ഹദീസ് ക്രോഡീകരണം 

Posted on 21/09/2018
ഇസ്ലാമിന്റെ അടിസ്ഥാന ശിലകളാണ് ഖുർആനും സുന്നത്തും . വിശുദ്ധ ഖുർആൻ പ്രാരംഭത്തിൽ തന്നെ കൃത്യമായി രേഖപ്പെടുത്തുകയും ആധികാരികമായി കൈമാറ്റം ചെയ്യപ്പെടുകയും ചെയ്തിട്ടുണ്ട്. അത് മുഴുവനും ക്രമപ്രകാരം പലരുടെയും ഹൃത്തടങ്ങളിൽ മുത്ത് നബിയുടെ കാലത്ത് തന്നെ കോഡീകരിക്കപ്പെട്ടിട്ടുണ്ട്. പലരും എല്ലിലും തോലുകളിലുമായി എഴുതി പിടിപ്പിച്ചിട്ടുമുണ്ട് എന്നാൽ ഖുർആനിന്റെ വ്യാഖ്യാനമായ ഹദീസുകൾ ആദ്യകാലത്ത് വേണ്ടത്ര രേഖപ്പെടുത്തുകയോ ക്രമപ്പെടുത്തുകയോ ചെയ്തിരുന്നില്ല . ചുരുക്കം ചിലർ മാത്രമാണ് തിരുനബിയുടെ മൊഴിമുത്തുകളെ രേഖപ്പെടുത്താൻ ശ്രമിച്ചിരുന്നത് .ഖുര്‍ആന്‍ സൂക്തങ്ങളുമായി ഇടകലര്‍ന്ന് ആശയക്കുഴപ്പം സൃഷ്ടിക്കാതിരിക്കാന്‍ വേണ്ടിയാണ് എഴുത്തിന് വലിയ പ്രോത്സാഹനം കൊടുക്കാതിരുന്നത്. എന്നാല്‍ എഴുതിവെക്കാന്‍ അനുവാദം ചോദിച്ചവര്‍ക്ക് അതിന് അനുവാദം നല്‍കിയതായും പല സംഭവങ്ങളും വ്യക്തമായ സൂചനകളാണ് നല്‍കുന്നത്. മാത്രമല്ല അന്ന് രേഖപ്പെടുത്തി വെക്കാതിരിക്കാൻ ചിലകാരണങ്ങൾ പണ്ഡിതർ രേഖപ്പെടുത്തുന്നു അവ നബി(സ)യില്‍ നിന്ന് വേണ്ടത്ര പ്രോത്സാഹനം ലഭിച്ചിരുന്നില്ല,ജനങ്ങള്‍ നല്ല ഗ്രഹണശക്തിയുടെയും മനഃപാഠശക്തിയുടെയും ഉടമസ്ഥരായിരുന്നു.അതുപോലെ തന്നെ അക്കാലത്ത് എഴുത്തും വായനയും അറിയുന്നവർ കുറവായിരുന്നു ഇതെല്ലാമാണ് ഹദീസ് ക്രോഡീകരണത്തിന് വിഘാതമായി നിന്ന കാരണങ്ങൾ . 
        വ്യവസ്ഥാപിതമായ രീതിയില്‍, ഹദീസ് ക്രോഡീകരിക്കാന്‍ തുടങ്ങിയത്, അഞ്ചാം ഖലീഫയായി അറിയപ്പെട്ട ഉമർ രണ്ടാമൻ എന്ന പേരിൽ ഖ്യാതി നേടിയ  ഉമറുബ്‌നു അബ്ദില്‍ അസീസ് (റ) വിന്റെ കാലത്ത് അദ്ദേഹത്തിന്റെ നേരിട്ടുള്ള നിര്‍ദേശപ്രകാരമായിരുന്നു. ഉമറുബ്‌നു അബ്ദുല്‍അസീസ് (റ)തന്റെ ഭരണപ്രവിശ്യയിലെ പണ്ഡിതന്‍മാരിലേക്ക് നേരിട്ടെഴുതുകയും ഹദീസുകള്‍ സമാഹരിക്കാന്‍ കല്‍പിക്കുകയും ചെയ്തു. സ്വഹീഹുല്‍ ബുഖാരിയിലെ കിതാബുല്‍ ഇല്‍മില്‍ ഇങ്ങനെ കാണാം: ”ഉമറുബ്‌നു അബ്ദുല്‍അസീസ് (റ), അബൂബക്കര്‍ ബിന്‍ ഹസ്മിന് എഴുതി. നബി(സ)യുടെ ഹദീസുകളെക്കുറിച്ച് നീ ചിന്തിക്കുകയും എഴുതുകയും ചെയ്യുക, കാരണം, വിജ്ഞാനം മാഞ്ഞുപോവുന്നതും പണ്ഡിതന്‍മാര്‍ മരിച്ചുപോവുന്നതും ഞാന്‍ ഭയക്കുന്നു.”
