പ്രവാചക പരിസമാപ്തിയും മീർസയുടെ കള്ള പ്രവാചകത്വവും.


 Published by  www.lightofislam.co.in
On 29, May 2020

ഖാദിയാനിസം ഭാഗം-4
 
     മാനവകുലത്തെ സംസ്കാരികമായി വളർത്തിയെടുക്കാനും തിന്മകളിൽ നിന്ന് മാറ്റി നിർത്താനും ലോക സ്രഷ്ടാവിൻ്റെ സന്ദേശങ്ങൾ മാനവരിലേക്ക് എത്തിക്കാനുമാണ് പ്രവാചകന്മാരെ അല്ലാഹു നിയുക്തരാക്കിയത്. ലോക സ്രഷ്ടാവായ അല്ലാഹു വിൻ്റെയും വിശേഷബുദ്ധിയുള്ള സൃഷ്ടികൾക്കുമിടയിൽ പ്രബോധന മധ്യവർത്തികളാവുകയാണ് മുർസലുകൾ. പ്രബോധനം ചെയ്യപ്പെടുന്നവരുടെ അപാകതകൾ നീക്കലാണ് ഉദ്ദിഷ്ഠ ലക്ഷ്യം. ഇഹ-പരമായ സർവ്വ അപാകതകളും പോക്കി കളയുന്നു. അവർക്ക് ബുദ്ധി ഉപയോഗിച്ച് ഗ്രാഹ്യമല്ലാത്തതെല്ലാം പ്രവാചകന്മാരിലൂടെ മനസ്സിലാക്കപ്പെടുന്നു (ശറഹുൽ അഖാഇദ്).ആദം നബി(അ) മുതൽ തുടക്കം കുറിച്ച പ്രവാചക ശൃംഖലക്ക് പരിസമാപ്തി കുറിച്ചത് തിരുനബി യിലൂടെയാണ്. തിരു നബിയാണ് അവസാന പ്രവാചകരെന്ന് സാക്ഷ്യം വഹിക്കുന്ന ഖുർആനിൻ്റെ അധ്യാപനങ്ങളും ഹദീസ് വാക്യങ്ങളുമുണ്ട്.ഇതിനെതിരിലാണ് ഖാദിയാനിസംഘം രംഗത്ത് വന്നത്.
       അഹ്മദ് മീർസാ ഗുലാം നബിയാണന്ന് വാദിക്കുകയും. ശരീഅത്തില്ലാത്ത കേവല നബിമാർ മുഹമ്മദ് നബി (സ) യുടെ സമൂഹത്തിൽ നിന്ന് പ്രത്യക്ഷപ്പെടാമെന്നും അദ്ധേഹം അനുയായികളെ പറഞ്ഞു പഠിപ്പിച്ചു. വാദസ്ഥിതീകരണത്തിന് ഗ്രന്ഥങ്ങൾ വരെ രചിച്ചു. നബി (സ) അവസാന നബിയാണന്നും അവർക്ക് ശേഷം ഒരു നബിയും പുതുതായി ആഗമം ചെയ്യില്ലന്ന് ഇസലാമിക അധ്യാപനങ്ങൾ വ്യക്തമായി പഠിപ്പിക്കുമ്പോഴും അവയെ കാറ്റിൽ പറത്തി ഈ ഉമ്മത്തിനെ അവിശ്വാസത്തിലേക്ക് കൊണ്ടെത്തിക്കുകയായിരുന്നു മീർസാ ഗുലാം ഖാദിയാനി എന്ന കള്ള പ്രവാചകൻ. വിശുദ്ധ ഖുർആനിൻ്റെ വചനത്തെയും ഹദീസിനെയും വളച്ചൊടിച്ച് തൻ്റെ പ്രവാചകത്വം സ്ഥാപിക്കുന്നത് കാണുക: അല്ലാഹു നിങ്ങളിൽ നിന്ന് ആഗ്രഹിക്കുന്ന വിശ്വാസത്തിൻ്റെ  ആത്മാവ് ഇതാണ്:
ദൈവം ഏകനാകുന്നു. മുഹമ്മദ്(സ)
