മതപഠനം ഭൗതിക വിദ്യക്ക് തടസ്സമോ ?

മുനീർ അഹ്സനി ഒമ്മല

അധ്യാപനവും അദ്ധ്യായനവും ചേരുന്നതാണ് വിദ്യാഭ്യാസം . ഒരു തലമുറയിൽ നിന്ന് അടുത്ത തലമുറയിലേക്ക് സംസ്കാരം
 പകർന്നു നൽകപ്പെടുന്നത് വിദ്യാഭ്യാസത്തിലൂടെയാണ്.വിദ്യാഭ്യാസം എന്നത് സംസ്കാരമുള്ള മൂല്യ ബോധമുള്ള ധാർമിക ബോധമുള്ള ഉത്തമമായ സമൂഹത്തിന്റെ രൂപീകരണത്തിന് അനിവാര്യമായ ഒരു പ്രക്രിയയാണ്‌.മനുഷ്യനിൽ മനുഷ്യത്വം വളർത്തുന്നത് അല്ലെങ്കിൽ നിലനിർത്തുന്നത് വിദ്യാഭ്യാസമാണ്.സമൂഹത്തിൽ ഒരാളുടെ ഭാഗധേയം നിർണയിക്കുന്നത് യഥാർത്ഥത്തിൽ വിദ്യാഭ്യാസമാണ്.സംസ്കാരവും വിദ്യാഭ്യാസവും പരസ്പരം വർത്തിക്കുന്ന പൂരകങ്ങളാണ്‌.വിദ്യാഭ്യാസമില്ലാത്ത സമൂഹത്തിൽ സംസ്കരണം തികച്ചും പ്രയാസമാണ്.
വിദ്യാഭ്യാസത്തിന്റെ ലക്ഷ്യവും ആവശ്യകതയും പക്ഷെ ഇന്ന് തെറ്റിദ്ധരിക്കപ്പെട്ടിരിക്കയാണ്.പൂർവകാലങ്ങലിലുണ്ടായിരുന്നവിദ്യാഭ്യാസ കാഴ്ച്ചപ്പാടുകൾ മണ്‍മറഞ്ഞു പോയിരിക്കുന്നു. കച്ചവടവൽകരണത്തിന്റെയും വിലപേശലിന്റെയും കരാള ഹസ്തങ്ങളിലാണ്‌ ഇന്ന് വിദ്യാഭ്യാസം.തൊഴിലനേടലിനും സമ്പാദിക്കലിനും  മാത്രമായി ഇന്ന്  അതിന്റെ ഉപയോഗം. മനുഷ്യന്റെ സ്വാർഥ  താല്പര്യങ്ങൾക്ക് വിദ്യയെന്ന സമ്പത്തിനെ ഉപയോഗിക്കുകയും അതിന്റെ യഥാർത്ഥ മൂല്യത്തെ തിരിച്ചറിയുകയും ചെയ്യാത്ത സമൂഹമായിരിക്കുന്നു നമുക്ക് ചുറ്റും.
          മനുഷ്യനെ മനുഷ്യനായി കാണാനും സമൂഹത്തിലെ ജീർണതകൾ മനസ്സിലാക്കി തെറ്റായ പ്രവർത്തനങ്ങളിൽ നിന്ന് വിട്ട് നിൽക്കാനും മതവിദ്യാഭ്യാസം മനുഷ്യനെ പ്രാപ്തനാക്കുന്നു  . മാത്രമല്ല മുസ്ലിമായ ഒരു വ്യക്തിക്ക് അവന്റെ ജീവിതത്തിലുടനീളം നിർവഹിക്കപ്പെടേണ്ട കർമ്മങ്ങളും അനുഷ്ഠാനങ്ങളും നിത്യ ജീവിത മര്യാദകളും എല്ലാം തന്നെ കരസ്ഥമാക്കാൻ കഴിയുന്നത് മതപഠനങ്ങളിലൂടെയാണ്. ഇത് ലഭിക്കുന്ന കേന്ദ്രങ്ങളാണ് മദ്രസകൾ . 
