www.lightofislam.co.in
01March 2022
വ്യക്തിജീവിതത്തിലെ പ്രധാനപ്പെട്ട കാലഘട്ടമാണ് കൗമാരം. പക്വമായ യുവത്വ ജീവിതത്തിലേക്ക് സഞ്ചരിക്കുന്നത് കൗമാരത്തിലൂടെയാണ്. അതിനാൽ ഈ ഘട്ടം വളരെ കരുതലോടെയാവണം. നല്ല സ്വഭാവസവിശേഷതയോടെയും ചിട്ടയോടെയും ഈ ഘട്ടത്തിൽ വിജയകരമായി പൂർത്തിയാക്കിയാൽ താളപിഴവുകളിൽ നിന്ന് മുക്തനായി യുവത്വകാലവും അതിനു ശേഷവും നന്നാക്കാൻ സാധിക്കും. അതിന് സച്ചിതരായി ജീവിതം നയിച്ചവരെ പിൻപറ്റേണ്ടതുണ്ട്. നമുക്ക് മാതൃകയാക്കാൻ മുത്ത് നബിയുടെ കൗമാരക്കാലം പഠനവിധേയമാക്കണം.
ചെറുപ്രായത്തിൽ തന്നെ വിശ്വസ്തത കൊണ്ട് സർവ്വരുടെയും പ്രിയം നേടിയവരാണ് നബി(സ). വാക്കിലും പ്രവർത്തിയിലും രഹസ്യത്തിലും പരസ്യത്തിലും ആ വിശ്വസ്തത നിഴലിച്ച് നിന്നിരുന്നു. അൽഅമീൻ എന്ന സ്ഥാനപേരും അവരിൽ നിന്ന് നേടിയെടുത്തിരുന്നു. നബിയെ കാണുമ്പോൾ അൽഅമീൻ എന്നാണ് അവർ വിളിച്ചിരുന്നത്. പണവും, സാധനങ്ങളും സൂക്ഷിപ്പ് സ്വത്തായി അവർ നബിയെ ഏൽപ്പിക്കുമായിരുന്നു. ഏറ്റെടുത്തഎല്ലാം ഭംഗിയായി തിരിച്ചേൽപ്പിക്കുകയും ചെയ്തു. നബിയുടെ സത്യസന്ധതയും വിശ്വാസ്യതയും മനസ്സിലാക്കിയ ഖുറൈശികൾ പല സുപ്രധാന ചർച്ചകളിലും നബിയെ പങ്കെടുപ്പിച്ചിരുന്നു. കച്ചവടാനുസൃതം മക്കയിൽ വന്ന് സ്വത്ത് നഷ്ട്ടപ്പെട്ട് വിലപിച്ച സുബൈദ് ഗോത്രക്കാരനെ രക്ഷിക്കാൻ ഇബ്നു ജുദ്ആൻ്റെ വീട്ടുമുറ്റത്ത് ഖുറൈശി പൗരപ്രമുഖർ ഒത്തൊരുമിച്ചപ്പോൾ അതിൽ ഒരംഗമായി കൗമാരപ്രായക്കാരൻ മുത്ത് നബിയും ഉണ്ടായിരുന്നു. കൗമരത്തിൽ നേടിയെടുത്ത വിശ്വസ്തതയും സത്യസന്ധതയുമാണ് യുവത്വ കാലത്ത് വ്യാപാര വേഷത്തിൽ വന്ന മുത്ത് നബി യിൽ ഉദയം ചെയ്ത സത്യസന്ധമായ പല കച്ചവട ചരിത്രങ്ങളും. ഈ നിഷ്കളങ്കമായ കൗമാരജീവിതത്തിൽ നിന്നും പാഠം ഉൾക്കൊണ്ട് നമ്മളും നാട്ടിലും വീട്ടിലും സമൂഹത്തിലും വിദ്യാലയത്തിലും സത്യസന്ധരും വിശ്വസ്തരുമാവണം. അങ്ങനെ എല്ലാവരുടെയും പ്രീതി പിടിച്ചുപറ്റാൻ നമുക്കാവണം.
