ദാർശനീക - ധൈഷണിക രംഗങ്ങളിൽ ഉന്നത ശ്രേണിയിൽ വിരാചിക്കുന്ന പണ്ഡിത ശ്രേഷ്ഠനാണ് ആറാം നൂറ്റാണ്ടിലെ പരിഷ്കർത്താവെന്ന് ഉലകം വാഴ്ത്തിയ ശൈഖുൽ ഇസ്ലാം ഇമാം ഫഖ്റുദ്ധീനു റാസി(റ). മുഹമ്മദ് ബിൻ ഉമർ ബ്നു ഹസനുബ്നു ഹുസൈനുബ്നു അലി അൽ ഖുറഷിയ്, അത്തൈമി അൽ ബകരി എന്നാണ് പൂർണ്ണ നാമം . ഫഖ്റുദ്ധീനു റാസി എന്ന നാമത്തിലാണ് ഖ്യാതി നേടിയത്. ഇൽമുത്തഫ്സീറിലും ഉസൂലുൽ ഫിഖ്ഹിലും അഗ്രേസരാണ്. പ്രഖ്യാതരായ ശാഫിഈ കർമ്മശാസ്ത്ര പണ്ഡിതരിൽ ഒരാളായ ഇമാം റാസി(റ) ഹിജ്റ 544 ൽ റമളാൻ 25 ന് ഇന്നത്തെ ഇറാനിലെ തെഹ്റാനിനോടടുത്ത റയ്യ് ഗ്രാമത്തിലാണ് ജനിക്കുന്നത്. അക്കാലത്ത് പേരുകേട്ട പേർഷ്യൻ പുരാതന നഗരമാണ് റയ്യ്. ശൈഖുൽ ഇസ്ലാം, ഫഖ്റുദ്ധീൻ, സുൽത്വാനുൽ മുത കല്ലിമീൻ ,ഇമാമുൽ മുതകല്ലിമീൻ ,അൽ ഇമാമുൽ കബീർ, ശൈഖുൽ മഅ്ഖൂലി വൽ മൻഖൂൽ, സൈഫുല്ലാഹിൽ മസ്ലൂൽ അൽ മുജസ്സിമ തുടങ്ങിയവ മഹാനുഭാവൻ്റെ സ്ഥാനപേരുകളാണ്. വിഭിന്ന ജ്ഞാന മേഖലകളിൽ ഇമാമിൻ്റെ വ്യുൽപത്തി അറിയിക്കുന്ന നാമങ്ങളാണ് മേൽ ഉദ്ധരിക്കപ്പെട്ട സ്ഥാനപേരുകൾ. മുജസ്സിമത്, മുഅ്തസിലത്ത്, കറാമിയത്ത്, മുശബ്ബിഹത്ത് തുടങ്ങിയ മത നവീനവാദികളെ നഖശിഘാന്തം എതിർക്കുകയും പ്രമാണങ്ങൾ സഹിതം അവരുടെ വാദങ്ങളെ പൊളിച്ചടക്കി അഹ്ലുസുന്നയുടെ ആശയങ്ങൾ സത്യപ്പെടുത്തുന്നതിൽ റാസി(റ) മുൻപന്തിയിൽ ഉണ്ടായിരുന്നു.