كتب عمر بن عبد العزيز (ر) إلى أبي بكر بن حزم انظر ما كان من حديث رسول الله صلى الله عليه وسلم فاكتبه ، فإني خفت دروس العلم وذهاب العلماء 
ഇങ്ങനെ ഉമറുബ്‌നു അബ്ദില്‍ അസീസിന്റെ നിര്‍ദേശപ്രകാരം ഹദീസ് ക്രോഡീകണം നടത്തിയ ആദ്യത്തെ പണ്ഡിതന്‍ ഇമാം സുഹ്‌രിയാണ് ( തദ് രീബു റാവി 370). പിന്നീട് പല ഭാഗത്ത് പലരും ക്രോഡീകരണം നടത്തി 
ഇമാം സുയൂഥി (റ) പറയുന്നു നാടുകളിൽ പണ്ഡിതർ വ്യാപിക്കുകയും റാഫിളത്ത്, ഖവാരിജ് തുടങ്ങിയ നവീനവാദികൾ അധികരിക്കുകയും ചെയ്തപ്പോൾ സ്വഹാബത്തിന്റെ ഖൗലുകളും താബിഉകളുടെ ഫത് വകളും ചേർത്ത് ക്രോഡീകരണം നടത്തി ഇങ്ങനെ  ചെയ്തത് മക്കയിൽ,ഇബ്നു ജുറൈജ്,മദീനയിൽ ഇമാം മാലിക് (റ), ഇബ്നു ഇസ്ഹാഖ് (റ) ബസറയിൽ ഹമ്മാദ് ബിൻ സലമ (റ) സഈദ് ബിൻ അബീ അറൂബ (റ),ഇമാം റബീഅ്‌ ബിൻ സ്വബീഹ്(റ),എന്നിവരും,കൂഫയിൽ  സുഫ് യാനുസൗരി(റ)വും ശാമിൽ, ഇമാം ഔസാഇ(റ)വും ,യമനിൽ മഅ്മർ ബിൻ റാഷിദ് സ്വൻആനി  (റ) , ലൈസ് ബിൻ സഅദ് (റ) മിസ്റിലും ഇബ്നുൽ മുബാറക് (റ) ഖുറാസാൻ എന്നിവർ  ക്രോഡീകരണം നടത്തുകയുണ്ടായി, ഇവരെല്ലാം ഒരേ കാലക്കാരാണ് അതിനാൽ ആരാണ് കൃത്യമായി ആദ്യം നിർവഹിച്ചതെന്ന് പറയൽ അസാധ്യമാണെന്നാണ് ഇബ്നു ഹജർ(റ)വും ഹാഫിള് ഇറാഖിയും അഭിപ്രായപ്പെടുന്നത്.പിന്നീട് മൂന്നാം നൂറ്റാണ്ടിൽ വ്യവസ്ഥാപിതമായി ഹദീസ് സമാഹരിച്ചു  പുറത്തിറങ്ങി,ഇമാം അഹ്മദ്(റ)വിന്റെ മുസ്‌നദ്,ഇസ്ഹാഖ് ബിൻ റാഹവൈഹി,യുടെ മുസ്‌നദ്,തുടങ്ങിയവ ഉദാഹരണം
         ഹദീസ് മനഃപാഠമുള്ള സഹബികളുടെയും,പണ്ഡിതന്മാരുടെയും മരണവും,ഹദീസിൽ വ്യാജ ഹദീസുകൾ കടന്നു കൂടുന്നതും വ്യാപകമായപ്പോഴാണ് ഖലീഫ ഉമർ ബിൻ അബ്ദുൽ അസീസ് ഇങ്ങനെ ഒരു തീരുമാനത്തിലെത്തിയത് എന്ന് കാണാൻ കഴിയും . വിവിധ ഘട്ടങ്ങളിലൂടെ കാലികമായ പരിഷ്‌കരണങ്ങളോടെയാണ് ഹദീസ് ക്രോഡീകരിക്കപ്പെട്ടത്. ക്രോഡീകരണത്തിന്റെ സ്വഭാവവും ശൈലിയും അടിസ്ഥാനമാക്കി 
ഹദീസ് ക്രോഡീകരണത്തെ അഞ്ചു ഘട്ടങ്ങളായി തിരിക്കാം. 
