ഹദീസ് അന്വേഷണ യാത്രകൾ



ഇസ്ലാമിക പ്രമാണങ്ങളിൽ ദ്വിതീയ സ്ഥാനമാണ് ഹദീസുകൾക്ക് ഉള്ളത്. നിയമനിർമാണങ്ങൾക്ക് 

ഹദീസ് ചെലുത്തുന്ന സ്വാധീനം വളരെ വലുതാണ്. എന്നല്ല ആധികാരിക അവലംബം തന്നെയാണ് എന്നാൽ തിരു നബി (സ്വ)യുടെ ജീവിതകാലത്ത് ഹദീസുകൾ ഒരു പുസ്തകരൂപത്തിൽ അവരുടെ കൈകളിൽ കൊടുത്തിട്ടില്ല മറിച്ച് നബിയുടെ ഉപദേശങ്ങളും പ്രവർത്തികളും എല്ലാം കേൾക്കുകയും കാണുകയും ശ്രദ്ധിക്കുകയും ജീവിതത്തിൽ പകർത്തുകയും ബോധനം നിർവഹിക്കുകയും ചെയ്ത സ്വഹാബത്തിന്റെ ഹൃദയങ്ങളിൽ അതെല്ലാം മായാതെ രേഖപ്പെട്ടു കിടക്കുന്നുണ്ടായിരുന്നു. ചുരുക്കം ചിലർ മാത്രമാണ് രേഖപ്പെടുത്തിവെച്ചിരുന്നത്. എല്ലാം എല്ലാവരും കേൾക്കുകയോ കാണുകയോ ചെയ്തിട്ടുണ്ടാവില്ല പലതും പലർക്കുമാണ് ലഭിച്ചിരുന്നത്. നബി(സ)ക്ക് ശേഷം സ്വഹാബത്ത് ആണെങ്കിൽ മദീനയിലെ സ്ഥിര താമസക്കാരും ആയിരുന്നില്ല   തിരുനബിയിൽ നിന്നും ആർജ്ജിച്ചെടുത്ത വിശ്വാസ പാഠങ്ങൾ മാനവകുലത്തിന് പകർന്നുനൽകാൻ ഇടം തേടി അവർ യാത്ര തിരിച്ചു. എത്തിപ്പെട്ട ദിക്കുകളിൽ പ്രബോധനം നടത്തി ശിഷ്ടകാലം ജീവിച്ചു. അന്തിയുറക്കവുംപ്രബോധന മണ്ണിൽ തന്നെ ഇങ്ങനെയാകുമ്പോൾ തങ്ങളുടെ മുൻപിൽ വരുന്ന പരിഹാരങ്ങൾക്ക് നബിയുടെ ഉപദേശങ്ങളും നിർദ്ദേശങ്ങളും ആവശ്യമായി വരുന്നു. നേരിട്ട് കെട്ടവർ ജീവിച്ചിരിക്കുമ്പോൾ ഹദീസ് ശ്രേണിയിലെ എണ്ണവലിപ്പം കുറക്കാനും അവരുടെ ചുണ്ടുകളിൽനിന്ന് നേരിട്ട് കേൾക്കാനും സ്വഹാബത്തിൻ്റെ കാലത്തുതന്നെ ഹദീസുകൾ അന്വേഷിച്ചുകൊണ്ടുള്ള സഞ്ചാരങ്ങൾക്ക് തുടക്കം കുടിച്ചിട്ടുണ്ട് . അവർക്ക് ശേഷം ഉദയം ചെയ്ത പണ്ഡിത ശ്രേഷ്ഠർ എല്ലാ പ്രയാസങ്ങളും പ്രതിസന്ധികളും തരണം ചെയ്തുകൊണ്ട് ഹദീസ് അന്വേഷണങ്ങൾക്ക് ദേശ സഞ്ചാരങ്ങൾ നടത്തിയവരാണ് 

വാഹന സൗകര്യങ്ങൾ കുറഞ്ഞ അതിവേഗ യാത്രകൾ സാധ്യമാവാത്ത അക്കാലങ്ങളിൽ കാതങ്ങൾ താണ്ടി ദിവസങ്ങളും മാസങ്ങളും നടന്നും അല്ലാതെയുമായി യാത്രചെയ്ത് ഹദീസുകളെ തേടി കണ്ടെത്തിയാണ്. ഇന്ന് നമുക്ക് നൽകിയിട്ടുള്ളത്. നബിചര്യയുടെ സംരക്ഷണത്തിലും വ്യാപനത്തിനും ഇത്തരം യാത്രകളുടെ സ്വാധീനം വിലമതിക്കാത്തതാണ് 

