതൊരിക്കലും നല്ല മാറ്റമാണെന്ന് കരുതരുത്. മദ്യത്തിനും മയക്കുമരുന്നിനും അടിമകളായി മാറിക്കൊണ്ടിരിക്കുകയാണ് ഇന്നത്തെ പുതിയ തലമുറയിലെ യുവാക്കള്‍. പിടിയ്ക്കപ്പെടുന്നവരില്‍ ഭൂരിഭാഗവും യുവാക്കളാണ്. അനധികൃത മദ്യവും ലഹരി ഉല്‍പ്പന്നങ്ങളും വിറ്റഴിക്കുന്നത് ഭൂരിഭാഗവും നിശാക്ലബുകളിലും കോളേജുകളിലും വിനോദസഞ്ചാര കേന്ദ്രങ്ങളിലും ഹൗസ് ബൊട്ടുകളിലുമാണ് ഇങ്ങനെ പല യുവാക്കളും മദ്യത്തിനും മയക്കുമരുന്നിനും അടിമകളായിത്തീരുന്നു.ഇവർ വളരാതിരിക്കാൻ  സമൂഹത്തിന്റെ ദുഃസ്ഥിതി മനസ്സിലാക്കി ഉണര്‍ന്നു പ്രവര്‍ത്തിക്കണം.    
        ഓരോ പ്രദേശങ്ങളിലും നന്മയുടെ കൂടെ നിൽക്കേണ്ട യുവസമൂഹം തന്നെയാണ് ഇന്ന് തിന്മകൾക്ക് അടിമപ്പെട്ട് കൊണ്ടിരിക്കുന്നത്. കൂട്ടുകാര്‍ക്കൊപ്പം മദ്യപിക്കാനും മറ്റു ലഹരി വസ്തുക്കൾ ഉപയോഗിച്ച് തീര്‍ക്കാനും ഒപ്പം കൂടിയില്ലെങ്കില്‍ സമൂഹത്തില്‍ നിന്നും സുഹൃത്തുക്കളില്‍ നിന്നും തങ്ങള്‍ ഒറ്റപ്പെട്ടുപോകുമെന്ന തോന്നലാണ് പലരേയും ഇതിലേക്ക് നയിക്കുന്നത്, എന്നാല്‍ തങ്ങള്‍ എത്ര വലിയ കെണിയിലാണ് പെട്ടിരിക്കുന്നതെന്ന് ചിന്തിക്കാനുള്ള വിവേകം ഇവര്‍ കാണിക്കുന്നില്ല. യുവ സമൂഹം ഇത്രമേൽ അധപതിക്കുന്നതോടെ ഒരു ദേശത്തിന്റെ, ഒരു സമൂഹത്തിന്റെ നട്ടെല്ലാണ് തകരുന്നതോർക്കുക. ദിനംപ്രതി പത്രവാർത്ത മാധ്യമങ്ങളിലൂടെ വേദനാജനകമായ വാർത്തകളാണ് നമ്മുടെ മുന്നിലേക്കെത്തുന്നത്. കഞ്ചാവിന്റെയും മദ്യത്തിന്റേയും പേരിൽ നിരവധി യുവാക്കളാണ് പിടിയിലാവുന്നത് . 
