പ്രകൃതിദുരന്തങ്ങൾ നൽകുന്ന മുന്നറിയിപ്പ്

മുനീർ അഹ്സനി ഒമ്മല
........................................................................

വളരെ കാലം പ്രബോധനം ചെയ്ത  നബിയാണ് നൂഹ് (അ). തൊള്ളായിരത്തി അമ്പത് വർഷക്കാലം സത്യപ്രബോധനം നടത്തി പക്ഷേ ചുരുക്കം ചിലർ മാത്രമാണ് വിശ്വാസം സ്വീകരിച്ചത്. അവസാനം അല്ലാഹു പറഞ്ഞു നബിയേ ഇനി ആരും അങ്ങയുടെ പ്രബോധനവിളിക്കുത്തരം ചെയ്ത് സത്യമതത്തിലേക്ക് വരികയില്ല തുടർന്ന് സത്യത്തിനെതിരിൽ നിൽക്കുന്നവർക്കെതിരിൽ പ്രാർത്ഥന നടത്തി അല്ലാഹു നൂഹ് നബിയോട് ഒരു കപ്പൽ നിർമിക്കാൻ ആവശ്യപ്പെട്ടപ്രകാരം അവിടുന്ന് നിർമാണ പ്രവർത്തനം ആരംഭിച്ചു ഇത് കണ്ട അവിശ്വാസികൾ നബിയെ പരിഹസിക്കാനും കളിയാക്കാനും തുടങ്ങി അവർ പറഞ്ഞു നൂഹേ ഏത് അടുപ്പില്‍ നിന്നാണ് വെള്ളം വരിക”.      
                    അങ്ങനെ കപ്പലിന്‍റെ പണി പൂര്‍ത്തിയായി.  നൂഹ് നബിയുടെ സമൂഹത്തിൽ കടുത്ത വരൾച്ച ബാധിച്ചു ഇതോടെ അവിശ്വാസികളുടെ കളിയാക്കലും വർധിച്ചു . അതിനിടയിൽ ഒരു ദിവസം ആകാശത്ത് മേഘം നിറഞ്ഞു , വരൾച്ചയുടെ അന്ത്യം കുറിക്കുമെന്ന് അവർ കരുതി പക്ഷേ വിധി മറിച്ചായിരുന്നു അല്ലാഹുവിൽ നിന്ന് നബിക്ക് ദിവ്യസന്ദേശമെത്തി അടുപ്പിൽ നിന്ന് വെള്ളം പുറപ്പെടുന്നത് കണ്ടാൽ സത്യവിശ്വാസികളായ സ്ത്രി - പുരുഷന്മാരെ കപ്പലിൽ കയറ്റി യാത്ര തിരിക്കുക. അങ്ങനെ ആകാശത്ത് നിന്ന് പേമാരി വർഷിച്ചു , കലിതുള്ളി പെയ്തു, ഭൂമിയിൽ നിന്ന് ഉറവ പൊട്ടുകയും ചെയ്തതോടെ വെള്ളത്തിന്റെ ഒഴുക്ക് അതിശക്തമായി അതോടെ അവിടെ അവശേഷിച്ചിരുന്ന സകല സത്യനിഷേധികളെയും മുക്കി കൊന്നു സർവ്വതും നശിച്ചു ,അക്കൂട്ടത്തിൽ നൂഹ് നബിയെ അവിശ്വസിക്കുകയും കളിയാക്കുകയും ചെയ്ത ഒരു ഭാര്യയും മകനും അകപ്പെട്ടിരുന്നു. എന്നാൽ നബിയും സത്യവിശ്വാസികളും സഞ്ചരിച്ച കപ്പൽ ജൂദിയ്യ്പർവ്വതത്തിൽ ചെന്ന് നിന്നു അവർ രക്ഷപ്രാപിക്കുകയും ചെയ്തു. ഈ സംഭവം നടന്നത് മഹർറം മാസത്തിലാണ്. 
