സ്വർഗം മാടി വിളിക്കുന്ന നാലു വിഭാഗം

മുനീർ അഹ്സനി ഒമ്മല
9048740007

................................................................
        
      പരലോകത്ത് സുകൃതം ചെയ്ത സച്ചിതർക്ക് ലഭിക്കുന്ന ഇടമാണ് സ്വർഗം. നേടിയെടുക്കാൻ വളരെ പ്രയാസകരമാണ് നശ്വരമായ ഇഹലോകത്ത് നന്മകൾ സമ്പാദിക്കുകയും ഏകനായ നാഥന്റെ കൽപ്പനക്ക് വിധേയമായി ജീവിക്കുകയും ചെയ്താൽ മാത്രമേ അത് ലഭിക്കൂ . ഈ സ്വർഗം ഇങ്ങോട്ട് ആഗ്രഹം വെക്കുന്ന നാല് വിഭാഗമുണ്ട് അവരെ തിരുനബി (സ ) പരിചയപ്പെടുത്തുന്നു.

    الجنة مشتاقة إلى أربعة نفر : تالى القران، وحافظ اللسان،ومطعم الجيعان، والصائمين فى شهر رمضان
നാലു വിഭാഗത്തെ സ്വർഗം ആഗ്രഹിക്കും ഖുർആൻ പാരായണം ചെയ്യുന്നവർ, നാവിനെ സംരക്ഷിക്കുന്നവർ, വിശക്കുന്നവരെ ഭക്ഷിപ്പിക്കുന്നവർ , വിശുദ്ധ റമളാനിൽ നോമ്പനുഷ്ഠിക്കുന്നവർ.
ഈ നാലു വിഭാഗത്തിൽ ഏതെങ്കിലും ഒന്നിലെങ്കിലും ഉൾപെടാൻ വിശ്വാസികൾ പരിശ്രമിക്കണം എന്നാൽ ഈ നാലു വിഭാഗത്തിൽ ഒന്നിച്ച് ഉൾപ്പെടാൻ ഏറ്റവും അനിയോജ്യമായ സമയമാണ് വിശുദ്ധ റമളാൻ. കാരണം സുകൃതങ്ങൾ അധികമായി ചെയിത് പുണ്യങ്ങൾ വാരിയെടുക്കുന്ന വേളയാണല്ലോ റമളാനിലെ ദിനരാത്രങ്ങൾ അത് കൊണ്ട് തന്നെ ഈ ദിനങ്ങളിൽ ഈ നാലു കാര്യങ്ങളിൽ അതീവ ശ്രദ്ധ ചെലുത്തിയാൽ സ്വർഗം പ്രതീക്ഷിച്ച് നിൽക്കുന്ന നാലു വിഭാഗത്തിൽ നമുക്കും ഉൾപ്പെടാം