ഹിജ്‌റ പതിനൊന്നു വരെയുള്ള അഥവാ, നബി(സ)യുടെ വഫാത്ത് വരെയുള്ള കാലമാണ് ഇതില്‍ ഒന്നാം ഘട്ടം. മുത്തു നബിയുടെ ഓരോ ചലനങ്ങളും
കൃത്യമായി അടയാളപ്പെടുത്തുന്നതില്‍ സ്വഹാബാക്കള്‍ വളരെയധികം ശ്രദ്ധ ചെലുത്തിയിരുന്നു. എല്ലാവരും തിരുചര്യകളെ നിരീക്ഷിക്കുന്നതില്‍ തല്‍പരരായിരുന്നുവെങ്കിലും ജീവിത സന്ധാരണത്തിനുള്ള നെട്ടോട്ടത്തില്‍ ആ ജീവിതം പൂര്‍ണമായി ഒപ്പിയെടുക്കുക അസാധ്യമായിരുന്നു. എന്നാല്‍ സര്‍വം സമര്‍പ്പിച്ച് അബൂ ഹുറൈറ(റ) ഉള്‍പ്പെടെയുള്ള ചിലർ ഗുരുമുഖത്ത് നിന്ന് തന്നെ വിജ്ഞാനം കരസ്ഥമാക്കാന്‍ വേണ്ടി ജീവതം ഉഴിഞ്ഞ് വെച്ചു . ആഇശ(റ), നാല് ഖലീഫമാര്‍, ഇബ്‌നു ഉമര്‍(റ), ഇബ്‌നു അബ്ബാസ് (റ) തുടങ്ങി പ്രമുഖ സ്വഹാബിമാരെല്ലാം നബിയെ സാകൂതം വീക്ഷിക്കുകയും സൂക്ഷ്മമായി പകര്‍ത്തുകയും ചെയ്തിരുന്നു. തിരുനബിയിൽ നിന്ന് ഏറ്റവും കൂടുതൽ ഹദീസ് നിവേദനം ചെയ്തവർ അബീഹുറൈറ(റ) 5374 ഹദീസ്
അബ്ദുല്ലാഹിബ്നു ഉമർ (റ)2630 ഹദീസ്
അനസ് ബിൻ മാലിക് (റ)      2276ഹദീസ്
ആഇശ(റ)   2210ഹദീസ്
ജാബിർ ബിൻ അബ്ദില്ല (റ) 1540ഹദീസ്
അബൂസഈദിൽ ഹുദ് രി (റ) 1170ഹദീസ്
മാത്രമല്ല ജാബിറുബ്‌നു അബ്ദില്ല (റ), സഅ്ദുബിനു ഉബാദ, അബ്ദുല്ലാഹിബ്‌നു അബീ ഔഫ് (റ) തുടങ്ങിയ പല സ്വഹാബികളും സ്വന്തമായി എഴുതിവെച്ച ഏടുകളും ഈ ഘട്ടത്തില്‍  കാണാൻ സാധിക്കും. നബി(സ)യുടെ കത്തിടപാടുകളും, സന്ധി ഉടമ്പടികളും, ഈ കാലഘട്ടത്തില്‍ തന്നെ ലിഖിതരേഖയാണ് 
രണ്ടാം ഘട്ടം
ഹിജ്‌റ പതിനൊന്നു മുതല്‍ 100 വരെയുള്ള കാലഘട്ടമാണ് ഹദീസ് ക്രോഡീകരണത്തിന്റെ രണ്ടാം ഘട്ടമായി കണക്കാക്കുന്നത്. നബി(സ)യുടെ വഫാത്തിനു ശേഷം അലി(റ), ഇബ്‌നു അബ്ബാസ്(റ) അബീഹൂറൈറ(റ)തുടങ്ങിയ സ്വഹാബികളും, സുഹ്‌രി (റ)വിനെ പോലെയുള്ള താബിഉകളും സമാഹരിച്ച ക്രോഡീകരണങ്ങളാണ് ഈ ഘട്ടത്തില്‍ പ്രധാനമായും എണ്ണപ്പെടുന്നത്. അബൂ ഹുറൈറ(റ) വിന് മാത്രം 800ഓളം പഠിതാക്കളുണ്ടായിരുന്നുവത്രെ. 
