മാപ്പിള സംസ്ക്കാരങ്ങളും മുഹിയദീൻ മാലയും

സമ്പന്നമായ ഒരു സാംസ്കാരിക പാരമ്പര്യത്തിന്റെ അനന്തരാവകാശികളാണ് കേരളീയ മുസ് ലിം സമുദായം. തിരുനബിയുടെ കാലത്ത് തന്നെ ഇസ്‌ലാം മതം ഏറ്റുവാങ്ങിയ മണ്ണാണ് ഈ കേരളീയ ഭൂമിക. പലരും സത്യ മതം പുൽകി തിരിച്ചു വന്ന് കേരളീയ സംസ്ക്കാരത്തിന്റെ മുഖച്ചായ തന്നെ മാറ്റിമറിച്ചിട്ടുണ്ട്. ഈ സാംസ്കാരിക മുന്നേറ്റം മനസ്സിൽ പതിഞ്ഞവരെല്ലാം അണിനിരന്നു. അങ്ങനെയാണ് കേരളീയ ചുറ്റുപാടിലേക്ക് പാരമ്പര്യ ഇസ്ലാം പ്രവേശിക്കുന്നത്. ഇത്ര വേഗത്തിൽ അറബി സംസ്ക്കാരത്തിലേക്ക് കേരളീയ സമൂഹം മാറിയതിനും കാരണങ്ങൾ ഉണ്ട്. ഇസ്ലാം വരുന്നതിന്റെ മുൻപ് തന്നെ വ്യാപാര മേഖലയിൽ രണ്ടു കൂട്ടർക്കും വളരെ അടുത്ത ബന്ധമുണ്ട്. ഇങ്ങനെ സ്ഥാപിച്ചെടുത്ത ഈ സുഹൃത്ത് ബന്ധം ഇസ്ലാമിന്റെ വരവോടെ വിശ്വാസപരമായി ഊട്ടിയുറപ്പിക്കാൻ സാധിച്ചു. അങ്ങിനെ ഈ നിലയിൽ സംസ്കാരങ്ങൾ ശക്തി പ്രാപിച്ചപ്പോൾ കേരളീയ സംസ്കാരങ്ങൾ ഇസ്ലാമിൽ ലയിച്ച് കഴിഞ്ഞിരുന്നു. അങ്ങനെയാണ് ആ മുദ്രകൾ മാഞ്ഞുപോവാതെ ഇന്നും ഓർമ വസ്തുക്കളായി നിലകൊള്ളുന്നത്.

            ഒരു പ്രദേശത്തെ സംസ്കാരം കടന്ന് വരുംബോൾ സ്വഭാവികമായും അവിടുത്തെ ഭാഷയും ഒപ്പമുണ്ടാവും. ഇതിന്റെ അർഥപുർണ്ണമാണ് അറബി ഭാഷ കേരളത്തിലെത്തിയത്. കാരണം ഭാഷ എന്നത് ഒരു സാമൂഹിക പ്രതിഭാസമാണ് ആയതിനാൽ പരസ്പരം അന്യോന്യം ആശയവിനിമയം നടത്താൻ ഭാഷ അത്യന്ത്യാപേക്ഷിതമാണ് . അങ്ങനെയാണ് പ്രബോധനാർത്ഥം വന്നെത്തിയ അറബികൾ താമസിക്കുന്ന പ്രദേശം സങ്കരയിന ഭാഷകളായി മാറിയത്. അങ്ങിനെ അറബിയും മലയാളവും ചേർന്ന് സങ്കരയിനമായി ഉണ്ടായതാണ് അറബി മലയാളം എന്നത് . ശേഷം മുസ്ലിംകളുടെ ദൈനംദിന ഉപയോഗത്തിനുള്ള ഭാഷയായി ഇതിനെ മനസ്സിലാക്കിയിട്ടുണ്ട്. അങ്ങനെ ഇത് വികസിച്ച് ഒരു ജനവിഭാഗത്തിന്റെ ഭാഷയും സംസ്കാരവുമായി . വലിയ സാഹിത്യ പടക്കുൾ വരെ ഈ രംഗത്ത് കുതിച്ച് കയറി . അങ്ങനെ മാപ്പിളമാർ അറബി മലയാളത്തെ നെഞ്ചോട് ചേർത്ത് വെച്ചു.       
