ജീവിത പ്രതിസന്ധികളെ ആഴത്തിൽ അഭിമുഖീകരിക്കുകയും ചുറ്റുപാടുകൾ ഒറ്റപ്പെടുത്തി നിസ്സഹയരായ മനുഷ്യരുടെ വേദനകളുടെ കഥകളാണ് എംടിയിൽ നിന്ന് കേരളമനുഭവിച്ചത്. തൻ്റെ ചുറ്റുപാടുകളിൽ നിന്ന് സ്വന്തം ഗ്രാമത്തിൽ നിന്ന് അനേകം മനുഷ്യരിലൂടെ അസ്വസ്ഥമാകുന്ന മനുഷ്യ മനസ്സിൻറെ ആഴങ്ങളിലേക്ക് മലയാള വായനക്കാരനെ കൊണ്ടുപോവാൻ എംടിക്ക് സാധിച്ചിട്ടുണ്ട്.കഥയുടെ ലോകത്ത് പുതിയൊരു വഴി വെട്ടിത്തെളിക്കാൻ എംടിക്ക് സാധിച്ചു എന്ന് അദ്ദേഹത്തിൻറെ രചനകൾ നമ്മെ ഉണർത്തുന്നു. അദ്ദേഹത്തിൻറെ ഭാവനയും അതിനും ഉപയോഗിക്കുന്ന ഭാഷയും എത്രമേൽ സുന്ദരമാണെന്ന് ഓരോ കൃതിയിലെയും വരികൾ പറഞ്ഞുതരും.
നിളയോരത്ത് നിന്ന് ഉദയം ചെയ്ത ഈ അതുല്യപ്രതിഭ തന്റെ എഴുത്തിലൂടെ കേരളം മുഴുവൻ സഞ്ചരിച്ചു. കഥയിലും നോവലിലും തിരക്കഥയിലും പുതിയ പാതകൾ വെട്ടിതെളിച്ച് വ്യത്യസ്തമായ രീതികൾ കണ്ടെത്താൻ സാധിച്ചു.യാത്രാവിവരണങ്ങളിലും സ്ഥിരം രീതി മാറ്റി പുതിയ രീതികൾ അവലംബിക്കാൻ അദ്ദേഹത്തിനായി 'ആൾക്കൂട്ടത്തിൽ തനിയെ' എന്ന കൃതി അതിനൊരു ഉദാഹരണമാണ്.
ഔദ്യോഗിക ജീവിതം അധികവും അദ്ദേഹം കഴിച്ചുകൂട്ടിയത് കോഴിക്കോട് നഗരത്തിൽ ആയിരുന്നു അതുകൊണ്ടുതന്നെ സാഹിത്യ നഗരി എന്ന ബഹുമതി കോഴിക്കോട് നേടുമ്പോൾ ഒരിക്കലും മറക്കാനാവാത്ത വ്യക്തിപ്രഭാവമാണ് എം ടി വാസുദേവൻ നായർ. അതുകൊണ്ടുതന്നെ മലയാള മനസ്സിൽ കൊത്തിവെച്ച എം ടി എന്ന രണ്ടക്ഷരം ഒരിക്കലും മായാതെ കിടക്കും.
0 അഭിപ്രായങ്ങള്‍