മൂന്നാം ഘട്ടം
ഹിജ്‌റ 101 മുതല്‍ 200 വരെയുള്ള കാലഘട്ടമാണ് ഹദീസ് ക്രോഡീകരണത്തിലെ മൂന്നാം ഘട്ടം. ഇക്കാലത്ത് നിരവധി ഹദീസ് പണ്ഡിതന്‍മാര്‍ വ്യവസ്ഥാപിതമായ രീതിയല്‍, വ്യത്യസ്ത നഗരങ്ങള്‍ കേന്ദ്രീകരിച്ച് ഹദീസ് പഠനത്തിന്റെ വ്യാപനം നടത്തുകയുണ്ടായി. മഹാനായ ഇമാം മാലിക്ബ്‌നു അനസ്(റ)ന്റെ മുവഥ്ഥ്വയാണ് ഈ ഘട്ടത്തില്‍ സമാഹരിക്കപ്പെട്ട ഹദീസ് ഗ്രന്ഥം. ഇതിനെ ലക്ഷണമൊത്ത ആദ്യത്തെ ഹദീസ് ഗ്രന്ഥമായി വിശേഷിപ്പിക്കാം.
നാലാം ഘട്ടം
ഹിജ്‌റ 200 മുതല്‍ 300 വരെയുള്ള കാലഘട്ടത്തെ ഹദീസ് ക്രോഡീകരണത്തിന്റെ നാലാം ഘട്ടമായി കണക്കാക്കുന്നു. ഈ ഘട്ടത്തിലാണ് ഹദീസ് ക്രോഡീകരണത്തിന്റെ സുവര്‍ണ ഘട്ടം തുടങ്ങുന്നത്.കൃത്യമായ സനദുകളുടെ അടിസ്ഥാനത്തില്‍ സ്വഹീഹായ ഹദീസുകള്‍ മാത്രം ക്രോഡീകരിക്കുക എന്നതായിരുന്നു ഈ കാലഘട്ടത്തിന്റെ ദൗത്യം ,അതിന്റെ ഫലമാണ് സ്വഹീഹ് ബുഖാരിയും മുസ്ലിമും
സ്വിഹാഹുസ്സിത്തയുടെ രചയിതാക്കളായ ഇമാം ബുഖാരി, ഇമാം മുസ്‌ലിം(റ), അബൂദാവൂദ്(റ), തിര്‍മിദി(റ), നസാഈ(റ), ഇബ്‌നു മാജ(റ) എന്നിവരുടെ ഗ്രന്ഥങ്ങളും മുസ്‌നദ് അഹ്മദ്, ദാരിമി, അല്‍വാഖിദി തുടങ്ങിയ മഹാഗ്രന്ഥങ്ങളും പ്രത്യക്ഷപ്പെട്ടത് ഈ കാലത്താണ്.
