പൗലോസിൻ്റെ ന്യായപ്രമാണ ധ്വംസനവുംബർണ്ണബാസിൻ്റെ സുവിശേഷഘോഷണവും.


ബർണ്ണബാസും പൗലോസും വഴിപിരിയുന്നു

യേശുവിൻ്റെ അധ്യാപനങ്ങളെ പുതുതായി വിശ്വാസം സ്വീകരിച്ച അന്ത്യേ ക്യായിലെ ജനങ്ങളിലേക്ക് എത്തിക്കാനാണ് ബർണ്ണബാസിനെ അപ്പോസ്തലന്മാർ പറഞ്ഞ് വിടുന്നത്. തൻ്റെ കൂടെ പ്രബോധന പ്രവർത്തനങ്ങൾക്കായി പൗലോസിനെ വിളിക്കുകയും ചെയ്തു. എന്നാൽ പൗലോസ് യേശു പഠിപ്പിച്ചതിനെ മാറ്റി തിരുത്തുകയും അവയൊന്നും ഇനി നാം അനുഷ്ഠിക്കേണ്ടതില്ലന്നും പറഞ്ഞ് പുതിയ നിയമങ്ങളും വിശ്വാസങ്ങളുമായി അവതരിക്കുന്ന കാഴ്ചയാണ് നാം ദർശിച്ചത്.ഇക്കാരണങ്ങളാൽ യേശു ശിഷ്യരുമായി തെറ്റി പിരിയുന്ന ശിഷ്യരെയും ചരിത്രത്തിൽ നിന്ന് വായിച്ചു. എന്നാൽ പൗലോസിനെ അന്ത്യോക്യായിലേക്ക് കൂട്ടികൊണ്ട് പോയ സാക്ഷാൽ ബർണ്ണബാസുമായി വേർപിരിയുന്നത് വായിക്കുക: 
കുറെനാൾ കഴിഞ്ഞിട്ടു പൌലൊസ് ബർന്നബാസിനോടു: നാം കർത്താവിന്‍റെ വചനം അറിയിച്ച പട്ടണംതോറും പിന്നെയും ചെന്നു സഹോദരന്മാർ എങ്ങനെയിരിക്കുന്നു എന്നു നോക്കുക എന്നു പറഞ്ഞു.മർക്കൊസ് എന്ന യോഹന്നാനെയും കൂട്ടിക്കൊണ്ടു പോകുവാൻ ബർന്നബാസ് ഇച്ഛിച്ചു.
പൌലൊസോ പംഫുല്യയിൽനിന്നു തങ്ങളെ വിട്ടു പ്രവൃത്തിക്കു വരാതെ പോയവനെ കൂട്ടിക്കൊണ്ടു പോകുന്നതു യോഗ്യമല്ല എന്നു നിരൂപിച്ചു.അങ്ങനെ അവർ തമ്മിൽ ഉഗ്രവാദമുണ്ടായിട്ടു വേർ പിരിഞ്ഞു. ബർന്നബാസ് മർക്കൊസിനെ കൂട്ടി കപ്പൽകയറി കുപ്രൊസ് ദ്വീപിലേക്കു പോയി.( 15-35-38).
