തസ്റാക്കിലെത്തുമ്പോൾ ഒവി വിജയൻ സ്മാരകത്തിന്റെ കവാടമാണ് നാം ആദ്യം കാണുന്നത്. സുന്ദരമായാണ് അതിന്റെ നിർമ്മിതി. ഒ വി വിജയൻ സ്മാരകം എന്നെഴുതിയിട്ടുണ്ട്. ചെറിയ ഓട് കൊണ്ട് മേൽക്കൂര ഉണ്ടാക്കിയിട്ടുണ്ട്. രണ്ടു വശത്തെയും തൂണുകളിൽ ചില അടയാളപ്പെടുത്തലുകൾ നടത്തിയിരിക്കുന്നു. കരിമ്പന മുദ്രണം ചെയ്തിട്ടുണ്ട്. ഒരു വശത്ത് കൽ തൂണുകൾ കൊണ്ട് ഭംഗിയായി നാട്ടി വെച്ചിരിക്കുന്നു. കല്ലിൽ ഖസാക്ക് എന്ന് കൊത്തിവെച്ചതായും കാണാം. ഗേറ്റ് തുറന്ന് അകത്ത് കടന്നാൽ മനോഹരമായ കാഴ്ച്ചകൾ എങ്ങും പച്ചപ്പ് നിറഞ്ഞ പ്രദേശം. ഇതിഹാസത്തിലെ മുഴുവൻ കഥാപാത്രങ്ങളെയും അവിടെ ചിത്രീകരിച്ച് വെച്ചിട്ടുണ്ട്. ഞാറ്റുപുരയും മറ്റും അവിടെ സംരക്ഷിച്ചിട്ടുണ്ട്.
ഞങ്ങൾ തുറന്നു വെച്ച ഗെയ്റ്റിനുള്ളിലൂടെ അകത്തു പ്രവേശിച്ചു. സെക്യൂരിറ്റിയോ , ടിക്കറ്റ് കൗണ്ടറോ ഒന്നുമില്ല. ആ സാഹിത്യ ഭൂമിക കാണാൻ ആർക്കും വരാം വൈകുന്നേരം അഞ്ചു മണി വരെ തുറന്നു കിടപ്പുണ്ടാവും . മൂന്നുപേർ അവിടെ ചുറ്റി കണ്ട് തിരിച്ചു പോവുന്നുണ്ട്. നട്ടുച്ചയാണ് സമയം. ഞങ്ങൾ ഓഫീസ് റൂം പരതി കാണുന്നില്ല. ചുറ്റിലും നോക്കി അന്വേഷണത്തിന് ഒരാളെയും കാണുന്നില്ല. മുകളിലാണ് ഓഫീസ് അവിടെ ഓഫീസറും ഉണ്ട് എന്ന് വിവരം ലഭിച്ചു. എന്നാൽ പിന്നെ അദ്ദേഹത്തെ കണ്ടിട്ടാവാം ബാക്കി എന്ന് കരുതി അകത്ത് കയറി. മുകളിലേക്ക് കയറണം. രണ്ടു നിലയുള്ള കെട്ടിടം . താഴെ നിലയിൽ കോൺഫറൻസ് ഹാളാണ്. ഇരുന്നൂറോളം പേർക്ക് ഇരുന്ന് പരിപാടി വീക്ഷിക്കാനാവശ്യമായ വിശാലമായ ഹാൾ . ഹാളിന്റെ പുറത്തെ ഭിത്തിയിൽ ഒ വി വിജയനെ കുറിച്ചുള്ള ചെറു വിവരണങ്ങൾ ഫ്ലക്സിൽ ഫ്രെയിം ചെയ്ത് വെച്ചിട്ടുണ്ട്. ഞങ്ങൾ അതെല്ലാം വായിച്ച് മുകളിലേക്ക് ഗോവണികയറി മരത്തിൽ ഖസാക്കിന്റെ ഇതിഹാസമെന്ന് കൊത്തിവെച്ച കവാടത്തിലൂടെ ഉള്ളിൽ പ്രവേശിച്ചു. അകത്ത് നല്ല കാഴ്ച്ചകൾ. ഹാളിൽ കയറിയുടൻ ഓഫീസ് റും കണ്ടു. പ്രായം ചെന്ന ഒരു മനുഷ്യൻ ഒറ്റയ്ക്കിരുന്ന് എന്തൊക്കെയോ വർക്കുകൾ ചെയ്യുന്നുണ്ട് ഞങ്ങൾ നേരെ അദേഹത്തിന് അടുത്തെത്തി. നല്ല ഊഷ്മളമായ സ്വീകരണം. പരസ്പരം പരിചയപ്പെടുകയും ആഗമനോദ്ദേശ്യം പറയുകയും ചെയ്തു. അരവിന്ദാക്ഷൻ എന്നാണ് അദ്ദേഹത്തിന്റെ പേര്. ഒരു റിട്ടയേർഡ് ഉദ്യോഗസ്ഥനാണ്. വിശ്രമ സമയം കൂടുതൽ ഉപയോഗപ്പെടുത്താൻ ഒ വി വിജയൻ സ്മാരകത്തിൽ ചില വഴിക്കുന്നു. സ്മാരകത്തിലേക്ക് ഞങ്ങൾ കരുതിയ ഉപഹാരം അദ്ദേഹത്തെ
