മുനീർ അഹ്സനി ഒമ്മല
9048740007
ഓരോ കാലത്തേയും ദേശത്തെയും പ്രകാശപൂരിതമാക്കുന്നത് അവിടുത്തെ പണ്ഡിത മഹത്തുക്കളാണ്. ഓരോ യുഗത്തിലും അതിന് ഒത്ത പണ്ഡിത മഹത്തുക്കളെ നമുക്ക് ലഭിച്ചിട്ടുമുണ്ട്. അക്കൂട്ടത്തിൽ പ്രധാനിയാണ് ജ്ഞാന ലോകത്തെ ഇതിഹാസം ശൈഖുൽ ഫഖീഹ് ഇമ്പിച്ചാലി ഉസ്താദ് .
1925ൽ ജന്മം കൊണ്ട ആ മഹാ വ്യക്തിത്വം തന്റെ പുരാഷായുസ് മുഴവൻ ദർസീ രംഗത്ത് പ്രോജ്വലിച്ചു നിന്നു.
വിനയവും താഴ്മയും പരിത്യാഗവും അവിടുത്തെ ജീവിതത്തിന്റെ മുഖമുദ്രയായിരുന്നു. വളരെയേറെ സൂക്ഷമതയോടെയാണ് അവർ ജീവിച്ചിരുന്നത് . മർകസിൽ മുദരിസായിരുന്ന സമയത്ത് സ്ഥാപനത്തിന്റെ വാഹനം കൊടുത്താൽ പോലും അതിൽ യാത്ര ചെയ്തിരുന്നില്ല. നടന്ന് തന്നെയാണ് സ്വദേശമായ കുറ്റിക്കാട്ടൂരേക്ക് പോയിരുന്നു. ഇൽമ് വർദ്ധിച്ചാൽ വിനയവും താഴ്മയും കൂടുമെന്ന് പറഞ്ഞ ആപ്തവാക്യത്തെ അന്വർത്ഥമാക്കിയ മഹാപ്രതിഭാശാലിയാണ് ഉസ്താദ് .
വിജ്ഞാനപരമായിട്ടും ആത്മീയ പരമായും ഉന്നതിയിൽ നിൽക്കുന്ന തറവാട്ടിലാണ് അവിടുത്തെ ജനനം . പൂർവ പിതാക്കന്മാരെല്ലാം തന്നെ ഖാദിരിയ്യത്വരീഖത്തിന്റെ ആളുകളാണ്. എന്നത് കൊണ്ട് തന്നെ ചെറുപത്തിൽ തന്നെ അറിവ് കരസ്ഥമാക്കാൻ തുടങ്ങിയിരുന്നു. ഖുർആൻ പഠനവും പ്രാഥമിക വിദ്യാഭ്യാസവും സ്വപിതാവ് മുഹമ്മദ് മുസ്‌ലിയാരിൽ നിന്ന് തന്നെയായിരുന്നു. ശേഷം മണ്ണുങ്ങൽ അബ്ദുറഹ്മാൻ മുസ്ലിയാർ, അബൂബക്കർ മുസ്ലിയാർ, കാസർക്കോഡ് ഖാളി അവറാൻ കുട്ടി മുസ്ലിയാർ എന്നിവരിൽ നിന്ന് വിദ്യ നുകർന്നതിനു ശേഷം പനയപ്പുറം, രാമനാട്ടുകര, തലക്കടത്തൂർ ,വാഴക്കാട് ദാറുൽ ഉലൂം എന്നിവിടങ്ങളിൽ ഓതിപഠിച്ചു. പറവണ്ണ മുഹിയദ്ദീൻ കുട്ടി മുസ്ലിയാർ, കണ്ണിയത്ത് ഉസ്താദ് , തുടങ്ങി പ്രഗൽഭ പണ്ഡിതന്മാരുടെ ശിഷ്യത്വം കരസ്ഥമാക്കിയതിന് ശേഷം 1949ൽ ഉപരിപഠനാർത്ഥം വെല്ലൂർ ബാഖിയാത്തിലെത്തി. ശൈഖ് ആദം ഹസ്റത്ത്, അബ്ദുറഹിം ഹസ്റത്ത് എന്നിവരുടെ ശിഷ്യണത്തിലായി വെല്ലൂർ ബാഖിയാത്തിൽ നിന്ന് ആ ജ്ഞാനദാഹി വ്യുൽപ്പത്തി നേടി.
ബുദ്ധികൂർമതയും ഗ്രാഹ്യശക്തിയും കൂടുതൽ ഉള്ളതിനാൽ ഉസ്താദുമാരുടെ ശ്രദ്ധാകേന്ദ്രമായിരുന്നു. എന്നല്ല പഠനത്തോടുള്ള അടങ്ങാത്ത ആഗ്രഹവും ഉസ്താദുമാരിൽ മതിപ്പുളവാക്കി, ഫത്ഹുൽ മുഈൻ എന്ന വിശ്വ പ്രസിഡ കർമ്മ ശാസ്ത്ര ഗ്രന്ഥം മുഴുവനും മനപാഠമായിരുന്നു. ശാഫിഈ ഫിഖ്ഹിലെ തുല്യതയില്ലാത്ത ഗ്രന്ഥം തുഹ്ഫയിൽ ഉസ്താദിന്റെ കഴിവ് അതൊന് വേറെ തന്നെയാണ്.