    ഈ യാത്രകളിൽ നിന്ന് 

ഹദീസുകളെ തേടിപിടിക്കുന്നതോടൊപ്പം ആ ഹദീസിൻ്റെ ശ്രേണിയിലെ നിവേദകരുടെ ജീവിത ചരിത്രങ്ങൾ, സമകാലീനരുടെ വാക്കുകൾ,ജീവിത ചുറ്റുപാടുകൾ എല്ലാം അറിഞ്ഞും പഠിച്ചും ആണ് ഈ അന്വേഷണ യാത്രകളിൽ അവർ കണ്ടെത്തുന്നത് .അതോടൊപ്പം ഇതേ ഹദീസുകൾ ഉദ്ധരിക്കപ്പെട്ട സമാന്തരശ്രേണികൾ ,വാചകങ്ങൾ കണ്ടെത്തിയുള്ള യാത്രകൾ ,റിപ്പോർട്ടർ മാരുടെയും ഹദീസ് വാചകത്തിൻ്റെയും സ്വീകാര്യതയും  അസ്വീകാര്യതയും ഉറപ്പിക്കാൻ വേണ്ടിയുള്ള പഠനങ്ങൾ ഇതെല്ലാം ഉൾ ചേർത്താണ് തിരുനബിയിലേക്ക് എത്തിച്ചേരുന്ന സനദുകളും ,ഹദീസുകളും ഹദീസ് പണ്ഡിതന്മാർ ക്രോഡീകരിക്കുന്നത്. 

          യഥാർത്ഥ സ്രോതസ്സുകളിൽ നിന്ന് ലഭ്യമാകുന്ന ഹദീസുകളുടെ ആധികാരികതക്ക് പ്രാമുഖ്യം ഉള്ളതുകൊണ്ടാണ് യാത്രയിൽ വരുന്നപ്രയാസങ്ങളെ സന്തോഷത്തോടെ സ്വീകരിച്ച് എത്ര അകലത്തിൽ ആണെങ്കിലും യഥാർത്ഥ സ്രോതസ്സിനെ കണ്ടെത്തി ഹദീസുകൾ ശേഖരിക്കുന്നത് .ഇങ്ങനെ പണ്ഡിതർ ഹദീസിനു വേണ്ടി നടത്തിയ അന്വേഷണങ്ങളുടെയും പഠനങ്ങളുടെയും ഫലമായി പിൽക്കാലത്ത് അതൊരു വലിയ വിജ്ഞാന ശാഖയായി മാറുകയും, ധാരാളം പഠനങ്ങൾ നടക്കുകയും ചെയ്തു .ഗ്രന്ഥരചനകൾ പിറവികൊണ്ടു. ഹദീസ് അന്വേഷണങ്ങൾക്കും പഠനങ്ങൾക്കും വേണ്ടി മാത്രം പഠനകേന്ദ്രങ്ങൾ വരെ ഉയർന്നു വന്നു. ഇങ്ങനെ ഹദീസ് പഠന വളർച്ചക്ക് അന്വേഷണങ്ങളും യാത്രകളും വലിയ പങ്ക് വഹിച്ചതായി കാണാൻ സാധിക്കും സ്വഹീഹുൽ ബുഖാരി, മുസ്ലിം തുടങ്ങി നമുക്ക് സുപരിചിതമായ പേരുകൾക്കപ്പുറം അറിയപ്പെട്ടതും അറിയപ്പെടാത്തതുമായ ഗ്രന്ഥ ലോകം തന്നെ ഇന്ന് നിലവിലുണ്ട് 


സ്വഹാബത്തിൻ്റെ യാത്രകൾ 


നബിയെ നേരിട്ട് അനുഭവിച്ച സ്വഹാബത്ത്  തന്നെ തങ്ങളുടെ കൈവശം ഇല്ലാത്ത ഹദീസുകൾ തേടിയുള്ള സഞ്ചാരങ്ങൾ നടത്തിയ ചരിത്രസംഭവങ്ങൾ തന്നെയാണ്ഇതിൻറെ പ്രാധാന്യവും പ്രസക്തിയും മനസ്സിലാക്കിത്തരുന്ന പ്രഥമ കവാടം. രണ്ടു രൂപത്തിൽ സ്വഹാബത്ത് യാത്ര നടത്തിയിട്ടുണ്ട് അതിലൊന്ന് തങ്ങൾക്ക് ലഭിക്കാത്ത നിർദ്ദേശങ്ങൾ ലഭിച്ച സ്വഹാബത്ത് ദൂരങ്ങളിൽ താമസിക്കുകയും അവരിൽ നിന്ന് നേരിട്ട് കേൾക്കാൻ വേണ്ടി നടത്തിയ യാത്രകൾ, മറ്റൊന്ന് നബിയോടൊപ്പം കുറച്ചുകാലം താമസിക്കുകയും ചെയ്തവർ കൂടുതൽ തിരുനബിപഠനങ്ങൾ നടത്താൻ വേണ്ടി നടത്തിയ യാത്രകൾ. ഇങ്ങനെ ഹദീസുകൾ അന്വേഷിച്ച് കൊണ്ടുള്ള സ്വഹാബത്തിൻ്റെ സഞ്ചാരങ്ങൾ ഗ്രന്ഥങ്ങളിൽ കാണാൻ സാധിക്കും 