     തങ്ങൾ മുൻപ് പ്രബോധനം നടത്തിയ പ്രദേശങ്ങളിൽ വീണ്ടും സഞ്ചരിക്കുന്നതിനായി ഇരുവരും ധാരണയായി എന്നാൽ യോഹന്നാൻ മർക്കോസിനെ ഒപ്പം കൂട്ടുന്നതിനെ ചൊല്ലി ഇരുവരും തമ്മിൽ രൂശമായ തർക്കമുണ്ടാവുകയും വേർപിരിയുകയും ചെയ്തു. ഇവിടെ തങ്ങളെ വിട്ട് പ്രവർത്തിക്കു വരാതെ തിരിച്ചുപോയി എന്നതാണ് ഇപ്പോൾ മർക്കോസിനെ തടയാനുണ്ടായ കാരണം.ഇരുവരുടെയും ഒന്നാം മിഷ്നറിയാത്രയിൽ മർക്കൊസിനെ ഭൃത്യനായി കൂട്ടിയിരുന്നു.എന്നാൽ ഇടക്കു വെച്ച് പെർഗ്ഗയിൽ നിന്ന് ഇദ്ദേഹം ഇവരെയും വിട്ട് യെരുശലേമിലേക്ക് തിരിച്ച് പോയി എന്നതാണ് പൗലോസിനെ ചൊടിപ്പിച്ചത്. തൻ്റെ കൂട്ടുവേലക്കാരൻ എന്ന് പോലും പൗലോസ് വിശേഷപ്പിച്ചയാളാണ് ഈ മർക്കോസ്. ഇവിടെ ന്യായമായ കാരണത്തിനാണ് മടങ്ങിയെന്ന് പണ്ഡിതർ പറയുന്നു: ഏകയായ മാതാവിനൊപ്പം ചേരാൻ വീട്ടിലേക്കാണ് പോയത്. യാത്ര ക്ലേശവും പ്രയാസവും താങ്ങാൻ കഴിയാത്തത് കൊണ്ടാണ് തിരിച്ച് പോയത്. രോഗം കാരണമാണ് പോയതെന്നും പറയപ്പെടുന്നുണ്ട്. എന്നാൽ അപ്പോസ്തലനായ പത്രോസിൻ്റെ ശിഷ്യനായിരുന്ന മർക്കോസ് ഗുരുവിൻ്റെ ആശയാദർശത്തിൽ ഉറച്ച് നിന്നത് കൊണ്ടാണ് തിരിച്ച് പോയതെന്നാണ് യാതാർത്ഥ്യമെന്ന് പറയുന്നത് ( സഭാ ചരിത്രമഹാന്മാർ - പ്രകാശ് മാത്യു പേജ് 28). 
         ഈ യോഹന്നാൻ എന്ന മർക്കോസ് ആരാണെന്ന് ചോദ്യത്തിന് ഉത്തരമായി ബൈബിൾ പണ്ഡിതർ പറയുന്നത് സുവിശേഷം എഴുതിയ മാർക്കോസ് തന്നെയാണ്.ഡി ബാബു പോൾ പറയുന്നു: മറിയയുടെ മകനായ ഈ മർക്കോസിന് യോഹന്നാൻ എന്നും പേരുണ്ടായിരുന്നു............ പൗലോസും ബർണബാസും അന്ത്യോഖ്യയിൽ നിന്ന് യരുശലേമിലേക്ക് പോയപ്പോൾ മർക്കോസ് അനുയാത്ര ചെയ്തു. പിന്നീടൊരിക്കൽ അപ്രതീക്ഷിതമായി വഴി പിരിഞ്ഞത് പൗലോസിന് അഹിതമായി പൗലോസും ബർണ്ണബാസും വഴിപിരിയാൻ മുഖാന്തരവുമായി. വേദ ശബ്ദരത്നാകരം പേജ് 480). യേശുവിൻ്റെ അധ്യാപനങ്ങൾ പഠിക്കുകയും ഉൾകൊള്ളുകയും ചെയ്ത ശിഷ്യരോ ശിഷ്യരുടെ അനുഗാമികളോ ആയിട്ടുള്ളവരിൽ നിന്നോ പൗലോസമായി ബന്ധപ്പെടുന്നവരെല്ലാം വഴിപിരിയുന്നതായിട്ടാണ് ചരിത്രം രേഖപ്പെടുത്തുന്നത്.