കത്തോലിക്ക കോണ്‍ഗ്രസ് തലശേരി അതിരൂപതയില്‍ സംഘടിപ്പിച്ച കര്‍ഷകറാലിയിൽ തലശ്ശേരി ആർച്ച് ബിഷപ്പ് മാർ ജോസഫ് പാംപ്ലാനി നടത്തിയ പ്രസംഗത്തിലെ വിവാദ പരാമർശമാണ് ഉപര്യുക്ത ഉദ്ധരണി. ഒറ്റ വായനയിൽ ഈ പ്രസ്താവന വിവാദമാക്കാൻ ഇതിൽ എന്തിരിക്കുന്നു എന്നാണ് ചിലരുടെയെങ്കിലും ന്യായീകരണം. പ്രതിപക്ഷ നേതാവും ജോസ് കെ മാണിയും അടക്കം ചിലർ അങ്ങനെ ന്യായീകരിക്കുകയും ബിഷപ്പിനെ പിന്തുണക്കുകയും ചെയ്തതായി വാർത്ത ചാനലുകളിൽ നാം ദർശിച്ചു. പ്രസ്താവന വിവാദമായ സാഹചര്യത്തിൽ അദ്ദേഹം തന്നെയും പല മാധ്യമങ്ങളിലും പറഞ്ഞത് ഞാൻ രാഷ്ട്രീയം പറഞ്ഞതല്ല കർഷകരുടെ നിലപാടാണ് , സഭയുടെ തീരുമാനമല്ല. എന്നാണ്. ഇതിൽ തന്നെ നമുക്ക് ചില പന്തിക്കേടുകൾ മനസിലാകുന്നു. അദ്ദേഹം പ്രതിനിധാനം ചെയ്യുന്ന മലയോര മേഖലയിലെ ജനങ്ങൾ ഐഖ്യ കണ്ഡമായി ബി ജെ പിക്ക് വോട്ട് ചെയ്യാനും തിരഞ്ഞെടുപ്പിൽ വിജയിപ്പിക്കാനും തീരുമാനിക്കുകയും അതിന് ഉപാധിയായി റബർ വില കൂട്ടണമെന്ന ധീര പ്രഖ്യാപനമാണ് ബിഷപ്പ് നടത്തിയത് എന്ന് പ്രസംഗത്തിൽ നിന്ന് വായിച്ചെടുത്താൽ അതിനെ തെറ്റന്ന് പറയാൻ കഴിയില്ല.
രാജ്യം ഭരിക്കുന്നവർ അവർക്ക് വോട്ടു കിട്ടിയാലും ഇല്ലെങ്കിലും രാജ്യത്തെ പൗരന്മാർക്ക് സേവിക്കൽ അവരുടെ കടമയാണ് ആ അർത്ഥത്തിലാണ് റബ്ബറടക്കം മറ്റു ജീവിതോപാധിയായി ജനങ്ങൾ ഉപയോഗിക്കുന്ന വസ്തുക്കൾക്ക് ന്യായമായ വില നൽകി അവരെ സന്തോഷിപ്പിക്കലും ദൈനം ദിന ജീവിതത്തിൽ ഉപയോഗിക്കുന്ന ഉപഭോഗ വസ്തുക്കൾക്ക് കുറഞ്ഞ വില ഈടാക്കി സാധാരണ ജനങ്ങളെ ദുരിത കയത്തിൽ നിന്ന് രക്ഷിക്കലും ഓരോ സർക്കാരിന്റെ ബാധ്യതയാണ്. അത് നടപ്പാക്കാതെ വരുമ്പോൾ പ്രതിഷേധം സ്വരങ്ങൾ ഉയർന്ന് വരലും തങ്ങളുടെ ആവശ്യങ്ങൾ ആവശ്യപെടലുമെല്ലാം രാജ്യത്ത് നടക്കുന്ന സ്വഭാവികതയാണ് എന്നാൽ അത് വോട്ട് നൽകാം , ഒരു എം പിയെ നിങ്ങൾക്ക് ഞങ്ങൾ ഉണ്ടാക്കി തരാം എന്ന ഓഫറോടെയാവുമ്പോൾ അതിനെ രാഷ്ട്രീയ കൊടുക്കൽ വാങ്ങൽ ആയിട്ട് തന്നെയണ് ഈ പ്രഖ്യാപനത്തെ പൊതു ജനം കാണുക. മാത്രവുമല്ല കേരളത്തിൽ ഒരു പിടിവള്ളി കിട്ടാൻ അവസരം ലഭിക്കാൻ കാത്തു കിടക്കുന്ന ബി ജെ പി ഇതൊരു രാഷ്ട്രീയ പ്രചരാണായുധമാക്കുമെന്നതിൽ ശങ്കയുമില്ല. അത് തിരിച്ചറിഞ്ഞത് കൊണ്ട് തന്നെയാണ് സഭക്കാർ അദ്ദേഹത്തെ തള്ളി പറഞ്ഞത്. എന്നാൽ തങ്ങളുടെ നിലപാട് ഫാസിസത്തെ പ്രത്യക്ഷത്തിൽ തന്നെ തള്ളുകയും ജോസഫ് പാംപ്ലാനിയെ സഭാ നേതൃത്വം തിരുത്തിക്കുകയും വേണം. താൻ പറഞ്ഞതിൽ തെറ്റില്ലെന്നും ഖേദമില്ലന്നും മാധ്യമങ്ങളോട് ആവർത്തിച്ച് പറയുന്ന ബിഷപ്പ് തന്റെ രാഷ്ട്രിയ നയമാണ് ഇവിടെ അരക്കിട്ടുറപ്പിക്കുന്നത്.
