വിശുദ്ധ ഖുർആനിൽ അല്ലാഹു പറയുന്നു ആ പ്രഭാതവും പത്തു ദിനങ്ങളും സത്യം (സൂറത്തുൽ ഫജ്ർ 1, 2) ഉപര്യുക്ത സൂക്തത്തെ സംബന്ധിച്ച് ചില ഖുർആൻ വ്യാഖ്യാതാക്കൾ പറഞ്ഞു അല്ലാഹു സത്യം ചെയ്തു പറഞ്ഞ ആ പ്രഭാതവും പത്ത് രാത്രികളും മുഹറം മാസത്തിലെ ആദ്യ പത്തു ദിനങ്ങളാണ് ഖതാദ(റ) പറയുന്നു പ്രഭാതം കൊണ്ടുള്ള ഉദ്ദേശ്യം മുഹറം ആദ്യ ദിനത്തിലെ പ്രഭാതമാവുന്നു. മുഹറമിലെ പ്രഭാതം കൊണ്ട് ഉദ്ധേശിക്കപ്പെടാനുള്ള കാരണം ഇമാം റാസി(റ) പറയുന്നു എല്ലാ വർഷത്തിലെയും ആദ്യ ദിനമാണല്ലോ അതു പ്രകാരം വർഷങ്ങളിൽ ആവർത്തിക്കപ്പെടാറുള്ള നോമ്പ് ,ഹജ്ജ്, സകാത്ത് പോലെയുള്ള കർമ്മങ്ങളുടെ വർഷാരംഭവുമാണ്. മാത്രമല്ല അല്ലാഹുവിന്റെ അടുക്കൽ മഹത് വത്ക്കരിക്കപ്പെട്ട മാസമാണതന്ന് അറിയിക്കപ്പെടുകയും ചെയ്തിട്ടുണ്ട്. ഇബ്നു അബ്ബാസ്(റ) പറയുന്നു വർഷത്തിന്റെ തുടക്കം മുഹറമാണ് അതുപോലെ പത്തു ദിനങ്ങൾ മുഹറത്തിലെ ആദ്യ പത്തുദിനങ്ങളാണെന്നതിനെ സംബന്ധിച്ച് ഇമാം റാസി(റ) തുടരുന്നു ആ ദിനങ്ങളുടെ പ്രാധാന്യത്തെ ഉണർത്തലാണ് ആ ദിനങ്ങളിൽപ്പെട്ടതാണ് ആശൂറാഅ് . അന്നേ ദിവസത്തെ നോമ്പിന്റെ ശ്രേഷ്ഠത ഹദീസുകളിൽ വന്നിട്ടുണ്ട് അക്കാരണം കൊണ്ടുമാണ് ഈ സത്യം ചെയ്യൽ
ഏറെ മഹത്വമേറിയ മാസമാണ് മുഹറം ഹിജ്റ കലണ്ടർ പ്രകാരം പ്രഥമ മാസവും അല്ലാഹു യുദ്ധം നിശിദ്ധമാക്കിയ മാസങ്ങളിൽ ഒരു മാസവും നിരവധി നബിമാരുടെ ചരിത്രം വഹിക്കാൻ അവസരം കിട്ടിയ ഒരു മാസവുമാണ് മുഹറം . അശ്ശൈഖ് ദിമിർദാശ് (റ) പറയുന്നു മുഹറം ആദ്യ ദിവസം മുന്നൂറ്റി അറുപത് തവണ ബിസ്മിയോടുകൂടെ ആയതുൽ കുർസി പാരായണം ചെയ്യുകയും അവസാനം
اللهم يا محول الأحوال حول حالي إلى أحسن حال بحولك وقوتك يا عزيز يا متعال،وصلى الله تعالى على سيدنا محمد وآله وصحبه أجمعين
ഇങ്ങനെ ദുആ ചെയ്യുകയും വേണം. എന്നാൽ ആ വർഷം മുഴുവൻ വെറുക്കപ്പെടുന്ന കാര്യങ്ങളിൽ നിന്ന് അവനെ സംരക്ഷിക്കപ്പെടുന്നതാണ് (കൻസുന്നജാഹിവസ്സുറൂർ)