ഖുർആൻ പാരായണം ചെയ്യുന്നവർ

         ആദ്യമായി നബി (സ) പറഞ്ഞ വിഭാഗം ഖുർആൻ പരായണം ചെയ്യുന്ന വിഭാഗമാണ്. റമളാൻ ഖുർആൻ അവതരിച്ച മാസം തന്നെ ആയതിനാൽ ഖുര്‍ആന്‍ പാരായണം ചെയ്യാനും  പഠിക്കാനും ഉള്‍ ക്കൊള്ളാനും ഏറ്റം
അനുയോജ്യമായ പരിസരമാണ് നോമ്പ് കാലം. നോമ്പ് ഒരു വഴിയാണെങ്കില്‍ ‍
ആ വഴിയിലെ വെളിച്ചമാണ് ഖുര്‍ആന്‍ . 
                     റമളാനിലെ ഖുര്‍ആന്‍ പാരായണംകൊണ്ടുദ്ദേശിക്കപ്പെട്ടിട്ടുള്ളത് കേവലം വായിച്ചു തീര്‍ക്കലല്ല; പഠനവും ഗ്രഹനവുമാണ്.തിരുനബിയുടെയുംശിഷ്യന്മാരുടെയും രീതി അതായിരുന്നു.
എല്ലാ റമളാന്‍ മാസങ്ങളിലും ജിബ്‌രീല്‍(അ) വന്ന് നബി(സ)യെക്കൊണ്ട് അതുവരെ അവതരിച്ച ഖുര്‍ആന്‍
ഓതിക്കാറുണ്ടായിരുന്നുവെന്ന്
ഹദീസുകളില്‍ പറയുന്നു. ഈ ഓതിക്കല്‍പഠിപ്പിക്കലും
പാഠപരിശോധനയുമായിരുന്നുവെന്ന് വ്യക്തം. അര്‍ത്ഥം അറിയാതെ ഇലാഹീ വചനമാണെന്ന വിധത്തില്‍ പാരായണം ചെയ്താലും പുണ്യം ലഭിക്കുമെന്നാണ് പ്രബലമായ അഭിപ്രായം. ഈ വിധത്തിലുള്ള വായനക്ക് ഏറ്റംഉചിതമായ അവസരമാണ് റമളാന്‍.
       പാരായണത്തിന്‍െറ പുണ്യത്തില്‍ നിരവധി ഹദീസുകൾ വന്നിട്ടുണ്ട്. അതില്‍ ചിലത് : അബീഉമാമ(റ)യില് നിന്ന് നിവേദനം:റസൂല്(സ) പറയുന്നത് ഞാന് കേട്ടു. നിങ്ങള്‍ ഖുര്‍ആന്‍ പാരായണം ചെയ്യണം.
പാരായണം ചെയ്യുന്നവര്‍ക്ക്
അന്ത്യദിനത്തില്‍ അത്
ശുപാര്‍ശക്കാരനായിവരുന്നതാണ്.(മുസ്ലിം)
നവ്വാസ്(റ)ല് നിന്ന് ഉദ്ദരണി: റസൂൽ(സ)പറയുന്നത് ഞാന് കേട്ടു: ഖുര്ആനുംഇഹത്തില് അതനുസരിച്ച് ജീവിതംനയിച്ച അഹ്ലുല് ഖുര്ആനും അന്ത്യദിനത്തില്‍ കൊണ്ടുവരപ്പെടും.
അവയില്‍ നിന്ന് ബഖറ സൂക്തവും
ആലുഇംറാന് സൂക്തവും അതനുസരിച്ച്
പ്രവര്‍ത്തിച്ചവര്‍ക്കുവേണ്ടി
വാദിക്കുന്നതാണ്. (മുസ്ലിം)
ഉമറി(റ)ല് നിന്ന് നിവേദനം: നബി(സ)തറപ്പിച്ചു പറഞ്ഞു: നിശ്ചയം, അല്ലാഹുഈ ഖുര്‍ആന്‍ മുഖേന ചില ജനങ്ങളെ ഉയര്ത്തുകയും മറ്റു ചിലരെ താഴ്ത്തുകയും ചെയ്യും. (മുസ്ലിം)) ഇബ്നുമസ്ഉദി(റ)ല്‍ നിന്ന് ഉദ്ദരണി:റസൂല്(സ) പറഞ്ഞു: ഖുര്ആനിലെ ഒരക്ഷരംവല്ലവനും പാരായണം ചെയ്യുന്നപക്ഷം അവന് ഒരു നന്മ ലഭിക്കും. ഏതൊരു നന്മക്കും
പത്തിരട്ടിയാണ് പ്രതിഫലം.
അലിഫ്ലാമീം ഒരു അക്ഷരമാണെന്ന്
ഞാന് പറയുന്നില്ല. പക്ഷേ! അതിലെ അലിഫ് ഒരക്ഷരവും ലാം മറ്റൊരുഅക്ഷരവും മീം വേറൊരു അക്ഷരവുമാകുന്നു. (തിര്‍മിദി)
    ഹസീനത്തുൽ അസ്റാർ എന്ന കിതാബിൽ പറയുന്നുണ്ട് ഖുര്‍ആന്‍
പാരായണമെന്നത് അല്ലാഹു
മനുഷ്യന് നല്കിയ ഒരു ബഹുമാനമാണ്. അത് മലക്കുകള്‍ക്ക്നല്കപ്പെട്ടിട്ടില്ല. മലക്കുകള്‍മനുഷ്യരില്നിന്നും ഖുര്‍ആന്‍
കേള്‍ക്കാന്‍ആഗ്രഹിക്കുന്നവരാണ്’ (ഖസീനത്തുല്‍അസ്റാര്‍). 
       ചുരുക്കത്തിൽ വിശുദ്ധ ഖുർആൻ പാരായണം നിർവഹിക്കാൻ പറ്റിയ മാസം റമളാൻ ആയതിനാൽ ഈ വിഭാഗത്തിൽ ഉൾപ്പെടാൻ നമുക്ക് കഴിയണം.

നാവിനെ സംരക്ഷിക്കുന്നവർ

നമ്മുടെ ശരീരത്തിൽ നാം ഏറ്റവും കൂടുതൽ ശ്രദ്ധിക്കേണ്ട ഒരു അവയവമാണ്. ഈ അവയവം മൂലം നിരവധി അപകടങ്ങൾ വന്നെത്തിച്ചേരും അനാവശ്യ സംസാരങ്ങൾ ഒഴിവാക്കി നടക്കുവാനായി സദാസമയവും വായയിൽ കല്ലിട്ടു നടന്നിരുന്ന മഹത്തുക്കളെ നമുക്ക് ചരിത്രം പറഞ്ഞു തരുന്നുണ്ട്. നാവിനെ കാര്യം അത്രക്കും അപകടം പിടിച്ചതാണ് നാവിനെ സൂക്ഷിച്ചാൽ എല്ലാ കാര്യങ്ങളിൽ നിന്നും മുക്തി നേടാം തിരുനബി പറയുന്നു: ഓരോ പ്രഭാതങ്ങളിലും ശരീരത്തിലെ ഓരോ അവയവങ്ങളും നാവിനോട് ഒരു ആവശ്യമുന്നയിക്കുന്നു അല്ലാഹുവിനെ ഭയക്കുക ; ഞങ്ങളെല്ലാവരും നിന്റെ ഗതിയനുസരിച്ചാണ്, നീ ഇന്നു നല്ലത് പ്രവർത്തിച്ചാൽ ഞങ്ങളും നന്നാകും നീ മോശമായാൽ ഞങ്ങളുടെ കാര്യവും അപകടം തന്നെ. ചുരുക്കത്തിൽ ശരീരത്തിന്റെ മുഴുവൻ അവയവത്തിന്റെയും ഗതി നാവിന്റെ ഗമനമനുസരിച്ചാണ്. അതിനാൽ നാവിനെ സൂക്ഷിച്ചേ മതിയാവൂ,
         ഇതിന് ഏറ്റവും ഉചിതമായ മാർഗം ദിക്ർ, സ്വലാത്ത്, ഖുർആൻ പാരായണം തുടങ്ങിയവയാൽ നാവ് എപ്പോഴും വ്യാപൃതനാവണം അതിന് യോജിച്ച അവസരമാണ് റമളാൻ മാസം. ഖത്മുകൾ കൂടുതലായി പാരായണം നിർവഹിച്ച് സ്വർഗം പ്രതീക്ഷിച്ച് നിൽക്കുന്ന വിഭാഗത്തിൽ പെടാൻ നമ്മുടെ നാവിനെ പാകപ്പെടുത്താൻ സാധിക്കും. കാരണം
ഒരാള്‍ രാവിലെ മുതല്‍ വൈകുന്നേരം വരെ അന്നപാനീയങ്ങള്‍ ഒഴിഞ്ഞ് വ്രതം അനുഷ്ഠിച്ചാല്‍ അവനു നോമ്പിന്റെ കൂലി ലഭിക്കാന്‍ പോകുന്നില്ല. മറിച്ച് അവന്റെ നാവുകള്‍ എയ്തു വിടുന്ന അമ്പുകളെ സൂക്ഷിക്കുക. കളവ്, ഏഷണി, പരദൂഷണം മുതലായവയില്‍ നിന്നു നിര്‍ബന്ധമായും അവന്‍ ഒഴിഞ്ഞു നില്‍ക്കേണ്ടതുണ്ട്  ഇതിന് ഖുർആനും ദിക്റുകളുമായി റമളാൻ കഴിച്ച് കൂട്ടിയേ പറ്റൂ. ഒരു സ്വഹാബി നബി തങ്ങളോട് ചോദിച്ചു ഇസ്ലാമിക ശരീഅത്തുകൾ ധാരാളമുണ്ട് എനിക്ക് മുറുകെ പിടിക്കാൻ പറ്റുന്ന ഏറ്റവും നല്ല കാര്യം പറഞ്ഞു തന്നാലും ,മറുപടി: നിന്റെ നാവ് എപ്പോഴും ദിക്റ് കൊണ്ട് പച്ച പിടിച്ചു കൊണ്ടിരിക്കട്ടെ.(തുർമുദി 3382) 
വഹബുബ്നു മുനബ്ബഹ് (റ) വിൽ നിന്ന് ഉദ്ധരണി: ഞാൻ സബൂറിൽ കണ്ട സംഭവം : അല്ലാഹു ദാവൂദ് നബി ( അ ) യോട് ചോദിച്ചു :യാ ദാവൂദ് സ്വിറാതിൽ ഏറ്റവും വേഗത്തിൽ സഞ്ചരിക്കുന്നത് ആരാണെന്ന് താങ്കൾക്കറിയുമോ ? എന്റെ വിധിയിൽ തൃപ്ത്തിപ്പെടുകയും നാവ് എന്റെ ദിക്റുകൊണ്ട് പച്ചപിടിക്കുകയും ചെയ്തവരാണെന്ന് അല്ലാഹു പറഞ്ഞു (ഇബ്നു അബിദുൻയാ) എല്ലാ സമയവും നാവ് ദിക്റിലായിരിക്കണമെന്നാണ് ഈ സംഭവം അറിയിക്കുന്നത്. 
