സമൃദ്ധിയുടെ മാസം ആഗതമായി. സവിശേഷതകൾ നിറഞ്ഞ പുണ്യമാസത്തിൻ്റെ ഏറ്റവും വലിയ സവിശേഷ്യം വിശുദ്ധ ഖുർആനിനെ വരവേൽക്കാൻ കഴിഞ്ഞുവെന്നത്. റമളാനിനെ ശ്രേഷ്ഠവൽക്കരിക്കുന്നതും വേദഗ്രന്ഥത്തിൻ്റെ ഈ അവതരണമാണ്. അത് കൊണ്ട് തന്നെ റമളാനിലെ പ്രധാനപ്പെട്ട മുഖ്യ ആരാധന വിശുദ്ധ ഗ്രന്ഥ പാരായണം തന്നെ. ഖുർആൻ പരായണത്തിന് സവിശേഷതകൾ ധാരാളമുണ്ട്.പ്രത്യേകിച്ച് റമളാൻ മാസത്തിൽ ബാക്കിയുള്ള ആരാധനകൾക്കുള്ളത് പ്രകാരം ഖുർആൻ പരായണത്തിനും ഇരട്ടിയിലധികം പ്രതിഫലമുണ്ട്. പ്രത്യേക ഖുർആൻ പഠനങ്ങൾക്കും റമളാൻ ഉപയോഗപ്പെടുത്തണം. ജിബ്രീൽ( അ ) നബി തങ്ങളുടെ അടുക്കൽ വന്ന് അങ്ങനെ ചെയ്തിരുന്നതായി ഹദീസിൽ കാണാം. ഇബ്നു അബ്ബാസ്(റ) വിൽ നിന്ന് ഉദ്ധരണി: നബി(സ) ഏറ്റവും കൂടുതൽ ദാനം കൊടുത്തിരുന്നു. എന്നാൽ ജിബ്രീൽ (അ ) മിനെ കണ്ട് മുട്ടാറുളള റമളാനിലാണ് കൂടുതൽ ദാനം കൊടുക്കുക. റംസാനിലെ ഓരോ രാത്രിയിലും ജിബ്രീൽ നബി(സ)യെ കാണുകയും നബി(സ)ക്ക് ഖുർആൻ പഠിപ്പിച്ച് കൊടുക്കുകയും ചെയ്യും. അടിച്ചു വീശുന്ന കാറ്റിനെക്കാൾ ഉദാരനാണ് നബി (സ).
ഖുർആൻ പാരായണ മഹത്വം ഹദീസുകളിൽ
വിശുദ്ധ ഖുർആൻ പാരായണത്തിന് നിരവധി മഹത്വങ്ങളുണ്ട്. ധാരാളം ഹദീസുകൾ തദ് വിഷയകമായി ഉദ്ധരിക്കപ്പെട്ടിരിക്കുന്നു. നിത്യമായി ഖുർആൻ പാരായണം ചെയ്യുന്നവർക്ക് അന്ത്യനാളിൽ ശുപാർശ ലഭിക്കും. നബി(സ) പറയുന്നു : നിങ്ങൾ ഖുർആൻ പാരായണം ചെയ്യുക, അത് അന്ത്യനാളിൽ അതിൻ്റെ അനുയായികൾക്ക് ശുപാർശകനായി വരും (മുസ്ലിം). നവ്വാസു ബ്നു സംആനി (റ) വിൽ നിന്ന് നിവേദനം നബി(സ) പറയുന്നു: ഖുർആനിനെയും ഇഹലോകത്ത് ഖുർആനുസരിച്ച് ജീവിതം നയിച്ചവരെയും അന്ത്യനാളിൽ ഹാജരാക്കപ്പെടും .അതിൽ നിന്ന് അൽ ബഖറ സൂറത്തും. ആലു ഇംറാൻ സൂറത്തും അതിൻ്റെ അനുയായികൾക്ക് വേണ്ടി വാദിക്കപ്പെടും.(മുസ്ലിം)