                ഇസ്ലാമിന്റെ ഭാഷ അറബിയാണല്ലോ അതോടൊപ്പം പിറന്ന മണ്ണിന്റെ മാതൃഭാഷയായ മലയാളം കയ്യൊഴിക്കാനും നിർവാഹമില്ല ഇങ്ങനെയാണ് അറബി മലയാളം പിറവി കൊള്ളുന്നത്. അറബി മലയാളം.മാപ്പിളമലയാളം എന്നിങ്ങനെ പൊതുവിൽ ഇതിനെ പറയപെടാറുണ്ട്. ഉർദു, തമിഴ് തുടങ്ങിയ ഭാഷകളിൽ നിന്ന് ആവശ്യമുള്ള പദങ്ങൾ കടമെടുത്തു. പ്രത്യേകിച്ച് ഇന്നുള്ള പ്രകാരം മലയാള ഭാഷ വികാസം പ്രാപിക്കാത്ത ഒരു കാലത്താണ് ഇതിന്റെ പിറവിയെന്ന് പറയാം. വളരെയെറെ സ്വാധീനം ചെലുത്തിയ ഒരു ഭാഷയാണിത് നിരവധി കൃതികളും കലകളും ഇതിനകം അറബി മലയാളത്തിൽ സ്ഥാനം പിടിച്ച് കഴിഞ്ഞു. മദ്രസാ പാഠപുസ്തകങ്ങൾ വരെ ഈ ലിപിയിലാണ് തയ്യാറാക്കിയിട്ടുള്ളത്. ഇന്നും പല പാഠപുസ്തകങ്ങളും ഈ ഭാഷയിൽ തന്നെയാണ്. ഒട്ടനവധി കാവ്യങ്ങൾ ഈ ഭാഷയിൽ പിറവിയെടുത്തിട്ടുണ്ട്‌.അറബി മലയാളത്തിൽ എഴുതപ്പെട്ട കാവ്യങ്ങൾക്ക് പൊതുവായുള്ളപേര്മാപ്പിളപ്പാട്ടുകൾ എന്നാണ്. ഭാഷാകാവ്യങ്ങളിൽനിന്നു ഭിന്നമായ ശൈലിയിലും ഭാവത്തിലും മാപ്പിളക്കവികൾ നിർമിച്ചു വികസിപ്പിച്ചെടുത്ത ഈ ഗേയകാവ്യങ്ങൾക്ക് ആ പേർ തികച്ചും അന്വർഥമായിരിക്കുന്നു. മാപ്പിളപ്പാട്ടുകൾ മലയാളലിപിയിൽ അച്ചടിക്കാറുണ്ടെങ്കിലും പഴയ പാരമ്പര്യക്കാർ
അറബിമലയാളത്തിൽത്തന്നെയാണ് പ്രസിദ്ധീകരിച്ചുകൊണ്ടിരിക്കുന്നത്. 
കേരളമുസ്ലിങ്ങൾക്ക് അറബിഭാഷയുമായി ഗാഢസമ്പർക്കമുണ്ടായിരുന്നതിനാൽ മാപ്പിളപ്പാട്ടുകളിൽ ആദ്യകാല കൃതികളിലെ ഭാഷ അറബിസമ്മിശ്രമായ മലയാളം ആയിരുന്നു. പിന്നീട്, അതിൽ ക്രമേണ വിവിധ ഭാഷകളുടെ അതിപ്രസരം പ്രകടമായി.
        മാപ്പിളപ്പാട്ടുകളിൽ വിവിധ രീതിയിലുള്ള വൃത്തങ്ങൾ വിദഗ്ദ്ധമായി പ്രയോഗിച്ചിട്ടുണ്ട്. ദ്രാവിഡ-സംസ്കൃത വൃത്തങ്ങൾക്കുപുറമേ മൂന്നും, ആറും, എട്ടും ശീലുകളുള്ള ചില പുതിയ വൃത്തങ്ങളും പൊതുവേ ദൃശ്യമാണ്. ഇവയിൽത്തന്നെ വർണവൃത്തങ്ങളും മാത്രാവൃത്തങ്ങളും ഉൾപ്പെടുന്നു. വൃത്തങ്ങളെല്ലാം ഇശൽ എന്ന പേരിലാണ് അറിയപ്പെടുന്നത്.