സ്വപിതാവും പ്രമുഖ കർമ്മശാസ്ത്ര പണ്ഡിതനുമായ ളിയാഉദ്ധീൻ ഉമർ(റ) തന്നെയാണ് ജ്ഞാന ലോകത്തെ പ്രഥമ ഗുരുനാഥൻ. പിതാവിൻ്റെ വിയോഗം വരെ കൂടെ കഴിഞ്ഞു.ഉസൂലുൽ ഫിഖ്ഹും, ഫിഖ്ഹും പിതാവിൽ നിന്ന് തന്നെയാണ് സ്വായത്തമാക്കിയത്. ശേഷം കുറച്ച് കാലം സംനാനിൽ പോയി അൽ കമാലുസ്സംനാനി (റ)വിൻ്റെ അടുക്കൽ കഴിഞ്ഞു. പിന്നീട് റയ്യിലേക്ക് തന്നെ മടങ്ങുകയും മജ്ദുൽ ജീലി (റ)വിൻ്റെ സമീപം പഠനം നടത്തി . ദീർഘകാലം അവിടെ തങ്ങിയ മഹാനുഭാവൻ ഇൽമുൽ കലാമും തത്വശാസ്ത്രവും ഗ്രഹിച്ചെടുത്തത്.അക്കാലത്തെ ഉന്നത പണ്ഡിതനായിരുന്നു മജ്ദുൽ ജീലി (റ). ദർസ് നടത്തുന്ന സ്ഥലം മാറി മറ്റൊരിടത്തേക്ക് ജീലി (റ) മാറ്റം സംഭവിച്ചപ്പോഴും അവരുടെ സഹവാസം കാംക്ഷിച്ച് റാസി(റ) കൂടെ പോവുകയും ചെയ്തു. തത്വശാസ്ത്രത്തിലും വൈദ്യശാസ്ത്രത്തിലും നല്ല നൈപുണ്യമുള്ളവരായിരുന്നു ഇമാം .സർവ്വ വിഷയങ്ങളിലും നിപുണനും വിശാലമനസ്കതനുമായിരുന്നു. നാട് മുഴുവൻ റാസി ഇമാമിൻ്റെ കീർത്തി പരന്നു. എല്ലാ നാടുകളിലും ഇമാം റാസിയുടെ നാമം വാഴ്ത്തപ്പെട്ടു. അവരുടെ സമീപത്ത് നിന്ന് അറിവ് നേടാൻ ലോകത്തിൻ്റെ വിവിധ ഭാഗങ്ങളിൽ നിന്ന് പഠിതാക്കൾ ഇമാമിനെ തേടിയെത്തി. പ്രതിഭാധന്യരായ ഒരു പറ്റം പണ്ഡിത പ്രതിഭകളെ ലോകത്തിന് സംഭാവന ചെയ്യാൻ ഇമാം റാസി(റ)വിന് കഴിഞ്ഞു.അഹ്മദ് ബ്നു ഖലീൽ(റ) താജുദ്ധീനുൽ അർമവി (റ) തുടങ്ങിയവർ ശിഷ്യരിൽ പ്രധാനികളാണ്.
ആഴമേറിയ അറിവും കൂശാഗ്രബുദ്ധിയും പറഞ്ഞറിയിക്കാനാവാത്ത ചിന്തയുമുള്ള ഇമാം റാസി(റ) അക്കാലത്ത് ജ്ഞാനപ്രസരണ രംഗത്ത് തുല്യതയില്ലാത്ത പണ്ഡിത പ്രതിഭയായി ജ്വലിച്ചു നിന്നു. ഇമാമുദ്ദുൻയാ എന്ന് വരെ സമീപകാലക്കാരയ പണ്ഡിതന്മാർ വിശേഷിപ്പിച്ചുണ്ട്. ചെറുതും വലുതുമായ ധാരാളം ഗ്രന്ഥങ്ങൾ വിവിധ വിഷയങ്ങളിലായി അവിടുത്തെ കൈ പടങ്ങളിൽ നിന്ന് പിറവിയെടിത്തു.
