സുജൂദ്: ആത്മസമര്‍പ്പണത്തിന്റെ പൂര്‍ണരൂപം

മുനീർ അഹ്സനി ഒമ്മല

ശരീരം കൊണ്ട് നിർവഹിക്കുന്ന ആരാധനകളിൽ പരമപ്രധാനം നിസ്ക്കാരമാണല്ലോ . അല്ലാഹുവുമായുള്ള കൂടിക്കാഴ്ച്ചയായ നിസ്കാരത്തിലെ ഏറ്റവും മഹത്ത്വമുള്ള കര്‍മം സുജൂദാണ്. സുജൂദ് ആത്മസമര്‍പ്പണത്തിന്റെ പൂര്‍ണരൂപവും ശരീരത്തിന്റെയും ആത്മാവിന്റെയും പൂര്‍ണ വണക്കവുമാണ്. താന്‍ കേവലം ഒരു അടിമയാണെന്നും എല്ലാറ്റിനുമുടമ ഏകനായ അല്ലാഹുവാണെന്നും സുജൂദിലൂടെ പ്രകടമാക്കുന്നു. അടിമയുടെ ഈ നിസ്സഹായതയുടെ സാക്ഷാത്കാരമാണ് സുജൂദ്. എല്ലാ അടിമകളുടെയും ഉടമയായ അല്ലാഹുവിനു മുന്നില്‍ താണുകേണു പരമവണക്കമാണ് സൂജൂദില്‍ പ്രകടമാകുന്നത്
         ഇന്ന് വരെ മറ്റൊരു മനുഷ്യനു മുന്നിലും തല കുനിക്കാത്ത ഏതൊരു വ്യക്തിയും തന്റെ സൃഷ്ടാവായ നാഥന്റെ മുന്നിൽ തലകുനിക്കുകയാണ് അവിടെ പണ്ഡിതനെന്നോ പാമരനെന്നോ മുതലാളിയെന്നോ പാവപ്പെട്ടവനെന്നോ ഒരു പരിഗണനയുമില്ലാതെ എല്ലാവരും ഒരുപോലെ ഏകനായ ഇലാഹിന്റെ മുൻപിൽ വണങ്ങുന്ന ഒരു അവസരം ഇതാണ് സുജൂദ്. മറ്റു മതങ്ങളെ ഇസ്ലാമുമായി മാറ്റി നിർത്തപ്പെടുന്ന ഒന്നും സുജൂദ് തന്നെ . മാത്രമല്ല സൃഷ്ട്ടിക്ക് സൃഷ്ടാവിനു മുന്നിൽ വിധേയപ്പെടാനുള്ള അങ്ങേ അറ്റമാണ് സുജൂദ്. തന്റെ ശരീരത്തിലെ പവിത്രമായ ഒരവയവം അതു തന്നെ ആർക്കു മുന്നിലും ആത്മാഭിമാനത്തോടെ നിൽക്കാൻ സഹായകമാവുന്ന അവയവം അവന്റെ മുഖമാണ് . ആ മുഖം മുഴുവൻ കുനിച്ച് നെറ്റി തടം മണ്ണിനോട് ചേർത്ത് വെച്ച് തന്റെ കാര്യങ്ങൾ പ്രപഞ്ചനാഥനോട് സമർപ്പിക്കുബോൾ താൻ ഒന്നുമല്ല എന്ന ബോധ്യപ്പെടുത്തലാണ് സുജൂദിലൂടെ നടക്കുന്നത് . മാത്രമല്ല ഈ വിധത്തിൽ തന്റെ സർവ്വസവും കൈപത്തിയും കാൽ പാതവുമെല്ലാം നിലത്ത് വെച്ച് റബ്ബിനു മുന്നിൽ പൂർണ്ണമായ വിധേയപ്പെടലാണ്. മാത്രമല്ല തന്റെ സൃഷ്ടാവിലേക്ക് അടുക്കാനുള്ള ഏറ്റവും വലിയ അവസരമാണ് സുജൂദ് . 
     സുജൂദിന്റെ മഹത്വം മനസ്സിലാക്കി ദീർഘമായി സു ജൂദിൽ കരഞ്ഞു കലങ്ങിയ കണ്ണുകളുമായി കിടന്നവരും, സുജൂദിൽ കിടന്ന് മരണം വരിച്ചവരും അതിനായി കൊതിച്ചവരും നമുക്ക് എന്നും മാതൃകയും പാഠവുമാണ് . തിരക്ക് പിടിച്ച കലുഷിത യുഗത്തിൽ നിസ്ക്കാരം മുറപ്രകാരം നിർവഹിക്കാനോ സുജൂദിന്റെ മഹത്വം മനസ്സിലാക്കി അല്പം അധിക സമയം സുജൂദിൽ ചിലവഴിക്കാനോ ആധുനികന്മാരായ നമുക്ക് സമയമില്ല. നമ്മുടെ ഈമാനിന് സംഭവിക്കുന്ന ബലഹീനതയാണ് ഇതിന്റെ മുഖ്യ ഹേതു അത് കൊണ്ട് തന്നെ ഇക്കാലത്ത് സുജൂദിന്റെ മഹത്വം നാം
