വ്രതനാളിലെ ഐചീക കർമ്മങ്ങൾ

സത്യവിശ്വാസികൾക്ക് നന്മ പെരുപ്പിക്കാനും തിന്മ പൊറുപ്പിക്കാനും ഉടമയായ അല്ലാഹു അടിമകളായ സൃഷ്ടികൾക്ക് നൽകിയ സുവർണാവസരമാണ് വിശുദ്ധ റമളാൻ. അതുകൊണ്ടുതന്നെ പ്രസ്തുത ദിനങ്ങളിൽ ആരാധനകളിലെ പിഴവുകൾ തിരുത്തി കുറ്റമറ്റ വിധം അനുഷ്ഠിക്കാനും അതുവഴി അല്ലാഹുവിൻറെ പ്രീതിയും പ്രതിഫലവും കരഗതമാക്കാനും ശ്രമിക്കണം. വിശുദ്ധ റമദാനിലെ ഓരോ നിമിഷാർദ്ധവും അനർഗമാണ് ഒരു ഐചീക കർമ്മത്തിന് ഒരു ഫർളിന്റെയും ഒരു ഫർളിന് 70 ഫർളിന്റെയും പ്രതിഫലം ലഭ്യമാകും. ദിനങ്ങൾ കഴിഞ്ഞു കടക്കും തോറും മഹത്വമേറിയ ദിനങ്ങളാണ് ആഗതമാകുന്നത്. ചില പ്രത്യേക ദിനങ്ങളും ഈ മാസത്തിൽ ഉൾപ്പെട്ടിട്ടുണ്ട് .ആ ദിനങ്ങളിലെ പ്രത്യേക കർമ്മങ്ങൾക്ക് വർദ്ധിതമായ പ്രതിഫലവും നിശ്ചയിക്കപെട്ടിട്ടുണ്ട് അവകളെയെല്ലാം പരിഗണിച്ച് മുറപ്രകാരം ആരാധനകൾ നിർവഹിക്കുമ്പോഴാണ് പുണ്യദിനങ്ങൾ കൊണ്ട് ധന്യരായി നാഥന്റെ സന്നിധിയിൽ എത്തിച്ചേരാൻ സാധിക്കുകയുള്ളൂ. പ്രസ്തുത മാസത്തിലെ ഏറ്റവും പരമപ്രധാനമായ ആരാധന വ്രതം തന്നെയാണ്. നോമ്പ് യഥാവിധി അനുഷ്ഠിച്ചാൽ മാത്രമേ സ്വീകാര്യ മാവുകയുള്ളൂ സ്വീകാര്യതക്ക് തടസ്സം സൃഷ്ടിക്കുന്ന കാര്യങ്ങളൊന്നും നോമ്പുകാരനിൽ നിന്ന് ഉണ്ടാവാൻ പാടുള്ളതല്ല. ശ്രദ്ധിക്കേണ്ടവയെ ശ്രദ്ധിക്കുകയും ഉപേക്ഷിക്കേണ്ടവയെ ഉപേക്ഷിക്കുകയും വേണം വളരെയധികം ശ്രദ്ധിക്കേണ്ടതാണ്. വ്രതത്തിൻറെ ഐചീക കാര്യങ്ങൾ ചില പ്രധാനപ്പെട്ടവ
1 അത്താഴം കഴിക്കുക
             വ്രതനാളുകളിൽ അത്താഴം കഴിക്കൽ തിരുനബിയുടെ പ്രധാനപ്പെട്ട ഒരു ചര്യയാണ് അർധരാത്രിക്ക് ശേഷമാണ് കഴിക്കേണ്ടത് തറാവീഹിന് ശേഷം ഭക്ഷണം കഴിച്ചാൽ സുന്നത്തിൽ പെടുന്നതല്ല.  അത്താഴ സമയത്തിന്റെ മഹാത്മ്യം  പറയുന്ന നിരവധി രേഖകളുണ്ട് ഒരിക്കൽ ദാവൂദ് നബി ജിബിരീൽ (അ) മിനോട്  ചോദിച്ചു രാത്രിയിലെ ഏതു സമയമാണ് ഏറ്റവും മഹത്വമുള്ളത് മറുപടി: എനിക്കറിയില്ല എങ്കിലും അത്താഴ സമയത്ത് വിറക്കുന്നുണ്ട് അതുപോലെതന്നെ മറ്റൊരു സംഭവം യഅക്കൂബ്  നബിയുടെ ചരിത്രത്തിൽ കാണാം
അവര്‍ [മക്കള്‍] പറഞ്ഞു: ഞങ്ങളുടെ പിതാവേ, ഞങ്ങള്‍ക്കുവേണ്ടി നിങ്ങള്‍ പാപമോചനം തേടേണമേ നിശ്ചയമായും, ഞങ്ങള്‍ തെറ്റു ചെയ്തവരായിരിക്കുന്നു
നബി പറഞ്ഞു: നിങ്ങള്‍ക്കുവേണ്ടി ഞാന്‍ എന്‍റെ റബ്ബിനോടു പിന്നീട് പാപമോചനം തേടുന്നതാണ്. നിശ്ചയമായും അവന്‍ തന്നെയാണ് വളരെ പൊറുക്കുന്നവനും കരുണാനിധിയുമായുള്ളവന്‍ (യൂസുഫ് 97,98)ഒട്ടുമിക്ക മുഫസ്സിറുകളും  അഭിപ്രായപ്പെട്ടത് ഇവിടെ പരാമർശിക്കപ്പെട്ട സമയം അത്താഴ സമയം ആണ് ഇതിന് ഉപോൽബലകമാണ് സൂറത്തുൽ അദ്ദാരിയാതിയിലൂടെ അല്ലാഹു പറഞ്ഞത് : സത്യവിശ്വാസികൾ അത്താഴ സമയത്ത് അല്ലാഹുവിനോട് പാപമോചനം തേടുന്നവരാണ് . തിരുദൂതർ (സ) ആ സമയത്ത് ഖുർആൻ പാരായണം ചെയ്തു കരയാറുണ്ടെന്ന്ചരിത്രം സാക്ഷ്യപ്പെടുത്തുന്നു .