അറബി - പേർഷ്യൻ ഭാഷകളിലായി ഇരുന്നൂറോളം ഗ്രന്ഥങ്ങൾ അക്കൂട്ടത്തിലുണ്ടെന്ന് ചരിത്രം സാക്ഷ്യപ്പെടുത്തുന്നു. മഫാത്തീഹുൽ ഗൈബ് എന്ന നാമമുള്ള തഫ്സീറുൽ കബീർ എന്ന വിശുദ്ധ ഖുർആൻ വ്യാഖ്യാനം ലോകപ്രശസ്തമാണ്. തഫ്സീറുറാസി എന്ന പേരിൽ ഖ്യാതി നേടിയ ഈ തഫ്സീർ 32 വാല്യങ്ങൾ ഉള്ള ബൃഹത് ഗ്രന്ഥമാണ്. ലോകത്ത് ഏറ്റവും കൂടുതൽ അംഗീകാരം നേടിയ കൃതിയാണ് ഈ തഫ്സീർ.ഖുർആൻ, ഹദീസ്, കർമ്മശാസ്ത്രം, തർക്കശാസ്ത്രം, ഇൽമുൽ കലാം, ഇൽ മു തസവുഫ്, വൈദ്യശാസ്ത്രം, തത്വശാസ്ത്രം, സാഹിത്യം തുടങ്ങി എല്ലാ വിജ്ഞാനശാഖകളിലും അഗാധജ്ഞാനിയായ ഇമാമിൻ്റെ അറിവിൻ്റെ ആഴം ഈ തഫ്സീറിൽ നിന്നും ഗ്രഹിക്കാം. മതനവീനവാദിക്കൾ, ഭൗതികവാദികൾ, മറ്റു മതങ്ങളിലെ തെറ്റായ വാദങ്ങൾ എല്ലാവരുടെയും ആശയങ്ങളെ പൊളിച്ചടുക്കി സത്യാദർശത്തെ വെളിച്ചത്ത് കൊണ്ടുവരുന്നതിൽ തഫ്സീർ റാസി നിർവഹിച്ചത്ര പങ്ക് മറ്റൊരു വ്യാഖ്യാന ഗ്രന്ഥത്തിനും സിദ്ധിക്കാൻ കഴിഞ്ഞില്ല എന്നത് തന്നെ ഈ തഫ്സീറിനെ മറ്റു ഗ്രന്ഥങ്ങളിൽ നിന്നും ഇമാം റാസിയെ മറ്റു മുഫസിറുകളിൽ നിന്നും വ്യതിരക്തനാക്കുന്നു . നിരവധി വിഷയങ്ങൾ റാസിയിൽ പ്രതിപാധിക്കുന്നുണ്ട്. പലരും ഗവേഷണങ്ങൾക്കും അന്വേഷണങ്ങൾക്കും ഇത് ഉപയുക്തമാക്കുന്നുണ്ട്. ആധുനിക ശാസ്ത്രീയ മേഘലകളിൽ ഇമാമിൻ്റെ വിവരണങ്ങളും കണ്ടെത്തലുകളും അത്ഭുതമുളവാക്കുന്നതാണ്. ശാസ്ത്രഗിരിമയിൽ പ്രഖ്യാതരായ വിശ്രുതർ ഈ ശാസ്ത്ര സത്യങ്ങളെ മനസ്സിലാക്കി വിസ്മയഭരിതരായിട്ടുണ്ട്. ഇമാമിൻ്റ കാലഘട്ടത്തിൽ ഇസ്ലാമിനെ പുനരുജ്ജീവിപ്പിക്കാനുള്ള വക്താവായിട്ടാണ് അവരെ കാണപ്പെട്ടതെന്ന് ജോൺ കൂപ്പർ പ്രസ്താവിക്കുന്നുണ്ട്. ഓരോ ആയത്തുകളും പ്രത്യേകമെടുത്ത് അതിലെ വിഷയങ്ങൾ വിഷാലമായി ചർച്ച ചെയ്യുന്ന വരികളിൽ നിന്നും ഇമാമിൻ്റെ ജ്ഞാനപരപ്പ് ബോധ്യപ്പെടും. ഖുർആനിനെതിരിൽ ഭൗതികവാദികളും നിരീശ്വരചിന്താഗതിക്കാരും ഉയർത്തിയ വാദങ്ങളെ ഖണ്ഡിക്കുകയും ഉചിതമറുപടികൾ അവതരിപ്പിക്കുകയും ചെയ്തിട്ടുണ്ട്. ഇമാമിനെ ലോകതലത്തിൽ വിശ്രുതനാക്കിയ തഫ്സീറുൽ കബീർ