ഏൽപ്പിച്ചു. ജില്ലാ സാഹിത്യോത്സവുമായി ബന്ധപ്പെട്ടായിരുന്നു അന്ന് അവിടെ എത്തിയത് അത് അദ്ദേഹത്തെ ധരിപ്പിച്ചു. സാഹിത്യോത്സവിനെ കുറിച്ച് കൃത്യമായി പറഞ്ഞ് കൊടുത്തു കൗതുകത്തോടെ കേട്ടിരുന്ന അദ്ദേഹം എന്നാൽ അതിന്റെ എന്തെങ്കിലും അനുബന്ധ പരിപാടി ഇവിടെ സംഘടിപ്പിക്കാമായിരുന്നു എന്ന് പറഞ്ഞു. ശേഷം ഖസാക്കിന്റെ ഇതിഹാസത്തെ കുറിച്ച്, തസ്രാക്കിനെ കുറിച്ച് കൃത്യമായി കുറെ കാര്യങ്ങൾ പറഞ്ഞു തന്നു. പരസ്പരം പലതും ചർച്ച ചെയ്തു. കൂമൻകാവ് ഒരു കാൽപനിക സ്ഥലമാണന്നാണ് അദ്ദേഹം പറഞ്ഞത്. ആ കൃതിയിലെ ചിലതെല്ലാം കാൽപനികമാണ് എന്നാൽ അതിൽ വിഷയീഭവിച്ചിരിക്കുന്ന ഗ്രാമവും മറ്റും തസ്രാക്ക് തന്നെയാണത്രെ. കൂമൻ കാവിലൂടെയാണ് നാം ആ പുസ്തകം വായിച്ചു തുടങ്ങന്നത് തന്നെ. കൂമൻ കാവിൽ ബസ് ചെന്നു നിന്നപ്പോൾ രവിക്ക് ആ സ്ഥലം അപരിചിതമായി തോന്നിയില്ല എന്നാണ് നോവൽ ആരംഭിക്കുന്നത്. അവസാനിക്കുന്നതും ഈ കൂമൻ കാവിൽ രവി ബസ്സ് കാത്ത് നിന്ന് കൊണ്ടാണ്. രവിയുടെ ജീവിതത്തിൽ അല്ല ഇതിഹാസത്തിൽ തന്നെ ഇത്ര പ്രാധാന്യം നേടിയ കൂമൻ കാവിൽ ഇറങ്ങി ചിത്രം പകർത്താൻ ഞങ്ങൾ വെമ്പൽ കൊണ്ടിരുന്നു. ആ സ്ഥലം അവിടെയൊന്നും കാണാത്തതിനാലാണ് അരവിന്ദാക്ഷൻ സാറിനോട് കൂമൻ കാവ് ചോദിക്കുന്നത്. പക്ഷേ അങ്ങനെ ഒരുസ്ഥലം ആ പേരിൽ അവിടെയില്ല എന്നറിഞ്ഞപ്പോഴാണ് അതൊരു സാങ്കൽപ്പികമാണെന്ന് ബോധ്യപ്പെട്ടത്. ചിലർ പറയുന്നത് വഴിയമ്പലത്തിൽ നിന്ന് തസ്രാക്കിലേക്ക് വരുന്ന സ്ഥലത്തെ പറ്റിയാണിതന്നെന്നാണ്. എന്നാൽ മജീദ്ക്കയുടെ അഭിപ്രായത്തിൽ ആ ബസ്സ് ഇറങ്ങി എന്ന് പറയുന്ന കൂമൻ കാവ് കൊടുവായൂർ ആവാനാണ് സാധ്യത എന്നാണ്. കാരണം അന്ന് ബസ്സ് റൂട്ടും മറ്റും വിരളമായിരുന്നല്ലോ അപ്പോൾ പ്രധാന സ്ഥലങ്ങളിലേക്കാണ് ഈ സൗകര്യം ഉണ്ടായിരിക്കുക. കൊടുവായൂർ പ്രധാന സ്ഥലമാണ്. സംസാരത്തിനു ശേഷം അവിടെയുള്ള കാഴ്ച്ചകൾ കാണാൻ പുറത്തി ആ ഹാളിൽ നിറയെ ചിത്രശേഖരങ്ങളാണ്, പലരും വരച്ച തസ്രാക്കിന്റെ ചിത്രങ്ങൾ, ഇതിഹാസത്തിന്റെ ചിത്രങ്ങൾ എല്ലാം അവിടെ പതിപ്പിച്ചിട്ടുണ്ട്. ഒവി വിജയന്റെ ചിത്രങ്ങൾ, കത്തുകൾ, കാർട്ടൂൺ ചിത്രങ്ങൾ അങ്ങനെ വ്യത്യസ്ഥ ഗാലറികളായി തിരിച്ചിട്ടുണ്ട്. എല്ലാം കാണാൻ നല്ല ചന്തമുണ്ട്. അവിടെ തന്നെ ചുമരിന്റെ ഒരു ഭാഗത്ത് അദ്ദേഹത്തിന് ലഭിച്ച വയലാർ അവാർഡ് ഫ്രെയിമിന് അകത്ത് വെച്ചതായി കാണാം. അതും പകർത്തി ഞങ്ങൾ പുറത്തേക്കു വന്നു അവിടെ എത്തിയപ്പോഴുണ്ട് പ്രായം ചെന്ന സാധാരണക്കാരനായ ഒരു മനുഷ്യൻ ഞാറ്റുപുരയുടെ തിണ്ണയിൽ ഇരിക്കുന്നു
0 അഭിപ്രായങ്ങള്‍