      ഉപര്യുക്ത വിശദീകരണങ്ങളിൽ നിന്ന് പ്രസ്തുത സമയത്തിന് വളരെയധികം മാഹാത്മ്യം ഉണ്ടെന്ന് ഗ്രഹിക്കാം ഈ സമയം അത്താഴം കഴിക്കലിന് പോരിശ ഏറെയുണ്ട് . നബി (സ)തങ്ങൾ പറയുന്നു: നിങ്ങൾ അത്താഴം കഴിക്കുക അതിൽ ബർക്കത്തുണ്ട്. ആ ബറക്കത്ത് ലഭിക്കാൻ ഒരിറക്ക് വെള്ളം കുടിച്ചാലും മതി അതുവഴി അത്താഴം കഴിച്ച് സുന്നത്തും ലഭിക്കും.  നബി(സ)തന്നെ പറയുന്നു അബു സഈദ്(റ) വിൽ നിന്ന് നിവേദനം: നിങ്ങൾ അത്താഴം കഴിക്കുക കാരണം അത് ശക്തി വർദ്ധിപ്പിക്കുന്നതാണ് ഒരിറക്ക് വെള്ളം കൊണ്ടാണെങ്കിലും നിങ്ങൾ അത്താഴം കഴിക്കണം അല്ലാഹുവിൻറെ കാരുണ്യം അത്താഴം കഴിക്കുന്നവർക്കാകുന്നു. വീണ്ടും പറയുന്നു ഇബ്നു ഉമർ(റ) റിപ്പോർട്ട് ചെയ്യുന്നു : അല്ലാഹുവും അവന്റെ മലക്കുകളും അത്താഴം കഴിക്കുന്നവന്റെ  മേൽ സ്വലാത്ത് ചൊല്ലുന്നു ഇബ്നുഅബ്ബാസ്(റ) നിവേദനം ചെയ്യുന്നു: നബി തങ്ങൾ പറഞ്ഞു:  പകലിലെ ഖൈലൂലത്ത് ഉറക്കം കൊണ്ട് നിങ്ങൾ രാത്രി നിസ്കാരത്തിനു സഹായം തേടുക അത്താഴം കൊണ്ട് നിങ്ങൾ നോമ്പിനു സഹായം തേടുക. ചുരുക്കത്തിൽ അത്താഴ സമയം ഭക്ഷണം കഴിക്കൽ തിരുച്ചര്യയാണ്. സുബഹിയോട് അടുത്ത സമയത്താണ് കഴിക്കേണ്ടത് നബി തങ്ങൾ അത്താഴം കഴിച്ച് സുബിഹി നിസ്കരിക്കുന്നതിന് ഇടയിൽ 50 ആയത്ത് ഓതാനുള്ള സമയം മാത്രമേ ബാക്കിയുണ്ടായിരുന്നുള്ളൂ.