മനസ്സിലാക്കേണ്ടതുണ്ട്. 
          അല്ലാഹു പറയുന്നു അല്ലാഹുവിന്റെ അടിമകൾ അവർ ഭൂമിയിലൂടെ വിനയത്തോടെ സഞ്ചരിക്കുകയും വിവരമില്ലാത്തവർ സംസാരിച്ചാൽ സമാധാനപരമായ മറുപടി പറയുകയും ചെയ്യുന്നവരാണ്. അവർ അല്ലാഹുവിന് സുജൂദ് ചെയ്തു കൊണ്ടും നിന്ന് നിസ്ക്കരിച്ച് കൊണ്ടും രാത്രി കഴിച്ച് കൂട്ടുന്നവരാകുന്നു. (ഫുർഖാൻ 63,64 )
   സുജൂദ് ചെയ്യുന്നവരുടെ വിശേഷണം ഖുർആൻ പറയുന്നത് വിനയത്തോടെ നടക്കുന്നവർ എന്നാണ് അക്ഷരാർത്ഥത്തിൽ സുജൂദ് ചെയ്യുന്ന ഒരു വിശ്വാസി അങ്ങനെത്തന്നെയാവണം കാരണം സുജൂദ് വിനയാന്വിതത്തിന്റെ മൂർത്തി ഭാവമാണ്. നെറ്റിത്തടം നിലത്ത് വെക്കുന്നതോടുകൂടി വിനയം കൈവരിക്കും. ഇങ്ങനെ ഒരു ദിവസം അഞ്ചു നേരം ഒരടിമ സുജൂദ് ചെയ്യുമ്പോൾ വിനയം കൂടി വരികയും റബിനോടുള്ള അടുപ്പം വർദ്ധിക്കുകയും വേണം. 
            നബി (സ) പറയുന്നു: അബീഹുറൈ [ റ] നിവേദനം: ഒരടിമ അവന്റെ റബ്ബിലേക്ക് ഏറ്റവും കൂടുതൽ അടുക്കുന്നത് അവൻ സുജൂദ് ചെയ്യുന്നവനായിരിക്കുബോഴാണ് അത് കൊണ്ട്  ദുആ വർധിപ്പിക്കുക (മുസ്ലിം) വീണ്ടും പറയുന്നു ഒരാൾ ഒരു റുകൂഓ സുജൂദോ നിർവഹിച്ചാൽ അതുകാരണമായി അല്ലാഹു അവന്റെ ഒരു പദവി ഉയർത്തുകയും ഒരു പാപം ഒഴിവാക്കുകയും ചെയ്യുന്നതാണ് . ഇബ്നു അബ്ബാസ്(റ) വിനോട് സുജൂദ് ദീർഘിപ്പിക്കുന്നതിന്റെ പ്രതിഫലത്തെ കുറിച്ച് ചോദിച്ചപ്പോൾ മറുപടി പറഞ്ഞു ബിംബത്തിനു സുജൂദ് ചെയ്യുന്നവൻ നരകത്തിൽ നിത്യമാകുന്നത് പോലെ അല്ലാഹുവിനു സുജൂദ് ചെയ്‌തവൻ സ്വർഗത്തിൽ ശാശ്വതമാകുന്നതാണ് . സുജൂദിന്റെ മഹത്വം അറിയിക്കുന്നതാണ് മേൽ പറഞ്ഞ ഉദ്ധരണികൾ ഇബ്ൻ അബ്ബാസ് (റ)പറയുന്നത് സ്വർഗീയ ശ്വാസതം ലഭിക്കുമെന്നാണ് തീർച്ചയായും ഈ അഭിപ്രായത്തെ ശരിവെക്കുന്നതാണ് തിരുനബി (സ ) റബീഅ (റ)വിന് കൊടുത്ത വാഗ്ദാനം . സ്വർഗത്തിലെ ഉന്നത പദവി ആവശ്യപ്പെട്ട റബീഅ (റ) വിനോട് നബി (സ ) പറഞ്ഞത് സുജൂദ് അധികരിപ്പിക്കാനാണ്. സുജൂദ് അധികരിപ്പിക്കണമെങ്കിൽ നിസ്ക്കാരവും അധികരിപ്പിക്കണം. 
         സുജൂദിന്റെ മഹത്വം മനസ്സിലാക്കിയവർ ദീർഘ നേരം സുജൂദിൽ  കിടന്ന് പ്രാർത്ഥനകൾ നിർവഹിച്ചതും സുജൂദിൽ കിടന്ന് മരണം വരിച്ചതുമെല്ലാം ചരിത്ര സാക്ഷ്യങ്ങളാണ് ഇബ്ൻ റജബ് (റ) പറയുന്നു ബാഗ്ദാദിലെ ഒരാൾ നബി (സ ) യെ ദർശിച്ചപ്പോൾ അവിടുന്ന് പറഞ്ഞു: ശൈഖ് സഅദ് (റ ) ഇല്ലായിരുന്നുവെങ്കിൽ നിങ്ങൾക്കു പരീക്ഷണങ്ങൾ ഇറങ്ങുമായിരുന്നു ഒരു ബാധനാഴ്ച്ച സുജൂദിൽ കിടന്നു കൊണ്ടാണ് അവർ വഫാത്തായത് ഇബ്നു നജ്ജാർ റ ) പറയുന്നു അദ്ധേഹം വഫാത്തായ നിസ്ക്കാരത്തിൽ വാഖിഅ സൂറത്തിലെ 88,89 ആയത്തുകളായിരുന്നു ഓതിയിരുന്നത് . 