അവന്റെ നബിയും ഖാത്തമുൽ അമ്പിയായും എല്ലാവരേക്കാളും ശ്രഷ്ഠനുമാണ്. പ്രതിച്ഛായ (ആയരൂപത്തിൽ) മുഹമ്മദിയ്യത്തിന്റെ പുതപ്പ് പുതപ്പിക്കപ്പെട്ട നബിയല്ലാതെ മറ്റൊരു നബിയും അദ്ദേഹത്തിനു ശേഷമില്ല. എന്തുകൊണ്ടെന്നാൽ ഭ്യത്യൻ തന്റെ യജമാനനിൽനിന്ന് വേർപ്പെട്ടവനല്ല. ശാഖ അതിന്റെ തായ്ത്തടിയിൽനിന്ന് വേർപ്പെട്ടതുമല്ല. ഈസബ്നു മർയം മരിച്ചുപോയിരിക്കുന്നുവെന്ന് നിങ്ങൾ ദൃഢമായും വിശ്വസിക്കുക. കശ്മീരിലെ ശ്രീനഗറിലുള്ള ഖാൻയാർ തെരുവിൽ അദ്ദേഹത്തിന്റെ ഖബറുണ്ട്. അല്ലാഹു തന്റെ പ്രിയപ്പെട്ട ഗ്രന്ഥത്തിൽ അദ്ദേഹത്തിന്റെ മരണവാർത്ത നല്കിയിരിക്കുന്നു.ഞാൻ ഹസ്റത്ത് ഈസാ(അ)ന്റെ തേജോവിലാസത്തെ നിഷേധിക്കുന്നവനല്ല. എങ്കിലും, മുഹമ്മദീ മസീഹ് മുസവീ മസീഹി നേക്കാൾ ശ്രേഷ്ഠനാണെന് ദൈവം എന്നെ അറിയിച്ചിരിക്കുന്നു. എന്നിരുന്നാലും മസീഹിബ്നുമർയമിനെ ഞാൻ ഒരുപാട് ബഹുമാനിക്കുന്നു. എന്തുകൊണ്ടെന്നാൽ, മസീഹിബ്നുമർയംഇസ്രായീലീ സമുദായത്തിന് ഖാത്തമുൽഖുലഫാ (ഖലീഫമാരിൽ ശ്രഷ്ഠൻ) ആയിരുന്നതുപോലെ ആത്മീയതയുടെ അടിസ്ഥാനത്തിൽ ഞാൻ ഇസ്ലാമിൽ ഖാത്തമുൽഖുലഫാ ആകുന്നു. മൂസാ(അ)യുടെ സമുദായത്തിൽ ഇബ്നുമർയം വാഗ്ദ ത്തമസീഹായിരുന്നു. മുഹമ്മദീ സമുദായത്തിൽ ഞാൻ വാഗ്ദത്ത മസീഹാണ്. അതുകൊണ്ട് ഞാൻ അദ്ദേഹത്തെ ആദരിക്കുന്നു. അദ്ദേഹത്തിന്റെ സഹനാമിയാണ് ഞാൻ. മസീഹിബ് മർയമിനെ ഞാനാദരിക്കുന്നില്ല എന്നുപറയുന്നവൻ ഉപദ്രവകാരിയും കെട്ടിച്ചമച്ച് പറയുന്നവനുമാണ്.( മീർസാഗുലാം ഖാദിയാനി ഹമാരി തഅലീം - നമ്മുടെ അധ്യാപനങ്ങൾ .വിവ: മുഹമ്മദ് ഉമർ എച്ച് എ പേജ്: 17)
       ഇവിടെ ഒരുപാട് കള്ളത്തരങ്ങൾ മിർസ നടത്തുന്നുണ്ട്. ഖാതമുന്നബിയീൻ എന്നത് ഖുർആൻ വിശേഷിപ്പിച്ചതാണ്. നബി(സ) അന്ത്യ പ്രവാചകനാണ് എന്നതിൻ്റെ ഒന്നാമത്തെ തെളിവും ഇത് തന്നെ . അല്ലാഹു പറയുന്നു:
 مَّا كَانَ مُحَمَّدٌ أَبَآ أَحَدٍ۬ مِّن رِّجَالِكُمۡ وَلَـٰكِن رَّسُولَ ٱللَّهِ وَخَاتَمَ ٱلنَّبِيِّـۧنَۗ وَكَانَ ٱللَّهُ بِكُلِّ شَىۡءٍ عَلِيمً۬ا