രണ്ട് : നോമ്പ് തുറപ്പിക്കുക
       നോമ്പ് തുറപ്പിക്കലും പ്രധാനപ്പെട്ടൊരു സുന്നത്ത് കർമ്മമാണ്. സ്വയം തുറക്കുന്നതോടൊപ്പം മറ്റുള്ളവരെ നോമ്പ് തുറപ്പിക്കുമ്പോഴും ഇരുവർക്കും സമാന പ്രതിഫലം ലഭിക്കുന്നതാണ് എന്നല്ല
 നോമ്പനുഷ്ഠിച്ചവനെ നോമ്പ് തുറപ്പിക്കുന്നതും വിശക്കുന്നവന്റെ വിശപ്പകറ്റുന്നതും റമളാനില്‍ അധിക പ്രതിഫലം നേടിത്തരുന്ന കർമ്മങ്ങളാണ്. മറ്റുള്ളവരുടെ വിശപ്പിന് ശമനം നൽകുക എന്നതാണ് തുറപ്പിക്കലിനെ സുന്നത്തായി പരിഗണിക്കുന്നതിനുള്ള ഹിക്മത്. നബി(സ) പറഞ്ഞു: റമളാനില്‍ വ്രതമനുഷ്ഠിച്ച ഒരുവനെ നോമ്പ് തുറപ്പിച്ചാല്‍ തുറപ്പിച്ചവന് അത് പാപങ്ങളില്‍ നിന്നുള്ള മോചനത്തിനും നരകമോചനത്തിനുംകാരണമാകുന്നതാണ്. മാത്രവുമല്ല, നോമ്പ് തുറന്നവന്റെ പ്രതിഫലത്തില്‍ നിന്ന് ഒന്നും കുറയാതെ തന്നെ അതിന് സമാനമായ പ്രതിഫലം തുറപ്പിച്ചവന് ഉണ്ടായിത്തീരുന്നതുമാണ്. സ്വഹാബികളപ്പോള്‍ അവരുടെ ആശങ്ക നബി(സ)യെ അറിയിച്ചു. നോമ്പുകാരനെ തുറപ്പിക്കാനാവശ്യമായത് ഞങ്ങളാരുടെയും കൈവശമില്ലല്ലോ. അപ്പോള്‍ നബി(സ) പറഞ്ഞു: ഒരിറക്ക് പാലോ ഒരു കാരക്കയോ ഒരിറക്ക് വെള്ളമോ നല്‍കി നോമ്പ് തുറപ്പിച്ചവനുള്ള പ്രതിഫലമാണിത്. നോമ്പുകാരന് വിശപ്പ് മാറും വിധം ഭക്ഷണം നല്‍കിയാല്‍ എന്റെ ഹൗളില്‍ നിന്നും അവനെ അല്ലാഹു കുടിപ്പിക്കുന്നതാണ്. അത്രയും അളവ് വെള്ളം എന്റെ ഹൗളില്‍ നിന്ന് കുടിക്കാന്‍ ഭാഗ്യമുണ്ടായവന് പിന്നീട് സ്വര്‍ഗപ്രവേശനം വരെ ദാഹമുണ്ടാകുന്നതല്ല. വളരെയധികം ചിന്തനീയമാണ് മേൽ പ്രസ്താവം. നമ്മുടെ നാട്ടിലോ അയൽപ്രദേശങ്ങളിലോ നോമ്പ് തുറക്കാൻ വിശമിക്കുന്നവർ ഉണ്ടാവാൻ പാടില്ല. അത്തരക്കാരെ തെരഞ്ഞുപിടിച്ച് അവർക്ക് വേണ്ട വിഭവങ്ങൾ എത്തിച്ചു കൊടുക്കണം  എന്ന സന്ദേശമാണ് മേൽ വാചകം സൂചിപ്പിക്കുന്നത്. മാത്രവുമല്ല നോമ്പ് തുറപ്പിക്കാൻ കഴിവില്ലാതെ വിഷമിക്കുന്നവർക്ക് പരിഹാരം കൂടിയാണ് നബിതങ്ങൾ സൂചിപ്പിക്കുന്നത്.  സ്വാഹാബത്തിന്റെ കാലം മുതൽക്ക് തന്നെ ഈ വലിയ പുണ്യം കരസ്ഥമാക്കാൻ ആളുകൾ തിക്കും തിരക്കും കൂട്ടലുണ്ട്. ആ പ്രവണത പിൽക്കാലകാരിലും കാണാൻ സാധിക്കും. ഇപ്പോഴും മക്കയിലും
മദീനത്തു മെല്ലാം വിശുദ്ധ റമളാനിൽ നോമ്പ് തുറപ്പിക്കാൻ തിരക്ക് കൂട്ടുന്നവരുടെ ചിത്രമാണ് നമുക്ക് ദർശിക്കാൻ സാധിക്കുന്നത്.
മറ്റൊരു ഹദീസ് ഇപ്രകാരം വായിക്കാം. സൽമാനുൽ ഫാരിസി (റ) വിൽ നിന്ന് നിവേദനം നബി(സ) പറയുന്നു :ഹലാലായ സമ്പാദത്തിൽ നിന്ന് ഒരാൾ നോമ്പുകാരന് തുറപ്പിച്ചാൽ റമളാനിലെ രാത്രിമുഴുവൻ അവൻറെ മേൽ മലക്കുകൾ സ്വലാത്ത് ചൊല്ലുകയും ലൈലത്തുൽ ഖദറിൽ ജിബിരീൽ (അ)അവനെ മുസാഫഹത്ത് ചെയ്യുകയും ചെയ്യുന്നതാണ്. ഒരാളെ ജിബിരീൽ ഹസ്തദാനം ചെയ്താൽ അവൻറെ ഹൃദയം മയപ്പെടുകയും കണ്ണുനീർ അധികരിക്കുകയും ചെയ്യും. അപ്പോൾ അവരുടെ ചോദ്യം: നബിയേ അവൻറെ അടുത്ത് അത് ഇല്ലങ്കിൽ? മറുപടി : ഒരു പിടി ഭക്ഷണം കൊണ്ട്, അതുമില്ലങ്കിൽ ഒരു കഷ്ണം റൊട്ടി കൊണ്ട് അതുമില്ലങ്കിൽ ഒരിറക്ക് വെള്ളം കൊണ്ട്. ഇങ്ങനെയുള്ള പ്രതിഫലങ്ങൾ മനസ്സിലാക്കി കൊണ്ടാണ് മഹത്തുകൾ നോമ്പ് തുറപ്പിക്കാൻ വെമ്പൽ കൊണ്ടിരുന്നത്. ഹമ്മാദ് ബിൻ അബീ സുലൈമാൻ (റ)എന്നവരുടെ ചരിത്രം പ്രസിദ്ധമാണ് .ഇദ്ദേഹം റമളാനിലെ എല്ലാ രാത്രിയും അമ്പത് ആളുകളെ നോമ്പ് തുറപ്പിക്കൽ ഉണ്ടായിരുന്നു . പെരുന്നാൾ  ദിവസമായാൽ അവർക്ക് വസ്ത്രങ്ങളും നൂറുകണക്കിന് ദിർഹമുകളും  നൽകാറുണ്ട്.