ഈ പൗലോസിൻ്റെ വാക്കുകളാണ് പിൽക്കാലത്ത് സഭയിൽ അംഗീകാരം കൊടുത്ത് വിശ്വാസ പ്രമാണമായി സ്വീകരിച്ചിരിക്കുന്നത്. ശിഷ്യന്മാരെല്ലാം പൗലോസിനെ തിരസ്ക്കരിച്ചപ്പോൾ അദ്ധേഹം സ്വന്തമായി അവകാശവാദമുന്നയിക്കുന്നത് കാണാം. ഞാൻ സ്വതന്ത്രൻ അല്ലയോ? ഞാൻ അപ്പൊസ്തലൻ അല്ലയോ? നമ്മുടെ കർത്താവായ യേശുവിനെ ഞാൻ കണ്ടിട്ടില്ലയോ? കർത്താവിൽ ഞാൻ ചെയ്ത പ്രവൃത്തിയുടെ ഫലം നിങ്ങൾ അല്ലയോ?മറ്റുള്ളവർക്കു ഞാൻ അപ്പൊസ്തലൻ അല്ലെന്നുവരികിൽ എങ്ങനെയെങ്കിലും നിങ്ങൾക്കു ആകുന്നു; കർത്താവിൽ എന്‍റെ അപ്പൊസ്തലത്വത്തിന്‍റെ മുദ്ര നിങ്ങളല്ലോ. (1 കൊരിന്ത്യർ 9:1, 2) യേശുവിൽ നിന്ന് സുവിശേഷങ്ങളോ പാഠങ്ങളൊ പഠിക്കാനും കേൾക്കാനും അവസരം ലഭിക്കാത്തയാളാണ് പൗലോസ് .അദ്ധേഹം സ്വയം ആവിഷ്ക്കരിച്ചെടുത്ത മാനസാന്തര കഥക്ക് ശേഷം യേശു ശിഷ്യരിൽ നിന്നും അദ്ധേഹം സുവിശേഷങ്ങൾ പഠിച്ചില്ല. ഇങ്ങനെയുള്ളൊരു വ്യക്തിയെ എങ്ങനെ അപ്പോസ്തലനായി വാഴിക്കും.ഇതിൽ തർക്കമില്ലാതെ തന്നെ യതാർത്ഥ അപ്പോസ്തലർ ഈ വ്യക്തിയെ യേശുവിൻ്റെ ശിഷ്യനായും അപ്പോസ്തലനായും അംഗീകരിക്കാൻ തയ്യാറാവാതെ വന്നപ്പോൾ സ്വയം അപ്പോസ്തലികം ചാർത്തുകയാണ് പൗലോസ് .എന്നാൽ ശിഷ്യരിൽ വിശ്വസിപ്പിച്ച് കൂടെക്കൂട്ടാൻ ശിപാർശ ചെയ്ത ബർണ്ണബാസും തെറ്റിപിരിയുന്ന കാഴ്ച്ചയാണ് മുകളിൽ വായിച്ചത്. 

  ആളുകളുടെ വ്യത്യാസമനുസരിച്ച് പൗലോസിയൻ നയങ്ങളിൽ മാറ്റം.

   യഹൂദരന്മാരുടെ അടുക്കൽ സ്ഥാനവും അവർ തന്നെ സ്വീകരിക്കേണ്ടതിന് താൻ അവർക്കിടയിൽ അവരെ പോലെയും ന്യായപ്രമാണം അനുസരിച്ച് ജീവിക്കുന്നവരിൽ സ്വീകാര്യത ലഭിക്കാൻ അവരെ പോലെയും നിയമം അനുസരിക്കാതെ ജീവിക്കുന്നവർക്കിടയിൽ അവരെ പോലെയും ജിവിച്ചു എന്നാണ് പൗലോസ് പറയുന്നത്. പൗലോസിൻ്റെ ഇരട്ടതാപ്പാണ് ഇവിടെ വ്യക്തമാക്കുന്നത്. അദ്ധേഹത്തിൻ്റെ വാക്കുകളിൽ നിന്ന് കേൾക്കാം. യെഹൂദന്മാരെ നേടേണ്ടതിന്നു ഞാൻ യെഹൂദന്മാർക്കു യെഹൂദനെപ്പോലെ ആയി; ന്യായപ്രമാണത്തിൻ കീഴുള്ളവരെ നേടേണ്ടതിന്നു ഞാൻ ന്യായപ്രമാണത്തിൻ കീഴുള്ളവൻ അല്ല എങ്കിലും ന്യായപ്രമാണത്തിൻ കീഴുള്ളവർക്കു ന്യാപ്രമാണത്തിൻ കീഴുള്ളവനെപ്പോലെ ആയി.ദൈവത്തിന്നു ന്യായപ്രമാണമില്ലാത്തവൻ ആകാതെ ക്രിസ്തുവിന്നു ന്യായപ്രമാണമുള്ളവനായിരിക്കെ, ന്യയപ്രമാണമില്ലാത്തവരെ നേടേണ്ടതിന്നു ഞാൻ ന്യായപ്രമാണമില്ലാത്തവർക്കു ന്യായപ്രമാണമില്ലാത്തവനെപ്പോലെ ആയി.(1 കൊരിന്ത്യർ 9:20, 21).