നബി (സ്വ )യുടെ വഫാത്തിന് ശേഷം അബീഹുറൈറ(റ)വിൻ്റെ ഹദീസ് പഠന സദസ്സിൽ മാത്രം എണ്ണൂറിലധികം പഠിതാക്കൾ ഉണ്ടായിരുന്നതായി ചരിത്രം രേഖപ്പെടുത്തുന്നു .നബി(സ)യുടെകൂടെ കുറച്ചുകാലം മാത്രം താമസിക്കുകയും ഏറ്റവും കൂടുതൽ ഹദീസ് നിവേദനം നടത്തുകയും ചെയ്ത സ്വഹാബിയാണ് അബീഹുറൈറ(റ). 5374 ഹദീസാണ് മഹാൻ ഉദ്ധരിച്ചത്. 

  ഹദീസ് അന്വേഷിച്ചുകൊണ്ടുള്ള സ്വഹാബത്തിൻ്റെ യാത്രകൾക്ക് അനേകം ഉദാഹരണങ്ങളുണ്ട്. ഇമാം ബൈഹഖി (റ) അഹ്മദ് (റ) ത്വബ്റാനി(റ) തുടങ്ങിയവരെല്ലാം നിവേദനം ചെയ്ത ഒരു ഹദീസ്. അത്വാഅ (റ) വിൽ നിന്നാണ് ഉദ്ധരണി :സ്വഹാബി പ്രമുഖനായ അബു അയ്യൂബിൽ അൻസാരി (റ) ഒരിക്കൽ മദീനയിൽ നിന്നും മിസ്റിലുള്ള ഉഖ്ബത് ബിൻ ആമിർ (റ)വിൻ്റെ അരികിലേക്ക് യാത്രതിരിച്ചു. ഇരുവരും നബിയിൽ നിന്നും കേട്ട ഒരു ഹദീസ് ഉറപ്പിക്കാനാണ് യാത്രാ ഉദ്ദേശം. അവിടുത്തെ ഗവർണറായ മസ്ലമത്തുബിൻ മഖ്ലദിൽ അൻസാരി (റ)യുടെ ഭവനത്തിൽ എത്തിയപ്പോൾ ആഗമത്തിൻ്റെ ഉദ്ദേശ്യം ആരാഞ്ഞു. സ്വഹാബി പ്രമുഖനായ അബു അയ്യൂബിൽ അൻസാരി (റ) പറഞ്ഞു :നബിയിൽ നിന്നും ഒരു ഹദീസ് ശ്രവിച്ച ഞാനും ഉഖ്ബയും മാത്രമേ ഇപ്പോൾ അവശേഷിക്കുന്നുള്ളൂ അത് ഉഖ്ബയിൽ നിന്ന് കേൾക്കാൻ വേണ്ടിയാണ് ഞാൻ വന്നത് അങ്ങിനെ ഉഖ്ബ (റ) വിൻ്റെവാസസ്ഥലം അറിയിച്ചു കൊടുക്കുകയും അവരുടെ സന്നിധിയിൽ എത്തിയ അബു അയ്യൂബ്(റ) ആഗമനകാര്യം പറയുകയും ചെയ്തു. സത്യവിശ്വാസിയുടെ ഒരു കാര്യം മറച്ചു വെക്കുന്നതിനെക്കുറിച്ച് നബി (സ) പറഞ്ഞ ഒരു ഹദീസ് കേട്ട ഞാനും താങ്കളും മാത്രമാണ് ഇപ്പോൾ ശേഷിക്കുന്നത് അത് ചോദിക്കാൻ ആണ് ഞാൻ വന്നത്. ഉഖ്ബത് ബിൻ ആമിർ (റ) പറഞ്ഞു :ഒരു സത്യവിശ്വാസിയുടെ ഒരു കാര്യം ദുനിയാവിൽ ഒരാൾ മറച്ചുവച്ചാൽ പരലോകത്ത് അയാളുടെ കാര്യങ്ങൾ അള്ളാഹു മറച്ചു വെക്കുന്നതാണ്.