മൂന്ന്: കൃത്യസമയത്ത് നോമ്പ് തുറക്കുക നോമ്പ് തുറ കൃത്യസമയത്ത് ആയിരിക്കൽ പ്രധാനപ്പെട്ട ഒരു സുന്നത്താണ് സൂര്യാസ്തമയത്തിന്റെ ഉടനെതന്നെ തുറക്കണം . നബി(സ്വ) പറയുന്നു: നോമ്പുതുറക്കാന്‍ ധൃതി കൂട്ടുന്ന കാലത്തോളം ജനങ്ങള്‍ നന്‍മയില്‍ ആയിക്കൊണ്ടേയിരിക്കും (ബുഖാരി-മുസ്ലിം) അപ്പോൾ വൈകിക്കലല്ല സുന്നത്ത് ക്രിത്യസമയം പാലിക്കലാണ്. കാരക്ക ,വെള്ളം തുടങ്ങിയവവ കൊണ്ടാണ് നോമ്പ് തുറക്കേണ്ടത്.  മൂന്നെണ്ണം കൊണ്ടാണ് തുറക്കേണ്ടത്, വെള്ളമാണെങ്കിൽ മൂന്നിറക്കും.ഈത്തപ്പഴംകൊണ്ടോ അത് കിട്ടിയില്ലെങ്കില്‍ കാരക്കകൊണ്ടോ ആണ് നോമ്പ് തുറന്നിരുന്നത്‌ (അഹ്മദ്)
നബി(സ) പറയുന്നു നിങ്ങളിൽ ഒരാൾ നോമ്പുകാരനാണെങ്കിൽ കാരക്ക കൊണ്ട് അതല്ലെങ്കിൽ വെള്ളം കൊണ്ട് നോമ്പ് തുറക്കട്ടെ (തുർമുദി) മാത്രമല്ല  നോമ്പു തുറക്കുന്ന സമയംപ്രാർത്ഥനക്കു പ്രത്യേകം ഉത്തരം ലഭിക്കുന്നനേരമാണത്. നബി(സ) പറയുന്നു:നോമ്പുകാരനു നോമ്പു തുറക്കുമ്പോൾ
തള്ളപ്പെടാത്തഒരുപ്രാർത്ഥനയുണ്ട്. (ഇബ്നുമാജ)
അല്ലാഹുവേ, നിനക്കു വേണ്ടി ഞാൻ
നോമ്പനുഷ്ഠിച്ചു. നിന്റെ ഭക്ഷണം കൊണ്ടു
ഞാൻ നോമ്പു തുറക്കുകയും ചെയ്തു. ദാഹംശമിച്ചു. ഞരമ്പുകൾ നനഞ്ഞു. പ്രതിഫലംസ്ഥിരപ്പെട്ടു. അല്ലാഹു ഉദ്ദേശിച്ചെങ്കിൽ.എന്ന പ്രാർത്ഥന നബി(സ)
നോമ്പു തുറക്കുമ്പോൾ ചൊല്ലിയിരുന്നു.
നാല് അനാവശ്യ സംസാരങ്ങളിൽ നിന്ന് നാവിനെ സംരക്ഷിക്കുക
അടക്കി നിര്‍ത്താന്‍ വളരെ ബുദ്ധിമുട്ടുമുള്ള ഒന്നാണ് നാവ്. അതിനെ പിടിച്ചു നിര്‍ത്താന്‍ സാധിച്ചാല്‍ അവന്‍ വിജയിച്ചു.  അനാവശ്യ സംസാരങ്ങള്‍, തര്‍ക്കങ്ങള്‍, ഏഷണി , പരദൂഷണം, കളവ് തുടങ്ങിയവയാണ് നാവ് മൂലം ഉണ്ടാവുന്ന വിപത്തുകള്‍. ഇതിൽ നിന്ന് നാവിനെ സംരക്ഷിച്ച് നിര്‍ത്താനുള്ള മാര്‍ഗം സദാസമയം ഖുർആൻ പാരായണം ചെയ്യുക. ദിക് ര്‍ ചൊല്ലുക അതുമല്ലങ്കില്‍ മൗനം പാലിക്കുക എന്നതാണ്. വല്ലവനും ഇങ്ങോട്ട് തട്ടി കയറിയാൽ പോലും അങ്ങോട്ട് പ്രതികരിക്കാതെ ഞാൻ നോമ്പുകാരനാണെന്ന് ഉണർത്തി അവഗണിക്കണം എന്നാണ് നബി തങ്ങൾ പഠിപ്പിക്കുന്നത് അതുകൊണ്ടുതന്നെ അനാവശ്യമായ വാക്കുകളും പ്രവർത്തനങ്ങളും ഉപേക്ഷിക്കാത്ത നിനക്ക് നോമ്പുണ്ട് യാതൊരുവിധ പ്രയോജനവും ഉണ്ടാവില്ല പ്രതിഫലം ലഭിക്കുകയും ഇല്ല. ജാബിർ (റ)പറയുന്നു: നീ നോമ്പ് എടുക്കുകയാണെങ്കിൽ കളവിൽ നിന്നും ഹറാമുകളിൽ നിന്നും നിന്റെ കാതുകളും കണ്ണുകളും നാവും