      നാവിനെ സൂക്ഷിക്കുന്നതിന്റെ ആവശ്യകഥയെ സംബന്ധിച്ച് 
ഇമാം ഗസ്സാലി (റ) പറയുന്നു: "നാവ് അല്ലാഹുവിന്റെ അപാരമായ അനുഗ്രഹങ്ങളില്‍ ഒന്നാണ്, അവന്റെ അത്ഭുതകരമായ സൃഷ്ടിവൈഭവത്തില്‍ പെട്ടതാണ്. അതിന്റെ വലിപ്പം ചെറുതാണ്. എന്നാല്‍ അതുകൊണ്ടുണ്ടാവുന്ന അപകടം വളരെ വലുതാണ്. ഇമാനും കുഫ്റും വ്യക്തമാകുന്നത് അതിലൂടെയാണ്. മനുഷ്യശരീരത്തിലെ ഏറ്റവും ധിക്കാരം കാണിക്കുന്ന ഒരവയവമാണത്. അതിനെ കെട്ടഴിച്ചുവിടാന്‍ യാതൊരു പ്രയാസവുമില്ല. ചലിപ്പിക്കുവാനും. മനുഷ്യന്‍ അതിന്റെ അപകടങ്ങളും പ്രത്യാഘാതങ്ങളും ലാഘവത്തോടെ കാണുന്നതിനാല്‍ അതിന്റെ ചതിക്കുഴികളും കെണികളും നിസ്സാരമാക്കി തള്ളുന്നു. അതാകട്ടെ മനുഷ്യനെ പിഴപ്പിക്കാനിരിക്കുന്ന പിശാചിന് ലഭിക്കുന്ന ഏറ്റവും വലിയ ഉപകരണമത്രെ. കടിഞ്ഞാണിടാതെ നാവിനെ ആരെങ്കിലും ഊരിവിട്ടാല്‍ പിശാച് അതിനെയും കൊണ്ട് സര്‍വയിടങ്ങളിലും മേയുന്നതാണ്. അങ്ങനെ അവനെ ആപത്തിന്റെ അഗാധ ഗര്‍ത്തങ്ങളില്‍ തള്ളിവിടുന്നു. ഒടുക്കം നരകത്തിലേക്കും. ജനങ്ങളെ കൂട്ടത്തോടെ നരകത്തിലേക്ക് കൂപ്പുകുത്തിക്കുന്നത് അവരുടെ നാവുകള്‍ കൊയ്യുന്നതല്ലാതെ മറ്റെന്തങ്കിലുമാണോ? നാവിന്റെ ആപത്തില്‍ നിന്ന് രക്ഷപ്പെടുന്നവര്‍ അതിനെ ശരീഅത്തിന്റെ കടിഞ്ഞാണ്‍ കൊണ്ട് നിയന്ത്രിച്ചവന്‍ മാത്രമാണ്.അതിനാല്‍ ഇഹലോകത്തും പരലോകത്തും ഉപകാരമുള്ളതിലല്ലാതെ അതുപയോഗിക്കാവുന്നതല്ല. അതിനു കഴിയാത്ത വേളയില്‍ മൗനം ദീക്ഷിക്കുക. തിരുനബി(സ) പറഞ്ഞു: "ആരെങ്കിലും മൗനം ദീക്ഷിച്ചാല്‍ അവന്‍ രക്ഷപ്പെട്ടു.'' (ഇഹ് യാ ഉലൂമുദ്ദീന്‍ )
      നാവിനെ വിനയെ സംബന്ധിച്ച് ഒരു സംഭവം കാണാം അബ്ദുല്ലാ ( റ ) സ്വഫാ പർവ്വതം കയറിയപ്പോൾ അവിടുത്തെ നാവ് പിടിച്ച് കൊണ്ട് പറഞ്ഞു: യാ ലിസാൻ നീ നല്ലത് പറയുക, എന്നാൽ വിജയിക്കാം. തിന്മയിൽ നിന്ന് മൗനം പാലിക്കുക എന്നാൽ ഖേദിക്കും മുൻപ് രക്ഷപ്പെടാം, ശേഷം അവിടുന്ന് പറഞ്ഞു മനുഷ്യരുടെ കൂടുതൽ തെറ്റുകളും അവന്റെ നാവിലൂടെയാണ് ഉണ്ടാവുന്നതെന്ന് നബി തങ്ങൾ പറയുന്നതായി ഞാൻ കേട്ടിട്ടുണ്ട് എന്തൊരു അർത്ഥവത്തായ ഉപദേശം ആയതിനാൽ നമ്മുടെ നാവ് സംരക്ഷിച്ച് സ്വർഗം ആഗ്രഹിക്കുന്നവരിൽ പെടാൻ നാം ശ്രദ്ധ ചെലുത്തണം