നിരവധി സ്ഥലങ്ങളിൽ ദർസ് നടത്തി. ബാഖിയാത്തിൽ നിന്ന് ഇറങ്ങിയയുടൻ കൊടുവള്ളിയിലായിരുന്നു അവിടുത്തെ ജ്ഞാന പ്രസരണത്തിന് തുടക്കം. ശേഷം തിരൂരങ്ങാടിയിലും മങ്ങാടും ദർസ് നടത്തി അവിടെ നീണ്ട 15 കൊല്ലം നീണ്ടു നിന്നു ആമഹാത്മാവിന്റെ പ്രസരണം. അക്കാലത്തെ ബൃഹത്തായ പ്രമുഖമായ ദർസുകളിൽ ഒന്നായിരുന്നു. ഉസ്താദിന്റേത് ശേഷം കോളിക്കൽ , കുറ്റിക്കാട്ടൂർ, പൂത്തുപാഠം, ഉളരിക്കുണ്ട് , ഇരിക്കൂർ, ഉള്ളാൾ മദനി കോളേജ് എന്നിവിടങ്ങളിൽ ദർസ് നടത്തി സ്ഥീർത്യൻ താജുൽ ഉലമയുടെ ക്ഷണപ്രകാരമാണ് ഉള്ളാളത്ത് എത്തുന്നത്. അവസാന കാലം ചിലവഴിച്ചത് കാരന്തൂർ മർക്കസ്സു സഖാഫത്തി സുന്നിയ്യയിലാണ് . അവസാനം കുറച്ച് സമയം രോഗിയായത് ഒഴിച്ചാൽ ജ്ഞാന ലോകത്ത് ഉദിച്ചു നിന്ന ആ മഹാമനീഷി തന്റെ ജീവിതത്തിന്റെ സിംഹഭാഗവും തദ് രീസിൽ തന്നെയായിരുന്നു.അവസാന കാലം മുഴുവൻ മർകസിൽ ചിലവഴിച്ച ഉസ്താദ് അവിടെ ശൈഖുൽ ഫിഖ് ആയിട്ടാണ് അറിയപ്പെട്ടത്
വൈജ്ഞാനിക വിഹായുസ്സിൽ നിറദീപമായി തിളങ്ങിയ ഇബിച്ചാലി ഉസ്താദ് സഖാഫികളും മദനികളും മറ്റുമായി ഒട്ടനവധി ശിഷ്യന്മാരെ വാർത്തെടുത്തു. ആത്മീയ വിഹായുസ്സിൽ പരില്ലസിച്ച ആത്മീയ നായകൻ സി എം വലിയുള്ള, പണ്ഡിത ലോകത്തെ ഇതിഹാസം സുൽത്താനുൽ ഉലമ എ പി ഉസ്താദ് എന്നിവരെ സുന്നി കൈരളിക്ക് സമ്മാനിച്ച മഹാഗുരുവാണ് ഇമ്പിച്ചാലി ഉസ്താദ് . തിരൂരങ്ങാടി ബാപ്പു മുസ്ലിയാർ, ഇ കെ മുഹമ്മദ് ദാരിമി, കൽത്തറ അബ്ദുൽ ഖാദർ മദനി, പേരോട് അബ്ദുറഹ്മാൻ സഖാഫി, പെരുമുഖം ബീരാൻ കുട്ടി മുസ്ലിയാർ, മൂന്നിയൂർ കുഞ്ഞമ്മു മുസ്ലിയാർ, തൃക്കരിപ്പൂർ മുഹമ്മദലി സഖാഫി, ചെറുശ്ശോല അബ്ദുൽ ജലീൽ സഖാഫി.തുടങ്ങിയവർ മറ്റു പ്രമുഖ ശിഷ്യന്മാരാണ്.