മുഹറം ഒന്നിനാണ് ഹിജ്റ കലണ്ടർ പ്രകാരമുള്ള വർഷാരംഭം അത് കൊണ്ട് തന്നെ ഒരു മുസ്ലിം പുതുവത്സരം ആഘോഷിക്കേണ്ടതും ആശംസകൾ കൈമാറേണ്ടതും മുഹറം ഒന്നിനാണ്. നബി (സ്വ) യുടെ ജീവിതകാലത്ത് ഹിജ്റ വർഷകലണ്ടർ നിലവിൽ ഇല്ലങ്കിലും മുഹറം എന്ന മാസം നിലവിൽ ഉള്ളതാണ് രണ്ടാം ഖലീഫ ഉമർ (റ) വിന്റെ ഭരണ കാലത്ത് ഹിജ്റ വർഷം പതിനേഴ്നാണ് മുൻകാല പ്രാബല്യത്തോടെ ഹിജ്രവർഷം ഗണിച്ച് തുടങ്ങിയത്. (അൽ ഇഅലാൻ )ഹിജ്റ വർഷം പതിനേഴ്ന് ന് ഉമർ (റ) ബസ്വറയിൽ തന്റെ ഗവർണർ ആയിരുന്ന അബൂമൂസൽ അശഅരി (റ) വിന് ഭരണ സംബന്ധമായൊരു കത്തെഴുതി. അതിൽ ശഅബാൻ മാസം എന്ന് മാത്രം കുറിച്ചിട്ടിരുന്നു. ഈ കത്തിനു മറുപടി എഴുതിയ അബൂമൂസ (റ), ഇങ്ങനെ ശഅബാൻ എന്ന് മാത്രം എഴുതിയാൽ അത് ഏതു വർഷത്തിലെ ശഅബാൻ ആണെന്നാണ് പിന്നീട് മനസ്സിലാക്കുക എന്നൊരു സംശയം ഉന്നയിച്ചു. സംശയം ന്യായമെന്ന് മാത്രമല്ല വിഷയം ഗൗരവതരം ആണെന്ന് കൂടി മനസ്സിലാക്കിയ ഖലീഫ ഉമർ (റ) പ്രമുഖ സ്വഹാബീ നേതാക്കളെയെല്ലാം വിളിച്ചു ചേർത്ത് വിഷയം ചർച്ച ചെയ്തു. സുദീർഘമായ കൂടിയാലോചനകൾക്ക് ശേഷം നബി (സ്വ) മക്കയിൽ നിന്ന് പലായനം ചെയ്ത് മദീനയിൽ എത്തിയ സംഭവം ആധാരപ്പെടുത്തി, ആ പലായന വർഷം ഒന്നാം കൊല്ലമായി കണക്കാക്കി ഒരുഹിജ്റി കാല ഗണന നടപ്പിൽ വരുത്താൻ തീരുമാനമായി. നബി (സ) യുടെ ജന്മം , വഫാത് തുടങ്ങിയ സംഭവങ്ങൾ അടിസ്ഥാനമാക്കാൻ ഉള്ള അഭിപ്രായങ്ങളും നിർദേശങ്ങളും പലതും അഭിപ്രായപെട്ടെങ്കിലും ഉമർ (റ), ഉസ്‌മാൻ (റ), അലി (റ) തുടങ്ങിയ പ്രമുഖ സ്വഹാബീനേതാക്കൾ ഒന്നടങ്കം അഭിപ്രായപ്പെട്ട പ്രകാരം ഹിജ്റ ആധാരമാക്കാൻ ആയിരുന്നുതീരുമാനം.ഹിജ്റ നടന്നിട്ട് അന്നേക്ക് പതിനേഴ് സംവത്സരങ്ങൾ പിന്നിട്ടു കഴിഞ്ഞിരുന്നു. മാസം ജുമാദൽ ഊലായുമായിരുന്നു.ഹിജ്റ നടന്നത് റബീഉൽ അവ്വൽ മാസത്തിൽ ആയിരുന്നെങ്കിലും പണ്ട് തൊട്ടേ അറബികൾ 12 ചാന്ദ്രിക മാസങ്ങൾ കണക്കാക്കിയിരുന്നത് മുഹറമിൽ തുടങ്ങി ദുൽ ഹിജ്ജയിൽ അവസാനിക്കുന്ന നിലവിലെ അതേ ക്രമത്തിൽ തന്നെ ആയിരുന്നതിനാൽ മദീനാ പലായനം നടന്ന കൊല്ലത്തിലെ മുഹറം ഒന്ന് തന്നെ ഒന്നാം തീയതി ആയി പരിഗണിച്ചു കൊണ്ടാണ് ഹിജ്രവര്ഷം നിർണയിക്കപ്പെട്ടത്.
