ഉള്ഹിയ്യത്തിന്‍െറ കർമ്മശാസ്ത്ര വിധികള്‍

മുനീർ അഹ്സനി ഒമ്മല
---------------------------------------------------------
ത്യാഗബോധവും സമര്‍പ്പണ സന്നദ്ധതയും വിളിച്ചറിയിക്കുന്ന ഒാര്‍മപ്പെടുത്തലുമായാണ് ഓരോ ബലി പെരുന്നാളും ആഗതമാവുന്നത്. വയസ്സേറെയായിട്ടും ഒരു കുഞ്ഞിനെ ലഭിക്കാത്തതിന്‍െറ വിഷാദത്തില്‍ സര്‍വ്വ സൃഷ്ടാവായ അല്ലാഹുവിനോട് ഏറെ പ്രാര്‍ത്ഥിച്ചതിന്‍െറ ഫലമായി ഇബ്രാഹിം നബി(അ)മിന് ലഭിച്ച അരുമ സന്താനത്തെ ബലി കഴിക്കാനുള്ള കല്പനയെ ആത്മ ധെെര്യത്തോടെ ഏറ്റെടുത്ത് വിജയകരമായി നേരിട്ടൊരു പരീക്ഷണത്തിന്‍െറ സ്മരണയാണ് ബലി പെരുന്നാളില്‍ നാം പുതുക്കുന്നത്. അന്ന് ഇബ്രാഹിം നബിക്ക് ഇറക്കി കൊടുത്ത സ്വര്‍ഗീയ മൃഗത്തെ ബലി ദാനം ചെയ്തതിന്‍െറ സ്മരണ അയവിറക്കി കൊണ്ടാണ് ബലി പെരുന്നാൾ ദിനത്തിലും തുടര്‍ന്ന് വരുന്ന ദുല്‍ഹിജ്ജ 11,12,13 (അയ്യാമുത്തശ് രീഖ്) ദിനങ്ങളിലും ഇന്നും നാം നടത്തുന്ന കര്‍മ്മമാണ്  ഉള്ഹിയ്യത്ത് . 
           വിശുദ്ധ ഖുർആനിൽ തന്നെ ഇത് പുണ്യ കര്‍മ്മമാണെന്ന് വ്യക്തമാക്കിയതാണ് അല്ലാഹു താഅല തന്നെ പറയുന്നു താങ്കൾ താങ്കളുടെ രക്ഷിതാവിനു വേണ്ടി നിസ്ക്കരിക്കുകയും ബലിയര്‍പ്പിക്കുകയും ചെയ്യുക. ( സൂറത്തുല്‍ കൗസര്‍ 2) ഈ ആയത്തിനെ വിശദീകരിച്ച് കൊണ്ട് ഇമാം ഖാളി ബെെളാവി (റ), ഇമാം  ഖുര്‍തുബി (റ)  അടക്കമുള്ള മുഫസ്സിറുകള്‍ പറയുന്നു ഇവിടെ നിസ്ക്കാരം കൊണ്ടുള്ള വിവക്ഷ പെരുന്നാൾ നിസ്ക്കാരവും ബലി കര്‍മ്മം ഉള്ഹിയ്യത്തുമാണ് . മാത്രമല്ല ഈ ആയത്തിന്‍െറ അടിസ്ഥാനത്തില്‍ തന്നെയാണ് ഹനഫികള്‍ ഉള്ഹിയ്യത്ത് അറുക്കല്‍ നിര്‍ബന്ധമാണെന്ന് പറയുന്നതും. നബി (സ) അറുത്തിരുന്നതായും അതിനെപ്രോല്‍സാഹിപ്പിക്കുകയും ചെയ്തിരുന്നതായും ഹദീസുകളില്‍ നിന്നും വ്യക്തമാകുന്നുണ്ട് . നബി (സ) തങ്ങള്‍  ഉള്ഹിയ്യത്ത് അറുക്കാന്‍ ഉദ്ദേശിച്ചപ്പോള്‍ തടിച്ച വെളുപ്പു നിറത്തിൽ കലര്‍പ്പു കലര്‍ന്ന കൊമ്പുള്ള രണ്ട് ആടുകളെ വാങ്ങി  ഒന്നിനെ  തൗഹീദ് കൊണ്ട് സാക്ഷ്യം വഹിച്ച തന്‍െറ സമുദായത്തിന്‍െറ പേരിലും രണ്ടാമത്തേതിനെ അവിടുത്തെയും കുടുംബത്തിന്‍െറയും പേരിലും അറുത്ത് കൊടുത്തിരുന്നു.