അബു അയ്യൂബ്(റ) പറഞ്ഞു :അതെ വാസ്തവം, പിന്നെ മഹാൻ മദീനയിലേക്ക്  തന്നെ യാത്രതിരിച്ചു.          മറ്റൊരു സംഭവം കൂടി കാണുക: ഇമാം ബുഖാരി(റ)  അദബുൽ മുഫ്റദിൽ ഉദ്ധരിക്കുന്നു: ജാബിർ ബിൻ അബ്ദുല്ല (റ)പറയുന്നു: നബിയിൽ നിന്നും ഒരു ഹദീസ് കേട്ടിട്ടുള്ള ഒരാളെ കുറിച്ച് എനിക്ക് വിവരം ലഭിച്ചു. ഉടനെ ഞാൻ ഒട്ടകത്തെ വാങ്ങി യാത്രാ സന്നാഹങ്ങൾ ഒരുക്കി ഒരു മാസത്തോളം യാത്ര ചെയ്തു ശാമിൽ എത്തി. അവിടെ ചെന്നപ്പോഴാണ് ഞാൻ തേടിവന്നത് അബ്ദുല്ലാഹിബിന് ഉനൈസ് (റ) വിനയാണ് എന്ന് മനസ്സിലായത്
പടിവാതിൽക്കൽ നിൽക്കുന്ന കാവൽക്കാരനോട് പറഞ്ഞു: വാതിൽക്കൽ ജാബിർ വന്നു നിൽക്കുന്നു എന്ന് പറയുക .അത്ഭുത പരതന്ത്രനായി മഹാൻ ചോദിച്ചു അബ്ദുള്ളയുടെ മകനായ ജാബർ ആണോ ഞാൻ പറഞ്ഞു അതെ ഉടനടി അബ്ദുല്ലാഹിബിനു ഉനൈസ് (റ)പുറത്തേക്ക് വരികയും എന്നെ ആശ്ലേഷിക്കുകയും ചെയ്തു. അപ്പോൾ ഞാൻ പറഞ്ഞു: തിരുനബി യിൽ നിന്നും കേട്ട ഒരു വചനം താങ്കളുടെ കൈവശമുണ്ടെന്ന് അറിഞ്ഞിട്ടു വന്നതാണ്. അത് കേൾക്കുന്നതിന് മുമ്പ് ഞാൻ മരണപ്പെട്ടാലോ എന്ന ഭയമാണ് എന്നെ ഇപ്പോൾ ഇവിടെ എത്തിച്ചത്. അപ്പോൾ ആ ഹദീസ് പറഞ്ഞു കൊടുത്തു.(അദബുൽ മുഫ്റദ്) ഒരൊറ്റ ഹദീസ് മാത്രം കേൾക്കാൻ വേണ്ടിയാണ് ഒരു മാസം യാത്ര ചെയ്തു ജാബിർ(റ) ശാമിലേക്ക് പോയത് അതുപ്രകാരം തന്നെ കസീറുബ്നു ഖൈസ് (റ) ദമസ്കസ് പള്ളിയിലുള്ള അബുദ്ദർദാഅ് (റ)വിനെ അന്വേഷിച്ച് മുത്ത് റസൂലിൻറെ മദീനയിൽ നിന്നും പോയത് ഹദീസ് കരസ്ഥമാക്കാൻ വേണ്ടിയാണ്. ഇങ്ങനെ സ്വഹാബത്തിൽ നിന്നും ഒട്ടനവധി പേർ നേരിട്ട് ഹദീസ് അന്വേഷിച്ച് കണ്ടെത്താൻ നാടും വീടും ഉപേക്ഷിച്ച് ദൂരദിക്കുകളിൽ താമസമുറപ്പിച്ച സ്വഹാബിമാരുടെ അടുക്കലേക്ക് യാത്ര ചെയ്തിട്ടുണ്ട് .