മുഹറം മാസത്തിലെ ഏറ്റവും ശ്രേഷ്ഠമായ ദിനം മുഹറം പത്താണ് അന്നും തൊട്ടു മുൻപത്തെ ദിനത്തിലും പ്രത്യേകം നോമ്പനുഷ്ഠിക്കൽ സുന്നത്തുണ്ട്. മുഹറം പത്തിന് ആശൂറാഅ് എന്നും ഒമ്പതിന് താസൂആഅ് എന്നും പറയപ്പെടുന്നു . ഈ മാസത്തിലെ പ്രധാന സംഭവങ്ങൾ എല്ലാം നടന്നത് ആശൂറാഇനാണ്. പ്രധാന സംഭവങ്ങൾ ലൗഹ്, ഖലം, അർശ്, കുർസിയ്യ്, ആകാശങ്ങൾ, ഭൂമി, പർവ്വതങ്ങൾ ,സമുദ്രങ്ങൾ എന്നിവയെ സൃഷ്ട്ടിച്ചു , ജിബ്‌രീൽ ( അ ) മിനെയും മറ്റു മലക്കുകളേയും സൃഷ്ടിച്ചു. നൂഹ് നബി (അ ) മിന് പ്രളയത്തിൽ നിന്ന് രക്ഷ ലഭിച്ചു , ഇബ്റാഹിം നബി (അ ) നംറൂദിന്റെ തീകുണ്ഡാരത്തിൽ നിന്ന് രക്ഷപ്പെട്ടു , ഫിർഔനിനെ നൈൽ നദിയിൽ മുക്കി നശിപ്പിച്ചു , മൂസാ (അ ) രക്ഷപ്പെട്ടു , അയ്യൂബ് നബിയുടെ പരീക്ഷണം നീക്കി, യഅ്ഖൂബ് നബിക്ക് കാഴ്ച്ച ശക്തി തിരിച്ച് കിട്ടി, യൂസുഫ് നബി (അ ) ജയിലിൽ നിന്ന് മോചിതനായി , യൂനുസ് നബി മത്സ്യ വയറ്റിൽ നിന്ന് രക്ഷപ്രാപിച്ചു, സുലൈമാൻ നബിക്ക് അധികാരം ലഭിച്ചു, ആദ്യമായി മഴ വർഷിച്ചു , ആദ്യമായി റഹ്മത്ത് ഇറങ്ങി ഇങ്ങനെ നിരവധി സംഭവങ്ങൾ മുഹറം പത്തിൽ സംഭവിച്ചതാണ്. അതിനാൽ തന്നെയാണ് ഈ ദിനം പുണ്യമായതും
അന്ന് നോമ്പനുഷ്ഠിക്കൽ പ്രത്യേക സുന്നത്തുണ്ട്. ഇബ്നു അബ്ബാസ്(റ) പറയുന്നു: നബി (സ) മദീനയിലെത്തിയപ്പോൾ ജൂതൻമാർ ആശുറാഅ് ദിനത്തിൽ നോമ്പനുഷ്ഠിക്കുന്നത് കണാനിടയായി .നബിതങ്ങൾ ഇതിന്റെ പ്രത്യേകത ആരാഞ്ഞപ്പോൾ അവർ മറുപടി പറഞ്ഞു: മൂസാ നബിയെ അല്ലാഹു രക്ഷിക്കുകയും ഫിർഔനിനെയും സംഘത്തെയും നശിപ്പിക്കുകയും ചെയ്ത ദിനമാണ്. ഇത് കേട്ടയുടൻ തിരുനബി (സ്വ) പ്രതിവചിച്ചു മൂസാ നബിയോട് ഏറ്റവും ബന്ധപ്പെട്ടവർ ഞങ്ങളാണ് , അവിടുന്ന് നോമ്പെടുക്കുകയും