നബി (സ) യുടെ മധ്യസ്ഥത

റബീഉൽ അവ്വൽ 7️⃣

വിവാഹാനന്തരം മാതൃകാപരമായ ജീവിതം നയിച്ച് നബിയും ഖദീജാ ബീവിയും മുന്നോട്ട് പോവുകയാണ്. മധുരമുള്ള ഓർമ്മകളിലൂടെ ദിവസങ്ങൾ കഴിഞ്ഞു പോകുന്നു.
          ഓരോ വർഷം പിന്നിടുമ്പോഴും നബിയുടെ പ്രകൃതത്തിൽ മാറ്റം വരാൻ തുടങ്ങി. നബിമാർക്ക് ഉണ്ടാവേണ്ട കാര്യങ്ങൾ പ്രത്യക്ഷത്തിൽ മനസ്സിലാക്കപ്പെടാൻ തുടങ്ങി. എല്ലാവരോടും നല്ല നിലയിൽ വർത്തിക്കുന്നത് കൊണ്ട് എല്ലാവർക്കും ബഹുമാനം ഏറി വന്നു. 
    നബിയുടെ പ്രായം 35 ഉള്ളപ്പോഴാണ് കഅബ പുനർ നിർമ്മാണം നടത്തുന്നത്.. നബിയും അതിൽ പങ്കാളിയായിട്ടുണ്ട്.
       അബ്ദുമനാഫ് ഗോത്രത്തിന് വീതിച്ചു കിട്ടിയ മുൻഭാഗവുമായി ബന്ധപ്പെട്ട നിർമാണങ്ങളിലായിരുന്നു നബിയുടെ പങ്കാളിത്തം. പുനർ നിർമ്മാണ പ്രക്രിയയുടെ ചുമതല ഓരോ ഗോത്രങ്ങൾക്കായി വിഭജിച്ച് നൽകിയിരുന്നു. എന്നാൽ അബ്റഹത്തിന്റെയും സൈന്യത്തിന്റെയും ഓർമകൾ തികട്ടി വന്ന അവർക്ക് കഅബയുടെ മേൽ ഒന്നും ചെയ്യാൻ മനസ്സു വന്നിരുന്നില്ല. പലവിധ ആശങ്കകളിലായിരുന്നു. ജനങ്ങൾക്കിടയിൽ നിന്ന് വലീദായിരുന്നു ഒരു ആശയം പങ്കുവെച്ചത് അബ്രഹത്തിനെപ്പോലെ കഅ്ബ തകർക്കലല്ലല്ലോ നമ്മുടെ ഉദ്ദേശം മറിച്ച് കേടുപാടുകൾ പറ്റിയ സ്ഥലങ്ങൾ പുനർ നിർമ്മിക്കുക എന്നതാണല്ലോ ഇത് നല്ലൊരു അഭിപ്രായമാണെന്ന് അവർക്ക് തോന്നിയെങ്കിലും പക്ഷേ പലർക്കും കാര്യങ്ങൾ നേരാംവണ്ണം ബോധ്യപ്പെട്ടിരുന്നില്ല . എന്നാൽ വലീദ് തന്നെ നിർമ്മാണങ്ങൾക്ക് മുന്നിട്ടിറങ്ങുകയും അന്ന് രാത്രി വരെ അതിലേർപ്പെടുകയും ചെയ്തു. പിറ്റേദിവസം ഇതിൻറെ ഭാഗമായി അദ്ദേഹത്തിന് ഒന്നും സംഭവിക്കാത്തത് കൊണ്ട് മക്കാ നിവാസികൾക്ക് കാര്യങ്ങൾ ബോധ്യപ്പെട്ടു. പിറ്റേദിവസം എല്ലാവരും നിർമ്മാണ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടു അങ്ങനെ നിർമ്മാണം തുടർന്നു പോയി, അതിനിടയിലാണ് ഹജറുൽ അസ്‌വദ് സ്ഥാപിക്കുന്നതിനെക്കുറിച്ച് തർക്കങ്ങൾ ഉയരുന്നത് ആര് സ്ഥാപിക്കും എന്നതിൽ അവർക്ക് ഒരു തീരുമാനത്തിലെത്താൻ കഴിഞ്ഞില്ല അവർ പരസ്പരം തർക്കിച്ചു എല്ലാ ഗോത്രങ്ങൾക്കും ആ മഹിതമായ സ്ഥാനം ലഭിക്കണം.