നോമ്പെടുക്കേണ്ടതാണ്. അയൽവാസികളെ ഉപദ്രവിക്കരുത് ക്ഷമയും അച്ചടക്കവും ഉണ്ടാകണം നോമ്പു ദിവസവും നോമ്പില്ലാത്ത ദിവസവും ഒരു പോലെയാകരുത്. സുഫ് യാൻ [ റ] പറയുന്നു ഗീബത്ത് നോമ്പിനെ ഫസാദാക്കുന്നതാണ്. മുജാഹിദ് (റ) പറയുന്നു നോമ്പിനെ അസാധുവാക്കുന രണ്ടു കാര്യങ്ങൾ ഗീബത്തും കളവുമാണ്. ഇങ്ങനെയുള്ള ദുർവൃത്തികൾ ഒഴിവാക്കിയില്ലങ്കിൽ നോമ്പ് ശരിയാവില്ലന്നാണ് പണ്ഡിത പ്രസ്താവം . നബി (സ) പറയുന്നു: നിക്ഷയം നോമ്പ് പരിചയ ആകുന്നു ആരെങ്കിലും നോമ്പുകാരൻ ആണെങ്കിൽ അവൻ അശ്ലീലം പറയുകയോ വിവേകമില്ലാത്ത ആകരുത് ആരെങ്കിലും അവനോട് തർക്കിക്കാനോ ചീത്ത പറയാനോ വന്നാൽ ഞാൻ നോമ്പുകാരനാണ് ഞാൻ നോമ്പുകാരനാണ് എന്ന് അവൻ പറയട്ടെ
             ഇത്തരം അനാവശ്യ സംസാരങ്ങൾ നിമിത്തം നോമ്പിന് കളങ്കം സംഭവിക്കുമെന്നതിന് വ്യക്തമായ തെളിവാണ് നബിയുടെ കാലത്ത് നടന്നത് ഒരു സംഭവം. അത് ചരിത്രങ്ങളിൽ രേഖപ്പെട്ടിട്ടുണ്ട് . രണ്ടു സ്ത്രീകൾ അക്കാലത്ത് നോമ്പ് എടുത്തിരുന്നു ശക്തമായ വിശപ്പും ദാഹവും കാരണം നാശം സംഭവിക്കുമോ എന്ന് ഭയപ്പെട്ടപ്പോൾ നോമ്പ് മുറിക്കാൻ സമ്മതം തേടി അവർ നബിയുടെ അടുത്തേക്ക് ആളെ അയച്ചു. ഒരു പാത്രം നൽകിക്കൊണ്ട് അതിലേക്ക് ചർദ്ദിക്കാൻ കൽപ്പിച്ചു അവർ പാത്രം നിറയെ രക്തവും മാംസവും ചർദ്ദിച്ചു അത് കണ്ട് സ്വഹാബികൾ അത്ഭുതപ്പെട്ടപ്പോൾ നബിതങ്ങൾ പറഞ്ഞു: ഇവർ രണ്ടുപേരും ഹലാലായരൂപത്തിൽ നോമ്പെടുക്കുകയും ഹറാമായ രൂപത്തിൽ അതിനെ മുറിച്ചുകളയുകയും ചെയ്തിരിക്കുന്നു.ഇവർ ജനങ്ങളെക്കുറിച്ച് പരസ്പരം ഗീബത്ത് പറഞ്ഞിരുന്നവരാണ്. ജനങ്ങളുടെ മാംസമാണ് ഇവർ ചർദ്ദിച്ചിട്ടുള്ളത്. നാവിനെ ശ്രദ്ധിച്ചില്ലെങ്കിൽ നമ്മുടെ നോമ്പിന് വലിയ കോട്ടം സംഭവിക്കുമെന്നാണ് മേൽ ചരിത്രം സൂചിപ്പിക്കുന്നത്. മാത്രവുമല്ല നാവിനെ അനാവശ്യ കാര്യങ്ങൾ ശ്രദ്ധിക്കുന്നതിൽ നിന്നുപോലും തടയിടണം കാരണം പറയൽ ഹറാമായതെല്ലാം കേൾക്കലും ഹറാമാണ്.  നബി(സ)പറയുന്നു :ഗീബത്ത് പറയുന്നവനും ശ്രദ്ധിക്കുന്നവനും കുറ്റത്തിൽ പങ്കാളികളാണ് ഇബ്നു ഉമർ (റ) പറയുന്നു: നബി തങ്ങൾ ഗീബത്ത് പറയലിനെയും അത് ശ്രദ്ധിച്ചു കേൾക്കുന്നതിനെയും നിരോധിച്ചിരിക്കുന്നു
അഞ്ച്: ധാനധർമ്മങ്ങളും മറ്റു സദ്കർമ്മങ്ങളും വർധിപ്പിക്കുക