 താബിഈങ്ങളുടെ സഞ്ചാരം 


തിരുനബിയുടെ സന്തതസഹചാരി കളായ സ്വഹാബത്തിൽ നിന്ന് വിദ്യ നുകർന്നവരാണ് താബിഈങ്ങൾ .ഇങ്ങനെയുള്ളവരും സ്വഹാബത്തിൽ നിന്ന് നേരിട്ട് ഹദീസ് പഠിക്കാനും ഉദ്ധരിക്കാനുമെല്ലാം ഒരുപാട് യാത്രകൾ ചെയ്തിട്ടുണ്ട്. സ്വഹാബത്തിനെ മാതൃകയാക്കി പല ദിക്കുകൾ സഞ്ചരിച്ച അവർ ധാരാളം ഹദീസുകൾ കണ്ടെത്തിയിട്ടുണ്ട് . താബി ഈ പ്രമുഖനായ അബുൽ ആലിയ (റ)  പറയുന്നു :സ്വഹാബിമാരിൽ നിന്ന് ഒരു ഹദീസ് ആരെങ്കിലും നിവേദനം ചെയ്താൽ ഞങ്ങൾ അതിൽ മാത്രം സംതൃപ്തി പെടാതെ ആ സ്വഹാബി യിൽ നിന്ന് നേരിട്ട് കേൾക്കാൻ അവരുടെ അടുക്കലേക്ക് പതിവായി യാത്ര ചെയ്തിരുന്നു. ഇബ്നു അബ്ദുൽ ബർറ്(റ) രേഖപ്പെടുത്തുന്നു സഈദ് ബിൻ മുസയ്യബ് (റ)എന്ന പ്രമുഖ താബിഈ പണ്ഡിതൻ പറയുന്നു: ഒരൊറ്റ ഹദീസിൻറെ അന്വേഷണത്തിന് വേണ്ടി ഞാൻ രാപ്പകലുകൾ യാത്ര ചെയ്തിട്ടുണ്ട്. മസ്റൂഖ് (റ) വും അബൂസഈദ്(റ) വുംഒരു ഹർഫ് അന്വേഷിച്ചു യാത്ര പോയിട്ടുണ്ട് .ഒരാളുടെ കൈവശം ഒരു ഹദീസ് ഉണ്ടെന്നു കേട്ടപ്പോൾ അത് സ്വായത്തമാക്കാൻ വേണ്ടി മാത്രം അബൂ ഖിലാബ (റ)മദീനയിൽ തങ്ങിയിട്ടുണ്ട്. 

ഇങ്ങനെ ധാരാളംപേർ ഹദീസുകളുടെ സംരക്ഷണത്തിനു വേണ്ടിയും അന്വേഷണത്തിന് വേണ്ടിയും ധാരാളം യാത്ര ചെയ്തിട്ടുണ്ട് .ധാരാളം ഹദീസുകൾ അന്വേഷിച്ചും ഒരു ഹദീസിനും ഒരു ഹർഫിനും വരെ ഒരു യാത്രയും പലയാത്രകളും നടത്തിയവരും ഉണ്ട് . മസ്റൂഖ് (റ) വിനെ കുറിച്ച് ആമിറു ശഅബി (റ)  പറയുന്നുണ്ട്. ജ്ഞാന അന്വേഷണങ്ങൾക്ക് വേണ്ടി മസ്റൂഖിനേക്കാൾ ലോകം സഞ്ചരിച്ച മറ്റൊരാളെ ഞാൻ ദർശിച്ചിട്ടില്ല.പ്രമുഖ പണ്ഡിതൻ മുഹമ്മദ് ബിൻ ഇദ്രീസ് ബിൻ മുൻദിർ അൽ-റാസി വളരെ ചെറുപ്രായത്തിൽ തന്നെ ഹദീസിൻറെ ലോകത്തേക്ക് കാലെടുത്തുവച്ച മഹാനാണ് 14 വയസ് മാത്രം പ്രായമുള്ളപ്പോൾ ഹദീസ് എഴുത്ത് ആരംഭിച്ചു, പതിനെട്ടാം വയസ്സിലാണ് ഹദീസ് അന്വേഷിച്ചുള്ള ആദ്യയാത്രയ്ക്ക് തുടക്കമിടുന്നത്. ഏഴു വർഷം നീണ്ടുനിന്ന യാത്രയായിരുന്നു അത്. നാൽപ്പത്തിരണ്ടാം വയസ്സിൽ മറ്റൊരു യാത്ര നടത്തി ധാരാളം പ്രതിസന്ധികളും കഷ്ടതകളും ആ യാത്രയിൽ സഹിച്ചിട്ടുണ്ട്. തൻറെ ആദ്യയാത്ര കാൽനടയായിരുന്നു. തുടക്കത്തിൽ  തന്റെ യാത്ര പിന്നിടുന്ന വഴി ദൂരങ്ങളെ രേഖപ്പെടുത്തിയിരുന്നു. ആവേശത്തോടെയുള്ള ഈ യാത്ര നാലുമാസം പിന്നിടും വരെ എണ്ണിത്തിട്ടപ്പെടുത്തി അതിനുശേഷം വഴിദൂരം എണ്ണിട്ടില്ല അതിന് അസാധ്യമായ അത്രയും ദൂരം ഹദീസ് അന്വേഷണത്തിന് സഞ്ചരിച്ചിട്ടുണ്ട്. ലോകസഞ്ചാരി, അറിവിൻ സാഗരം എന്നാണ് മഹാനെ ഹാഫിള് ദഹബി വിശേഷിപ്പിച്ചത്. അഹ്മദ് ബിൻ സലമ അനൈസാപൂരി (റ) പറയുന്നു :അബു ഹാത്തിം (റ) നെക്കാൾ ഹദീസ് മനഃപാഠമുള്ള ഒരാളെ ഇസ്ഹാഖ് ബിൻ റാഹവൈഹി, മുഹമ്മദ് ബിൻ യഹ് യ എന്നിവർക്ക് ശേഷം ഞാൻ കണ്ടിട്ടില്ല. അത്രമേൽ ഹദീസ് അന്വേഷിച്ചു കണ്ടെത്തി പഠിച്ച വ്യക്തിത്വത്തിനുടമയായിരുന്നു 