ന്യായപ്രമാണ ധ്വംസനവും അപ്പോസ്തലരുടെ ഉപദേശവും 

യേശുവിൻ്റെ കുരിശ് മരണം നിത്യയാഗ ബലിയാണന്നും അതിനാൽ ന്യായപ്രമാണം അനുസരിക്കേണ്ടതില്ല എന്നുമാണ് പൗലോസ് പ്രചരിപ്പിച്ചതും പഠിപ്പിച്ചതും അങ്ങനെ നാം വിശ്വാസത്താൽ നീതീകരിക്കപ്പെടേണ്ടതിന്നു ന്യായപ്രമാണം ക്രിസ്തുവിന്‍റെ അടുക്കലേക്കു നടത്തുവാൻ നമുക്കു ശിശുപാലകനായി ഭവിച്ചു.വിശ്വാസം വന്ന ശേഷമോ നാം ഇനി ശിശുപാലകന്‍റെ കീഴിൽ അല്ല
(ഗലാത്യർ 3:24,25),
അതുകൊണ്ടു സഹോദരന്മാരേ, നാം ദൈവത്തിന്നു ഫലം കായ്ക്കുമാറു മരിച്ചിട്ടു ഉയിർത്തെഴുന്നേറ്റവനായ വേറോരുവന്നു ആകേണ്ടതിന്നു നിങ്ങളും ക്രിസ്തുവിന്‍റെ ശരീരം മുഖാന്തരം ന്യായപ്രമാണസംബന്ധമായി മരിച്ചിരിക്കുന്നു.(റോമർ 7:4)
ഇപ്പോഴോ, നമ്മെ പിടിച്ചടക്കിയിരുന്ന ന്യായപ്രമാണം സംബന്ധിച്ചു മരിച്ചിരിക്കകൊണ്ടു അക്ഷരത്തിന്‍റെ പഴക്കത്തിലല്ല ആത്മാവിന്‍റെ പുതുക്കത്തിൽ തന്നേ സേവിക്കേണ്ടതിന്നു നാം ന്യായപ്രമാണത്തിൽനിന്നു ഒഴിവുള്ളവരായിരിക്കുന്നു.(റോമർ 7:6) ഈ വാക്യങ്ങൾക്ക് വിശദീകരണമായി ബൈബിൾ സൊസൈറ്റി ഓഫ് ഇന്ത്യ പ്രസിദ്ധീകരിച്ച ഇഞ്ചീൽ പഠന പതിപ്പിൽ പറയുന്നു: ഈസാ മസീഹുമായുള്ള കൂട്ടായ്മയിൽ നിലനിൽക്കുന്നവന് തൗറാത്തിൻ്റെ ( ന്യായപ്രമാണം) ശക്തിയിലൂടെയല്ലാതെ ഇലാഹിനെ സേവിക്കാൻ സാതന്ത്ര്യം ലഭിച്ചു.(പേജ് 497) ചുരുക്കത്തിൽ ന്യായപ്രമാണം ഇനി അനുസരിക്കേണ്ടതില്ലന്ന് . വിശ്വസിക്കുന്ന ഏവന്നും നീതി ലഭിപ്പാൻ ക്രിസ്തു ന്യായപ്രമാണത്തിന്‍റെ അവസാനം ആകുന്നു.