തങ്ങൾ നൽകുന്ന ചില്ലറ വോട്ടുകൾ കൊണ്ട് കർഷകരുടെ വികാരവും ദയനീയതയും മനസ്സിലാക്കി കേന്ദ്ര സർക്കാർ അവരെ സഹായിക്കുമെന്നാണോ ബിഷപ്പ് കരുതുന്നത്. അങ്ങനെയാണങ്കിൽ 2020 നവംബർ മാസം മുതൽ ആരംഭിച്ച കർഷ സമരത്തിന്റെ ചരിത്രത്തിലേക്ക് ഒന്ന് തിരിഞ്ഞു നോക്കുന്നത് ഉചിതമാണ്. ഒരു വർഷക്കാലമാണ് മണ്ണിന്റെ മക്കൾ ഭരണകൂടത്തോട് സന്ധിയില്ലാ സമരം നടത്തി തെരുവുകളിൽ അന്തിയുറങ്ങിയത്. ഒടുവിൽ ഗതിയിലാതെയായപ്പോഴാണ് ഒരു വർഷത്തിനു ശേഷം മൂന്ന് ബില്ലുകളും പിൻവലിച്ചത്. 2020 സെപ്തംബറിലാണ് വിവാദമായ മൂന്ന് കാർഷിക ബില്ലുകൾ പാർലമെന്റ് പാസാക്കിയത്.പുതിയ നിയമങ്ങള്‍ക്കെതിരേ കര്‍ഷകര്‍ ഒറ്റക്കെട്ടായി നടത്തിയ സമരം അടിച്ചമര്‍ത്താനാണ് കേന്ദ്രം ശ്രമിച്ചത്. സമരം ചെയ്യുന്നവര്‍ ഖലിസ്ഥാനികളാണെന്നും മാവോയിസ്റ്റുകൾ ആണന്നും രാജ്യദ്രോഹികളാണെന്ന് പോലും ഭരണത്തിലിരുക്കുന്നവര്‍ പലകുറി ആവര്‍ത്തിച്ചിരുന്നു. പോലീസിനെ ഉപയോഗിച്ച് സമരം അടിച്ചമര്‍ത്താന്‍ പോലും ശ്രമിച്ചു. യൂപിയിലും ഹരിയാനയിലുമൊക്കെ കര്‍ഷകര്‍ക്കെതിരെ ആക്രമണങ്ങള്‍ അരങ്ങേറി. നൂറ് കണക്കിന് കർഷകർക്ക് ജീവഹാനി വരെ സംഭവിച്ചു. ശക്തമായ ചൂടും തണുപ്പുമെല്ലാം അവഗണിച്ച് അവർ പോരാടി. രാജ്യത്തിന്റെ തലസ്ഥാന നഗരി പല ദിവസങ്ങളും സ്തംഭിച്ചത് നാം കണ്ടു. ഇതെല്ലാം രാജ്യത്തെ കർഷകരോട് ചെയ്ത കടുത്ത അനീതിയുടെ കാരണത്താലായിരുന്നു. ഇത്തരം മുന്നേറ്റങ്ങളിലൂടെയും പ്രതിരോധങ്ങളിലൂടെയുമാണ് അവകാശങ്ങൾ നേടിയെടുക്കുന്നത്. അല്ലാതെ വോട്ട് വ്യവസ്ഥയിൽ അല്ല എന്ന് ആർച്ച് ബിഷപ്പ് മനസ്സിലാക്കേണ്ടതുണ്ട്. നാം ഇത് സംസാരിക്കുന്നത് അല്ല ബിഷപ്പിന്റെ വോട്ട് വ്യവസ്ഥ നാം ശ്രവിക്കുന്നത് കർഷകർ വീണ്ടും സമര രംഗത്തേക്ക് കടന്നുവരുന്ന രംഗം കണ്ട് കൊണ്ടാണ്. ഇന്നലെ രാവിലെ പത്തു മണിക്കാണ് ഡൽഹിയിലെ രാംലീല മൈതാനത്ത് വീണ്ടും കർഷകർ കിസാൻ സഭകളുടെ നേതൃത്വത്തിൽ ഒത്തൊരുമിച്ചത്. കേന്ദ്ര സർക്കാർ എഴുതി നൽകിയ വാഗ്ദാനങ്ങൾ പാലിക്കാത്തതിന്റെ പേരിലാണ് ഇങ്ങനെയൊരു സമരം അരങ്ങേറുന്നത്. ഈ സർക്കാരിനോടാണ് റബ്ബർ മൂന്നുറാക്കാനും അങ്ങനെ ചെയ്താൽ ഒരു എം പിയെ കേരളത്തിൽ നിന്ന് നൽകാമെന്നും ഉത്തരവാദപ്പെട്ട ഒരു സമുദായ മേലധ്യക്ഷൻ പരസ്യമായി പ്രസംഗിക്കുന്നത്. കേരള ജനത പ്രബുദ്ധരാണന്നാണ് മലയാളികൾ ബിഷപ്പിനോട് പറയുന്നത്. കാര്‍ഷിക കടം എഴുത്തി തള്ളുക, വൈദ്യുത ബില്‍ പിന്‍വലിക്കുക എന്നീ കര്‍ഷക ആവശ്യത്തില്‍ കേന്ദ്രം നല്‍കിയ വാഗ്ദാനം പാലിക്കും വരെയും പിന്നോട്ടില്ല എന്ന നിലപാടാണ് സംയുക്ത കിസാന്‍ മോര്‍ച്ച പറയുന്നത്. അല്ലാതെ എം എൽ എ യോ , എം പിയോ നൽകാമെന്ന വ്യവസ്ഥയിൽ അല്ല . ജനാധിപത്യപരമായിട്ടാണ് അവർ പ്രതിഷേധം ഉയർത്തുന്നത്. ചുട്ടുപൊള്ളുന്ന വെയിലിൽ ഇടറാത്ത പാദത്തോടെയാണ് അവർ വീണ്ടും സമര രംഗത്തേക്ക് വന്നത്. ഇത് കേരളത്തിൽ ഉദയം ചെയ്യുന്ന പാംപ്ലാനിമാർക്ക് ഉറച്ച മറുപടിയാണ് ഈ സമരം നൽകുന്ന പാഠങ്ങൾ. ഫാസിസം അതിന്റെ സർവ്വ സീമകളും ലംഘിച്ച് ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ നടത്തി കൊണ്ടിരിക്കുന്ന കിരാതങ്ങൾ ഈ ബിഷപ്പുമാർ കണ്ണ് തുറന്ന് കാണേണ്ടതുണ്ട്. ഇന്ത്യയിലെ രാഷ്ട്രീയ പശ്ചാത്തലങ്ങളുടെ അപ്ഡേഷൻ അറിയേണ്ടതുണ്ട്. കഴിഞ്ഞ ദിവസങ്ങളിൽ ക്രൈസ്തവ ദേവാലയങ്ങൾ അക്രമിക്കുകയും ബൈബിൾ നാമാവിശേഷമാക്കുകയും വിശ്വാസികളെ കയ്യേറ്റം ചെയ്യുകയും ചെയ്യുന്ന വാർത്തകൾ നമ്മൾ കണ്ടതാണ് അങ്ങനെയുള്ളവർക്ക് ഒരു എംപി കേരളത്തിൽ വാഗ്ദാനം ചെയ്യുമ്പോൾ അവരിൽ നിന്ന് എന്ത് സമാധാനമാണ് , സഹായമാണ് ഈ പാതിരിമാർ സ്വപ്നം കാണുന്നത്. ദൈനം ദിനം ജനങ്ങൾ ഉപയോഗിക്കുന്ന വസ്തുവകകളിലെല്ലാം വിലക്കയറ്റമുണ്ടാക്കി ജനങ്ങളെ ദുസ്സഹമാക്കി കൊണ്ടിരിക്കുന്നു. ഗ്യാസും പെട്രോളും ഡീസലുമെല്ലാം എത്രയാണ് വിലകയറ്റം ഉണ്ടായത് ഇവരിൽ നിന്ന് റബ്ബറിന് വില വർധനവ് ഉണ്ടാവുമെന്ന് വോട്ട് സഹായം നടത്തി പാലമിടുമ്പോൾ ആർച്ച്ബിഷപ്പ് കരുതുന്നുണ്ടോ.? ഉണ്ടങ്കിൽ താങ്കളുടെ രാഷ്ട്രീയബോധം ഉണർന്നു പ്രവർത്തിക്കേണ്ടിയിരിക്കുന്നു.
ആർച്ച് ബിഷപ്പിനോട് കേരള ജനത പറയുന്നത് ഇന്ത്യയിലെ കർഷക സമൂഹം പറയുന്നത് മുപ്പ്ത് വെള്ളിക്ക് യൂദാസ് ഒറ്റിയത് പോലെ നാല് ചില്ലി കാശിന് വേണ്ടി ആദർശം പണയം വെക്കരുതെന്നാണ്.
0 അഭിപ്രായങ്ങള്‍