     എല്ലാവർക്കും മതനിയമങ്ങൾ പഠിക്കൽ നിർബന്ധമാണ് . എന്നാൽ ഇക്കാലത്ത് ഇതിൽ നിന്നെല്ലാം പലരുടെയും താൽപര്യങ്ങൾ മാറി പോവുന്ന അവസ്ഥയാണ് നമ്മുടെ പ്രദേശങ്ങളിൽ കണ്ട് വരുന്നത്. പ്രാഥമികമായി പരിഗണിക്കേണ്ട മതവിദ്യാഭ്യാസം ഇപ്പോൾ സെക്കണ്ടറിയായി മാറുന്ന ദുരവസ്ഥയാണിന്ന് .കാരണം മദ്രസകൾ തുറന്നു പലയിടങ്ങളിലും നവാഗതരെ വരവേൽക്കുന്നതോടൊപ്പം ചില വിദ്യാർത്ഥികൾ കൊഴിഞ്ഞു പോവുന്നുമുണ്ട്. ഇതിൽ തന്നെ ചുരുക്കം ചിലർ മാത്രമാണ് പഠനം പൂർണ്ണമായി അവസാനിപ്പിച്ച് മടങ്ങുന്നവർ അതുപോലെതന്നെ മറ്റു ചിലർ ഹിഫ്ള്, ദർസ് പഠനത്തിനായി യാത്ര തിരിക്കുന്നു ഇത് ആശാവഹമാണ്. എന്നാൽ ഇതിലൊന്നും പെടാത്ത ഒരുക്കൂട്ടർ നമുക്കിടയിലുണ്ട് അവർ മതപഠനം അവസാനിപ്പിക്കുന്നതിന്റെ കാരണമാണ് വിഷമകരം. ഭൗതിക കാലാലയങ്ങൾക്ക് മതപഠനത്തേക്കാൾ പ്രാധാന്യം നൽകി ട്യൂഷനുകൾക്കും നേരെത്തെ കലാലയങ്ങളിലേക്ക് പോകാനും പഠനഭാരവുമെല്ലാം പറഞ്ഞു കൊണ്ടാണ് ഇവർ മദ്രസയിൽ നിന്ന് പോകുന്നത്. 
             ഭൗതിക വിദ്യാഭ്യാസം ഇക്കാലത്ത് പഠിക്കൽ ആവശ്യം തന്നെയാണ് പക്ഷേ കേവലം ഇവടുത്തെ സുഖാസ്വാദനങ്ങൾക്ക് മാത്രം പ്രാമുഖ്യം നൽകി ഈ വിദ്യാഭ്യാസം മാത്രം മുസ്ലിം നാമധാരിയായ ഒരു വിദ്യാർത്ഥിക്ക് നൽകുമ്പോഴാണ് പ്രശനങ്ങൾ ഉണ്ടാകുന്നത്. കേവലം ഒന്നരയോ രണ്ടോ മണിക്കൂർ മാത്രമാണ് മദ്രസാ സമയം ബാക്കി സമയം മുഴുവൻ സ്കൂളിലാണ്, കോളേജിലാണ് ചിലവിടുന്നത്. പക്ഷേ ഇപ്പോൾ നമ്മുടെ നാടുകളിൽ കഴിഞ്ഞകാലങ്ങളിൽ നിന്ന് വ്യത്യസ്ഥമായി ട്യൂഷൻ സെന്ററുകൾ വർദ്ധിച്ച് വന്നിരിക്കുകയാണ് .ക്ലാസ് ആരംഭിക്കുന്നതിന്റെ മുൻപും കഴിഞ്ഞതിന്റെ ശേഷവും ഒഴിവ് ദിവസങ്ങളിലുമായി ട്യൂഷൻ ക്ലാസുകൾ മതപഠനങ്ങൾക്ക് തടസ്സമായി വളർന്നു വരുബോൾ അവരുടെ പ്രലോഭനത്തിൽ പെട്ട് നഷ്ട്ടപ്പെട്ടു പോവുന്നത് ഒരു വിദ്യാർത്ഥിയുടെ ധാർമികമായ വിദ്യാഭ്യാസമാണ്. ഓർക്കുക തെറ്റുകൾ മുഴുവനും ശരിയായി ഗണിക്കപ്പെടുന്ന, സത്യങ്ങളെ അസത്യങ്ങളായും അസത്യങ്ങളെ സത്യങ്ങളായും പരിണമിപ്പിക്കുന്ന