      ( മുസ്നദ് അഹ്മദ് 25885)
ഇങ്ങനെ പല ഹദീസുകളും ഇവിഷയകരമായി വന്നിട്ടുണ്ട്.
             ഉള്ഹിയ്യത്ത് കര്‍മ്മം ശക്തമായ സുന്നത്താണ്  . ചിലർ നിര്‍ബന്ധമാണെന്ന് പറഞ്ഞിട്ടുണ്ട്. ഇമാം ഇബ്നു ഹജര്‍ (റ) എഴുതുന്നു തനിക്കും താന്‍ ചിലവ് നല്‍കല്‍ നിര്‍ബന്ധമായവര്‍ക്കും ഭക്ഷണം, വസ്ത്രം, വീട് തുടങ്ങിയ ആവശ്യങ്ങള്‍ കഴിഞ്ഞ് മുതൽ ബാക്കി വരുന്ന ബുദ്ധിയും , പ്രായപൂർത്തിയും തന്‍റേടവുമുള്ള സ്വതന്ത്രനായ ( ഭാഗികമായിട്ടാണെങ്കിലും) എല്ലാ മുസ്ലിമിനും ഉള്ഹിയ്യത്ത് അറുക്കല്‍ ശക്തിയായ സുന്നത്താണ്.  നിര്‍ബന്ധമാണെന്ന ഒരു അഭിപ്രായം ഉള്ളതിനാല്‍ അത് ഉപേക്ഷിക്കല്‍ നിര്‍ബന്ധമാണ്. (തുഹ്ഫ-9/344)
        ഇത് സുന്നത്ത് കിഫായയാണ് അഥവ വീട്ടിലെ ഒരു വ്യക്തി നിയ്യത്ത് ചെയ്താൽ തന്നെ കിഫായ എന്നത് വീടുന്നതാണ്. എന്നാൽ കൂലി നിയ്യത്ത് ചെയ്ത വ്യക്തിക്കു മാത്രം. എന്നാല്‍ ഒരു വ്യക്തി മാത്രമാണെങ്കില്‍ സുന്നത്ത് വ്യക്തി പരമാവും . സുന്നത്ത് കിഫായക്കുള്ള രേഖ അബൂ അയ്യൂബുല്‍ അന്‍സാരി (റ) വില്‍ നിന്ന് ഉദ്ദരിക്കുന്ന ഹദീസാണ് ഒരു ആടിനെ ഞങ്ങള്‍ ഉള്ഹിയ്യത്ത് അറുക്കുമായിരുന്നു. ഒരാൾ തന്നെ തൊട്ടും തന്‍െറ വീട്ടുകാരെ തൊട്ടും അതിനെ അറുക്കും ( സുനനില്‍ കുബ്റ 18832, മുഅ്ജമില്‍ കബീർ 3919)  ഇവിടെ വീട് എന്നാല്‍ അവന്‍െറ ചിലവ് പറ്റി ജീവിക്കുന്നവരാണ് , അതല്ല ഒരു കൂരക്കുളളില്‍ ഉള്ളവരാണ്, അല്ലങ്കില്‍ അടുത്ത കുടുംബക്കാര്‍ ആണ് എന്നുമുണ്ട്. എന്നാൽ ഒരു വീട്ടില്‍ എല്ലാര്‍ക്കും കൂലി ലഭിക്കണമെങ്കില്‍ ഒാരോരുത്തരുടെ പേരിലും അറവ് നടക്കണം. ഒരു വ്യക്തിക്ക് ഒന്നിനെ അറുക്കാന്‍ പ്രയാസമായാല്‍ ഏഴ് വ്യക്തികൾ കൂടി ഒന്നിനെ അറുത്താല്‍ ആ ബാധ്യത വീടുന്നതാണ്. കൂലി ഏഴുപേര്‍ക്കും എന്നിരുന്നാലം ഏഴു പേരുടെയും വിഹിതത്തില്‍ നിന്ന് സ്വദഖ നല്‍കണം. ഇബ്നു ഖാസിം (റ) പറയുന്നു ഒാരോരുത്തരുടെയും വിഹിതത്തില്‍ നിന്ന് ഒാരോരുത്തരുടെ പേരിലും സ്വദഖ ചെയ്യല്‍ നിര്‍ബന്ധമാണ്. എല്ലാവരെ തൊട്ടും ഒരാൾ നല്‍കിയാല്‍ മതിയാകുകയില്ല. കാരണം ഏഴ് ഉള്ഹിയ്യത്തിന്‍െറ സ്ഥാനത്താണ് എന്നതില്‍ നിന്ന് അങ്ങനെയാണ് വ്യക്തമാവുന്നത്. (ഇബ്നു ഖാസിം 9/349) 
എന്നാല്‍ ഉള്ഹിയ്യത്തിന്‍െറ പ്രതിഫലത്തില്‍ അറുക്കുന്നവന് പങ്കുചേര്‍ക്കാവുന്നതാണ്. നമ്മുടെ മദ്ഹബിലെ അഭിപ്രായം അതാണെന്ന് ഇമാം നവവി (റ) പ്രസ്താവിക്കുന്നു. നബി തങ്ങള്‍ അറവിനു ശേഷം അങ്ങനെ അവിടുത്തെ കുടുംബത്തില്‍ നിന്നും ഉമ്മത്തില്‍ നിന്നും സ്വീകരിക്കണേ എന്ന് അവിടുന്ന പറഞ്ഞ ഇമാം മുസ്ലിം ഉദ്ദരിക്കുന്ന ഹദീസാണ് രേഖ. ഇൗ ഹദീസ് ഉദ്ദരിച്ച് ഇബ്നു ഹജര്‍ (റ) തുഹ്ഫ യില്‍ പറയുന്നു ഇവിടെ പ്രതിഫലത്തില്‍ പങ്കു ചേര്‍ക്കല്‍ മാത്രമാണ് അത് അനുവദനീയമാണ്. എന്നാല്‍ അബൂഹനീഫ (റ)വും മറ്റു ചിലരും ഇത് ഇഷ്ടപെടുന്നില്ല.
         പെരുന്നാൾ നിസ്ക്കാരത്തിന്‍െറ സമയം സൂര്യോദയം മുതല്‍ക്കാണ് നിസ്ക്കാരത്തിനും രണ്ട് ഖുതുബക്കും വേണ്ടുന്ന സമയം കഴിഞ്ഞാണ് അറുക്കേണ്ടത്.