                     അല്ലാഹുവിന്റെ കല്പനകൾക്ക് എതിര് കാണിക്കുകയും അവന്റെ നബിയെ കളിയാക്കുകയും പരിഹസിക്കുകയും ധിക്കരിച്ച് ജീവിക്കുകയും ചെയ്തതത്തിന്റെ അനന്തരഫലമാണ് അവരെ ഭയാനകരമായ പ്രളയത്തിൽ നശിപ്പിച്ചത്. അതിനു ശേഷവും ഭൂമിയിൽ
വലിയ നാശങ്ങൾ വിതച്ച  ഇത്തരം ജലപ്രളയവും പ്രകൃതിദുരന്തങ്ങളും ഉണ്ടായിട്ടുണ്ട്. അതിൽ ചെറിയ ഒരു സൂചന മാത്രമാണ് ഇപ്പോൾ നമ്മുടെ നാട്ടിൽ അനുഭവപ്പെട്ടിരിക്കുന്നത്. 
            മനുഷ്യവർഗത്തിനെ സൃഷ്ടിച്ചത് സൃഷ്ടാവായ റബ്ബിന് വിധേയപ്പെട്ട് ജീവിക്കാനും അവന് ആരാധന നിർവഹിക്കാനുമാണ്. നമുക്ക് വേണ്ടതെല്ലാം അവൻ ഭൂമിയിൽ സംവിധാനിച്ച് തന്നിട്ടുണ്ട് ഭക്ഷണവും വസ്ത്രവും പാർപ്പിടവും ജീവിക്കാൻ ആവശ്യമായ സൗകര്യങ്ങളും ഒരുക്കി തന്നു  എന്നാൽ ഇങ്ങനെ നമ്മെ പരിപാലിക്കുന്ന രക്ഷിതാവ് നന്ദിയർപ്പിക്കാൻ നമുക്ക് സാധിക്കുന്നില്ല അവന്റെ മുന്നിൽ ഒരല്പനേരം ആരാധനാ നിമഗ്നനായി നിൽക്കാൻ നമുക്ക് സമയമില്ല അതിനും പുറമേ അല്ലാഹുവിന്റെ കൽപനകൾക്ക് ചെവികൊടുക്കാതെ സുഖലോലുപതയിൽ ജീവിതം ജീവിച്ച് തീർക്കാൻ ശ്രമിക്കുകയാണ് നമ്മൾ . ഇത്തരം കുത്തഴിഞ്ഞ ജീവിതത്തിന്റെ തിക്തഫലങ്ങളാണ് നാം അനുഭവിക്കുന്ന ദുരന്തങ്ങളും അപകടങ്ങളും യാതനകളുമെല്ലാം. പ്രകൃതിയുടെ താളം തെറ്റിയുള്ള സഞ്ചാരം മനുഷ്യ വര്‍ഗ്ഗം ആഴത്തില്‍ ചിന്തിക്കേണ്ടിയിരിക്കുന്നു. പ്രകൃതി ദുരന്തങ്ങളും അഗ്നിപര്‍വത സ്‌ഫോടനങ്ങളും ഭൂകമ്പവും പ്രളയവുമെല്ലാം വായിച്ചു തള്ളാനോ ചര്‍ച്ച ചെയ്യാനുള്ളതോ അല്ല. മറിച്ച്‌, ഓരോ ദുരന്തവും മനുഷ്യവർഗത്തിനുള്ള ശിക്ഷയായിട്ടാണ്‌ വിശ്വാസികള്‍ മനസ്സിലാക്കേണ്ടത്‌.  അല്ലാഹു പറയുന്നു 