അഞ്ചാം ഘട്ടം
ഹിജ്‌റ 300 മുതല്‍ 600 വരെയുള്ള അഞ്ചാം ഘട്ടം ദാറഖുഥ്‌നീ, ബൈഹഖി(റ), ഇമാം ബഗവി (റ) തുടങ്ങിയ പണ്ഡിതന്‍മാരുടെ യുഗമാണിത്. ദീര്‍ഘമായ നിവേദക പരമ്പരകള്‍ ഉള്‍കൊള്ളിച്ച് കൊണ്ടാണ് ഈ കാലം വരെ ഗ്രന്ഥ രചനകള്‍ നടന്നിരുന്നത് എന്നാല്‍ നിവേദക പരമ്പരകള്‍ കൃത്യമായി ക്രോഡീകരിക്കപ്പെട്ട ശേഷം ഹദീസുകള്‍ മാത്രം ഉള്‍ക്കൊള്ളിച്ച് ഗ്രന്ഥ രചന നടത്തിയത് അബുല്‍ ഹസ്സന്‍ റസീല്‍(റ)  ആണ്. ഈ ശ്രേണിയില്‍ ഒരു പാട് ഗ്രന്ഥങ്ങള്‍ വന്നെങ്കിലും ഏറ്റവും ശ്രദ്ധേയമായത് ഹുസൈന്‍ ബിന്‍ മസ്ഊദ് അല്‍ ഫറാഅ് അല്‍ ബഗവി (റ) രചിച്ച മസാബീഹുസ്സുന്നയാണ്. ഈ ഗ്രന്ഥത്തിന്റെ വിപുലീകൃത രൂപമാണ് മിശ്കാത്തുല്‍ മസാബിഹ്. ഇതാണ് ഹദീസ് ക്രോഡീകരണത്തിന്റെ കാലഘട്ടം . 
      എന്നാൽ ഹദീസ് പഠന മേഖലയിലും ക്രോഡീകരണ രംഗത്തും സമൂലമായ മാറ്റങ്ങളും പുരോഗതിയും വന്നതോടൊപ്പം തെറ്റായ ചില പ്രവണതകളും രൂപപ്പെട്ടു തുടങ്ങി . ചില ഭാഗങ്ങളിൽ കള്ളനാണയങ്ങൾ പൊട്ടി പുറപ്പെട്ടു അവർ തിരുദൂതരുടെ പേരിൽ വ്യാജ ഹദീസുകൾ നിർമ്മിക്കാൻ തുടങ്ങി. സ്വർത്ഥതാൽപര്യങ്ങൾക്ക് വേണ്ടി ഇത്തരം വ്യാജങ്ങൾ അവർമെനഞ്ഞുണ്ടാക്കി ഇത്തരം വ്യാജ നിർമ്മാതാക്കളെ കുറിച്ച് നബി (സ) പറഞ്ഞു: എന്റെ പേരിൽ ആരെങ്കിലും കള്ളം കെട്ടിയുണ്ടാക്കുകയാണെങ്കിൽ നരകത്തിൽ തന്റെ ഇരിപ്പിടം ഉറപ്പിച്ചു കൊള്ളട്ടെ " 
പെട്ടതാണ് വഴുതനങ്ങ കച്ചവടക്കാരന്റെ ഹദീസ് " വഴുതനങ്ങ മരണമല്ലാത്ത എല്ലാ രോഗങ്ങൾക്കും സിദ്ധൗഷധമാണ് " എന്നാൽ ഈ അവസരം മുതലെടുത്ത് പല ഇസ്ലാം വിരുദ്ധരും  ഇത്തരം വ്യാജ ഹദീസുകളെ വ്യാപകമായി പ്രചരിപ്പിച്ചു. എന്നാൽ പണ്ഡിതർ ഈ വിപത്തിനെ തടയിടാൻ ശ്രമം നടത്തി . ഹദീസുകൾ സ്വീകരിക്കുന്നതിന് അവർ കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തി . നിവേദകരെ സംബന്ധിച്ച് കൂലങ്കശമായി പഠിക്കുകയും ചർച്ചക്ക് വിധേയമാക്കുകയും ചെയ്തു അങ്ങനെ ഹദീസ് നിദാന ശാസ്ത്രം, നിവേദകരുടെ ജീവചരിത്രം (അസ്മാഉരിജാൽ ) പുതിയ വിജ്ഞാനശാഖകളായി വളർന്നു.