                     മാപ്പിളപ്പാട്ടുകൾ ആദ്യത്തിൽ ഈ പേരിലായിരുന്നില്ല അറിയപ്പെട്ടിരുന്നത്
മറിച്ച് 'സബീനപ്പാട്ടുകൾ' എന്ന പേരിലാണ് മാപ്പിളപ്പാട്ടുകൾ അറിയപ്പെട്ടിരുന്നത്. കുഞ്ഞായിൻ മുസല്യാരുടെ 'കപ്പപാട്ടിൽ' നിന്നാണ് ഈ പേരുണ്ടായതെന്നാണ് ചില പണ്ഡിതന്മാർ അഭിപ്രായപ്പെടുന്നത്. മനുഷ്യശരീരത്തെ കപ്പലിനോടുപമിച്ച് ആധ്യാത്മിക വിചാരം നടത്തുന്ന ഒരു ദാർശനിക കാവ്യമാണ് കപ്പപ്പാട്ട്. കപ്പലിന് അറബിയിൽ സഫീനഃ എന്നാണ് പറയുക. അതിനാൽ കപ്പപ്പാട്ട് 'സഫീനപ്പാട്ട്' എന്ന പേരിലും അറിയപ്പെട്ടു. പിന്നീട് ആ മാതൃകയിൽ രചിക്കപ്പെട്ട പാട്ടുകളെല്ലാം സഫീനപ്പാട്ട് എന്ന പേരിൽ അറിയപ്പെട്ടു 
          അറബി-മലയാളം കൃതികൾ പ്രധാനമായും കവിതാരൂപത്തിലും പാട്ട് രൂപത്തിലും ഉള്ളവയാണ്. ഗദ്യത്തേക്കാളേറെ ഈ കാവ്യങ്ങളാണ് ജനശ്രദ്ധ പിടിച്ചുപറ്റിയത്. മാപ്പിളപ്പാട്ടിന്റെ പ്രാസ പ്രയോഗം അറബിയിൽ നിന്നും ഉടലെടുത്തതാണ് എന്ന് ചിലർ അഭിപ്രായപ്പെടുന്നു. മറ്റു ചിലർ ഇത് നിശേധിക്കുന്നുണ്ട്.
         അപ്രകാരം തന്നെ മഹാൻമാരായ പുണ്യാത്മാക്കളുടെ ജീവിത സംഭവങ്ങളെയും അനുഭവങ്ങളെയും വിവരിച്ച് കോർത്തിണക്കിയ കീർത്തന കാവ്യങ്ങളായ മാലപ്പാട്ടുകൾ , പ്രതിരോധ പോരാട്ടങ്ങളുടെ സാഹിത്യാവിഷ്ക്കാരങ്ങളായ പടപ്പാട്ടുകൾ ഇസ്ലാമിക ചരിത്രത്തിലെ പടനീക്കങ്ങളുടെ ചരിത്രങ്ങളാണിത്. പടപ്പാട്ടുകളോട് ചെറിയ രൂപത്തിൽ കിടപിടിക്കുന്നത് വടക്കൻ പാട്ടുകളാണ്.   ബദർ പടയും ഉഹ്ദ പട പാട്ടുകളുമെല്ലാം ഉദാഹരണങ്ങൾ. 1921 ലെ മാപ്പിള ലഹള, ഖിലാഫത്ത് സമരം തുടങ്ങിയവ ഉൾക്കൊള്ളിച്ച കേരള മണ്ണിന്റെ ചരിത്രം പറയുന്ന പടപ്പാട്ടും ഇക്കൂട്ടത്തിൽപ്പെടുന്നു.അതു പോലെ കഥാരൂപേണ വർണ്ണിച്ച ഖിസ്സ പ്പാട്ടുകൾ, പടപ്പാട്ടുകളെ ഖിസ്സപ്പാടിൽ ഉൾപ്പെടുത്താമെങ്കിലും ചില ഖിസ്സ പ്പാട്ടുകളേ പടപ്പാട്ടാണെന്ന് പറയാൻ കഴിയു. മക്കം ഫത്ഹ് ഖിസ്സ ,ആദം നബി ഖിസ്സ , പക്ഷിപ്പാട്ട് ഇങ്ങനെ ഉദാഹരിക്കാം. ഇങ്ങനെ തുടങ്ങിയവയെല്ലാം അറബി മലയാള മാപ്പിള ഭാഷയുടെ സംഭാവനകളാണ്. അപ്രകാരം കത്തുപ്പാട്ടുകൾ പ്രത്യകം എടുത്തു പറയേണ്ട ഒന്നാണ് മാപ്പിള സാഹിത്യത്തിൽ . സുഹൃത്തുക്കൾ തമ്മിലും, മക്കൾ മതാപിതാക്കൾ ഭാര്യ ഭര ത്താക്കൻമാർ തമ്മിൽ പരസ്പരം പാട്ടു രൂപത്തിലാണ് കത്തെഴുതാറ്. നിരവധി കൃതികൾ ഈ ഗണത്തിൽ വിരചിതമായിട്ടുണ്ട്.