റമളാൻ മാസത്തിൽ പ്രത്യേകം ദാനധർമങ്ങൾ നൽകൽ നബിയുടെ സുന്നത്തുകളിൽ പെട്ടതാണ് അങ്ങനെ ചെയ്തിരുന്നതായി ഹദീസുകളിൽ കാണാം.നബി(സ)ജനങ്ങളിലെ ഏറ്റവും വലിയ ഉദാരനായിരുന്നു. അവിടുന്നു റമളാനില്‍ ജിബ്‌രീലിനെ കാണുമ്പോള്‍ കൂടുതല്‍ ധര്‍മ്മം ചെയ്യുന്നവരായിരുന്നു.(ബുഖാരി ,മുസ്‌ലിം)
വിശുദ്ധ ഖുര്‍ആന്‍ പലയിടങ്ങളിലും ദാനധര്‍മത്തിന്‍റെ പ്രാധാന്യം എടുത്ത് പറഞ്ഞിട്ടുണ്ട്. അല്ലാഹുവിന്‍റെ മാര്‍ഗത്തില്‍ നിങ്ങള്‍ ധനം ചെലവഴിക്കുക (അൽബഖറ195). രാത്രിയും പകലും രഹസ്യമായും പരസ്യമായും തങ്ങളുടെ ധനം ചെലവഴിക്കുന്നവര്‍ക്ക്  നാഥന്‍റെയടുക്കല്‍ അവര്‍ക്കുള്ളതായ പ്രതിഫലമുണ്ട്. അവര്‍ക്ക് ഒന്നും ഭയപ്പെടാനില്ല. അവര്‍ ദുഃഖിക്കു കയുമില്ല (ബഖറ 274).സത്യ വിശ്വാസികളായ എന്‍റെ അടിയാറുകളോട് നബിയേ താങ്കള്‍ പറയുക. അവര്‍ നിസ്കാരം മുറപോലെ നിര്‍വഹിക്കുകയും നാം അവര്‍ക്ക് നല്‍കിയതില്‍ നിന്ന് രഹസ്യമായും പരസ്യമായും ചെലവഴിക്കുകയും ചെയ്യട്ടെ (14/31). നിങ്ങള്‍ക്ക് കഴിയും വിധം അല്ലാഹുവിനെ സൂക്ഷിക്കുക. നിങ്ങള്‍ കേള്‍ക്കുകയും അനുസരിക്കുകയും നിങ്ങള്‍ക്ക് തന്നെ ഗുണകരമായ വിധം ധനം ചെലവഴിക്കുകയും ചെയ്യുക. സ്വന്തം മനസ്സിന്‍റെ ആര്‍ത്തിയില്‍ നിന്ന് സുരക്ഷിതമാക്കപ്പെട്ടവര്‍ തന്നെയാണ് വിജയികള്‍(64/16).ഇതുപ്രകാരം യഥേശ്ടം വാക്യങ്ങൾ വിശുദ്ധ ഖുർആനിൽ കാണാൻ സാധിക്കും. ചുരുക്കത്തിൽ ഇസ്‌ലാം ദാനധർമ്മത്തെ വളരെയധികം പ്രാത്സാഹിപ്പിച്ചിട്ടുണ്ട്. എല്ലായിപ്പോഴും ദാനം ചെയ്യാമെങ്കിലും റമളാൻ മാസത്തിൽ പ്രത്യേകം ഇരട്ടി  പ്രതിഫലം നേടാൻ കഴിയും. ദാനത്തിന് പ്രേരിപ്പിക്കുന്ന ചില ഹദീസുകൾ കാണാം
ഒരു കാരക്കയുടെ ചീള് ദാനം നല്‍കിയെങ്കിലും നിങ്ങള്‍ നരകത്തെ സൂക്ഷിക്കുക (ബുഖാരി, മുസ്ലിം). ഇബ്നു ഉമര്‍(റ) പറയുന്നു: ഒരു വ്യക്തി നബി(സ്വ)യുടെ സവിധത്തിൽ വന്ന് ചോദിച്ചു: അല്ലാഹുവിന്‍റെ റസൂലേ,  അല്ലാഹുവിന് ജനങ്ങളില്‍
കൂടുതല്‍ പ്രിയം ആരോടാണ്
? ഏതു കർമമാണ് അല്ലാഹവിങ്കൽ ഇഷ്ട്ടമേറിയത്.? അവിടുന്ന് പറഞ്ഞു: ജനങ്ങള്‍ക്ക് ധാരാളം ഉപകാരം ചെയ്യുന്നവനോടാണ് അല്ലാഹുവിന് കൂടുതല്‍ സ്നേഹം.  ഒരു വിശ്വാസിയെ സന്തോഷിപ്പിക്കുന്നതോ അവന്‍റെ പ്രയാസമകറ്റുന്നതോ കടം വീട്ടിക്കൊടുക്കുന്നതോ അവന്‍റെ വിശപ്പകറ്റുന്നതോ ആണ് അല്ലാഹുവിന് ഏറ്റവുമധികം പ്രിയ്യങ്കരമായ കര്‍മം(ത്വബ്റാനി). നബി(സ്വ) പറയുന്നു: വെള്ളം തീയണക്കുന്നത് പ്രകാരം ദാനധര്‍മം പാപത്തെ നീക്കിക്കളയും (തുര്‍മുദി).  