ഇമാമുമാരുടെ ഹദീസ് യാത്രകൾ 

        സച്ചിതരായ സ്വഹാബത്തിന്റെയും താബിഈങ്ങൾക്കും ശേഷം ലോകത്തിന് അറിവിൻ സാഗരങ്ങളായി ഉദയം ചെയ്ത മദ്ഹബിന്റെ ഇമാമുമാരും മുഹദ്ദിസുകളും ഹദീസിന്റെ അന്വേഷണങ്ങൾക്ക് വേണ്ടി യാത്രകൾ ചെയ്തിട്ടുണ്ട് .ഇമാം അബൂ ഹനീഫ (റ) ചില സ്വഹാബിമാരെ കണ്ടതായി ചില റിപ്പോർട്ടുകളിൽ സൂചിപ്പിക്കുന്നുണ്ട് അനസ് ബിൻ മാലിക് (റ) ജാബിർ ബിൻ അബ്ദുല്ല (റ) അടക്കം ഏഴ് സ്വഹാബിമാരിൽ നിന്ന് ഹദീസ് ഉദ്ധരിച്ചതായി ഇമാം സുയൂതി പറഞ്ഞിട്ടുണ്ട് അങ്ങനെ വരുമ്പോൾ താബിഈ പണ്ഡിതരുടെ ഹദീസ് അന്വേഷണത്തിൽ ഇമാം അബൂഹനീഫയും ഉൾപ്പെടും അനസ് ബിൻ മാലിക് (റ) വിന്റെ അടുക്കൽചെന്ന് പലതവണ ഹദീസ് സ്വീകരിച്ചതായി ചരിത്ര പണ്ഡിതർ  രേഖപ്പെടുത്തിയിട്ടുണ്ട് ഇബ്നു ഹജറുൽ ഹൈതമി (റ) പറയുന്നു :നാലായിരം ശൈഖുമാരിൽ നിന്ന് ഹദീസ് സ്വീകരിച്ച വ്യക്തിയാണ് ഇമാം അബൂ ഹനീഫ (റ) അതിനർത്ഥം അത്രയും പേരിലേക്ക് ഹദീസ് പഠിക്കാൻ യാത്ര ചെയ്തു എന്ന് തന്നെയാണ്. മദീനയെ ഹൃദയത്തോട് ചേർത്ത പണ്ഡിതനാണ് രണ്ടാം മദ്ഹബിന്റെ ഇമാം മാലിക് ബിൻ അനസ് (റ) ഹദീസ് ശാസ്ത്രത്തിൽ ഒരു നാഴികക്കല്ലായി മാറിയ ഗ്രന്ഥമായ മാലിക് ഇമാമിൻറെ മുവത്വഅ് 

അക്കാലത്തെ പ്രമുഖ ഹദീസ് പണ്ഡിതരായ ഇമാം സുഹ്രി , യഹ് യ ബിൻ സഈദ്(റ ഉം ) എന്നിവരുടെ അടുത്തുചെന്നു കൊണ്ടാണ് ഇമാം ഹദീസുകൾ ശേഖരിച്ചത്. ഒരെറ്റ ഹദീസ് തേടി ധാരാളം രാപ്പകലുകൾ സഞ്ചരിച്ചവരാണ് ഇമാം മാലിക് (റ) മാലിക് (റ)വളർത്തിയെടുത്ത ശിഷ്യരിൽ പ്രധാനിയായ ഇമാം ഷാഫി ( റ ) പത്താംവയസ്സിൽ മാലിക്കി (റ) വിന്റെ ഹദീസ് ഗ്രന്ഥം മനഃപാഠമാക്കുകയും പതിമൂന്നാം വയസ്സിൽ ഹദീസ് പഠനത്തിനായി മാലിക് ( റ ) വിന്റെഅടുത്തേക്ക് യാത്ര തിരിച്ചു. അതുപോലെ ധാരാളം നാടുകൾ ചുറ്റി സഞ്ചരിച്ച് ഹദീസുകൾ ശേഖരിച്ച വ്യക്തിത്വത്തിനുടമയാണ് ഇമാം അഹ്മദ് ബിൻ ഹമ്പൽ (റ). കൂടുതൽ ഹദീസ് ശേഖരിച്ച വ്യക്തി എന്ന ഖ്യാതിയും മഹാനുണ്ട്.                                                           പിൽക്കാലത്ത് അറിയപ്പെട്ട ഹദീസ് പണ്ഡിതർ എല്ലാം സ്വന്തം നാടും വീടും വിട്ട് ഇറങ്ങി ഹദീസ് ശേഖരണങ്ങൾക്കും 