മുഹമ്മദ് നിങ്ങളുടെ പുരുഷന്‍മാരില്‍ ഒരാളുടെയും പിതാവല്ല. പക്ഷെ, അവർ അല്ലാഹുവിന്‍റെ റസൂലും നബിമാരിൽ അവസാനത്തെ ആളുമാകുന്നു. അല്ലാഹു ഏത് കാര്യത്തെപ്പറ്റിയും അറിവുള്ളവനാകുന്നു.
(വിശുദ്ധ ഖുർആൻ (33:40) ഇവിടെ ഖാതമന്നബിയ്യീൻ എന്നതിൻ്റെ അർത്ഥം അന്ത്യ പ്രവാചകൻ എന്നാണ്. എന്നാൽ അതിസമർത്ഥമായി ഈ അർത്ഥം മാറ്റി എല്ലാവരേക്കാളും ശ്രേഷ്ഠനായ നബി എന്നാക്കുകയാണ് മീർസാ ഗുലാം. ശ്രേഷ്ഠൻ എന്ന് പറയുമ്പോൾ പ്രവാചക ശൃംഖല അവസാനിച്ചിട്ടില്ല എന്ന് പറയാം. അത് കൊണ്ടാണ് മനപൂർവ്വം ആയത്തിൻ്റെ അർത്ഥം മാറ്റി ഖുർആനിൽ കള്ളത്തരം കാണിക്കുന്നത്. ഇദ്ദേഹമാണ് നബിയായി അവതരിക്കുന്നത്. കേവലം ഒരു കളവ് മാത്രമല്ല മീർസാ ഖുർആനിനെതിരിൽ പറയുന്നത്. ഉപര്യുക്ത ജ്വൽപ്പനങ്ങളിൽ അത് നിറഞ്ഞ് നിൽക്കുന്നുണ്ട്.  മഹാനായ ഈസാ (അ) വഫാത്തായന്നും ഖബർ കാശ്മീരിൽ ആണെന്നും മറ്റൊരു കളവ്. തിരു നബി(സ) പ്രഖ്യാപിച്ച വരാനിരിക്കുന്ന ഈസാ(അ) അല്ലന്നും അത് താൻ തന്നെയാണെന്നും കല്ലുവെച്ച നുണ.ഇങ്ങനെ കള്ളം പറയുന്നതിൽ ഒരു മടിയുമില്ലാതെ കളവിൻ്റെ പ്രചാരനാവുകയാണ് ഇയാൾ.ഒരിക്കൽ നബി(സ) അന്ത്യപ്രവാചകൻ ആണന്നും മറ്റൊരിക്കൽ അല്ല എന്നും പറയുന്നു: 
മുഹമ്മദ് നബി അന്ത്യ പ്രവാചകൻ തന്നെ നബിക്ക് ശേഷം മറ്റൊരു പ്രവാചകനും വരില്ല.(ഇസ് ലായേ ഔഹാം) പതിനാലാം നൂറ്റാണ്ടിൽ നിയുക്തനായ ഞാൻ ഏറ്റവും അവസാനത്തവനാകുന്നു.
(തദക്കിറത്തുശ്ശഹാദത്തൈൻ - 35 ) ഇങ്ങനെ അവസരങ്ങൾക്കനുസരിച്ച് മാറ്റി സംസാരിച്ച് സമൂഹത്തെ പിഴപ്പിക്കുകയായിരുന്നു ഇദ്ധേഹം.
      മീർസയുടെ വാദം അംഗീകരിച്ച് കൊണ്ട് രണ്ടാം  ഖലീഫത്തുൽ മസീഹ് എന്ന് അഹ്മദിയാക്കൾ പരിചയപ്പെടുത്തുന്ന മീർസ ബശീർ അഹ്മദ് പറയുന്നു: ചുരുക്കത്തിൽ, വിശുദ്ധഖുർആന്റെ അദ്ധ്യാപനമനുസരിച്ച്- നബി(സ)തിരുമേനി ഖാത്തമുന്നബിയ്യീനാണെന്ന് ഞങ്ങൾ ഹൃദ യപൂർവ്വം