വിശക്കുന്നവരെ ഭക്ഷിപ്പിക്കുന്നവർ

             മൂന്നാമത്തെ വിഭാഗം വിശക്കുന്നവർക്ക് ഭക്ഷണം നൽകുന്നവരാണ് ഇത് എപ്പോഴും നേടിയെടിക്കാൻ കഴിയുന്നതാണങ്കിലും റമളാനിൽ നേമ്പ് തുറപ്പിക്കുന്നതിലൂടെ ഇത് വളരെ വേഗം സ്വായത്തമാക്കാം. റമളാൻ മാസത്തിലെ പ്രത്യേക സുന്നത്തായ ഇത് കൊണ്ട് അപരന്റെ വിശപ്പ് മാറ്റാൻ കൂടി ലക്ഷ്യം വെക്കുന്നുണ്ടെങ്കിൽ വർധിച്ച പ്രതിഫലമാണ് ലഭിക്കുന്നത്. ഇസ്ലാം ഇക്കാര്യം വളരെ പ്രോത്സാഹിപ്പിക്കുന്നുണ്ട്. റമളാൻ മാസം നോമ്പ് തുറ ഒരുക്കുന്നതിന്റെ മഹത്വം മുത്ത് റസൂൽ (സ) വിവരിക്കുന്നു : നബി(സ) പറഞ്ഞു: ‘റമസാനില്‍ നോമ്പ് നോറ്റ ഒരുവനെ നോമ്പ് തുറപ്പിച്ചാല്‍ തുറപ്പിച്ചവന് അത് പാപങ്ങളില്‍ നിന്നുള്ള മോചനത്തിനും നരകമോചനത്തിനും കാരണമാകുന്നതാണ്. മാത്രവുമല്ല, നോമ്പ് തുറന്നവന്റെ പ്രതിഫലത്തില്‍ നിന്ന് ഒന്നും കുറയാതെ തന്നെ അതിന് സമാനമായ പ്രതിഫലം തുറപ്പിച്ചവന് ഉണ്ടായിത്തീരുന്നതുമാണ്.’ സ്വഹാബികളപ്പോള്‍ അവരുടെ ആശങ്ക നബി(സ)യെ അറിയിച്ചു. നോമ്പുകാരനെ തുറപ്പിക്കാനാവശ്യമായത് ഞങ്ങളാരുടെയും അടുത്തില്ലല്ലോ. അപ്പോള്‍ നബി(സ) പറഞ്ഞു: ഒരിറക്ക് പാലോ ഒരു കാരക്കയോ ഒരിറക്ക് വെള്ളമോ നല്‍കി നോമ്പ് തുറപ്പിച്ചവനുള്ള പ്രതിഫലമാണിത്. നോമ്പുകാരന് വിശപ്പ് മാറും വിധം ഭക്ഷണം നല്‍കിയാല്‍ എന്റെ ഹൗളില്‍ നിന്നും അവനെ അല്ലാഹു കുടിപ്പിക്കുന്നതാണ്. അത്രയും അളവ് വെള്ളം എന്റെ ഹൗളില്‍ നിന്ന് കുടിക്കാന്‍ ഭാഗ്യമുണ്ടായവന് പിന്നീട് സ്വര്‍ഗപ്രവേശനം വരെ ദാഹമുണ്ടാകുന്നതല്ല’.