(റോമർ 10:4) യേശു വന്നതോടെ ന്യായപ്രമാണം കഴിഞ്ഞുവെന്നും യേശു ന്യായപ്രമാണത്തിൻ്റെ അവസാനയാൾ ആയതിനാൽ പൗലോസിൽ വിശ്വസിച്ചവർക്ക് അത് പാലിക്കേണ്ടതില്ല എന്നാണ് പറയുന്നത്. എന്നാൽ ഇവിഷയകമായി ക്രൈസ്തവർക്കിടയിൽ തന്നെ ചൂടേറിയ ചർച്ചകൾ നടന്നിട്ടുണ്ട്. ജീ കാംബെൽ മോർഗൺ പറയുന്നു: ഞാൻ കരുതുന്നത് പൗലോസിന് അവൻ്റെ ശുശ്രുഷകളിൽ ഈ അവസരത്തിൽ ഏറ്റവും വലിയ ഒരു തെറ്റ് സംഭവിച്ചു എന്നാണ്. (പ്രവർത്തികൾ - 5 - ഡേവിഡ് റൊപ്പർ - ഭാഗം -പൗലോസേ നീ ഇതു എന്തിന് ചെയ്തു പേജ് 2) തീർത്തും യേശുവിൻ്റെ അധ്യപനങ്ങളോട് എതിരായത് കൊണ്ടാണ് ഇങ്ങനെയുള്ള ചർച്ചകൾ നടക്കുന്നത്. യേശു പറയുന്നു:ഞാൻ ന്യായപ്രമാണത്തെയൊ പ്രവാചകന്മാരെയോ നീക്കേണ്ടതിന്നു വന്നു എന്നു നിരൂപിക്കരുതു; നീക്കുവാനല്ല നിവർത്തിപ്പാനത്രെ ഞാൻ വന്നതു. (മത്തായി 5:17) യേശുവിൻ്റെ നിയോഗത്തിൻ്റെ ഉദ്ധേശ്യം ഇവിടെ കുുറിക്കപ്പെടുന്നു.ഇതനുസരിച്ച് അദ്ധേഹവും ശിഷ്യരും ജീവിക്കുന്നു പ്രബോധനം നടത്തുന്നുനു ഇതിനെതിരിലാണ് പൗലോസ് ഘോഷിക്കുന്നത്. അത് കൊണ്ട് തന്നെെ പൗലോസിനെ ശിഷ്യർ എതിർക്കുന്നത് കാണാംഅവർ കേട്ടു ദൈവത്തെ മഹത്വപ്പെടുത്തി. പിന്നെ അവനോടു പറഞ്ഞതു: സഹോദരാ, യെഹൂദന്മാരുടെ ഇടയിൽ വിശ്വസിച്ചിരിക്കുന്നവർ എത്ര ആയിരം ഉണ്ടു എന്നു നീ കാണുന്നുവല്ലോ; അവർ എല്ലാവരും ന്യായപ്രമാണതല്പരന്മാർ ആകുന്നു.മക്കളെ പരിച്ഛേദന ചെയ്യരുതു എന്നും നമ്മുടെ മര്യാദ അനുസരിച്ചു നടക്കരുതു എന്നും നീ ജാതികളുടെ ഇടയിലുള്ള സകല യെഹൂദന്മാരോടും പറഞ്ഞു മോശെയെ ഉപേക്ഷിച്ചുകളവാൻ ഉപദേശിക്കുന്നു എന്നു അവർ നിന്നെക്കുറിച്ചു ധരിച്ചിരിക്കുന്നു. (അപ്പോ പ്രവൃത്തികൾ 21:20, 21 ) യരുശലേമിൽ പ്രവേശിച്ച പൗലോസിനെ പുറത്താക്കുന്നത് ബൈബിൾ തന്നെ തുടർന്ന് പറയുന്നു: ആ ഏഴു ദിവസം തീരാറായപ്പോൾ ആസ്യയിൽ നിന്നു