തർക്കം ദിവസങ്ങൾ നീണ്ടു പോയി അതിനിടയിലാണ് ഒരാൾ ഒരു അഭിപ്രായം ഉന്നയിച്ചത് ഈ ഭവനത്തിലേക്ക് ആരാണോ ആദ്യം കടന്നു വരുന്നത് അദ്ദേഹം ആയിരിക്കും ഇക്കാര്യത്തിൽ തീരുമാനമെടുക്കുക. എല്ലാവരും അത് അംഗീകരിക്കുകയും വരുന്ന വ്യക്തിയെ കാത്തിരിക്കുകയും ചെയ്തു. അങ്ങനെയാണ് തിരുനബി (സ) അവിടെ എത്തുന്നതും ആ പ്രശ്നങ്ങൾക്ക് പരിഹാരം നിർദ്ദേശിക്കുന്നതും. ഒരു തുണി കൊണ്ടുവരാൻ നബി ആവശ്യപ്പെടുകയും അത് നിലത്ത് വിരിക്കുകയും ചെയ്തു. എന്നിട്ട് ഹജ്റുൽ അസ് വദ് തൻറെ കരങ്ങൾ കൊണ്ട് എടുത്ത് തുണിയുടെ നടുവിൽ വച്ചു . ശേഷം അവിടെയുള്ള ഗോത്ര തലവന്മാരുടെ തുണിയുടെ ഓരോ തലക്കലും പിടിക്കാൻ ആവശ്യപ്പെട്ടു അങ്ങനെ കല്ല് സ്ഥാപിക്കേണ്ട സ്ഥലം വരെ അത് കൊണ്ടുപോകാൻ ആവശ്യപ്പെട്ടു. ശേഷം തിരുനബി ആ കല്ലെടുത്ത് യഥാസ്ഥാനത്ത് സ്ഥാപിച്ചു. വളരെ തന്ത്രപൂർവ്വം കാര്യങ്ങൾ മനസ്സിലാക്കുകയും തീരുമാനമെടുക്കുകയും ചെയ്തപ്പോൾ തർക്കങ്ങൾ ഇല്ലാതെ പരിഹരിക്കാൻ നബി തങ്ങൾക്ക് സാധിച്ചു.
       ഈ നിർമ്മാണ പ്രവർത്തികൾക്കിടയിൽ മറ്റൊരു സംഭവം കൂടി ചരിത്രത്തിൽ രേഖപ്പെട്ടു കിടക്കുന്നുണ്ട്. കല്ലുകളും മറ്റും ചുമക്കുന്നതിൽ നബി (സ) വലിയ ഉത്സാഹിയായിരുന്നു. അങ്ങനെ മുത്ത് നബി കല്ല് ചുമന്നത് തലയിൽ ഒന്നുമില്ലാതെയാണ്. ഇത് കണ്ടപ്പോൾ കൂടെ ഉണ്ടായിരുന്ന പിതൃ സഹോദരൻ അബ്ബാസ് എന്നവർക്ക് സഹിച്ചില്ല.
 അദ്ദേഹം നബിയുടെ അരമുണ്ട് അഴിച്ച് അത് ചുമക്കുന്ന സ്ഥലത്ത് വെക്കാൻ പറഞ്ഞു.
പക്ഷേ നബിക്ക് അത് അസഹ്യമായിരുന്നു. പരിവേശനായ അവർ തളർന്ന് വീണു. ഉടൻ ആ വസ്ത്രം കൊണ്ട് മറച്ചു. ഇത് നബിയായി നിയോഗിക്കുന്നതിന്റെ മുൻപ് സംഭവിച്ച അമാനുഷിക കാര്യമാണ്.
     വയസ്സ് നാല്പതിനോടടുത്ത് കൊണ്ടിരിക്കുകയാണ്. യുവത്വത്തിന്റെ പ്രസരിപ്പിൽ നബി തങ്ങൾ ഏകാന്തതയോടെ ഒറ്റക്കിരുക്കാൻ തുടങ്ങി.മക്കയിലെ വലിയ ഒരു പർവ്വതമാണ് ജബലുന്നൂർ അതിന്റെ മുകളിൽ ഹിറ എന്ന ഗുഹയിലായിരുന്നു ഏകാന്തവാസം. ഒരാൾക്ക് കഷ്ഠിച്ച് ഒരാൾക്ക് കാര്യങ്ങൾ ചെയ്യാൻ ഉള്ള വിശാലത മാത്രമായിരുന്നു അതിനകത്ത്. മാസത്തിൽ പത്ത് ദിവസമെങ്കിലും ഇവിടെയിരിക്കും. അല്ലാഹുവിനെ ഓർത്തും ധ്യാനിച്ചും ദിവസങ്ങൾ കഴിയും. അങ്ങനെയിരിക്കെ ഒരു ദിവസം ഒരപരിചിതൻ ഗുഹക്കകത്തേക്ക് വരുന്നുണ്ട്. നബി തങ്ങൾ സൂക്ഷിച്ച് നോക്കി , ഇത് വരെ മക്കയിൽ കാണാത്ത മുഖം . ആരാണ് ഇദ്ദേഹം തങ്ങൾ ചിന്തയിലാണ്ടു. അദ്ദേഹം അടുത്ത് വന്നു. ഇപ്പോൾ നബിയുടെ ചാരത്താണ്. എന്തൊക്കെയോ സംസാരിക്കാനുള്ള ഒരുക്കത്തിലാണ്.


 
.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