കാലുഷ്യങ്ങൾ നിറഞ്ഞ ന്യൂ ജെൻ കാലത്ത് ഭൗതികം മാത്രം സന്നിവേശിപ്പിക്കപ്പെടുന്ന കലാലയങ്ങളിൽ നിന്ന് അരുതായിമകളും അധർമങ്ങളും കണ്ടും ശ്രവിച്ചും വളരുന്ന വിദ്യാർത്ഥികൾക്ക് ഇതിൽ നിന്നുള്ള ഒരു രക്ഷാകവചമാണ് മദ്രസാ പ്രസ്ഥാനങ്ങൾ . ഇതാണ് ഇന്ന് വർധിച്ചുവരുന്ന ട്യൂഷൻ സെന്ററുകളാൽ നഷ്ട്ടപ്പെടുന്നത് . ഇത്തരം സെന്ററുകളിൽ മക്കളെ അതീവ ശ്രദ്ധയോടെ പറഞ്ഞയക്കുന്നവർ നിർബന്ധ ബാധ്യതയായ മതപരമായ അറിവുകൾ നൽകുന്നതിൽ ശ്രദ്ധ പതിപ്പിക്കുന്നത് നല്ലതാണ്. മാത്രമല്ല എത്ര സെന്ററുകൾ കാര്യക്ഷമമായി വിദ്യാർത്ഥികളെ ഉന്നത നിലവാരത്തിലെത്തിക്കുന്നുണ്ട് എന്ന് ചിന്തിക്കുന്നത് നല്ലതാണ്. ചുരുക്കം ചിലത് മാത്രമാണ് ലക്ഷ്യപ്രാപ്തിയിലേക്കെത്തുന്നത് എന്നാൽ ബാക്കിയുള്ളത് ട്യൂഷൻ എന്ന നാമം മാത്രമേയുള്ളു ,വിദ്യാർത്ഥികളെ ചൂഷണം ചെയ്യുകയാണ് ഇവർ ചില പ്രത്യേക താല്പര്യങ്ങളാണ് ഇവകളുടെയെല്ലാം പിന്നിൽ ഇത് തിരിച്ചറിയാൻ നമുക്ക് സാധിക്കണം. എന്നാൽ ഭൗതിക തിമിരം ബാധിച്ച ചില രക്ഷിതാക്കൾ ഇങ്ങനെയുള്ള വസ്തുതകൾ മനസ്സിലാക്കാതെ തങ്ങളുടെ സമ്പത്തും മക്കളുടെ സമയവും പാഴാക്കി മത വിദ്യാഭ്യാസം കളഞ്ഞു കുളിക്കുകയാണ് ചെയ്യുന്നത് , 
        ഭൗതിക വിദ്യയെ പ്രോൽസാഹിപ്പിക്കപ്പെടണം പക്ഷേ ദീനീ വിജ്ഞാനത്തേക്കാൾ പ്രാമുഖ്യം നൽകി കൊണ്ടല്ല .ഒന്നാം സ്ഥാനം മതപഠനത്തിന് തന്നെയാണ് ഏതൊരു മുസ്ലിമും വില കൽപ്പിക്കേണ്ടത് , അത്കൊണ്ട് മാത്രം കരസ്ഥമാക്കാൻ കഴിയുന്നത് മറ്റേ വിദ്യാഭ്യാസം കൊണ്ട് ലഭിക്കില്ല നബി(സ) പറയുന്നു: നിശ്ചയം വിജ്ഞാനം തേടികൊണ്ടിരിക്കുന്ന തൃപ്തി കാരണം മലക്കുകൾ അവരുടെ ചിറക് വിരിച്ച് കൊടുക്കുന്നതാണ് (അഹമദ്) 
       മതപഠനം മക്കൾക്ക് നൽകിയാൽ കിട്ടുന്ന പ്രതിഫലം നബിതങ്ങൾ പറയുന്നു: അനസ് ബിൻ മാലിക് (റ) വിൽ നിന്ന് ഉദ്ധരണി ഒരാൾ തന്റെ സന്താനങ്ങൾക്ക് ഖുർആൻ പഠിപ്പിച്ചാൽ മുൻഗാമികളും പിൻഗാമികളും അത്ഭുതപ്പെടുന്ന രൂപത്തിലുള്ള പ്രകാശം കൊണ്ടുള്ള മാല അവനെ അണിയിക്കുന്നതാണ്. 