      ഭക്ഷണം കഴിപ്പിക്കുന്നതിന്റെ പുണ്യങ്ങളെയും പ്രാധാന്യത്തേയും തിരുനബി ധാരാളമായി ഓർമ്മപ്പെടുത്തിയിട്ടുണ്ട് ദീനയില്‍വെച്ചു നടത്തിയ നബി (സ്വ) യുടെ ആദ്യ പ്രസംഗത്തില്‍ ഇങ്ങനെ പറഞ്ഞു: ജങ്ങളേ, നിങ്ങള്‍ സലാം (അഭിവാദനം) വ്യാപിപ്പിക്കുക. ഭക്ഷണം നല്‍കുക. കുടുംബ ബന്ധങ്ങള്‍ ചേര്‍ക്കുക. ജനങ്ങള്‍ ഉറങ്ങുന്ന വേളയില്‍ നിസ്‌കാരം നിര്‍വഹിക്കുക. സുരക്ഷിതരായി നിങ്ങള്‍ക്ക് സ്വര്‍ഗത്തില്‍ പ്രവേശിക്കാം (തുര്‍മുദി). വീണ്ടും പറയുന്നു 
ഇസ്‌ലാമില്‍ ഉത്തമമായ കര്‍മം ഏതെന്നു നബി(സ)യോട് ചോദിക്കപ്പെട്ടു. ‘ നീ ഭക്ഷണം കഴിപ്പിക്കുക. അറിയുന്നവനോടും അറിയാത്തവനോടും സലാം പറയുക’ എന്നതായിരുന്നു തങ്ങളുടെ മറുപടി (ബുഖാരി)
      മുത്ത് നബിയിൽ നിന്നും ഇതിന്റെ പ്രതിഫല വിവരണം വേണ്ടുവോളം ലഭിച്ച പുണ്യ സ്വഹാബത്ത് അതിഥി സൽക്കാരങ്ങൾക്കും വിശക്കുന്നവർക്കും ഭക്ഷണം നൽകാൻ മത്സരമായിരുന്നു . രാത്രി പട്ടിണി കിടന്നും ഇല്ലായിമ ഉള്ളിലൊതുക്കിയും അവർ വിശന്നു വരുന്നവരെ സൽക്കരിച്ചു തന്റെ അയൽവാസി പട്ടിണിക്കിടക്കുമ്പോൾ വയറ് നിറക്കുന്നവർ നമ്മിൽ പെട്ടവരല്ലന്ന തിരുനബി പാഠം അവർ ശരിക്കും ഉൾകൊണ്ടിരുന്നു. മാത്രമല്ല അയൽവാസികൾ, വിശക്കുന്നവർ ആരായാലും ഭക്ഷണം നൽകണമെന്ന വലിയ മാനവിക മൂല്യമാണ് മുത്ത് നബി പഠിപ്പിക്കുന്നത്.
        മുത്ത് നബിയുടെയും സ്വഹാബത്തിന്റെയും പാദസ്പർശവും അനുഗ്രഹവും മതിവരുവോളം ലഭിച്ച പുണ്യനഗരങ്ങളായ മക്കയിലും മദീനയിലും വിശുദ്ധ റമളാനിലെ നോമ്പ് തുറപ്പിക്കലിനായി ഇന്നും അവർ തിരക്ക് കൂട്ടുക തന്നെയാണ് . 
        