   മൃഗങ്ങൾ
----------------------
ആട്, മാട്, ഒട്ടകം എന്നിവയാണ് ഉള്ഹിയ്യത്ത് അറവിന് പറ്റിയത്. ആടില്‍ നെയ്യാടും കോലാടും പറ്റും . നെയ്യാടിന് ഒരു വയസ്സും കോലാടിന് രണ്ട് വയസ്സുമാണ് പ്രായം. മാടില്‍ കാള, പോത്ത്, പശു, മൂരി, എരുമ എന്നിവയും പറ്റുന്നതാണ്. മാട് വര്‍ഗ്ഗത്തിനും കോലാടിനെ പോലെ രണ്ട് വയസ്സ് പൂര്‍ത്തിയാവണം.  ഒട്ടകത്തിന് അഞ്ചു വയസ്സ് പൂര്‍ത്തിയാവണം. എന്നാല്‍ കാട്ടു പോത്ത് , സങ്കരയിനം തുടങ്ങിയവ പറ്റുകയില്ല .  ഒരേ വര്‍ഗത്തിലെ സങ്കരമാണെങ്കില്‍ പറ്റുന്നതാണ് . (തുഹ്ഫ) 
       ഇൗ പറഞ്ഞ മൃഗങ്ങളില്‍ നിന്ന് തന്നെ പ്രഥമ സ്ഥാനം ഒരാള്‍ ഏഴു ആടുകളെ അറുക്കുന്നതാണ്, അതിന് ശേഷം ഒട്ടകത്തിനാണ് , പിന്നെ മാടിനും അതിനും ശേഷമാണ് ആട്, എന്നാല്‍ ആട് വര്‍ഗത്തില്‍ നെയ്യാടിനാണ് ഒന്നാം സ്ഥാനം പിന്നെയാണ് കോലാട്. അതിനും ശേഷമാണ് ആടും മാടും പങ്കു ചേരുന്നതില്‍ പ്രതിഫലം. ഉത്തമ നിറം വെള്ളയാണ് മറ്റു നിറങ്ങളും പറ്റുന്നതാണ്. തടിച്ചു കൊഴുത്തതും വില കൂടിയതുമാണ് നല്ലത്. ആണാണ് ഉത്തമം. ഉള്ഹിയ്യത്ത് അറുക്കാന്‍ ഉദ്ദേശിക്കുന്ന മൃഗത്തെ തടിപ്പിക്കല്‍ പ്രത്യേകം സുന്നത്താണ്. അത് കൊണ്ടാണ് തടിച്ചു കൊഴുത്തതാണ് നല്ലത് എന്ന് പറഞ്ഞത്. എന്നാല്‍ കൊഴുപ്പ് ഉള്ളതിനെക്കാള്‍ കൂടുതല്‍ മാംസം ഉള്ളത് ഉണ്ടെങ്കില്‍ അതാണ് നല്ലത്. 
      മാംസ കുറവ് ഉണ്ടാവുന്ന ന്യൂനതകൾ മൃഗത്തില്‍ ഇല്ലാതിരിക്കണം . ഭാവിയിൽ വരാൻ സാധ്യത ഉള്ളതും പറ്റുകയില്ല . തുടയില്‍ നിന്ന് വലിയ മാംസം അടര്‍ന്നു പോരല്‍ , മുടന്ത്, ഭ്രാന്ത്, ചെവി, വാല്‍, നാവ്, അകിട്, തുടങ്ങിയവയില്‍ നിന്ന് അല്പം മുറിക്കപ്പെട്ടത്, കാര്യമായ രോഗം, ചെറി, ഒരു കണ്ണിനാണെങ്കിലും കാഴ്ച നഷ്ടപ്പെട്ടത്, ഗര്‍ഭിണി, തീരെ പല്ലില്ലാത്തത് തുടങ്ങിയവാണ് ന്യൂനതകൾ. ഇവകളൊന്നും ഉള്ഹിയ്യത്തിന് പറ്റുകയില്ല. കൊമ്പുള്ളത് നല്ലതാണെങ്കിലും ഇല്ലാത്തതും, പൊട്ടിയതും പറ്റും, അല്പം പോലും നഷ്ടപ്പെടാതെ ചെവിക്ക് കീറലോ, ദ്വാരമോ ഉള്ളത് കൊണ്ട് പ്രശ്നമില്ല. 