പഴയ കാലത്തെ അപേക്ഷിച്ച് ഭവനങ്ങളിൽ നിന്നുള്ള നിയന്ത്രണങ്ങൾ കുറഞ്ഞതാണ് ഈ അധപതനത്തിന്റെ ഒരു കാരണം. തന്റെ മക്കൾ അരുതാത്തതൊന്നും ചെയ്യുകയില്ലന്ന രക്ഷിതാക്കളുടെ അമിത വിശ്വാസമാണ് മറ്റൊരു കാരണം .സ്മാർട്ട് യുഗത്തിൽ സ്മാർട്ടായ രക്ഷിതാക്കൾ മക്കൾ എങ്ങോട്ടു പോവുന്നു ,എപ്പോൾ വരുന്നു, ആരുമായിയെല്ലാം ബന്ധപ്പെടുന്നു ഇവയൊന്നും അന്വേഷിക്കാനോ നിർദേശം കൊടുക്കാനോ സമയമില്ല. ആ ഒരു ബോധം യുവാക്കളിൽ ഉള്ളത് കൊണ്ട് തന്നെ തന്നെ നിയന്ത്രിക്കാൻ ആരുമില്ലന്ന മട്ടിൽ ചങ്ങലകളും കൂച്ചുവിലക്കുകളും പൊട്ടിച്ച് സ്വതന്ത്രരായി പാറി നടക്കുകയാണ് ഈ യുവാക്കള്‍ക്ക് ഇന്ന് കൈയ്യെത്താ ദൂരത്ത് ഒന്നുമില്ല. വിദ്യാർത്ഥിത്വമെന്ന നല്ല കാലത്ത് തന്നെ ഇന്ന് ഇത്തരക്കാരുമായി ചങ്ങാത്തത്തിൽ ഏർപ്പെട്ട് തങ്ങളുടെ നല്ല ഭാവിയെ ഇല്ലായ്മ ചെയ്യുകയാണ് പുതുതലമുറ . ഈയടുത്ത് വിദ്യാർത്ഥികളിൽ നിന്ന് ലഹരിക്കടിമപ്പെട്ടവരെയും ഏജന്റായി പിടിക്കപ്പെട്ടവരെയും നാം വായിക്കുകയുണ്ടായി . വിദ്യാർത്ഥികളെയടക്കം മാഫിയകൾ വരുതിയിലാക്കുന്നത് ഭാവിയിൽ തിന്മയുടെ ഒരു സമൂഹത്തെ വാർത്തെടുക്കാനാണ്. ഇവയെ തടഞ്ഞിട്ടില്ലങ്കിൽ ഭയാനകരമായ വിപത്തായിരിക്കും വിദ്യാർത്ഥികളിൽ വന്ന് ഭവിക്കുക. അതിനാൽ കരുതിയിരിക്കുക .
    സമൂഹത്തിന്റെ പ്രതിസന്ധികളെയും പ്രശ്‌നങ്ങളെയും പരിഹരിക്കുക എന്ന ബാധ്യത ആദ്യം എത്തിച്ചേരുന്നത് യുവാക്കളിലാണ്. തന്റെ ജീവിത പരിസരത്തുള്ള എല്ലാ വിഭാഗം ജനങ്ങളും ഒരു വിഷമ ഘട്ടത്തിലെത്തുമ്പോള്‍ ആശയോടു കൂടി ഉറ്റുനോക്കുന്നത് യുവാക്കളിലേക്കാണ്.  അത് കൊണ്ട് തന്നെയാണ് എസ് വൈ എസ് പോലെയുള്ള ധർമ്മസംഘങ്ങൾ യുവ സമൂഹത്തെ വളർത്തി കൊണ്ട് വരുന്നത് . സ്വാന്തന വളർണ്ടിയർമാരായും പ്രവർത്തകരായും യുവാക്കൾ ഇത്തരം സംരംഭങ്ങളിൽ പ്രവർത്തിക്കുമ്പോൾ ഒരളവുവരെ നിയന്ത്രിക്കാൻ സാധിക്കും. തിരുനബി(സ്വ)യോടൊപ്പം മദീനയിൽ വിശുദ്ധമതത്തിന്റെ ദീപശിഖയുമായി മുന്നിലുണ്ടായിരുന്നത് യുവാക്കളായ സ്വഹാബിമാരായിരുന്നു. യുവത്വ കാലത്ത് കര്‍മ്മ മണ്ഡലത്തെ ജീവിതം കൊണ്ട് ജീവസ്സുറ്റതാക്കിയ  നിരവധി സ്വഹാബിശ്രേഷ്ടരെഇസ്ലാമികചരിത്രത്തില്‍  കാണാം.  മുത്ത് റസൂലിന്റെ ഓരം പറ്റി അവർ ജ്ഞാനവും സംസ്കാരവും നേടിയെടുത്തു. മാത്രമല്ല മുത്ത് നബിയുടെ സ്നേഹപരിസരത്തു നിന്നും ആത്മീയമായ ഊര്‍ജ്ജമുള്‍ക്കൊണ്ട് അവര്‍ പ്രബോധനരംഗത്ത് കര്‍മ്മനിരതരായി.