സ്വഹാബത്തിനോട് നോമ്പനുഷ്ഠിക്കാൻ കൽപ്പിക്കുകയും ചെയ്തു. (ത്വബ്റാനി) ഈ നോമ്പിന്റെ പുണ്യം നിരവധി ഹദീസുകളിൽ വന്നിട്ടുണ്ട് നബി (സ) പറയുന്നു: ആശൂറാഅ് നോമ്പ് ഒരു കൊല്ലത്തെ പാപങ്ങൾക്ക് പരിഹാരമാണ് (ഇബ്നു അബീശൈബ) വീണ്ടും പറയുന്നു ഒരാൾ ആശൂറാഅ്നോമ്പ് അനുഷ്ഠിച്ചാൽ അറുപത് വർഷം പകൽ നോമ്പെടുത്ത് രാത്രി നിസ്ക്കരിച്ച ഇബാദത്തിന്റെ പ്രതിഫലം അവന് രേഖപ്പെടുത്തുന്നതാണ്. തങ്ങൾ പറയുന്നു ഒരാൾ ആശൂറാഇന്റെ രാത്രിയിൽ സജീവമാകുകയും പ്രഭാതത്തിൽ നോമ്പെടുക്കുകയും ചെയ്താൽ അവൻ മരണവേദനയറിയില്ല
മാത്രമല്ല അന്നത്തെ പ്രാർത്ഥനക്ക് ഉത്തരം ലഭിക്കുന്നതുമാണ്. ബസ്വറയിൽ ധാരാളം സമ്പത്തും അനുയായികളും ഉള്ള ഒരാൾ ജീവിച്ചിരുന്നു . അദ്ധേഹം എല്ലാ ആശൂറാഅ് ദിനത്തിലും ജനങ്ങളെ വിളിച്ച് കൂട്ടി ഖുർആനും ദിക്റും തസ്ബീഹും ചൊല്ലി രാത്രി സജീവമാക്കിയിരുന്നു. വരുന്നവർക്ക് ഭക്ഷണം നൽകുകയും പാവങ്ങളോട് വിശേഷണം ആരായുകയും വിധവകൾക്കും അനാഥകൾക്കും നൻമ ചെയ്യുകയും ചെയ്യാറുണ്ടായിരുന്നു. അദ്ധേഹത്തിന്റെ അയൽപക്കത്തുള്ള ഒരു വീട്ടിൽ എഴുന്നേറ്റ് നടക്കാൻ കഴിയാത്ത ഒരു പെൺകുട്ടി ഉണ്ടായിരുന്നു . ഒരിക്കൽ അയൽവാസിയുടെ ഈ പ്രവർത്തനം കണ്ട് അതേപ്പറ്റി പിതാവിനോട് അന്വേഷിച്ചു. എന്തിനാണ് നമ്മുടെ അയൽവാസി പ്രതിവർഷം ഇപ്രകാരം ചെയ്യുന്നത്. അവർ പറഞ്ഞു ഇത് ആശൂറാഇന്റെ രാത്രിയാണ് . അല്ലാഹുവിന്റെയടുക്കൽ ധാരാളം മഹത്വങ്ങളും ബഹുമാനവും ഈ രാത്രിക്കുണ്ട്. ശേഷം വീട്ടുകാർ കിടന്നുറങ്ങിയെങ്കിലും അവൾ ഉറങ്ങിയില്ല ഖുർആനും ദിക്റുകളും കേട്ട് അത്താഴ സമയം വരെയും ഉറക്കമിളിച്ചിരുന്നു . ഖുർആൻ ഖത്മ് ചെയ്ത പ്രാർത്ഥന നിർവഹിച്ചപ്പോൾ ഇരു കരങ്ങളും മേൽപ്പോട്ട് ഉയർത്തി