ജ്ഞാന തേജ്വസിയായ ആ മഹാനുഭാവൻ എല്ലാ ഫന്നുകളിലും അഗാധ പരിജ്ഞാനിയായിരുന്നു. പ്രത്യേകിച്ച് ഫിഖ്ഹിലായിരുന്നു പ്രാമുഖ്യം. അതിൽ തന്നെ ഇൽമുൽ ഫറാഇളിൽ (അനന്തരവകാശം ) ഉസ്താദിന്റെ കഴിവ് അപാരം തന്നെ. തന്റെ മുന്നിലിരിക്കുന്നവർക്ക് യാതൊരു സങ്കീർണതയുമില്ലാതെ ഇത്തരം വിശയങ്ങൾ അവതരിപ്പിച്ച് കൊടുക്കും.ഏത് മസ്അലയും കിതാബ് തുറന്ന് നോക്കാതെ മറുപടി പറയും. കോളിക്കൽ ദർസ് നടത്തുമ്പോഴുണ്ടായ ഒരു അനുഭവം അന്ന് അവിടെ ഓതിയിരുന്ന അരുമശിഷ്യൻ കാന്തപുരം ഉസ്താദ് ഓർത്തെടുക്കുന്നു . അവിടെ ജുമുഅ ഖുതുബ എന്ന വിഷയത്തിൽ ഒരു വാദപ്രതിവാദം നടന്നു. കൊടിയത്തൂർ ഖാളി അബ്ദുൽ അസീസ് മുസ്ലിയാരും ഇ കെ ഉസ്താദുമായിരുന്നു സംവാദകർ അന്ന് കിതാബുകളിൽ നിന്ന് വളരെ വേഗത്തിൽ ഇബാറത്ത് എടുത്ത് കൊടുത്തിരുന്നത് ഇബിച്ചാലി ഉസ്താദായിരുന്നു. ജനങ്ങളെ തെറ്റിദ്ധാരണയിൽ അകപ്പെടുത്തിയ അസീസ് മുസ്ലിയാരെ ഉസ്താദും ഇ ക്കെ ഉസ്താദും ചേർന്ന് തറപറ്റിച്ചു.
ഉള്ളാൾ മദനിതങ്ങളുടെ മൗലിദും മയ്യിത്ത് സംസ്കരണ വിധിയും അവിടുത്തെ കൈ പടത്തിൽ നിന്ന് വിരചിതമായവയാണ്.
സംഘടന രംഗത്തും ഉസ്താദ് സജീവമായിരുന്നു. കാന്തപുരം ഉസ്താദിന് നല്ല പിന്തുണ നൽകിയിരുന്നു. 1983ൽ സമസ്തയിൽ കയറിയ ഉസ്താദ് ഉപാധ്യക്ഷ പദവിയും അലങ്കരിച്ചു, ഉസ്താതാദിന്റെ ഭാര്യ പിതാവ് പ്രഥമ മുശാവറയിലെ അംഗമാണ്..
ഇബാദത്തിന്റെ വിഷയത്തിലും കണിഷത പുലർത്തിയിരുന്നു. എല്ലാം കൃത്യമായി നിർവഹിക്കും. 1969ൽ ഹജ്ജ് നിർവഹിച്ചു. കൃഷിയോട് അതീവ തല്പരനായിരുന്നു. വീട്ടിലുണ്ടാവുമ്പോൾ കർഷക വേഷത്തിലും ഉസ്താദിനെ കാണാം . ജാഢകൾ ഒട്ടുമില്ലാത്ത ആ വിനയാന്വിതനായ പണ്ഡിതൻ നാട്ടുകാർക്കെല്ലാം സ്വീകാര്യനായിരുന്നു. ഇൽമിനെ അതിയായി സ്നേഹിച്ച ഉസ്താദിന്റെ മക്കളും മരുമക്കളും പേരമക്കളും വി ജ്ഞാന പ്രസരണ രംഗത്ത് ഇന്ന് നിറസാന്നിധ്യമാണ്. അവരുടെ ആ ദീനി സേവനം അല്ലാഹു സ്വീകരിച്ചുവെന്നതിന്റെ വ്യക്തമായ അടയാളമാണിത്. കുറ്റിക്കാട്ടൂരിലെ സ്ഥാപനം ഉസ്താദിന്റെ ഓർമക്കായി ആ നാമധേയത്തിൽ പടുത്തുയർത്തിയതാണ്. .
ഒരു പുരുഷായുസ് മുഴുവൻ ജ്ഞാനപ്രസരണത്തിന് നീക്കിവെച്ച ജ്ഞാന ലോകത്തെ ഇതിഹാസം ശൈഖുന ഇമ്പിച്ചാലി ഉസ്താദ് 1992 ജനുവരി 17 ന് ( റജബ് 14- ഞായർ ) 70-)0 വയസ്സിൽ ഈ ലോകത്ത് നിന്നും യാത്രയായി . അവിടുത്തെ തണൽ നമുക്ക് അല്ലാഹു ഏറ്റി നൽകട്ടെ ആമീൻ . ഈ വരുന്ന റജബ് 14 ഉസ്താദിന്റെ ആണ്ടിന്റെ ദിവസമാണ്. ആ മഹാ ജീവിതത്തെ ഓർക്കുകയും നമുക്ക് കഴിയുന്ന വിധത്തിലുള്ള സൽപ്രവർത്തികൾ ആ ധന്യ ജീവിതത്തിലേക്ക് സമർപ്പിച്ച് സായൂജ്യമടയാൻ ശ്രദ്ധിക്കുക. അല്ലാഹു തൗഫീഖ് നൽകട്ടെ.
0 അഭിപ്രായങ്ങള്‍