വന്ന യെഹൂദന്മാർ അവനെ ദൈവാലയത്തിൽ കണ്ടിട്ടു പുരുഷാരത്തെ ഒക്കെയും ഇളക്കി അവനെ പിടിച്ചു;യിസ്രായേൽപുരുഷന്മാരേ, സഹായിപ്പിൻ ഇവൻ ആകുന്നു ജനത്തിന്നും ന്യായപ്രമാണത്തിന്നും ഈ സ്ഥലത്തിന്നും വിരോധമായി എല്ലായിടത്തും എല്ലാവരെയും ഉപദേശിക്കുന്നവൻ; അവൻ യവനന്മാരെയും ദൈവാലയത്തിൽ കൂട്ടിക്കൊണ്ടുവന്നു ഈ വിശുദ്ധ സ്ഥലം തീണ്ടിച്ചുകളഞ്ഞു എന്നു വിളിച്ചുകൂകി.
(പ്രവൃത്തികൾ 21:27, 28 ) പൗലോസ് കൊണ്ടുവന്ന ദർശനങ്ങൾ യേശുവിൻ്റെ അധ്യാപനങ്ങൾക്ക് എതിരായിരുന്നുവെന്ന് ഇത് തെളിയിക്കുന്നു. 

    പുതിയ സുവിശേഷത്തിലൂടെ ബർണ്ണബാസിൻ്റെ രംഗപ്രവേശം

   ആദ്യകാലത്ത് ബർണ്ണബാസിനൊപ്പം പൗലോസിനെ വായിച്ച നാം പിന്നീട് ഇരുവരും പ്രബോധന പ്രവർത്തനങ്ങളിൽ നിന്ന് വേർപിരിയുന്നതായി കാണാം. പൗലോസിൻ്റെ ദുരുദ്ദേശ്യം മനസ്സിലാക്കിയ ബർണ്ണബാസ് യേശുവിൻ്റെ യത്ഥാർത്ത ആശയങ്ങളെ പങ്കു വെക്കുന്നതിലും പ്രചരിപ്പിക്കുന്നതിലും മുൻപന്തിയിൽ നിന്നു.ഇക്കാരണത്താൽ പൗലോസ് ബർണ്ണബാസിനെ എതിർക്കുന്നതും വായിക്കാം. അപ്പോസ്തലൻമാരുടെ പ്രിയനും യേശുവിൻ്റെ ശിഷ്യനും കൂടിയായ ബർണ്ണബാസ് എഴുതിയ ലേഖനവും സുവിശേഷവും സഭക്ക് ഹിതമല്ലാത്തതിനാൽ പിൽക്കാലത്ത് തള്ളപ്പെട്ടു. യേശുവിൻ്റെ ക്രൂശീകരണവും ദിവിത്വവും അടക്കം പൗലോസിൻ്റെ എല്ലാ വാദങ്ങൾക്കെതിരെയും അദ്ധേഹം പ്രസംഗിച്ചു. ഇതിൽ പൗലോസ് അനുയായികൾ വിശ്വസിക്കുകയും ചെയ്തു. കോപിഷ്ഠനായ പൗലോസ് അവരെ അതിക്ഷേപിക്കുന്നത് കാണാം.
 ഹാ ബുദ്ധിയില്ലാത്ത ഗലാത്യരേ, യേശുക്രിസ്തു ക്രൂശിക്കപ്പെട്ടവനായി നിങ്ങളുടെ കണ്ണിന്നു മുമ്പിൽ വരെച്ചുകിട്ടിയിരിക്കെ നിങ്ങളെ ക്ഷുദ്രംചെയ്തു മയക്കിയതു ആർ?
(ഗലാത്യർ 3:1) പഠന പതിപ്പിൽ പറയുന്നു പരസ്യപ്പലകയിൽ വരച്ചുകാട്ടുന്നത് പോലെ (പേജ് 600 ) ഇങ്ങനെ പൗലോസ് പറഞ്ഞ് കൊടുത്തിട്ടും അവരെ മയക്കി അതിനെതിരിൽ വിശ്വസിപ്പിച്ചത് ആരാണ് എന്നാണ് ചോദിക്കുന്നത്. ഉത്തരം വ്യക്തമാണ്. മറ്റാരുമല്ല ബർണബാസ് തന്നെ. ഈ ബർണ്ണബാസിൻ്റെ സുവിശേഷ പ്രസംഗത്തെ എതിർക്കുന്നതും കാണാം. 
ക്രിസ്തുവിന്‍റെ കൃപയാൽ നിങ്ങളെ വിളിച്ചവനെ വിട്ടു നിങ്ങൾ ഇത്രവേഗത്തിൽ വേറൊരു സുവിശേഷത്തിലേക്കു മറിയുന്നതു കൊണ്ടു ഞാൻ ആശ്ചര്യപ്പെടുന്നു.അതു വേറൊരു സുവിശേഷം എന്നല്ല, ചിലർ നിങ്ങളെ കലക്കി ക്രിസ്തുവിന്‍റെ സുവിശേഷം മറിച്ചുകളവാൻ ഇച്ഛിക്കുന്നു എന്നത്രേ.എന്നാൽ ഞങ്ങൾ നിങ്ങളോടു അറിയിച്ചിതിന്നു വിപരീതമായി ഞങ്ങൾ ആകട്ടെ സ്വർഗ്ഗത്തിൽനിന്നു ഒരു ദൂതനാകട്ടെ നിങ്ങളോടു സുവിശേഷം അറിയിച്ചാൽ അവൻ ശപിക്കപ്പെട്ടവൻ.
(ഗലാത്യർ 1:6,7,8) ഞാൻ പറഞ്ഞതിനെതിരിൽ സ്വർഗത്തിലെ ദൂതൻ തന്നെ അഥവ പിൽക്കാലത്ത് ഒരു പ്രവാചകൻ തന്നെ വന്ന് പറഞ്ഞാലും നിങ്ങൾ അത് വിശ്വസിക്കരുതെന്നാണ് പൗലോസ് പഠിപ്പിച്ചത്. പിന്നെ എങ്ങനെ ഇവർ മുഹമ്മദ് നബി (സ) യിൽ വിശ്വസിക്കും. എന്നല്ല ഒരു പ്രവാചകനെ കാത്തിരിക്കുന്നു എന്ന് വ്യക്തം. ഒരുത്തൻ വന്നു ഞങ്ങൾ പ്രസംഗിക്കാത്ത മറ്റൊരു യേശുവിനെ പ്രസംഗിക്കയോ നിങ്ങൾക്കു ലഭിക്കാത്ത വേറൊരു ആത്മാവെങ്കിലും നിങ്ങൾ കൈക്കൊള്ളാത്ത വേറൊരു സുവിശേഷമെങ്കിലും ലഭിക്കയോ ചെയ്യുമ്പോൾ നിങ്ങൾ പൊറുക്കുന്നതു ആശ്ചര്യം.ഞാൻ അതിശ്രേഷ്ഠതയുള്ള അപ്പൊസ്തലന്മാരെക്കാൾ ഒട്ടും കുറഞ്ഞവനല്ല എന്നു നിരൂപിക്കുന്നു.

(2 കൊരിന്ത്യർ 11:4, 5)

ഈ പൗലോസിൻ്റെ 13 ലേഖനങ്ങളാണ് പിൽക്കാലത്ത് ദൈവിക പുസ്തകയമായി അംഗീകരിച്ചത് വഴിയെ പറയാം. 

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