    ഉമർ റ ) പറയുന്നു : മൂന്നു കാര്യങ്ങൾ ഞാൻ ഇഷ്ട്ടപ്പെടുമായിരുന്നില്ലെങ്കിൽ ഞാൻ മരണം കൊതിക്കുമായിരുന്നു
ഒന്ന് : അല്ലാഹുവിന്റെ മാർഗത്തിലുള്ള സഞ്ചാരം
രണ്ട്.. അല്ലാഹു വിന്റെ മുമ്പിൽ സുജൂദിലായി നെറ്റിത്തടം വെക്കൽ
മൂന്ന്: നല്ല ഈത്തപ്പഴങ്ങൾ പെറുക്കിയെടുക്കുന്നത് പോലെ നല്ല വാക്കുകൾ പെറുക്കിയെടുക്കുന്നവരോടൊപ്പമുള്ള സഹവാസം 
      അന്ത്യനാളില്‍ വിശ്വാസിയെയും അവിശ്വാസിയെയും വേര്‍ തിരിച്ചറിയുന്നത് സുജൂദിന്റെ അടയാളങ്ങളിലൂടെയാണ്.  ഒരു സംഭവം ഉദ്ധരിക്കുന്നു
അന്ത്യനാളിൽ എല്ലാ സൃഷ്ടികളേയും ഖബറുകളിൽ നിന്ന് യാത്രയാക്കപ്പെടുമ്പോൾ മലക്കുകൾ വന്ന് സത്യവിശ്വാസികളുടെ തലയിൽ നിന്ന് മണ്ണുകൾ എല്ലാം നീക്കംചെയ്യും അവരുടെ നെറ്റിയിലുള്ള മണ്ണ് എത്ര ശ്രമിച്ചാലും നീക്കാൻ സാധിക്കില്ല അപ്പോൾ അവരോട് വിളിച്ച് പറയും മലക്കുകളേ ആ'മണ്ണ് അവരുടെ ഖബറിലെ മണ്ണ് അല്ല അവർ നിസ്ക്കരിച്ച മിഹ്റാബിലെ മണ്ണാണ് അവരെ മണ്ണോടെ വിടുക അവർ സ്വിറാതും കടന്ന് സ്വർഗത്തിൽ പ്രവേശിക്കട്ടെ, ആരെങ്കിലും അവരെ കാണുന്ന പക്ഷം അവർ എന്റെ പ്രത്യേക അടിമകളാണെന്ന് അവർക്ക് മനസ്സിലാകുന്നതാണ്. ഈ സംഭവങ്ങളെല്ലാം സുജൂദിന്റെ മഹത്വങ്ങളാണ് നമ്മെ പഠിപ്പിക്കുന്നത് 
       ഈസാ നബി പറയുന്നു നിറുത്തത്തെ ദീർഘിപ്പിക്കൽ സ്വിറാതിലും സുജൂദ് ദീർഘിപ്പിക്കൽ ഖബർ ശിക്ഷയിൽ നിന്നും നിർഭയത്വം നൽകുന്നതാകുന്നു ( നുസ്ഹതുൽ മജാലിസ് )
നീണ്ട സുജൂദുകള്‍ വഴി ജീവിത പിഴവുകള്‍ കഴുകി കളയാനാകും. മുതുകുകളില്‍ പാപഭാരം തൂങ്ങുമ്പോള്‍ സുജൂദിലൂടെ അതു കുറക്കാനാകും . നബിയും സ്വഹാബത്തും പിൽക്കാലക്കാരുമെല്ലാം സുജൂദ് ദീർഘിപ്പിച്ചതും നിസ്ക്കാരം മുറപ്രകാരം നിർവഹിച്ചതും ജീവിത വിജയം നേടാനാണ് .നമുക്കും ഇതിലൂടെ അതിന് സാധിക്കണം .

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

3 അഭിപ്രായങ്ങള്‍

  1. സുജൂദ് ചെയ്ത അവസ്ഥയിൽ മരണപ്പെട്ട പ്രവാചകൻ ആര്?

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. ദാവൂദ് നബിയാണന്ന് ഉദ്ധരിക്കപ്പെടുന്നു

      ഇല്ലാതാക്കൂ
  2. പുണ്യ കബറിന് മുമ്പിൽ സുജൂദ് ചെയ്താൽ എന്താണ് വിധി ?

    മറുപടിഇല്ലാതാക്കൂ