അല്ലാഹു മനുഷ്യരെ, അവര്‍ ചെയ്തുകൂട്ടിയതിന്റെ പേരില്‍ പിടികൂടി ശിക്ഷിക്കുകയാണെങ്കില്‍ ഭൂമുഖത്ത് ഒരു ജീവിയേയും അവന്‍ ബാക്കിവെക്കുമായിരുന്നില്ല. എന്നാല്‍ ഒരു നിശ്ചിത അവധിവരെ അവനവര്‍ക്ക് അവസരം നീട്ടിക്കൊടുക്കുന്നു. അങ്ങനെ അവരുടെ കാലാവധി വന്നെത്തിയാല്‍ തീര്‍ച്ചയായും അല്ലാഹു തന്റെ ദാസന്മാരെ കണ്ടറിയുന്നതാണ്. (സൂറത്തുൽ ഫാത്വിർ 45) അല്ലാഹുവിന്റെ കാരുണ്യമാണ് അവന് അനുസരണക്കേട് കാട്ടിയിട്ടും ദിക്കാരപൂർവ്വം ജീവിച്ചിട്ടും നമ്മെ ഒന്നടങ്കം നശിപ്പിക്കാത്തത്. അത്കൊണ്ട് സമാധാനപൂർവ്വം ഇവിടെ ജീവിച്ച് തീർക്കാമെന്ന് കരുതകയും അരുത്.       
                              നമ്മിൽ വന്നുഭവിക്കുന്ന ആപത്തുകളെയുംപ്രകൃതിദുരന്തങ്ങളേയും പഴിച്ചിട്ട് കാര്യമില്ല, അല്ലങ്കിൽ അവകൾ പുറപ്പെടുവിക്കുന്ന സൃഷ്ട്ടാവിനെ അധിക്ഷേപിക്കാനോ പാടില്ല കാരണം നാം ചെയ്ത് കൂട്ടിയതിന്റെ പരിണിത ഫലം ഇവിടെ നിന്നു തന്നെ നമ്മെ അനുഭവിപ്പിക്കുകയാണത്. മാത്രമല്ല ഇത്തരം ദുരന്തങ്ങൾ നേരിൽ അനുഭവിക്കുമ്പോൾ ഹൃദയകാഠിന്യമില്ലാത്തവർ ഖേദിച്ച് മടങ്ങി നല്ലൊരു പുതിയ ജീവിതത്തിന് തുടക്കം കുറിക്കാനും ഇത്തരം ദുരന്തങ്ങൾ കാരണമായേക്കാം ഇക്കാര്യം വിശുദ്ധ ഖുർആൻ തന്നെ പറയുന്നു:  മനുഷ്യകരങ്ങളുടെ പ്രവര്‍ത്തനഫലമായി കരയിലും കടലിലും കുഴപ്പം പ്രകടമായിരിക്കുന്നു. അവര്‍ ചെയ്തുകൂട്ടിയതില്‍ ചിലതിന്റെയെങ്കിലും ഫലം ഇവിടെ വെച്ചുതന്നെ ആസ്വദിപ്പിക്കാനാണത്. അവര്‍ ഒരുവേള നന്മയിലേക്കു മടങ്ങിയെങ്കിലോ? (സൂറത്തു റൂം 41) ശാസ്ത്ര സാങ്കേതിക വിദ്യകൾ വികാസം പ്രാപിച്ച ആധുനിക കാലത്ത് നടക്കുന്ന ഒരു ദുരന്തത്തേയും ഒരു ശക്തിക്കോ ഒരു സേനക്കോ പിടിച്ചു നിർത്താൻ സാധ്യമല്ല കാരണം അതിന്റെ പിന്നിൽ പ്രവർത്തിക്കുന്നത് മനുഷ്യ കരങ്ങളാണ്. ആ കരങ്ങൾ നിസ്സഹായതയുടെ പ്രതീകങ്ങളാണ് ഒരു ദുരന്തവും ഒരു പ്രകൃതിക്ഷോഭവും എത്ര കാലേകൂട്ടി പ്രവചിച്ചാലും നിസ്സഹായകരും ദുർബലരുമായ മനുഷ്യവിഭാഗത്തിന് തടസ്സപ്പെടുത്താനോ പ്രതിരോധിക്കാനോ സാധ്യമല്ല അതെല്ലാം നിസ്സഹായതയോടെ നോക്കി നിൽക്കാനേ കഴിയൂ. ഇത്തരം ദുരന്തങ്ങൾ ഉണ്ടാക്കാനും പ്രതിരോധിക്കാനും കഴിയുന്ന ഒരു ശക്തി മാത്രമേയുള്ളു ആ ശക്തിക്ക് മാത്രമേ ഇവിടെ എന്തും ചെയ്യാൻ സാധിക്കുകയുള്ളു നമ്മളെല്ലാം അവന്റെ അടിമകൾ മാത്രമാണ് യജമാനനായ റബ്ബിനെ അനുസരിക്കുകയും വഴിപ്പെട്ട് ജീവിക്കുകയുമാണ് ഇതിൽ നിന്ന് രക്ഷപ്രാപിക്കാനുള്ള ഏക മാർഗമെന്ന് നാം മനസ്സിലാക്കണം. 
            ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ സഞ്ചരിച്ചാൽ പ്രകൃതിദുരന്തത്തിന് മുന്നിൽ അടിയറവ് പറഞ്ഞ എത്രയോ പ്രദേശങ്ങളുണ്ട്. ഒരു വലിയ ശക്തിക്കും അതിനെ തടുക്കാൻ സാധിച്ചിട്ടില്ല . ചരിത്രത്തിലെ ധിക്കാരിയും അതിക്രൂരനുമായ ഫറോവക്കും കൂട്ടർക്കും 
ക്ഷാമം, വരൾച്ച, ജലപ്രളയം, വെള്ളപ്പൊക്കം, വെട്ട്കിളി, പേൻ, തവള, രക്തം തുടങ്ങിയവകൊണ്ടെല്ലാം അവരെ പരീക്ഷിച്ചു, മുന്നറിയിപ്പു കൊടുത്തു. അതൊന്നും അവരുടെ കണ്ണ് തുറപ്പിച്ചില്ല. അവസാനമാണ്  അവരെ മുക്കി കൊല്ലുന്നത്. സ്വാലിഹ് നബിയുടെസമൂദ് ഗോത്രത്തിന്അതിരാവിലെ ശക്തമായ ഘോര ശബ്ദവും പൊട്ടിത്തെറിയും നൽകി. വാസസ്ഥലങ്ങളിൽ തന്നെ എല്ലാവരും മറിഞ്ഞ് വീണു നശിച്ചു. സ്വാലിഹ് നബിയും സത്യവിശ്വാസികളെയും അല്ലാഹു രക്ഷപ്പെടുത്തി, ഷുഐബ് നബിയുടെ പ്രബോധനം കൈകൊള്ളാത്ത മദ് യൻ ഗോത്രക്കാർക്ക് ഒരു രാത്രി പെട്ടെന്ന് അതിഭയങ്കരമായ പ്രകമ്പനമുണ്ടായി. രാത്രി സുഖമായി കിടന്നുറങ്ങിയവർ പ്രഭാതം പുലർന്നപ്പോഴേക്കും സ്വഭവനങ്ങളിൽ പൂർണമായി നശിച്ചൊടുങ്ങി.  അതുപോലെ തന്നെ ഹൂദ് നബിയുടെ വാക്കിന് ഒരു വിലയും കൽപ്പിക്കാത്ത ആദ്ഗോത്രത്തിലേക്ക് ഏഴ് രാത്രിയും എട്ട് പകലും തുടർച്ചയായി അടിച്ച് വീശിയ അത്യുഗ്രമായ കൊടുങ്കാറ്റിൽ അവർ ഒന്നടങ്കം കടപുഴകി നശിച്ചു.  മാത്രമല്ല