വീണ്ടും പറയുന്നു : ഒരാൾ ഖുർആൻ പാരായണം ചെയ്യുകയും അതനുസരിച്ച് അമൽ ചെയ്യുകയും ചെയ്താൽ ദുനിയാവിലെ സൂര്യനേക്കാൾ പ്രകാശമുള്ള കിരീടം അവന്റെ മാതാപിതാക്കൾക്ക് നൽകുന്നതാണ്. 
              തന്റെമക്കൾമതബോധമുള്ള
വരാവേണ്ടത്‌ തങ്ങളുടെ ആവശ്യമാണെന്ന തിരിച്ചറിവ്‌ മാതാപിതാക്കള്‍ക്കുണ്ടാവണം. ഉസ്‌താദുമാരുടെയോ നാട്ടിലെ ദീനീ പ്രവര്‍ത്തകരുടേയോ ആവശ്യമാണ്‌ മക്കളുടെ മദ്രസാ പഠനം എന്ന രീതിയിലാണ്‌ നാം പെരുമാറുന്നത്‌. ബാല്യകാലത്ത്‌ മക്കള്‍ക്ക്‌ മതവിദ്യഭ്യാസം നല്‍കിയില്ലെങ്കില്‍ അവര്‍ ഒന്നുമറിയാത്തവരായി വളര്‍ന്നു വരും. നശിച്ചു നാറിയ പുതിയ ചുറ്റുപാടില്‍ അവര്‍ സാംസ്‌കാരികമായി വളരെ അധഃപതിക്കും. ഇത്തരക്കാരാണ്‌ കൗമാരകാലത്തും യൗവ്വന കാലത്തും ക്യാമ്പസുകളിലും പുറത്തും സമൂഹത്തിലും ക്രിമിനലുകളായി മാറുന്നതെന്ന്‌ നാം അറിയാതെ പോവരുത്‌. തനിക്കു മതബോധം നല്‍കാത്ത മാതാപിതാക്കളെ മക്കള്‍ തള്ളിപ്പറയുന്ന ഒരു ദിവസം വരാനുണ്ട്‌. നാളെ മഹ്‌ശറയിലാണത്‌. “തന്റെ ജീവിത പരാജയത്തിന്‌ കാരണമായ മാതാപിതാക്കളെ എന്റെ കാല്‍ചുവട്ടിലാക്കിത്തരൂ, ഞാന്‍ അവരുടെ നെഞ്ചത്ത്‌ ചവിട്ടിക്കയറട്ടെ” എന്ന്‌ മക്കള്‍ അല്ലാഹുവിനോട്‌ ആവശ്യപ്പെടും. മാതാപിതാക്കള്‍ എത്ര പുണ്യങ്ങള്‍ ചെയ്യുന്നവരായിട്ടും കാര്യമില്ല. ഈ മക്കള്‍ കാരണം അവരും നരക വാസികളാവേണ്ട ദുര്‍ഗതിയുണ്ടാവും. അത്തരം അവസ്ഥകള്‍ അനുഭവിച്ച്‌ നാളെ വിരല്‍ കടിക്കാതിരിക്കണമെങ്കില്‍ യഥാസമയത്ത്‌ തന്നെ മക്കള്‍ക്ക്‌ മതപഠനം ലഭിക്കുന്നുണ്ട്‌ എന്ന്‌ നാം ഉറപ്പ്‌ വരുത്തണം.