ആകാശത്തേക്ക് തല ഉയർത്തി അവൾ പ്രാർത്ഥിച്ചു : എന്റെ യജനമാരും നേതാവുമായവരെ , ഈ ദിനത്തിന്റെ മഹത്വം കൊണ്ടും നിനക്ക് വേണ്ടി നിന്റെ സ്മരണയിലായി ഉറക്കമൊഴിവാക്കിയവരുടെ മഹത്വം കൊണ്ടും നീ എനിക്ക് സുഖം നൽകുകയും പ്രയാസങ്ങൾ നീക്കുകയും തകരുന്ന എന്റെ മനസ്സിന് പരിഹാരം തരികയും ചെയ്യണേ അവളുടെ പ്രാർത്ഥന പൂർത്തിയായപ്പോഴേക്കും രോഗം സുഖം പ്രാപിക്കുകയും വേദന മാറുകയും ചെയ്തു . അവൾ എഴുന്നേറ്റ് നിൽക്കുന്നത് കണ്ട പിതാവ് ചോദിച്ചു, നിന്റെ പ്രയാസവും പരീക്ഷണവും നീക്കി തന്നത് ആരാണ് അവൾ പറഞ്ഞു: അനുഗ്രഹത്തിൽ പിശുക്ക് കാണിക്കാതെ എനിക്ക് കാരുണ്യം ചൊരിഞ്ഞ അല്ലാഹു ! അവൾ തുടർന്നു പിതാവേ ഞാനെന്റെ യജമാനനോട് ഈ ദിവസത്തെ തവസ്സുലാക്കി .അതിനാൽ എന്റെ പ്രയാസം നീക്കുകയും ശരീരത്തിന് ആരോഗ്യം നൽകുകയും ചെയ്തു ( റൗളുൽ ഫാഇഖ് ) പത്തിന് ഉള്ള പോലെ തന്നെ ഒമ്പതിനും നോമ്പനുഷ്ഠിക്കൽ സുന്നത്തുണ്ട് .താസൂആ ഇന്റെ നോമ്പ് എന്നാണ് അറിയപ്പെടുന്നത്.ഇബ്നു അബാസ്( റ) പറയുന്നു: നബി(സ)
ആശൂറാ ദിവസം നോമ്പെടുക്കു കയും അപ്രകാരം കല്പ്പിക്കുകയും
ചെയ്തപ്പോൾ സ്വഹാബികൾ പ
റഞ്ഞു: അല്ലാഹുവിന്‍െറ ദൂതരെ,
ജൂതന്മാരും ക്രിസ്ത്യാനികളും ബ
ഹുമാനിക്കുന്ന ഒരു ദിവസമാണല്ലോ
ഇത് . അപ്പോള് അവിടുന്ന് പറ ഞ്ഞു "എങ്കില് അടുത്ത വര്ഷം അല്ലാഹു
ഉദ്ദേശിച്ചാല് നാം ഒമ്പതിനും
നോമ്പെടുക്കും.(മുസ്ലിം) ജൂതന്മാരോട് എതിരാവാനാണ് അന്നേ ദിവസം നോമ്പനുഷ്ഠിക്കാൻ പറഞ്ഞത്. ഇനി ഒമ്പതിന് പറ്റിയില്ലെങ്കിൽ പതിനൊന്നിന് എടുത്താൽ മതിയാവും . ഇങ്ങനെ നിരവധി സംഭവങ്ങൾ ഈ ദിനങ്ങളിൽ ഇസ്ലാമിക ചരിത്രത്തിൽ രേഖപ്പെട്ടിട്ടുണ്ട് .
മുനീർ അഹ്സനി ഒമ്മല
9048740007
0 അഭിപ്രായങ്ങള്‍