ലോകത്ത് ഏറ്റവും ഉത്തമർ ഖുർആൻ പഠിക്കുകയും പഠിപ്പിക്കുകയും ചെയ്യുന്നവരാണ്. ഉസ്മാൻ(റ) ഉദ്ധരിക്കുന്നു നബി(സ) പറഞ്ഞു ഖുർആൻ പഠിക്കുകയും പഠിപ്പിക്കുകയും ചെയ്തവരാണ് നിങ്ങളിൽ വെച്ച് ഏറ്റവും ഉത്തമർ (ബുഖാരി) അനസ്ബ്‌നു മാലിക്(റ) പറയുന്നു; നബി(സ്വ) പറയുകയുണ്ടായി:അല്ലാഹുവിന് ചില പ്രത്യേകക്കാരുണ്ട്. സ്വഹാബത് ചോദിച്ചു അവര്‍ ആരാണ് നബിയെ? നബി(സ്വ) പറഞ്ഞു: ഖുര്‍ആനുമായി ബന്ധപ്പെട്ടു ജീവിക്കുന്നവര്‍ അല്ലാഹുവിന്റെ ആളുകളും അവന്റെ പ്രത്യേകക്കാരുമാണ്. (മുസ്ലിം). ഖുർആൻ പഠിച്ച് പാരായണം നടത്തുന്നവരെ സംബന്ധിച്ച് ആയിശ(റ) പറയുന്നു: നബി(സ) പറഞ്ഞു: ഖുർആനിനെ കുറിച്ച് അവഗാഹം നേടി കൊണ്ട് അത് പാരായണം ചെയ്യുന്നവർ ഉൽകൃഷ്ടരും ഉന്നതരുമായ മലക്കുകളുടെ കൂടെയാണ്. അതേ സമയം വളരെ പ്രയാസത്തോടെ ഖുർആൻ പാരായണം ചെയ്യുന്നവന് രണ്ട് പ്രതിഫലമുണ്ട് (ബുഖാരി, മുസ്ലിം).
ഖുർആൻ പാരായണത്തിൻ്റെ ഉപമ
തിരുനബി(സ)ക്ക് നിരവധി ബോധന രീതികളുണ്ട്. ഉപമയിലൂടെയുള്ള ബോധനം അവയിൽ പ്രധാനപ്പെട്ടതാണ്. ഖുർ പാരായണം ചെയ്യുന്ന സത്യവിശ്വാസിയെ മധുര നാരങ്ങയോടും കപടവിശ്വാസിയെ റൈഹാൻ ചെടിയോടും ഉപമിക്കുന്നുണ്ട്. ഇവരിൽ നിന്ന് പാരായണം ചെയ്യാത്തവരെ കാരക്കയോടും ആട്ടങ്ങയോടും ഉപമിക്കുന്നു. അതിൻ്റെ കാരണവും വ്യക്തമാക്കുന്നുണ്ട്. സ്വഹാബത്തിന് പാരായണക്കാരൻ്റെ മഹത്വം മനസ്സിലാക്കി കൊടുക്കാനുള്ള വഴിയാണ് ഉപമയിലൂടെ സംസാരിക്കുന്നത്. പിൽകാലക്കാർക്കും ഇതിലൂടെ പാരായണ മഹത്വം ബോധ്യപ്പെടും. അബൂമൂസൽ അശ്അരി (റ) വിൽ നിന്ന് ഉദ്ധരണി;നബി(സ) പറയുന്നു: ഖുർആൻ പാരായണം ചെയ്യുന്ന സത്യവിശ്വാസി മധുര നാരങ്ങ പോലെയാണ്. അതിൻ്റെ മണവും രുചിയും ഉൽകൃഷ്ടമാണ്. ഖുർആൻ പാരായണം ചെയ്യാത്ത വിശ്വാസി കാരക്കക്കു സമാനമാണ് .അതിന് മണമില്ല എന്നാൽ അതിൻ്റെ രുചി മധുരമുള്ളതാണ്. ഖുർആൻ പാരായണം ചെയ്യുന്ന കപടവിശ്വാസി റൈഹാൻ ചെടി പോലെയാണ്. അതിൻ്റെ മണം ഉൽകൃഷ്ടമാണങ്കിലും രുചി കൈപേറിയതാണ്. ഖുർആൻ പാരായണം ചെയ്യാത്ത കപടവിശ്വാസി ആട്ടങ്ങ പോലെയാണ്. അത് ദുർഗന്ധം, കൈപ്പ് രുചിയും (ബുഖാരി, മുസ്ലിം) പാരായണക്കാരൻ്റെ മഹത്വം മനസ്സിലാക്കാൻ ഇതിലപ്പുറം മറ്റൊരു വിശദീകരണത്തിൻ്റെ ആവശ്യമില്ല. വളരെയധികം ഹൃദയസ്പർശിയായ ഉപമയിലൂടെയാണ് നബിയുടെ വിവരണം. അബൂദർറ്(റ)വിന് വിലപ്പെട്ട ഉപദേശം നബി(സ) നൽകുന്നുണ്ട്. അല്ലാഹുവിൻ്റെ ഗ്രന്ഥത്തിൽ നിന്ന് ഒരു വചനം താങ്കൾ പഠിക്കുന്നത് നൂറ് റക്അത് നമസ്ക്കരിക്കുന്നതിനേക്കാളും പുണ്യകരം, താങ്കൾ ഖുർആൻ പാരായണത്തെ കൂടപ്പിറപ്പാക്കുക,നിശ്ചയം അത് ഭൂമിയിൽ താങ്കൾക്ക് പ്രകാശവും പാരത്രിക ലോകത്ത് വലിയ നിക്ഷേപവുമാണ്.(ഇബ്നുമാജ, ഇബ്നു ഹിബ്ബാൻ ).
ഖുർആനിൽ നിന്ന് അല്പം പോലും ഹൃദ്യസ്ഥമാക്കാത്തവരെ ശൂന്യമായ വീടിനോടാണ് നബി തങ്ങൾ ഉപമിക്കുന്നത്. ഇബ്നു അബ്ബാസ്(റ) വിൽ നിന്ന് ഉദ്ധരണി: നബി തങ്ങൾ പറയുന്നു: ഖുർആനിൽ നിന്ന് ഒന്നും ഹൃദിസ്ഥമാക്കാത്തവൻ ശൂന്യമായ വീടുപോലെയാണ് (തുർമുദി) .ഖുർആൻ മനപാഠമാക്കിയവനെ ഒട്ടകത്തോട് ഉപമിക്കുന്നുണ്ട് നബി(സ). ഒട്ടകത്തെ സൂക്ഷിച്ചാൽ കെട്ടിയിട്ട സ്ഥാനത്ത് നിൽക്കും അതല്ലങ്കിൽ അത് അതിൻ്റെ വഴിക്ക് പോകും ഇതു പ്രകാരം ഖുർആൻ മനപാഠമാക്കിയവർ സ്ഥിരം പാരായണം ചെയ്യണം. എപ്പോഴും ഖുർആനുമായി ബന്ധം പുതുക്കണം. ഇബ്നു ഉമർ(റ) പറയുന്നു: ഖുർആൻ ഹൃദ്യസ്ഥമാക്കിയവൻ്റെ ഉപമ കെട്ടിയിട്ട ഒട്ടകത്തിനു സമാനമാണ്. വേണ്ടത് പ്രകാരം ശ്രദ്ധിച്ചാൽ അത് ചാടിപോവില്ല. കയറഴിച്ചു വിട്ടാലോ അത് അതിൻ്റെ വഴിക്ക് പോവുകയും ചെയ്യും [ബുഖാരി, മുസ്ലിം] . ബന്ധിക്കപ്പെട്ട ഒട്ടകം ബന്ധനത്തിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിക്കുന്നത് പോലെ ഖുർആൻ മനസ്സിൽ നിന്നും മാഞ്ഞു പോകുമെന്നർത്ഥം. അതിന് ഇടം നൽകരുത്.