            പ്രത്യേകം ഗുണമോ ആവശ്യമോ ഇല്ലാതെ രാത്രി അറവ് നടത്തല്‍ കറാഹത്താണ്. ദുല്‍ഹിജ്ജ 13 ന്‍െറ സൂര്യാസ്തമയ മുമ്പ് വരെ അറുക്കാം . ഈ നാലു പകലുകളില്‍ വല്ല ബുദ്ധിമുട്ടും കാരണമായി അറുക്കാന്‍ സാധിച്ചില്ലങ്കില്‍ രാത്രി അറുക്കാം.                              ഉള്ഹിയ്യത്തും   നേര്‍ച്ചയും 
       ---------------------------------------------- 
    ഇതിനെ ഞാൻ ഉള്ഹിയ്യത്താക്കി എന്ന് തുടങ്ങിയ വാചകങ്ങളിലൂടെ നിര്‍ബന്ധമാവുന്നതാണ്. വാചകമില്ലാതെ വെറും കരുതല്‍ കൊണ്ട് മാത്രം അറവ് നിര്‍ബന്ധമാവില്ല, ഉൗമയാണെങ്കില്‍ വ്യക്തമായ ആംഗ്യം നിര്‍ബന്ധമാണ്.  നിര്‍ബന്ധമായ ഉള്ഹിയ്യത്ത് ഫഖീര്‍, മിസ്ക്കീന്‍ എന്നിവര്‍ക്ക് മാത്രം ധനികന് നല്‍കാന്‍ പാടില്ല. അപ്രകാരം തന്നെ നേര്‍ച്ചയാക്കിയ വ്യക്തിക്കോ ആശ്രിതര്‍ക്കോ എടുക്കാന്‍ പാടില്ല. .നബി കുടുംബത്തിന്‍െറ അവസ്ഥയും തഥെെവ. നേര്‍ച്ചയാക്കിയ മൃഗത്തിനെ തന്നെ അറുക്കണം. അതിന് പകരം മറ്റൊന്ന് മതിയാകുന്നതല്ല. ആ നിബന്ധന ഉള്ളതാണെങ്കിലും ശരി. അതിന് വല്ല നൂനത ഉണ്ടാവുകയോ, നശിപ്പിക്കുകയോ ചെയ്താൽ നിബന്ധനകളൊത്ത ഒന്നിനെ അറുക്കല്‍ നിര്‍ബന്ധമാണ്. ന്യൂനതയുള്ളത് മതി വരില്ല.  നേര്‍ച്ചയാക്കിയത് ആ വര്‍ഷം തന്നെ അറുക്കണം പിന്തിക്കാന്‍ പറ്റില്ല. 
     നേര്‍ച്ചക്ക് ശേഷം ന്യൂനത വന്നതാണ് അതു തന്നെ അവന്‍െറ വീഴ്ച്ച കൂടാതെയാണ് എന്നാല്‍ സമയമാകുബോള്‍ അതിനെ അറുത്താല്‍ മതി വരും, ഉള്ഹിയ്യത്ത് ലഭിക്കും. ന്യൂനത വീഴ്ചമൂലം വന്നതാണ് എന്നാല്‍ അത് മതിവരില്ല അതിനോടു കൂടെ ന്യൂനത ഇല്ലാതെ മറ്റൊന്നിനെ കൂടി അറുക്കല്‍ നിര്‍ബന്ധമാണ്.  നിര്‍ബന്ധമായ ഉള്ഹിയ്യത്തില്‍ ഇങ്ങനെ ധാരാളം ബുദ്ധിമുട്ടുകള്‍ ഉള്ളതിനാല്‍ നേര്‍ച്ചയാക്കുബോള്‍ വളരെ ശ്രദ്ധിക്കേണ്ടതുണ്ട്.
              ജീവിച്ചിരിക്കുന്നവര്‍ക്ക് വേണ്ടി അറവ് നടത്തുബോള്‍ സമ്മതം ആവശ്യമാണ്. സമ്മതമില്ലങ്കില്‍ സ്വീകാര്യമല്ല. മരിച്ചവര്‍ക്ക് വേണ്ടിയാണങ്കില്‍ വസ്വിയത്ത് ഉണ്ടായിരിക്കണം. അല്ലാത്തതും പറ്റില്ല നബി തങ്ങള്‍ വസ്വിയത്ത് ചെയ്തതായും അലി (റ) അവിടുത്തെ വഫാത്തിന് ശേഷം അറുത്തതായും സ്വീകാര്യ യോഗ്യമായ ഹദീസുകളില്‍‍ വന്നിട്ടുണ്ട്. എന്നാല്‍ നിര്‍ബന്ധ ഉള്ഹിത്ത്യ്യ പ്രകാരം അവനും കുടുംബത്തിനും എടുക്കാന്‍ പാടില്ല. 