2014ൽ നടന്ന സുനാമി മറ്റൊരു ഉദാഹരണമാണ് കടൽ ഒന്ന് ക്ഷോഭിച്ചതേയുള്ളു മൂന്നു ലക്ഷം ജീവനുകളാണ് നാമാവശേഷമായത് അത് മാത്രമല്ല മിണ്ടാപ്രാണികളായ ജീവജാലങ്ങളും മനുഷ്യന്‍ കെട്ടിപ്പടുത്ത സ്വപ്നങ്ങളും സൗധങ്ങളും അമ്പര ചുമ്പികളായ മണിമാളികകളും എല്ലാം ഒരു നിമിഷം കൊണ്ട് നിലംപരിശായി അതുപോലെ തന്നെ കത്രീന എന്ന പേരു നൽകിയ ചുഴലിക്കാറ്റ് ഒന്ന് ആഞ്ഞ് വീശിയപ്പോൾ ലോകശക്തികളായ അമേരിക്കക്ക് പ്രകൃതിയുടെ സംഹാര താണ്ഡവത്തിനു മുന്നിൽ അടിയറവ് പറയേണ്ടിവന്നു .അവരുടെ ആധുനിക ടെക്നോളജികളൊന്നും തന്നെ അതിനെ തടുത്തുനിര്‍ത്താന്‍ പര്യാപ്തമായിരുന്നില്ല. അവിടെയും നാം ചിന്തിക്കേണ്ടത് എത്ര വലിയ ശക്തിയായാലും എത്ര വലിയ സാങ്കേതിക വിദ്യകളുള്ള രാജ്യമായാലും അതെല്ലാം ഉന്മൂലനം ചെയ്യാൻ ലോക സൃഷ്ടാവായ റബ്ബിന് ഒരു നിമിഷം മതി .അവന് മാത്രമേ പ്രതിരോധ വലയം തീർക്കാൻ കഴിയൂ ഇങ്ങനെ എത്രയെത്ര ദുരന്തങ്ങൾ ഇതിലേക്ക് ചേർത്തി നോക്കുമ്പോൾ നമ്മുടെ കുത്തഴിഞ്ഞ ജീവിതം ശരിപ്പെടുത്താനുള്ള ഒരു സൂചന മാത്രമാണ് ഇപ്പോൾ നമ്മുടെ നാട്ടിൽ അനുഭവപ്പെട്ട ഈ ചെറിയ ജലപ്രളയവും പ്രകൃതിക്ഷോഭവുമെല്ലാം. 
       ഈ ദുരന്തങ്ങളിൽ നിന്ന് നാം ഉൾകൊള്ളേണ്ട പാഠങ്ങൾ പ്രകൃതിയുടെ ഈ ക്ഷോഭത്തിനു മുമ്പില്‍ നാം നമുക്കുണ്ടെന്ന് അഭിമാനിക്കുകയും അഹങ്കരിക്കുകയും ചെയ്യുന്ന വികസനവും, , ടെക്നോളജിയും ഒന്നുംതന്നെ ഒന്നുമല്ല , പരസ്‌പരം പോരടിക്കാനും അഹങ്കരിക്കാനും മേനിനടിക്കാനും പോന്ന ഒരു നീണ്ട ജീവിതം ഈ ലോകത്തില്ല. സ്വന്തം വീട്ടില്‍ സുരക്ഷിതമാണെന്ന്‌ കരുതുന്ന ഓരോരുത്തരും പ്രകൃതി ഒന്ന്‌ ക്ഷോഭിച്ചാല്‍ ഇല്ലാതായേക്കാം. മനുഷ്യന്‍ കെട്ടിപ്പൊക്കുന്ന അഹന്തയുടെ അംബരചുംബികളെല്ലാം നിമിഷങ്ങള്‍ കൊണ്ട്‌ നിലംപൊത്തുകയാണ്‌.  