ശ്രുതിമനോഹരമായ പാരായണം
ഖുർആൻ നല്ല രീതിയോടെ ഓതണം. ശ്രുതിമധുരമായി പാരായണം ചെയ്യന്നണം. പക്ഷേ ഗാനാലപനത്തിൽ പാരായണം ചെയ്യൽ നന്നല്ല. അബീഹുറൈറ(റ) പറയുന്നു: നബി തങ്ങൾ പറയുന്നതായി ഞാൻ കേട്ടു: നല്ല ശബ്ദത്തിലും ഈണത്തിലും ഖുർആൻ പാരായണം ചെയ്യുന്ന നബി(സ)യുടെ വാക്കുകൾ ശ്രദ്ധിക്കുന്നത്ര മറ്റൊന്നും അല്ലാഹു ശ്രദ്ധിക്കുകയില്ല (ബുഖാരി, മുസ്ലിം). ബറാഉബ്നു ആസിബ് (റ) പറയുന്നു നബി(സ) ഇശാ നമസ്ക്കാരത്തിൽ വത്തീനി സൂറത്ത് പാരായണം ചെയ്യുന്നത് ഞാൻ കേട്ടു. നബിയേക്കാൾ നല്ല ശബ്ദം ഒരാളിൽ നിന്നും ഞാൻ കേട്ടിട്ടില്ല.(ബുഖാരി, മുസ്ലിം ) .
പാരായണ മര്യാദകൾ
ഖുർആൻ പാരായണത്തിന് അനേകം മര്യാദകൾ ഉണ്ട് അവ പാലിച്ച് വേണം ഖുർആൻ പാരായണം ചെയ്യാൻ. സ്രഷ്ടാവായ അല്ലാഹുവിൻ്റെ കലാമാണ് ഇതെന്ന ബോധത്തോടെ വേണം പാരായണം ചെയ്യാൻ . നല്ല വൃത്തിയുള്ള വസ്ത്രം ധരിച്ച് ഖിബ്ലക്ക് മുന്നിട്ട് ശുദ്ധിയോടെ ഓതണം. തിലാവത്തിൻ്റെ സുജൂദ് ചെയ്യേണ്ട സ്ഥലങ്ങളിൽ സുജൂദ് ചെയ്യുക, ശിക്ഷയെ പരാമർശിക്കുന്ന ആയത്തുകൾ പാരായണം ചെയ്യുബോൾ കാവൽ തേടുക, റഹ്മത്തിൻ്റെ വചനങ്ങൾ വരുമ്പോൾ റഹ്മത്ത് ആവശ്യപ്പെടുക. പാരായണം ചെയ്യാൻ ഉചിതമായ പ്രത്യേക സമയങ്ങളിൽ ഓതുക, ഖത്മ് തീർത്ത് ഓതുക, ഖത്മ് കഴിഞ്ഞാൽ സ്വീകര്യതക്കും ഗുണത്തിനും വേണ്ടി ദുആ ചെയ്യുക , ഖുർആൻ പാരായണം ചെയ്ത് കരയൽ നല്ലതാണ് ഇബ്നു അബ്ബാസ്(റ) തിരുനബി(സ)ക്ക് ഓതി കൊടുക്കുമ്പോൾ അവിടുന്ന് കരഞ്ഞിരുന്നുവെന്ന് ഹദീസ് ഗ്രന്ഥങ്ങളിൽ ദർശിക്കാം. അർത്ഥം ചിന്തിച്ച് മനസ്സിലാക്കി പാരായണം ചെയ്യുക, പാരായണ നിയമങ്ങൾ പാലിച്ച് സാവധാനത്തിൽ പാരായണം ചെയ്യണം.
ഇങ്ങനെ നിരവധി ആദാബുകൾ ഗ്രന്ഥങ്ങളിൽ കാണാം അവയെല്ലാം പാലിക്കണം.
റമളാനിലെ പ്രത്യേക പാരായണം .