നബിയുടെ കൗമാരപ്രായത്തിൽ പ്രകടമായ മറ്റൊരു സവിശേഷതയായിരുന്നു നല്ല വ്യക്തിത്വത്തിൻ്റെ അടയാളമായി ലജ്ജയെ നബി തങ്ങൾ കണ്ടിരുന്നു. ലജ്ജയില്ലാതെ നടുറോട്ടിലിറങ്ങി എല്ലാ കോപ്രായത്തരങ്ങളും കാണിക്കുകയും അത്തരകാർക്ക് സപ്പോർട്ട് ചെയ്യുകയും ചെയ്യുന്ന ഇക്കാലത്ത് കൗമാരപ്രായത്തിൽ നബി യിൽ പ്രതിഫലിച്ച ഈ സംഭവം നാം ഉൾകൊള്ളേണ്ടതുണ്ട്. അബൂത്വാലിബിൻ്റെ നേതൃത്വത്തിൽ കഅബയുടെ അറ്റകുറ്റപണികൾ നടക്കുമ്പോൾ ഒത്തുകൂടിയവർ ഉടുതുണി അഴിച്ച് കല്ല് ചുമക്കാൻ തലയിൽ കെട്ടിവെച്ചപ്പോൾ, നബി (സ) അവിടുത്തെ വെറും ശിരസ്സിലായിരുന്നു ചുമന്നിരുന്നത്. ഇത് കണ്ട പിതൃവ്യൻ അബൂതാലിബ് ധരിച്ച തുണി അഴിക്കാൻ പറഞ്ഞെങ്കിലും കുട്ടിയായ മുത്ത് റസൂൽ വിസ്സമതം പ്രകടിപ്പിച്ചു, എന്നാൽ മറ്റൊരു പിതൃവ്യൻ അബ്ബാസ് എന്നവർ നിർബന്ധപൂർവ്വം തുണി അഴിപ്പിച്ച സമയം .അരയിൽ നിന്ന് ഉടുപ്പ് നീങ്ങിയപ്പോഴേക്ക് നബി (സ) എന്ന ആ കൗമാരപ്രായക്കാരൻ ബോധരഹിതനായി വീണു . സ്വന്തം മറക്കേണ്ട ഭാഗങ്ങൾ ചെറുപ്രായത്തിൽ തന്നെ വെളിവാകരുതെന്ന കണിശതയും മറ്റുള്ളവർ കാണുന്നതിലുള്ള ലജജയുമാണ് പ്രകടമായത്. ഈ സവിശേഷ സ്വഭാവം ചെറുപ്പത്തിൽ തന്നെ നമ്മിൽ ഉണ്ടായാൽ നാട്ടിൽ നടക്കുന്ന നാണമില്ലാത്ത അരുതായ്മകളിൽ നിന്ന് മാറി നിൽക്കാൻ നമുക്ക് സാധിക്കും. ഇതാണ് മുത്ത് നബിയുടെ ഈ സംഭവത്തിലൂടെ നമ്മെ ബോധവാന്മാരാക്കിയത്. സംഗീതവും മ്യൂസിക്കും ആസ്വദിക്കാൻ ഇഷ്ട്ടപ്പെടുന്നവരാണ് നാം. എന്നാൽ മുത്ത് നബിയുടെ ചെറുപ്പകാലത്ത് രാത്രിയിൽ ഒരു സംഗീത സദസ്സ് നടന്നപ്പോൾ അങ്ങോട്ട് പോയില്ല എന്നല്ല ആ ശബ്ദം പോലും നബിയുടെ കാതുകളിൽ അലയടിച്ചില്ല. അത്രമേൽ സംശുദ്ധമായിരുന്നു നബിയുടെ കൗമാരക്കാലം.
നമ്മൾ മാതൃകയാക്കണമെന്ന് ഖുർആൻ ഓർമ്മിപ്പിച്ച മുത്ത്നബിയുടെ കൗമാരപ്രായത്തിലെ ചില സവിശേഷ സ്വഭാവങ്ങളെയാണ് നാം പരിചയപ്പെട്ടത്.അവ നമ്മുടെ ജീവിതത്തിൽ പകർത്തേണ്ടതുണ്ട്. എന്നാൽ സംശുദ്ധ ജിവിതം നയിക്കാനും മുത്ത് നബിയെ അനുകരിക്കാനും നമുക്ക് കഴിയും. നമ്മുടെ റോൾ മോഡൽ മുത്ത് നബിയാണ്. അവരെയാണ് ഞാൻ മാതൃകയാക്കുകയെന്ന് പ്രതിജ്ഞയെടുക്കണം.
0 അഭിപ്രായങ്ങള്‍