                 അറബി മലയാള സാഹിത്യത്തിലെ പ്രഥമ കൃതി മുഹിയദ്ദീൻ മാലയാണ്. ഇത് മാലപ്പാട്ട് ഗണത്തിൽപ്പെട്ടതാണ്. ഈ ശ്രേണിയിലെ ഉയർന്ന സ്ഥാനീയ മാണിതിന്. കോഴിക്കോട്ടെ ഖാളി മുഹമ്മദാണ് രചയിതാവ്. ആധ്യാത്മിക വല്ലരിയിലെ അതുല്യപ്രഭ ശൈഖ് ജീലാനി (റ) വിന്റെ ജീവിത സമാഹാരമാണ് വിഷയം. കേരളത്തിൽ അറിയപ്പെട്ട ഒരു സൂഫി ഗീതവും കൂടിയാണ് ഈ മാല.
മാപ്പിള കലയിലെ മറ്റൊരു ആദ്യകാല കൃതിയാണു കുഞ്ഞായിൻ മുസ്ല്യാർ രചിച്ച "കപ്പപ്പാട്ട്". ഇതും അറബിമലയാളത്തിൽ രചിക്കപ്പെട്ടതാണ്. മനുഷ്യ ശരീരത്തെ ജീവിത സാഗരത്തിൽ യാത്ര ചെയ്യുന്ന ഒരു കപ്പലായി ഉപമിച്ചു രചിച്ച ഒരു സുന്ദരകാവ്യമാണിത്. ഇങ്ങനെ നിരവധി കാവ്യങ്ങൾ പിൽകാലത്ത് രചന നടന്നിട്ടുണ്ട്.
             മുഹിയദ്ദീൻ മാലയുടെ രചയിതാവായ ഖാളി മുഹമ്മദ് കോഴിക്കോട്ടേ പ്രസിന്ധ ഖാളി കുടുംബത്തിലാണ്  ജനിക്കുന്നത്. പോർച്ചുഗീസ് അധിനിവേശ പോരാട്ടത്തിന് മുന്നണിപ്പോരാളികളായിരുന്നു ഇവർ. അക്കൂട്ടത്തിൽ ഖാളി മുഹമ്മദിനും വളരെയെറേ വലിയ പങ്കുണ്ട്. അദ്ദേഹത്തിന്റെ പിതൃ പരബര മാലിക് ബിൻ ഹബീബ് (റ) വിലേക്ക് എത്തിച്ചേരുന്നു. ഉസ്മാൻ ലബ്ബൽ ഖാഹിരിയാണ് പ്രധാന ഉസ്താദ് . പ്രമുഖ പണ്ഡിതനായ അദ്ദേഹം നിരവധി ഗ്രന്ഥങ്ങൾ രചിച്ചു. ഫത്ഹുൽ മുബീൻ അക്കൂട്ടത്തിൽ പെടുന്നു. അദ്ധേഹത്തിന്റെ അവസാനത്തെ ഗ്രന്ഥം മുഹിയദ്ദീൻ മാലയാണ്.
         1607 ആണ് ഇതിന്റെ രചനാകാലം. എഴുത്തച്ഛൻ അദ്ധ്യാത്മരാമായണം കിളിപ്പാട്ട് എഴുതുന്നതിനു തൊട്ടു മുമ്പുള്ള കാ‍ലഘട്ടമാണിത്. മുഹ്‌യദ്ദീൻ മാലയുടെ ചുവടു പിടിച്ച് നിരവധി മാലപ്പാട്ടുകൾ പിന്നീട് അറബിമലയാ‍ളത്തിലുണ്ടായി.പഴയ കാലങ്ങളിൽ മുസ്ലിം വീടുകളിൽ ഇതു സ്ഥിരമായി പാരായണം ചെയിതിരുന്നു. ഇതിൽ  തന്നെ എഴുതിയ കാലഘട്ടത്തെക്കുറിച്ച് വ്യക്തമായി പറയുന്നുണ്ട്.