ധാരാളം ഹദീസ് വാക്യങ്ങളും ഇവ്വിഷയകമായി ഉദ്ധരിക്കപ്പെട്ടിട്ടുണ്ട്. മഹതിയായ ആയിശ(റ) ഒരിക്കൽ നോമ്പ് കാരിയായിരിക്കെ അവരുടെ വീട്ടിൽ യാചകൻ വന്നു. ഒരു റൊട്ടി മാത്രമേ ആ ഭവനത്തിൽ ഉണ്ടായിരുന്നുള്ളൂ. ആകെയുള്ള ആ റൊട്ടി യാചകന് നല്‍കാന്‍ ആഇശ(റ) അടിമ സ്ത്രീയോട് പറഞ്ഞു. വേഗം അവള്‍ പറഞ്ഞു: നിങ്ങള്‍ക്ക് ഇന്ന് നോമ്പ് തുറക്കാന്‍ മറ്റൊന്നും ഇവിടെയില്ല ,ഇത് മാത്രമേയുള്ളു. എങ്കിലും ആ റൊട്ടി യാചകന് തന്നെ കൊടുക്കാന്‍മഹതി ആവശ്യപ്പെട്ടു .  ഭൃത്യ അതനുസരിക്കുകയും ചെയ്തു. അവര്‍ പറയുന്നു: അന്ന് വൈകുന്നേരമായപ്പോള്‍ ഞങ്ങള്‍ക്ക് ഒരു വീട്ടുകാര്‍ വേവിച്ച ആട് ഹദ് യയായി നല്‍കി. മുമ്പൊരിക്കലും അവര്‍ ഇപ്രകാരംനല്‍കിയിട്ടേയില്ല. ആഇശ (റ) എന്നെ വിളിച്ചു കൊണ്ട് പറഞ്ഞു: നീ ഇതില്‍ നിന്ന് ഭക്ഷിക്കുക. ഇതാണ് നിന്‍റെ ആ റൊട്ടി യേക്കാള്‍ ഉചിതമായത് (മുവത്വ). സ്വദഖ ചെയ്യുന്നത് പോലെ തന്നെ മറ്റു നല്ല കാര്യങ്ങളും റമളാൻദിനങ്ങളിൽവർദ്ധിപ്പിക്കണം .പുണ്യകര്‍മ്മങ്ങള്‍ക്ക്‌ റമളാനില്‍ പ്രതിഫലം വര്‍ദ്ധിക്കുമല്ലോ. അതു പ്രകാരം വർജിക്കേണ്ടതിന്മകളെയും ഈ മാസത്തിൽ പ്രത്യേകം ഒഴിവാക്കണം. കാരണം ജീവിതത്തിന്റെ നാഴികകള്‍ താണ്ടുമ്പോള്‍ വരുന്ന അപചയങ്ങള്‍ പരിഹരിക്കാനും മാലിന്യങ്ങളില്‍ നിന്നും ദുര്‍ഗുണങ്ങളില്‍ നിന്നും ശുദ്ധിനേടാനുമുള്ളതാണല്ലോ റമളാന്‍.
ആറ് :ഇഅ്തികാഫ്
അല്ലാഹുവിന്റെ പ്രീതിയും സാമീപ്യവും കൊതിച്ച് ഭക്തിപൂർവം പള്ളിയിൽ ഭജനമിരിക്കലാണ് ഇഅ്തികാഫ്
പളളിക്കകത്ത് പ്രവേശിച്ചയുടൻ ഈ പള്ളിയിൽ ഞാൻ അല്ലാഹുവിന് വേണ്ടി ഇഅ്തികാഫിനിരിക്കുന്നു എന്ന് നിയ്യത് ചെയ്തുകൊണ്ട് പള്ളിയിൽ കഴിഞ്ഞുകൂടുന്നത് ഏറെ പുണ്യമർഹിക്കുന്ന കാര്യമാണ് അത് റമളാൻ എന്നല്ല എപ്പോഴും ലഭിക്കും. നിയ്യത് ഉണ്ടാവുക, അൽപമെങ്കിലും താമസിക്കൽ, പള്ളിയിലായിരിക്കൽ, കുളി നിർബന്ധമാവുന്നതരത്തിലുള്ള  വലിയ അശുദ്ധി ഇല്ലാതിരിക്കൽ എന്നിവ ഇതിന്റെ നിബന്ധനകളാണ് . പള്ളിയിൽ അല്ലാഹുവിന് ഭജനമിരിക്കൽ എപ്പോഴും പുണ്യമുള്ളതാണെങ്കിലും റമളാനിൽ മറ്റുള്ളവ പോലെ തന്നെ പ്രത്യേക പുണ്യം ഉണ്ട്. റമളാനിൽ തന്നെ അവസാനത്തെ പത്തിലും . ധാരാളം ഹദീസ് വന്നിട്ടുണ്ട്