       ഹദീസ് ശാസ്ത്രത്തിലെ കിതാബുകളെ പല രീതിയിലാണ് മുഹദിസുകൾ തരം തിരിച്ചിട്ടുള്ളത്  അവയിൽ ചിലത് 
1 സ്വിഹാഹ്: ഹദീസ് നിവേദന ശാസ്ത്രമനുസരിച്ച് സ്വഹീഹായ ഹദീസുകള്‍ മാത്രം ക്രോഡീകരിച്ചതാണ് സ്വിഹാഹ്. ഉദാഹരണം സ്വഹീഹുല്‍ ബുഖാരി, സ്വഹീഹു മുസ്‌ലിം .
2 ജാമിഅ്: വിവിധ വിഷയങ്ങളെക്കുറിച്ചുള്ള ഹദീസുകള്‍ ഉള്‍ക്കൊള്ളുന്നതാണ് ജാമിഅ്.  അഖാഇദ്, അഹ്കാം,  ആദാബ്,  തഫ്‌സീര്‍,  , സിയര്‍ (ചരിത്രം), ഫിതന്‍(വിപത്തുകള്‍) ,  അശ്റാത്വു സാഅത് (ഖിയാമത്തിന്റെ അടയാളങ്ങൾ) ,മനാഖിബ് എന്നിങ്ങനെ എട്ടു വിഷയങ്ങള്‍ ജാമിഉകളില്‍ ഉള്‍ക്കൊള്ളിച്ചിരിക്കും ഈ ഗണത്തിൽപെട്ട നിരവധി കിതാബുകൾ ഉണ്ട് പ്രസിദ്ധമായത് ജാമിഅ് സ്വഹീഹുൽ ബുഖാരി , (സ്വിഹാഹിലാണ് പ്രസിദ്ധം) 
ജാമിഅ് തുർമുദി ഇത് സുനന് എന്ന നിലയിലും പ്രസിദ്ധമായിട്ടുണ്ട് . തഫ്സീറിലെ കുറവ് കാരണം മുസ്ലിം ഇതിൽ പെടുമോ എന്ന വിഷയത്തിൽ പണ്ഡിതർക്കിടയിൽ എതിരഭിപ്രായമുണ്ട് 
3 സുനന്‍: കര്‍മശാസ്ത്ര ഗ്രന്ഥങ്ങളുടെ വിഷയക്രമമനുസരിച്ച് വിധികള്‍ക്കും കര്‍മങ്ങള്‍ക്കും പ്രാധാന്യം നല്‍കി ക്രോഡീകരിക്കപ്പെട്ടവയാണിവ.പ്രസിദ്ധമായ ഗ്രന്ഥങ്ങൾ  സുനനു അബീദാവൂദ് സുനനു തുർമുദി,സുനനുന്നസാഈ, സുനനു ഇബ്‌നുമാജ,   ഇവകൾക്ക് സുനനുൽ അർബഅ എന്നും വിളിപ്പേരുണ്ട്.  
4 മുസ്വന്നഫ്
വിഷയാധിഷ്ഠത അധ്യായങ്ങളായി ക്രോഡീകരിക്കപ്പെട്ടതാണ് പക്ഷേ ഇതിൽ മൗഖൂഫ്, മഖ്ഥൂഅ് ആയത് കൂടി ഉൾക്കൊള്ളിക്കപ്പെട്ടിട്ടുണ്ട് മുസ്വന്നഫ് അബ്ദുറസാഖ്, മുസ്വന്നഫ് അബീബക്കർ ഇബ്നു അബീശൈബ ഉദാഹരണം 
5 മുസ്തദ്‌റക്: മറ്റു ഗ്രന്ഥങ്ങളില്‍ നിവേദനം ചെയ്യപ്പെടാത്ത ഹദീസുകളെ തെരഞ്ഞുപിടിച്ച് ക്രോഡീകരിക്കപ്പെട്ടവയാണിത്. പ്രസിദ്ധി നേടിയത് ഹാകിമിന്റെ അല്‍മുസ്തദ്‌റക്.