എല്ലാം ഉണ്ടായിരുന്നവർ ഇന്ന് ഒന്നുമില്ലാത്തവരാണ് അതിനാൽ നാം ജീവിക്കുന്ന കാലമത്രയും ദുനിയാവിൽ മതിമറന്നും അഹങ്കരിക്കാതെയും ജീവിക്കാൻ ശ്രമിക്കണം ദുനിയാവിൽ അഹങ്കരിച്ച് നടക്കുന്നവരോട് ഖുർആൻ പറയുന്നു:  സത്യനിഷേധികളെ നരകം കാണിക്കപ്പെടുന്ന ദിവസം അവരോട് പറയും: ഐഹിക ജീവിതത്തില്‍ തന്നെ നിങ്ങളുടെ നന്മകളെല്ലാം നിങ്ങള്‍ നശിപ്പിച്ചുകളഞ്ഞിരിക്കുന്നു. അതിന്റെ ആനന്ദം ആസ്വദിക്കുകയും ചെയ്തു. അതിനാൽ അന്യായമായി നിങ്ങൾ ഭൂമിയിൽ അഹങ്കരിച്ചതു കൊണ്ടും തെമ്മാടിത്തരം കാണിച്ചതു കൊണ്ടും ഇന്നു നിങ്ങള്‍ക്ക് പ്രതിഫലമായുള്ളത് വളരെ നിന്ദ്യമായ ശിക്ഷയാണ്. (അൽ അഹ്ഖാഫ് :20) അല്ലാഹുവിന്റെ അനുഗ്രഹങ്ങള്‍ വേണ്ടുവോളം കൈപറ്റി അവന്‌ ധിക്കാരംകാണിച്ചാല്‍ കഠിനമായ നരക ശിക്ഷയാണ്‌ പരലോകത്ത്‌ ഒരുക്കിവെച്ചിരിക്കുന്നത്‌.  എന്നാണ് ഖുർആൻ ഉണർത്തുന്നത് 
            നശ്വരമായ ദുനിയാവിന്റെ കെണിവലകളിൽ അകപ്പെടാതെ എന്നെന്നും നിലനിൽക്കുന്ന ആഖിറമാകുന്ന ജീവിതത്തിലേക്ക് ഒരുക്കി വെക്കാൻ ശ്രമിക്കണം. അല്ലങ്കിൽ നൂഹ് നബിയുടെ സമുദായത്തെ നശിപ്പിച്ച വെള്ളപൊക്കവും, സ്വാലിഹ് നബിയുടെ സമൂഹത്തിന് വന്നു ഭവിച്ച ശക്തമായ ഘോര ശബ്ദവും പൊട്ടിത്തെറിയും. മദ് യൻകാർ നശിക്കാൻ കാരണമായ പ്രകമ്പനവും , ലൂത്വ് നബിയുടെ സമുദായത്തെ കീഴ്മേൽ മറിച്ചതും ചുട്ടുപഴുപ്പിക്കപ്പെട്ട ഇഷ്ടിക കല്ലുകൾ വർഷിപ്പിച്ചതും ആദ് സമുദായത്തെ നശിപ്പിച്ച കൊടുങ്കാറ്റുമെല്ലാം നാം ഭയക്കേണ്ടതുണ്ട്. ഇത്തരം ദുരന്തങ്ങളിൽ നിന്നും പ്രകൃതിക്ഷോഭങ്ങളിൽ നിന്നും പാഠമുൾകൊള്ളുകയും അല്ലാഹുവിലേക്ക് ഖേദിച്ച് മടങ്ങാനുള്ള അവസരമായി കാണുകയും വേണം, നാഥനിലേക്ക് അടുക്കുകയും വേണം അതോടൊപ്പം നല്ലൊരു ജീവിതം തുടക്കം കുറിക്കുകയും വേണം

9048740007
         
           
      

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