“കൊല്ലം ഏഴുന്നൂറ്റീ ‍ഏൺപത്തി രണ്ടിൽ ഞാൻ കോത്തേൻ ഈ മാലേനെ നൂറ്റമ്പത്തഞ്ചുമ്മൽ
ഈ വരികൾ ഇതിന്റെ കാലഘട്ടത്തെയക്കുറിച്ച് വ്യക്തമായ ചിത്രം തരുന്നു. കൊല്ലവർഷം എന്നാൽ മലയാള വർഷമാണ് അത് 782 ൽ രചിച്ചു എന്നാണ്. ഹിജ്റ 1016 നാണ്. ഖാളി മുഹമ്മദ് വഫാത്താക്കുന്നത് 1025ലുമാണ്.
മാലക്കു പുറമേ മുനാജാത്തും ചേർത്തിരിക്കുന്നു.മുനാജാത്ത്തിൽ അറബി തമിഴ് പദ്യകൃതികളുടെ സ്വാധീനമുണ്ട്. ലാളിത്യത്തിനും ആർജ്ജവത്തിനും മാതൃകയാണു ഇതിലെ ഓരോ വരികളും. ഈ മാലയുടെ ഘടനയെ സംബന്ധിച്ചും പ്രതി ബാധിക്കുന്നുണ്ട്.
മുത്തും മാണിക്യവും ഒന്നായി കോർത്തപോൽ
മുഹിയദ്ദീൻ മാലേനെ കോർത്തേൻ ഞാൻ ലോകരെ
മുത്തും മാണിക്ക വും കൂട്ടികലർത്തിയ പോലെയാണ് മുഹിയദ്ധീൻ മാല ഞാൻ രചിച്ചത് എന്നാണ് കവി വ്യക്തമാക്കുന്നത്.  ഇതിന്റെ അടിസ്താന സ്രോതസ്സ് ബഹ്ജ ത്ക്മില കിതാബുകൾ ആണെണ് അവർ പാടിയിട്ടുണ്ട്. എന്നാൽ അവയെ വേർത്തിരിച്ച് പറഞ്ഞിട്ടില്ല അതിനാൽ മുത്തും മാണിക്കത്തിനോടും സമമാക്കി കൂട്ടികലർത്തിയിരിക്കുകയാണ് എന്നാണ് വ്യക്തമാക്കുന്നത്. അടിസ്ഥാന മൂലകത്തെ ഇങ്ങനെ പരിചയപ്പെടാം
അവർ ചൊന്ന ബൈത്തിനും ബഹ്ജ കിതാബിന്നും
അങ്ങിനെ തക്മില തന്നിന്നും കണ്ടോവർ.
ഇത് പാരായണം ചെയ്യുന്നവർക്ക് അല്ലാഹു സ്വർഗത്തിൽ മണിമാടം നൽകുമെന്ന് വ്യക്തമാക്കുന്നു. മൊളിയൊന്നും പിളയാതെ കളയാതെ ചൊന്നോർക്ക് മണിമാടം സ്വർഗത്തിൽ നായൻ കൊടുക്കുമേ
വലിയ മഹത്വമേറിയതാണെന്ന പ്രഖ്യാപനം കൂടി ഇതിലുണ്ട്. പലരും ഇന്ന് ഇതിനെ എതിർക്കുകയും മാലകൾ ശിർക്കിന്റെ അടയാളങ്ങളാണെന്ന് പറയാറുണ്ട്. അവർക്ക് ഇതിന്റെ മാഹാത്മ്യം ഉൾകൊള്ളാനുള്ള മനസ്സ് ഇല്ലാത്തത് കൊണ്ടാണെന്ന് ഒറ്റവാക്കിൽ പറയാം. അത് കൊണ്ടാണ് വഹാബികൾ ഇതിനെ എതിർക്കുന്നത്. 
         ചുരുക്കത്തിൽ മാപ്പിള കലാ സാഹിത്യങ്ങും സംസ്ക്കാരങ്ങളും മാപ്പിള ചരിത്രത്തിൽ നിന്ന് ഒഴിച്ചുകൂടാനാവാത്തതാണ്. ആത്മീയവും ജീവിത ചരിത്രങ്ങളും ഇതിൽ പ്രോജ്വലിച്ചു നിൽക്കുന്നു. ന്യൂ ജെൻ സംസ്ക്കാരങ്ങൾക്ക് കാതോർക്കുന്ന ആധുനിക സമൂഹത്തിന് മാപ്പിള കലകൾ ഒരു പാഠമാവണം.


               മുനീർ അഹ്സനി ഒമ്മല.



ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