6. മുസ്തഖ്‌റജ്: മറ്റുള്ള ഗ്രന്ഥങ്ങളില്‍ നിവേദനംചെയ്യപ്പെട്ട ഹദീസുകള്‍, സ്വീകാര്യമാണെന്നു സമര്‍ത്ഥിക്കുന്നതിന് മറ്റു നിവേദനശൃംഖലയിലൂടെയും അതേ ഹദീസുകള്‍ നിവേദനംചെയ്യുന്ന രീതി, ഇത്തരം ഹദീസുകളെ ക്രോഡീകരിച്ച ഗ്രന്ഥമാണ് മുസ്തഖ്‌റജ്. മുസ്തഖ്‌റജു അബീ അവാന അലാ സ്വഹീഹ് മുസ്ലിം, മുസ്തഖ്റജു അബു നുഐം അലാ സ്വഹീഹ് മുസ്ലിം എന്നിവ ഉദാഹരണം 
7 മുസ്‌നദ്: ഹദീസ് നിവേദനം ചെയ്ത സ്വഹാബികളുടെ ക്രമമനുസരിച്ചോ, അക്ഷരമാലാ ക്രമമനുസരിച്ചോ, ഇസ്ലാമിലേക്ക് വന്ന ക്രമമനുസരിച്ചോ  ക്രോഡീകൃതമായ ഹദീസ് ഗ്രന്ഥങ്ങളാണിവ. ഈ ഗണത്തിൽപ്പെട്ട കിതാബുകൾ വളരെ അധികമുണ്ട് അതിൽ
മുസ്‌നദ് അഹ്മദ് ആണ് ഏറെ പ്രശസ്തമായതും മുൻപന്തിയിലുള്ളതും. പിന്നെ മുസ്നദ് അബീ യഅ്ല
8 മആജിം: ഹദീസ് നിവേദനം ചെയ്ത ശൈഖുമാരുടെ  ക്രമമനുസരിച്ചാണ് ഇതിലെ ക്രോഡീകരണം. അക്ഷരമാലാ ക്രമത്തിലാണ് ഗുരുനാഥന്‍മാര്‍ക്ക് പൊതുവെയും മുന്‍ഗണന നല്‍കുന്നത്. ആദ്യത്തെ ഗുരുനാഥന്‍, തഖ്‌വയും സൂക്ഷ്മതയും കൂടുതലുള്ളവര്‍ എന്നിങ്ങനെയും മുന്‍ഗണന നല്‍കാറുണ്ട്.  ഈ ഗണത്തില്‍ ഇമാം ഥബ്‌റാനിക്ക് മുന്ന്  ഗ്രന്ഥങ്ങളുണ്ട്. മുഅ്ജമു സ്വഗീർ,മുഅ്ജമുൽ കബീർ,മുഅ്ജമുൽ ഔസ്വത് 
9  അല്‍ഇലല്‍: ഹദീസിന്റെ മത്നിലും സനദിലും വരുന്ന ന്യൂനതകൾ വിശദീകരിച്ച് കൊണ്ട് 
ക്രോഡീകരിക്കുന്ന രീതി.
10 അജ്സാഅ്: ചില വിഷയങ്ങൾ ഭാഗീകമായ (ജുസ്ഇയാത്) രീതിയിൽ ക്രോഡീകരിക്കപ്പെട്ട ഗ്രന്ഥങ്ങളാണിത് മുജാബു ദഅവത് ഇബ്നു അബിദുൻയാ , അൽഫിത്വൻ - നുഐം ഇബ്നു ഹമ്മാദ് 
ഇവകൾ വിവിധ മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിൽ തരംതിരിക്കപ്പെട്ടവയാണ് ഇവകൾ കൂടാതെ ഇനിയും പല ഇനങ്ങളുണ്ട് കുതുബുസ്സവാഇദ് (മജ്മഉസ്സവാഇദ് ഉദാഹരണം), അത്വ് റാഫ്, തുടങ്ങിയവ അതിൽപെട്ടതാണ്

മുനീർ അഹ്സനി ഒമ്മല

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