ആയിഷ (റ) യിൽ നിന്ന് നിവേദനം :റമളാനിലെ അവസാന പത്തിൽനബി(സ)ഇഅ്തികാഫിരികുമായിരുന്നു. ഞാൻ നബി (സ) ക്ക് പള്ളിയിൽ ഒരു ടെൻറ്റ് നിർമ്മിച്ച് കൊടുക്കും. സുബ്ഹി നിസ്കാരം കഴിഞ്ഞ് നബി (സ) ആ  ടെൻറ്റിൽ പ്രവേശിക്കും (ബുഖാരി).  വീണ്ടും ആയിശ(റ) നിവേദനം: നബി(സ) വഫാതാകുന്നതുവരെ റമളാനിലെ അവസാനത്തെ പത്തിൽ ഇഅ്ത്തികാഫ് ഇരിക്കാറുണ്ടായിരുന്നു. (ബുഖാരി)സഫിയ്യ(റ) പറയുന്നു: റമളാനിലെ അവസാനത്തെ പത്തിൽ നബി(സ) പള്ളിയിൽ ഇഅ്ത്തികാഫിരുന്നപ്പോൾ അവർ നബി(സ)യെ സന്ദർശിച്ചു. കുറെ സമയം അവർ സംസാരിച്ചശേഷം തിരിച്ചു പോന്നു. (ബുഖാരി)
ഏഴ് : വലിയ അശുദ്ധിക്കാരൻ സുബ്ഹിക്ക് മുൻപ് കുളിക്കുക
ജനാബത്ത് പോലെയുള്ള വലിയ അശുദ്ധികൾ ഉണ്ടായാൽ നോമ്പ് അനുഷ്ഠിക്കാം പക്ഷേ സുബഹി നിസ്കാരത്തിൻറെ മുമ്പ് അവർ കുളിക്കണം .ആയിശ (റ) നിവേദനം : നബി (സ)റമളാനില്‍ജനാബത്തുകാരനായിക്കൊണ്ട് പ്രഭാതത്തില്‍ പ്രവേശിക്കാറുണ്ടായിരുന്നു. ശേഷം അവിടുന്ന് കുളിച്ച് നോമ്പനുഷ്ടിക്കുമായിരുന്നു. [ബുഖാരി, മുസ്‌ലിം] അലിയ്യുബ്‌നു ഹസന്‍(റ) പറയുകയുണ്ടായി: റമളാന്‍ മാസത്തില്‍ പത്തു ദിവസം ഇഅ്തികാഫിരിക്കുന്നവര്‍ക്ക് രണ്ടു ഹജ്ജും രണ്ടു ഉംറയും ചെയ്ത പ്രതിഫലം ലഭിക്കുന്നതാണ് (ബൈഹിഖി).
             നോമ്പുകാരനാണെങ്കിലും അല്ലെങ്കിലും രാത്രിയിലും പകലിലും ഇഅ്തികാഫിരിക്കുമ്പോള്‍ ദിക്ര്‍, ദുആ, ഖുര്‍ആന്‍ പാരായണം, വിജ്ഞാന സദസ്സുകള്‍ എന്നിവ കൊണ്ട് ഈ നേരങ്ങള്‍ ധന്യമാക്കണം. പള്ളിയില്‍ പ്രവേശിക്കുമ്പോഴെല്ലാം ഇഅ്തികാഫിന്റെ നിയ്യത്ത് വെക്കല്‍ സുന്നത്താണ്. ഇഅ്തികാഫ് നേര്‍ച്ചയാക്കല്‍ അനുവദനീയവും പുണ്യകര്‍മവുമാണ് (തുഹ്ഫ 3/419). 
എട്ട് : തറാവീഹ്
റമളാനിൽ മാത്രം സുന്നത്തുള്ള നിസ്ക്കാരമാണ് തറാവീഹ് . നബി(സ) പറയുന്നു വിശ്വാസത്തോടെയും പ്രതിഫലം പ്രതീക്ഷിച്ചും ആരെങ്കിലും റമളാനില്‍ നിസ്‌കരിച്ചാല്‍ അവന്റെ പൂർവ്വകാല പാപങ്ങളെല്ലാം പൊറുക്കപ്പെടുന്നതാണ്.  ഇരുപത് റക്അത്താണിത്.സാഇബ്ബ്‌നു യസീദി(റ)നെ തൊട്ട് നിവേദനം: ഞങ്ങള്‍ ഉമര്‍(റ)വിന്റെ കാലത്ത് ഇരുപത് റക്അത്തും വിത്‌റും നിസ്‌കരിക്കാറുണ്ട്  (സുനനുൽ ബൈഹഖി) ഇതിന് വിപരിതമാന്നെന്ന് പറയുന്നവരുടെ വാക്കുകൾ തള്ളപ്പെടേണ്ടതാണ്. മുസ്ലിം സമുദായത്തിന്റെ നാളിതുവരെയുള്ള പാരമ്പര്യം ഇരുപത് എന്നാണ്.
    ഇങ്ങനെ നിരവധി ഐചീക കർമ്മങ്ങൾ വിശുദ്ധ റമളാൻ ദിനങ്ങളിൽ ശ്രദ്ധിക്കേണ്ടതുണ്ട് . ഇവ കൂടിച്ചേരുരുബോൾ മാത്രമാണ് നോമ്പിന്റെ പ്രതിഫലം സമ്പൂർണ്ണമാവുന്നത്.

മുനീർ അഹ്സനി ഒമ്മല
9048740007



ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