അല്ലാഹുവിന് ആരാധനയിലായി ജീവിതം മാറ്റിവെക്കാന്‍ അവര്‍ക്ക് ഊര്‍ജ്ജം നല്‍കിയത് പ്രപഞ്ചനാഥന്  ആരാധനിയിലായി ജീവിക്കുന്ന ചെറുപ്പക്കാര്‍ക്ക് പാരത്രികലോകത്ത് അര്‍ശിന്‍റെ നിഴല്‍ ലഭിക്കുമെന്ന ദൃഢവിശ്വാസമായിരിക്കണം.  ധിഷണാശാലിയായ യുവാവായിരുന്നു പ്രമുഖ സ്വഹാബിവര്യൻ മുസ്അബുബ്നു ഉമൈര്‍(റ).  സമ്പത്ത് നിറഞ്ഞ യൗവ്വനമുണ്ടായിരിന്നിട്ടു പോലും ഭൗതികതയുടെ ചാപല്യങ്ങൾക്ക് അടിമപ്പെടാതെ വേണ്ടാത്തരങ്ങൾക്ക് സമ്പത്ത് ഒഴുക്കാതെ തന്റെ യവ്വനകാലം പൂർണ്ണമായും മുത്ത് നബിയിൽ നിന്ന് അറിവ് നേടാൻ ഉപയോഗപ്പെടുത്തുകയും ശേഷിച്ച കാലം വിശുധമതത്തിന്റെ പ്രസരണത്തിനായി നീക്കിവെയ്ക്കുകയും തൻമൂലം അനുഭവിക്കേണ്ടിവന്ന പ്രതിസന്ധികളെ തരണം ചെയ്യുകയും ചെയ്ത ആ മനീഷി തന്റെ സമ്പത്ത് മുഴുവൻ ദീനി പ്രബോധത്തിലായി ചിഴവഴിച്ചു .മുഴുവന് സമ്പത്തും‍ ദീനിന് വേണ്ടി ത്യജിച്ച  ഈ യുവാവിന്‍റെ കഷ്ണം വെച്ച വസ്ത്രങ്ങള്‍ കണ്ട് മുത്ത്നബിയുടെ നയനങ്ങള്‍ പോലും ഈറനണിഞ്ഞു പോയിട്ടുണ്ട്. അവസാനം ധർമ്മ പോരാട്ടത്തിൽ ശഹീദായി വിരമൃത്യു വരിച്ച ആ മഹാമനീഷിക്ക് കഫൻ പുടവ പോലും തികയാതെയായി സമ്പത്തിന്‍റെയും സന്തുഷ്ടിയുടെയും മിന്നറകളില്‍ നിന്ന് വിശുദ്ധ മതത്തിനു വേണ്ടി സന്താപത്തിന്‍റെ വീഥിയിലേക്ക് ജീവിതം പറിച്ചു നടുകയും ചെയ്ത ആ യുവാവായ മുസ്അബ്(റ) വിൽ ഇക്കാലത്തെ യുവാക്കൾക്ക് നല്ലൊരു മാതൃകയുണ്ട് . തങ്ങളുടെ  യവ്വനകാലം എങ്ങനെ ചിലവഴിക്കണമെന്ന വലിയ പാഠം ഇതിലുണ്ട്. ഇങ്ങനെയുള്ള യുവ സമൂഹത്തെ വാർത്തെടുക്കാൻ നമുക്ക് സാധിക്കട്ടെ എന്ന് ആശംസിക്കുന്നു

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