എന്തുകൊണ്ടും സമ്പൽ സമൃദ്ധമാണ് .കിതാബുൽ അർബഈൻ ഫീ ഉസൂലിദ്ധീൻ, അത്തഫ്സീറു സ്വഗീർ - അസ്റാറുത്തൻസീൽ വ അൻവാറുത്തഅ് വീൽ, ഇഅ്തിഖാദു ഫർഖിൽ മുസ്ലിമീന വൽ മുശ്രിക്കീൻ, അജ് വിബതുൽ മസാഇൽ, അൽ മഹ്സ്വൂൽ ,ഇർഷാദുന്നുള്ളാർ ഇലാ ല ത്വാഇഫിൽ അസ്റാർ, ഇബ്താലുൽ ഖിയാസ്, അൽമിലലുവന്നിഹൽ, അൽ ആയാത്തുൽ ബയ്യിനാത്ത്, ഇഹ്കാമുൽ അഹ്കാം, ഇസ്മതുൽ അൻബിയാ തുടങ്ങി അമൂല്യമായ അനേകം ഗ്രന്ഥങ്ങൾ അവിടുത്തെ തൂലികയിൽ നിന്ന് വെളിച്ചം കണ്ടു. ഇമാം ശാഫിഈ (റ)വിൻ്റെ ചരിത്രം പറയാൻ മാത്രം ഒരു ഗ്രന്ഥം രചിച്ചു. അറബി - പേർഷ്യൻ ഭാഷകളിലായി അനേകം പദ്യങ്ങൾ എഴുതി. നിദാന ശാസ്ത്രത്തിൽ അൽ ഇമാം എന്ന് നിരുപാധികം പ്രയോഗിക്കുമ്പോൾ അത് കൊണ്ട് ഉദ്ധേശിക്കപ്പെടുന്നത് ഇമാം റാസി(റ)വിനെയാണ്. ഇമാം വല്ല മജ്ലിസുകളിലും എത്തപ്പെട്ടാൽ അവരുടെ ഉപദേശ നിർദ്ദേശങ്ങൾ ശ്രവിക്കാൻ അവിടെയുള്ള രാജാക്കന്മാരും മന്ത്രിമാരും, പണ്ഡിതന്മാരും, ഉമറാക്കളും സാധാരണക്കാരും അങ്ങനെ തുടങ്ങി എല്ലാവരും പങ്കെടുക്കും.
അബുൽ അബ്ബാസ് ഇബ്നു അബീ ഉസൈബിഅ (റ) പറയുന്നു: പിൽക്കാല പണ്ഡിതരിൽ അത്യുത്തമരാണ് ഇമാം ഫഖ്റുദ്ധീനു റാസി(റ). പുതിയകാല
തത്വജ്ഞാനികളുടെ നേതാവാണ്. അവരുടെ നേതൃത്വം വ്യാപിച്ചു, രചനകളും ശിഷ്യരും ലോകം മുഴുവൻ പ്രചരിച്ചു . അവർ നടന്നു യാത്ര ചെയ്യുമ്പോൾ പണ്ഡിതരും അല്ലാത്തവരുമായി മുന്നൂറ് പേർ അനുഗമിക്കുന്നുണ്ടാവും. വ്യത്യസ്ഥ വിഷയങ്ങളിൽ ദീർഘഉപദേശങ്ങൾ നൽകും എല്ലാം ഹൃദയത്തിൽ ആണ്ടുപോവുന്ന ഉപദേശങ്ങളാണ് ഇമാം റാസിയുടേത്. ഇബ്നു ഖല്ലിക്കാൻ (റ) പറയുന്നു