വിശ്വസിക്കുന്നു. അതിന്റെ അർത്ഥം അദ്ദേഹം നബിമാ രുടെ മുദ്രയാണെന്നാണ്. അതായത്, നുബുവ്വത്തിന്റെ എല്ലാ ഗുണ വിശേഷങ്ങളും അദ്ദേഹത്തിൽ ഒരുമിച്ചു കൂടിയിരിക്കുന്നു. മേലിൽ സ്വതന്ത്രമായ നിലയിൽ ഒരു നബി വരുകയോ അദ്ദേഹം കൊണ്ടു വന്നിട്ടുള്ള നിയമത്തിൽ ഏതെങ്കിലും വിധത്തിലുള്ള മാറ്റങ്ങൾ- വരുത്തുകയോ സാധ്യമല്ല. ആരെങ്കിലും വരുകയാണെങ്കിൽ അത് അദ്ദേഹത്തിന്റെ കീഴിലായിട്ടും അദ്ദേഹത്തിന്റെ ശിക്ഷണത്തിനു വിധേയനായിട്ടുമായിരിക്കും.(സൻമാർഗദർശിനി (വിവ: വി അബ്ദുൽ ഖയ്യും - പേജ് 296)
   സ്വയം അവകാശവാദം ഉന്നയിക്കുകയും മറ്റുള്ളവരെ കൊണ്ട് പറയിപ്പിക്കുകയും ചെയ്യുന്ന സാക്ഷാൽ മീർസ ഗുലാം അഹ്മദ് നബി (സ) പറഞ്ഞ വ്യാജ പ്രവാചക പുലർച്ചയാണ്. നബി(സ) പറഞ്ഞു. അന്ത്യനാളിന് മുൻപ് ധാരാളം കള്ള പ്രവാചകന്മാർ ആഗമനംചെയ്യും. എല്ലാവരും പ്രവാചകത്വം വാദിക്കും (ഇബ്നു മാജ) സൗബാൻ (റ) വിൽ നിന്ന് നിവേദനം: നബി(സ) പറഞ്ഞു പിൽക്കാലത്ത് എൻ്റെ സമുദായത്തിൽ മുപ്പത് വ്യാജന്മാർ വരും.അവരെല്ലാം നബിയാണന്ന് വാദിക്കും. ഞാൻ അന്ത്യപ്രവാചകനാണ് എനിക്ക് ശേഷം മറ്റൊരു നബി വരില്ല ( തുർമുദി, സുനനു അബീദാവൂദ്) ഈ ഹദീസുകളുടെ വെളിച്ചത്തിൽ ധാരാളം വ്യാജന്മാർ രംഗത്ത് വന്നിട്ടുണ്ട്. മുസൈലിമ, അസ് വദുൽ അൻസി, സജ്ജാഹ്, തുലൈഹത് ബിൻ ഖുവൈലിദ്, അൽ മുഖ്താർ ബിൻ അബീ ഉബൈദ, അൽ ഹാരിസുൽ കദ്ദാബ്, ഇറാനി സ്വദേശി ബഹാഉല്ല തുടങ്ങി അനേകം പേർ ഇതിനോടകം പ്രവാചക വാദം ഉന്നയിച്ചിട്ടുണ്ട് ഇവരിൽ ഒരാളാണ് നമ്മുടെ കഥാപുരുഷൻ മീർസാ ഗുലാം അഹ്മദ് .
    ഖുർആനിലും ഹദീസിലും വന്ന ഖാതിമുന്നബിയ്യീൻ പരാമർശം. ശ്രേഷ്ഠ പ്രവാചകൻ എന്നാണോ, അന്ത്യപ്രവാചകൻ എന്നാണോ. അടുത്ത ഭാഗത്തിൽ വായിക്കാം.
( തുടരും)

മുനീർ അഹ്സനി ഒമ്മല

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

1 അഭിപ്രായങ്ങള്‍