റമളാനിലെ ദിനരാത്രങ്ങളിൽ പ്രത്യേക പാരായണം നടത്തണം. നിരവധി തവണ ഖുർആൻ ഖത്മ് ചെയ്ത നിരവധി മഹാന്മാർ പൂർവീകരിലുണ്ട്. സുഫ്യാനുസ്സൗരി (റ) മറ്റു ആരാധനകൾ കുറച്ച് റമളാനിൽ കൂടുതൽ ഖുർആൻ ഓതിയിരുന്നു. മാലിക് (റ) റമളാൻ വന്നാൽ മറ്റു ക്ലാസ്സുകൾ നിർത്തി ഖുർആൻ പാരായണത്തിൽ ശ്രദ്ധിച്ചിരുന്നു. പകലില്‍ നാലും രാത്രി നാലുമായി ഒരു ദിവസത്തില്‍ എട്ട് ഖത്മ് ഓതിത്തീര്‍ത്തിരുന്ന മഹാനാണ് അസ്സയ്യിദുല്‍ജലീല്‍ ഇബ്‌നുല്‍കാതിബുസ്സ്വൂഫി(റ)യെന്ന് ഇമാം നവവി(റ) പറയുന്നതായി ഇബ്‌നുഹജര്‍(റ) ഉദ്ധരിക്കുന്നു. റബീഉ ബ്നു സുലൈമാൻ(റ) പറയുന്നു ഇമാം ശാഫിഈ (റ) എല്ലാാ രാത്രിയിലും ഖുർആൻ ഖത്മ് ചെയ്യാറുണ്ട്. റമളാൻ മാസത്തിൽ ഓരോ രാത്രിയിലും പകലിലും ഓരോ ഖത്മ് ഓതാറുണ്ടായിരുന്നു. അങ്ങനെ അറുപത്ഖത്മുകൾ ഓതാറുണ്ട്. ഖത്താദത്ത് (റ) റമളാനിൽ മൂന്ന് ദിവസത്തിൽ ഒരു ഖത്മ് തീർത്തിരുന്നു എന്നാൽ അവസാന പത്തിൽ ദിവസവും രാത്രി ഓരോ ഖത്മ് തീർത്തിരുന്നു. സാഇബുബ്‌നു യസീദ്(റ) പറയുന്നു:ഉബയ്യ്ബ്‌നു കഅ്ബി(റ)നോടും തമീമുദ്ദാരി(റ)യോടും റമളാനില്‍ ജനങ്ങള്‍ക്ക് ഇമാമത്ത് നിന്ന് നിസ്‌കരിക്കാന്‍ ഉമര്‍(റ) പ്രത്യേകം നിര്‍ദേശിച്ചിരുന്നു. വല്ലാത്ത ഹൃദയാനന്ദമായിരുന്നു ആ നിസ്‌കാരത്തിന്. ഈണത്തിലുള്ള ഖുര്‍ആന്‍ പാരായണം, നീണ്ട സുജൂദ്, മനസ്സില്‍ തട്ടുന്ന പ്രാര്‍ത്ഥന, ഇരുന്നൂറും അതില്‍ കൂടുതലും ആയത്തുകള്‍ ഓതിയുള്ള നിസ്‌കാരം, വടിയില്‍ ചാരിനിന്നും ചുമരില്‍ പിടിച്ചുനിന്നുമായിരുന്നു സ്വഹാബത്ത് നിസ്‌കാരം പൂര്‍ത്തിയാക്കിയിരുന്നത് (ബൈഹഖി)
വിശുദ്ധ ഖുർആനിനെ സംബന്ധിച്ച് ചർച്ചകളും പഠനങ്ങളും വളരെ വ്യാപകമായി നടക്കുന്ന പുതിയ കാലത്ത് നമ്മുടെ മുന്നിൽ വിരുന്നെത്തുന്ന ഓരോ റമളാനിനെയും ഖുർആൻ കൂടുതൽ ഉപയോഗപ്പെടുത്തി സൽക്കരിക്കണം.
മുനീർ അഹ്സനി ഒമ്മല
0 അഭിപ്രായങ്ങള്‍