അന്വേഷണങ്ങൾക്കുമായി യാത്രതിരിച്ചവരാണ് ഹദീസ് ലോകത്തെ പണ്ഡിതസൂര്യൻ ഇമാം ബുഖാരി (റ) പറയുന്നു ഹദീസുകൾ അന്വേഷിച്ചുകൊണ്ട് മിസ്റിലേക്കും ശാമിലേക്കും രണ്ടു തവണ വീതം ഞാൻ യാത്ര ചെയ്തിട്ടുണ്ട് .ബസറയിലേക്ക് നാല് തവണയും ബഗ്ദാദിലേയും കൂഫയിലെയും ഹദീസ് പണ്ഡിതന്മാരെ എത്ര തവണയാണ് ഞാൻ സമീപിച്ചത് എന്ന് എനിക്ക് തന്നെ നിശ്ചയമില്ല 

ഹദീസിനു വേണ്ടി ഹിജാസിൽ മാത്രം ഞാൻ ആറുവർഷം താമസിച്ചിട്ടുണ്ട്. കേവലം ഹദീസ് അന്വേഷണങ്ങൾ മാത്രം പരിമിതപ്പെടുത്തുക അല്ലായിരുന്നു ഇമാം ബുഖാരി (റ) 

തൻറെ യാത്രകളിൽ . മറിച്ച് ഹദീസ് നിവേദക പരമ്പരയിൽ വരുന്ന ഓരോരുത്തരെയും പഠന വിധേയമാക്കി വിശ്വസ്തത, സത്യസന്ധത, ജനനം, മരണം , താമസം, യാത്രകൾ, നിവേദകർ തമ്മിൽ പരസ്പരം കണ്ടുമുട്ടൽ, കണ്ടുമുട്ടാതിരിക്കൽ പരമ്പരയിലെ ചേർച്ച , വിടവ് തുടങ്ങി എല്ലാം മഹാൻ പഠനവിധേയമാക്കി അങ്ങനെ ഹദീസ് നിവേദകരെ വസ്തുനിഷ്ഠമായി പരിചയപ്പെടുത്തുന്ന ആദ്യ കൃതി താരീഖുൽ കബീർ പരിശുദ്ധ റൗളയുടെ ചാരെയിരുന്ന് പൂർത്തിയാക്കി 

പതിനാറാം വയസ്സിലാണ് സ്വന്തം വീടുവിട്ടിറങ്ങിയത് ആദ്യ യാത്ര നടത്തുന്നത്. ഈ സുവർണ കാലഘട്ടത്തിൽ ജീവിച്ച മറ്റൊരു ഹദീസ് വിശാരദൻ ആണ് ഇമാം മുസ്ലിം (റ) പതിനഞ്ചാം വയസ്സിലാണ് ഹദീസ് പഠനത്തിന് തുടക്കമിടുന്നത് അക്കാലത്തെ എല്ലാ ഹദീസ് പർണശാലകളിലേക്കും മഹാൻ യാത്രചെയ്തിട്ടുണ്ട് ഇറാക്ക് ഹിജാസ്, സിറിയ, ഈജിപ്ത് തുടങ്ങിയ സ്ഥലങ്ങളിലേക്ക് യാത്ര ചെയ്തു 