വിശുദ്ധ റമളാനിൽ നോമ്പനുഷ്ഠിക്കുന്നവർ
     
നാലാമത്തെ വിഭാഗം വളരെ പ്രധാനപ്പെട്ടതാണ് . നോമ്പനുഷ്ഠിച്ചവർക്ക് സ്വർഗത്തിൽ പ്രത്യേകകവാടം തന്നെ ഉണ്ട്. ആയതിനാൽ നോമ്പ് കാർക്ക് പ്രത്യേകം നൽകുന്ന ഓഫറാണ് സ്വർഗം.നബി (സ്വ) പറയുന്നു." സ്വർഗത്തിൽ ഒരു കവാടമുണ്ട്. റയ്യാൻ കവാടം, നോമ്പുകാർക്ക് സംവരണം ചെയ്യപ്പെട്ട വാതിലാണത് ".
നോമ്പ് കഴിഞ്ഞുപോയ പാപങ്ങൾക്കുള്ള പരിഹാരമാണ്. റമളാന് മുൻപ് നമ്മിൽ നിന്നും വന്നുപോയ പാപങ്ങൾക്കുള്ള മോക്ഷമാണ് വിശുദ്ധ റമളാൻ.
       റമളാൻ നോമ്പ് അനുഷ്ഠിച്ചവർക്ക് നൽകാൻ പോവുന്നതിനെ അല്ലാഹു തന്നെ പറയുന്നു:നോമ്പ്എനിക്കുള്ളതാണ്, ഞാനാണ് അതിന് പ്രതിഫലം നല്‍കുന്നത് (ബുഖാരി, മുസ്ലിം). അല്ലാഹു നൽകുന്ന പ്രതിഫലം എന്താണ് ? നൽകാൻ ഏറ്റവും നല്ലത് സ്വർഗം തന്നെ കാരണം അതിനും വലിയ മറ്റൊരു പ്രതിഫലം എന്താണുള്ളത് അതാണ് മുത്ത് നബി പറഞ്ഞത്
നോമ്പുകാര്‍ നാളെ റയ്യാന്‍ എന്ന വാതിലിലൂടെ സ്വര്‍ഗത്തില്‍ പ്രവേശിക്കും (ബുഖാരി). വീണ്ടും നബി(സ്വ) പറഞ്ഞു: സ്വര്‍ഗത്തില്‍ ഒരു സുന്ദരസൗധമുണ്ട്. അതിന്റെ പുറം ഉള്ളില്‍ നിന്നും ഉള്‍തലം പുറത്തുനിന്നും കാണും. സ്വഹാബത്ത് ചോദിച്ചു: ആര്‍ക്കുള്ളതാണ് നബിയേ? റസൂല്‍(സ്വ) പറഞ്ഞു: സംസാരം നന്നാക്കുന്ന, അന്നം തീറ്റിക്കുന്ന, നോമ്പ്പതിവാക്കുന്ന, ജനങ്ങള്‍ ഉറങ്ങുന്ന അവസരത്തില്‍ എണീറ്റ് നിസ്കരിക്കുന്ന ആളുകള്‍ക്കാകുന്നു (ഇത്ഹാഫ്189).
റമളാന്‍ നോമ്പിന് എന്താണിത്ര പ്രാധാന്യം എന്നതിനെക്കുറിച്ച് ഒട്ടേറെ ധിഷണാശാലികള്‍ ചിന്തിക്കുകയും എഴുതുകയും പറയുകയും ചെയ്തിട്ടുണ്ട്. എന്നാല്‍ എല്ലാവരും ഒരുപോലെ അംഗീകരിച്ചിട്ടുള്ള ഒരു പ്രത്യേകതയുണ്ട് റമളാനിന്. മുഹമ്മദ് നബിക്ക് വിശുദ്ധ ഖുര്‍ആന്‍ അല്ലാഹു വെളിപ്പെടുത്തിക്കൊടുത്ത പുണ്യമാസമാണ് എന്നതാണ്  അത് കൊണ്ട് തന്നെ ആ ഖുർആൻ പാരായണത്തിൽ സ്വർഗം സമ്പാദിക്കാനും നാവിനെ സംരക്ഷിക്കാനും സുകൃതങ്ങളാൽ സമ്പത്തുറ്റതാക്കാനും    നമുക്ക് സാധിക്കണം
                ചുരുക്കത്തിൽ സ്വർഗം മാടി വിളിക്കുന്ന നാലു വിഭാഗം ഇവരാണ്. നാലു വിഭാഗത്തിനും മുത്ത് നബി സ്വർഗം പ്രതിഫലം പറഞ്ഞിട്ടുണ്ട്. ഈ നാലു വിഭാഗത്തിലും ഉൾപ്പെടാൻ ഉതകുന്ന മാസമാണ് വിശുദ്ധ റമളാൻ. അതിന്
നാഥൻ നമുക്ക് വഴിയൊരുക്കട്ടെ.

9048740007

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