ഇമാമിൻ്റെ ഉപദേശങ്ങൾ അറബികൾക്കും അനർബികൾക്കും തിരിയുന്ന രൂപത്തിലായിരിക്കും. ജനങ്ങളെല്ലാം കരയും നാല് മദ്ഹബിലെ വിഷയങ്ങളും ക്ലാസിൽ അവതരിപ്പിക്കും നിരവധി പേർ സംശയങ്ങൾ ഉന്നയിക്കും എല്ലാത്തിനും കൃത്യമായ മറുപടിയും നൽകും. ഇമാമിൻ്റെ ക്ലാസ് കാരണമായി കറാമിയത്ത് അടക്കം അവാന്തരവിഭാഗങ്ങളിൽ നിന്ന് പലരും സത്യാദർശത്തിലേക്ക് മടങ്ങി വന്നിട്ടുണ്ട്. ജനങ്ങൾക്കിടയിൽ വലിയ ബഹുമതിയും അംഗീകാരവും നേടിയിട്ടുണ്ട്. ഇബ്നു അസീർ (റ) പറയുന്നു ഇമാം റാസി(റ) അവരുടെ കാലഘട്ടത്തിലെ ഇമാമുദ്ദുൻയയാണ്. ഇമാം സുയൂഥി ആറാം നൂറ്റാണ്ടിലെ പരിഷ്കർത്താവെന്ന് പരിശകർത്താക്കളെ കുറിച്ച് രചിച്ച പദ്യത്തിൽ പരാമർശിച്ചു.
والسادس الفخر الإمام الرازي
والرافعي مثله يوازي
ഇങ്ങനെ പലരും മഹാനുഭാവനെ കുറിച്ച് അടയാളപ്പെടുത്തിയിട്ടുണ്ട്. അനേകം ഗ്രന്ഥങ്ങൾ അവരുടെ ചരിത്രം പറയാൻ മാത്രം വിരചിതമായിട്ടുണ്ട്.
തടിച്ച ശരീരവും തിങ്ങിയതാടിയും നല്ല ഗാഭീര്യവും ഉയർന്ന ശബ്ദവുമുള്ളവരായിരുന്നു ഇമാം റാസി(റ). ഉത്തമ സ്വഭാവത്തിനുടമയായിരുന്നു.അറുപത്തിരണ്ട് വയസ്സ് ജീവിച്ചു. അവസാന കാലത്ത് ശിഷ്യൻ ഇബ്റാഹീമുബ്നു അബീബക്റുൽ ഇസ്ഫഹാനി (റ)വിന് നൽകിയ വസിയത്ത് പ്രസിദ്ധമാണ്. രോഗശയ്യയിലാണ് ഇത് . ഹിജ്റ 606 മുഹറം 21 ഞായറാഴ്ച്ചയാണ് തൻ്റെ ശിഷ്യന് ഇമാം വസിയത്ത് നൽകുന്നത്.പിന്നീട് വഫാത്ത് വരെ രോഗം നീണ്ടു. വസിയതിൻ്റെെ തുടക്കം ഇപ്രകാരം വായിക്കാം: റബ്ബിൻ്റെ അനുഗ്രഹം കാംക്ഷിക്കുന്ന അടിമ മുഹമ്മദ് ബിൻ ഉമർ ബ്നുൽഹുസൈൻ അർറാസി പറയുന്നു: താൻ ഇഹത്തിലെ അവസാന നിമിഷത്തിലും പരലോകത്തിലെ ആദ്യ നിമിഷത്തിലുമാണ്. എല്ലാ കഠിന മനസ്കരും മൃദുവാകുകയും യജമാനന്റെ അടുത്തേക്ക് തിരിയുകയും ചെയ്യുന്ന സമയമാണിത്. സർവ്വ സ്തുതികളഖിലവും അല്ലാഹുവിന്.