പതിമൂന്നാം വയസ്സിൽ ഹദീസ് പഠനം തുടങ്ങിയ വ്യക്തിത്വമാണ് ഇമാം ത്വബ്റാനി (റ) ഈജിപ്ത് , യമൻ, ഖുദ്സ് , ഖൈസാരിയ, ഇറാൻ അഫ്ഗാനിസ്ഥാൻ തുടങ്ങിയ ദേശങ്ങളിലേക്ക് എല്ലാം ഹദീസ് അന്വേഷിച്ച് യാത്ര ചെയ്തിട്ടുണ്ട്. 30 വർഷത്തോളം ഹദീസ് പഠനത്തിനായി വിനിയോഗിച്ച മഹാൻ നൂറിലധികം ഗുരുക്കന്മാരിൽ നിന്നാണ് ഹദീസ് പഠിച്ചെടുത്തത് . ഹിജ്റ 290 ൽ ഹദീസ് പഠനത്തിനായി അഫ്ഗാനിസ്ഥാനിൽ എത്തിയ ഇമാം പല സമയങ്ങളിലും അവിടെ സന്ദർശിക്കുകയും സ്ഥിരതാമസമാക്കുകയും ചെയ്തു. 15 - 20 വയസ്സിന് ഇടയിലാണ് ഇബ്നുമാജ (റ) ഹദീസ് പഠനത്തിനായി തുടക്കംകുറിക്കുന്നത്. ഹി 230 മുതൽ ഹദിസ് പഠനത്തിനായി യാത്രതിരിച്ചു .ഖുറാസാൻ, ഇറാഖ്, സിറിയ, ഈജിപ്ത് തുടങ്ങിയ നാടുകളിലേക്ക് എല്ലാം മഹാൻ ഹദീസ് അന്വേഷിച്ച് യാത്രകൾ നടത്തിയിട്ടുണ്ട്. അത് പോലെ ഇമാം നസാഈ (റ) യും ഹദീസ് പഠനാവശ്യാർത്ഥം പതിനഞ്ചാം വയസ്സിൽ തന്നെയാണ് യാത്ര ആരംഭിച്ചത് ഇറാഖ്, ശാം , മിസ്ർ ഹിജാസ് തുടങ്ങിയ സ്ഥലങ്ങൾ സന്ദർശിക്കുകയും അവിടെയുള്ള വിശുദ്ധരായ ഹദീസ് പണ്ഡിതന്മാരിൽ നിന്ന് ഹദീസ് ശേഖരിക്കുകയും ചെയ്തു. പ്രമുഖ ഹദീസ് പണ്ഡിതൻ ഇമാം തുർമുദി ഹി 235 മുതൽക്കാണ് ഹദീസ് അന്വേഷിച്ച് യാത്ര തുടങ്ങിയത് ഹി 250 ആയപ്പോഴേക്കും വിവിധ നാടുകളിൽ സഞ്ചരിച്ച് ഹദീസ് ശേഖരണം നടത്തി .സ്വന്തം നാടായ ഖുറാസാനിലേക്ക് തന്നെ തിരിച്ചുവന്നു. ശേഷം തനിക്ക് ലഭിച്ച ഹദീസുകൾ ഉപയോഗിച്ച് ഗ്രന്ഥരചന യിലേക്ക് പ്രവേശിച്ചു. മറ്റൊരു ഹദീസ് പണ്ഡിതനാണ് ഇമാം അബൂദാവൂദ് (റ) ചെറുപ്രായത്തിൽതന്നെ ഹദീസ് പഠനത്തിന് ശ്രദ്ധ ചെലുത്തിയിട്ടുണ്ട്. ഹദീസ് അന്വേഷിച്ച് കൗമാരത്തിൽ തന്നെ വിവിധ ദിക്കുകളിലേക്ക് യാത്ര തുടങ്ങി പോയി. ഖുറാസാൻ, റയ്യ്, ഹിറാത്ത്, കൂഫ ,ബഗ്ദാദ് , തർസൂസ് , സമസ്കസ്, ഈജിപ്ത്, ബസ്വറ തുടങ്ങിയ ദേശങ്ങളിൽ ചുറ്റിസഞ്ചരിച്ചു. അവിടെയുള്ള ഹദീസ് പണ്ഡിതന്മാർ നിന്നും ഹദീസുകൾ ശേഖരിച്ച പഠിച്ചു തർസൂസിൽ തന്നെ 20 വർഷം ചിലവഴിച്ചിട്ടുണ്ട്. മുന്നൂറിലധികം ശൈഖുമാർ അബൂദാവൂദ് (റ) വിന് ഉണ്ടെന്ന് ഹാഫിള് അസ്കലാനി (റ) പറയുന്നുണ്ട് .വിശ്വ പ്രസിദ്ധ ഹദീസ് പണ്ഡിതന്മാരായ നസാഈ തുർമുദി (റ ഉം ) എന്നിവരുടെ ഗുരുവാണ് അബൂദാവൂദ് (റ)


            ഹദീസ് അന്വേഷിച്ച് കണ്ടെത്തുന്നതിനായി അന്വേഷണം നടത്തുകയും യാത്ര ചെയ്യുകയും ചെയ്ത ചില പ്രമുഖ വ്യക്തിത്വങ്ങളെയാണ് പ്രതിപാദിച്ചത് .ഇവരുടെ കഠിന പരിശ്രമം തന്നെയാണ് ഇന്ന് തിരുവചനങ്ങൾ സംരക്ഷിക്കപ്പെട്ടതും രേഖപ്പെടുത്തി വെച്ചതും .ഇവിടെ പരാമർശിക്കപ്പെടാത്ത ധാരാളംപേർ ചരിത്രത്തിലുണ്ട് .സ്വന്തം നാടും വീടും വിട്ട് കഷ്ടതകളും യാതനകളും അനുഭവിച്ചു കൊണ്ട് തന്നെയാണ് ഇവർ ഹദീസുകൾ ശേഖരിച്ചത്


മുനീർ അഹ്സനി ഒമ്മല


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