സ്‌കൂള്‍ പാഠപുസ്‌തകം വായിക്കാനും പഠിക്കാനും ഹോം വര്‍ക്കുകള്‍ ചെയ്യാനും മക്കളെ നിര്‍ബന്ധിക്കുകയും കളിക്കു പോലും വിട്ടു കൊടുക്കാതെ അവരുടെ പിറകെ കൂടുകയും ചെയ്യുന്ന മാതാപിതാക്കള്‍ എന്തു കൊണ്ടാണ്‌ മദ്രസാ പാഠങ്ങള്‍ പഠിക്കാന്‍ അവരെ നിര്‍ബന്ധിക്കാത്തത്‌. സ്‌കൂള്‍ പരീക്ഷയില്‍ ഉന്നത ഗ്രേഡുകള്‍ നേടുമ്പോള്‍  പ്രോത്സാഹിപ്പിക്കുന്നവര്‍ എന്തു കൊണ്ടാണ്‌ മദ്രസയിലെ വിദ്യാര്‍ത്ഥികളുടെ പ്രകടനങ്ങള്‍ക്ക്‌ പ്രോത്സാഹനം നല്‍കാത്തത്‌. ഇതിനെല്ലാം മാറ്റമുണ്ടായില്ലെങ്കില്‍ അധിവിദൂരമല്ലാത്ത ഭാവിയില്‍ നാം വലിയ വില നല്‍കേണ്ടി വരും. മദ്രസാ പാഠങ്ങള്‍ പഠിപ്പിക്കേണ്ടത്‌ പരീക്ഷയില്‍ ഉന്നത മാര്‍ക്ക്‌ വാങ്ങാന്‍ വേണ്ടി മാത്രമാവരുത്‌. ശാശ്വതമായ പരലോകത്തേക്കുള്ള പഠനമാണിതെന്ന ബോധത്തോടെയാവണം നാം പ്രോത്സാഹിപ്പിക്കേണ്ടത്‌. ഭൗതിക പഠനത്തിന്റെ അധിക സാധ്യതകളും പ്രയോജനങ്ങളും മരണത്തോടെ അവസാനിക്കുന്നതാണ്‌. മരണമോ, എപ്പോഴും സംഭവിക്കാവുന്ന യാഥാര്‍ത്ഥ്യവും. എന്നാല്‍ പരലോകം എന്നെന്നേക്കുമുള്ള ജീവിതമാണ്‌.
         മദ്രസാ പഠനം അവസാനിപ്പിക്കുന്നവരുടെ മാതാപിതാക്കൾ ശ്രദ്ധിക്കുക തിരുനബി(സ) പറയുന്നു: മാതാപിതാക്കളിൽ നിന്ന് ആദം സന്തതികൾക്ക് നാശം അവർ മക്കളെ ഖുർആനോ , മര്യാദയോ, ഫർളായ കാര്യങ്ങളോ പഠിപ്പിക്കുന്നില്ല ,അവർ വിവരമില്ലാതെ വളരുന്നു ,ഞാൻ അവരിൽ നിന്ന് ഒഴിവാണ് (ഖസീനത്തുൽ അസ്റാർ)
വളരെ ഗൗരവമേറിയ ഒന്നാണ് മതപഠനങ്ങളെ അവഗണിക്കലെന്നാണ് മനസ്സിലാകുന്നത്. 
          ഭൗതിക പഠനം പഠിക്കണ്ടെന്ന് പറയുന്നില്ല പക്ഷേ മതപഠനം അതിന് തടസ്സമാകുന്നുണ്ടെന്ന് ചിലരുടെ ധാരണകളെ തിരുത്തുകയാണ് ചെയ്യുന്നത്. മതവും ഭൗതികവും സമന്വയിപ്പിച്ച് നടത്തണം ഇന്ന് നമ്മുടെ പല സ്ഥാപനങ്ങളിലും ഇങ്ങനെ സമന്വയ വിദ്യാഭ്യാസം നൽകുന്നു . ദർസുകളും ദഅവ കോളേജുകളും ഈ ലക്ഷ്യത്തിനായി പ്രവർത്തിക്കുന്നു ഇരു വിജ്ഞാനങ്ങളും കരസ്ഥമാക്കി വിദ്യാർത്ഥികൾ സമൂഹത്തിൽ ഉന്നത സ്ഥാനത്ത് വിരാചിക്കുന്നു. അപ്പോഴും നമ്മിൽ ചിലർ നിലപാടുകളിൽ ഉറച്ച് നിന്ന് കൊണ്ട് പറയുന്നു മതപഠനം ഭൗതിക പഠനത്തിന് തടസ്സമാണ്, അത് നിറുത്തിയാലേ സ്കൂളിൽ ഉന്നത മാർക്ക് നേടാനാവൂ . ഇത്തരക്കാരായ രക്ഷിതാക്കൾ തിരുനബിയുടെ അധ്യാപനം ഒന്ന് ഓർക്കുന്നത് നല്ലതാണ് . അവിടുന്ന് പറയുന്നു ഒരാൾ പ്രഭാതത്തിൽ തന്നെ ദുൻയാവ് ലക്ഷ്യം വെച്ചാൽ അല്ലാഹു അവന്റെ ഖൽബിൽ നാലു കാര്യങ്ങൾ നിർബന്ധമാക്കും .ഒരിക്കലും തീരാത്ത ടെൻഷൻ ,ഒരിക്കലും തീരാത്ത ജോലികൾ, ഒരിക്കലും ഐശ്വര്യം നേടാത്ത ദാരിദ്ര്യം, ഒരിക്കലും പൂവണിയാത്ത സ്വപ്നങ്ങൾ . 