               സ്വന്തം കെെകൊണ്ട് അറവ് നടത്തലാണ് ഉത്തമം. അതിന് പറ്റിയിട്ടില്ലങ്കില്‍ അവിടെ സന്നിഹിതനാവണം. അറുക്കുന്ന സമയം തക്ബീര്‍ ചൊല്ലല്‍ സുന്നത്തുണ്ട്. ഉള്ഹിയ്യത്ത് ഉദ്ദേശിച്ചവന് ദുല്‍ഹിജ്ജ ഒന്ന് മുതല്‍ അറവ് തീരും വരെ മുടി,നഖം,പല്ല് , മീശ,താടി മറ്റുശരീര ഭാഗങ്ങള്‍ ആവശ്യമില്ലാതെ നീക്കം ചെയ്യാതിരിക്കല്‍ സുന്നത്തുണ്ട്. സുഗന്ധം പ്രശ്നമില്ല. അങ്ങനെ നീക്കം ചെയ്യല്‍ ശാഫിഈ മദ്ഹബ് പ്രകാരം കറാഹത്തും മറ്റു ചില മദ്ഹബ് വീക്ഷണ പ്രകാരം ഹറമുമാകും അഹ്മദ് ഇമാം അതില്‍ പെടുന്നു. പുത്തന്‍ ആശയക്കാരനില്‍ നിന്ന് വാങ്ങാതിരിക്കലാണ് ചെയ്യേണ്ടത് അവരോടുള്ള നിസ്സഹകരണ സമീപനം ഇതിനും വേണം. അവന്‍െറ ആശയം പിഴച്ചതാണ് കാരണം.  സുന്നത്തായ ഉള്ഹിയ്യത്തില്‍ നിന്ന് നാട്ടില്‍ നല്‍കിയ ശേഷം വേണമെങ്കില്‍ നിര്‍ബന്ധ അളവു കഴിച്ച്  ബാക്കിയുള്ളതില്‍ നിന്ന് നല്‍കാം എന്നാല്‍   നിര്‍ബന്ധ ഉള്ഹിയ്യത്ത് മുഴുവനും അവിടെ തന്നെ  നല്‍കണം നീക്കം ചെയ്യാന്‍ പാടില്ല.  അതുപോലെ തന്നെ നിര്‍ബന്ധമായ ഉള്ഹിയ്യത്തില്‍ നിന്ന് അല്പം പോലും അവന് കഴിക്കാന്‍ പറ്റില്ലെന്ന്  പറഞ്ഞുവല്ലോ എന്നാല്‍ സുന്നത്തായതില്‍ നിന്ന്  അല്പം കരള്‍ ഭക്ഷിച്ച് ബാക്കി മുഴുവനും സ്വദഖ ചെയ്യലാണ് ഉത്തമം. തോലു പോലെയുള്ളത് അവന് എടുക്കുകയോ സ്വദഖ ചെയ്യുകയോആവാം വില്‍ക്കാന്‍ പാടില്ല. 
                 പ്രത്യേകം  ശ്രദ്ധിക്കേണ്ട ഒരു വിഷയം നമ്മുടെ അയല്‍വാസികളായി ധാരാളം അമുസ്ലിംകള്‍ ഉണ്ടാവും അവര്‍ക്ക് സുന്നത്തായാലും നിര്‍ബന്ധമായാലും രണ്ടില്‍ നിന്നും കൊടുക്കാന്‍ പാടില്ല. വേവിച്ചിട്ടാണെങ്കിലും പാടില്ല. ലഭിച്ചവർക്കും പാടില്ല . അത് ഉള്ഹിയ്യത്തിന്‍െറ  പ്രത്യേകതയാണ് . ഇങ്ങനെ ചില കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതുണ്ട്.
           9048740007
       
        

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