മലാഇക്കത്തുകളുടെ മേലിലും അമ്പിയാ മുർസലീങ്ങളുടെയും സച്ചിതരായ സജ്ജജനങ്ങളുടെയും മേൽ സ്വലാത് ചൊല്ലുന്നു. ശേഷം ഞാൻ പറയുന്നു നിശ്ചയമായും ജനങ്ങൾ പ്രസ്താവിക്കുന്നു ഏതൊരു മനുഷ്യനും മരണത്തോടെ അവൻ്റെ മുഴുവൻ കർമ്മങ്ങളും അവസാനിക്കും. സൃഷ്ടികളോടുള്ള ബന്ധം വിഛേദിക്കപ്പെടും. ഈ പറഞ്ഞത് രണ്ട് വിധേന പ്രത്യേകമാക്കപ്പെടും ഒന്ന് അവനിൽ നിന്ന് സുകൃതങ്ങൾ അവശേഷിക്കുന്നുണ്ടെങ്കിൽ അതവന് പ്രാർത്ഥിക്കപ്പെടാൻ ഹേതുകമാവും അത്തരം പ്രാർത്ഥനകൾ അല്ലാഹുവിൻ്റെ അടുക്കൽ
ഫലമുള്ളതാണ്. രണ്ട് നല്ല സന്താനങ്ങളുമായി ബന്ധപ്പെട്ടതാണ്. അറിയുക ഞാൻ അറിവിനെ പ്രിയം വെച്ചവനാണ്. എല്ലാ ശാഖകളിലും രചന നിർവഹിച്ചവനാണ്. എന്ന് തുടങ്ങി നീണ്ട ഉപദേശമാണ് നൽകിയത് തൻ്റെ മാർഗം അല്ലാഹുവിൻ്റെ കിതാബും തിരുസുന്നത്തുമാണെന്ന് ഇമാം വ്യക്തമാക്കുന്നുണ്ട്. അവസാനം മരണവേദന മയപ്പെടുത്താൻ പ്രാർത്ഥിക്കുകയും തൻ്റെ ആഗ്രഹം വിഫലമാക്കരുതെന്നും പ്രാർത്ഥന തട്ടികളയരുതെന്നും പറയുന്നുണ്ട്. എൻ്റെ എല്ലാ ശിഷ്യരോടുമായി ഞാൻ പറയുന്നു
മരണപ്പെട്ടുവെന്ന് അറിവായാൽ മറച്ച് വെക്കണം പുറം പ്രചരണം അരുത്. എന്നെ കഫം ചെയ്ത് മുസ്ദഖാനിലുള്ള താഴ് വാരത്തേക്ക് ചുമക്കണം. അവിടെ അടുത്തുള്ള പർവ്വതത്തിനടുത്ത് മറവ് ചെയ്യണം. എന്നെ ഖബറിൽ വെച്ചാൽ വിശുദ്ധ ഖുർആനിൽ നിന്ന് കഴിയുന്നത്രപാരായണം ചെയ്യണം പിന്നീട് മണ്ണ് വാരിയിട്ട് മൂടണം. അവസാന നിമിഷം ഇമാം നൽകിയ വിശാലമായ ഒരു വസിയത്തിൻ്റെ ചുരുക്കം മാത്രമാണിത്. പാണ്ഡിത്യം കൊണ്ട് അറിവിൻ്റെ പരമകാഷ്ഠയിലെത്തിയ ആറാം നൂറ്റാണ്ടിൻ്റെ നവോത്ഥാന നായകൻ ഇമാം റാസി(റ) തൻ്റെ അറുപത്തിരണ്ടാം വയസ്സിൽ ഹിജ്‌റ 606 ശവ്വാൽ ഒന്ന് (തിങ്കൾ) ചെറിയ പെരുന്നാൾ ദിനത്തിൽ ഇഹലോകവാസം വെടിഞ്ഞു. ഭൗതികവാദികളുടെ തത്വചിന്തകളെ കാറ്റിൽ പറത്തി ശരിയായ ഇസ്ലാമിക തത്വചിന്തയിലൂടെ സമൂഹത്തെ പുനരുത്ഥാനം ചെയ്ത ഇമാം റാസിയെ (റ) കൂടുതൽ പഠന വിധേയമാക്കേണ്ടതുണ്ട്.
മുനീർ അഹ്സനി ഒമ്മല
0 അഭിപ്രായങ്ങള്‍