         മക്കൾക്ക് നന്മ പഠിപ്പിക്കുന്നതിനെ കുറിച്ച് ഇമാം ഗസാലി (റ) വിവരിക്കുന്നു: മക്കൾ മാതാപിതാക്കളുടെ സൂക്ഷിപ്പ് സമ്പത്താണ് അവരുടെ ഹൃദയം വരയും രൂപവും വീഴാത്ത അമൂല്യമായ മുത്തുകളെ പോലെയാണ് അതിൽ കൊത്തിവെക്കുന്നതെല്ലാം അത് സ്വീകരിക്കുകയും അവനെ താൽപര്യപ്പെടുന്നതിലേക്കെല്ലാം അവൻ ചായുകയും ചെയ്യുന്നതാണ് . അവനെ നന്മയാണ് പഠിപ്പിക്കുന്നതെങ്കിൽ അവൻ ഇരുലോകത്തും വിജയിക്കുകയും അതിന്റെ പ്രതിഫലം അവന്റെ രക്ഷിതാവിനും അവന് അറിവും അദബും പഠിപ്പിച്ചവർക്കും ലഭിക്കുന്നതാണ്. തിന്മ പഠിപ്പിക്കുകയും നാൽകാലികളെ കയറൂരി വിടുന്നത് പ്രകാരം അഴിച്ച് വിടുകയും ചെയ്താൽ അവൻ നശിക്കുകയും പരാജിതനാകുകയും അതിന്റെ കുറ്റം അവനും അവന്റെ രക്ഷിതാവിനും ഉത്തരവാദിത്വമേൽപ്പിക്കപ്പെട്ടവനും ലഭിക്കുന്നതാണ്. അല്ലാഹു പറയുന്നു സത്യവിശ്വാസികളെ നിങ്ങൾ സ്വശരീരത്തേയും നിങ്ങളുടെ കുടുംബത്തേയും നരകത്തിൽ നിന്ന് സംരക്ഷിക്കുക (തഹ് രീം 6) ദുനിയാവിലെ കത്തിയാളുന്ന തീയ്യിൽ നിന്ന് പലപ്പോഴും മകനെ രക്ഷിക്കാൻ ശ്രമിക്കുന്ന പിതാവ് പരലോകത്തിന്റെ തീയ്യിൽ നിന്ന് രക്ഷിക്കാൻ എന്ത് കൊണ്ടും ബാധ്യസ്ഥനാണ്.  പരലോകരക്ഷക്കുള്ള നിരവധി മാർഗങ്ങളും ഇമാം തന്നെ നിർദ്ദേശിച്ചിട്ടുണ്ട് അതിലൊന്ന് ഖുർആനും ഹദീസും മഹാന്മാരുടെ ചരിത്രങ്ങളും പഠിക്കാൻ പറഞ്ഞയക്കുക സ്വാലിഹീങ്ങളോടുള്ള സ്നേഹം വളാരാൻ വേണ്ടിയാണിത്. 
         അവസാനമായി ഇബ്നു ഉമർ(റ) നിർദ്ദേശിച്ച ഉപദേശവും കൂടി ഓർമയിൽ സൂക്ഷിക്കുക അവർ പറയുന്നു: മകനെ നീ അദബ് പഠിപ്പിക്കുക , തീർച്ചയായും അവനെ കുറിച്ച് നിന്നോട് ചോദിക്കപ്പെടുന്നതാണ് . നീ എന്താണ് അവനെ അദബ് പഠിപ്പിച്ചത്? , നീ എന്ത് അറിവാണ് അവനെ പഠിപ്പിച്ചത് ? നിനക്ക് ഗുണം ചെയ്യുന്നതിനെക്കുറിച്ചും നിനക്ക് അനുസരിക്കുന്നതിനെക്കുറിച്ചും അവനോടും ചോദിക്കപ്പെടുന്നതാണ്. (സുനനുൽ കുബ്റാ) 
     

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