നാടിന്റെ രക്ഷക്ക്പ്രകൃതിയെ സംരക്ഷിക്കാം


www.lightofislami.blogspot.com
Posted on 5/06/2019, 12.07 pm
മുനീർ അഹ്സനി ഒമ്മല


പരിസ്ഥിതി പ്രശ്നങ്ങളെ കുറിച്ചുള്ള അവബോധം വരുത്താനും സംരക്ഷണത്തിന്റെ പ്രാധാന്യം ബോധ്യപ്പെടുത്താനുമായി 1972 ൽ നടന്ന ഐക്യരാഷ്ട്രസഭയുടെ മാനവ പരിസ്ഥിതി കോൺഫറൻസിലാണ് ജൂൺ 5 പരിസ്ഥിതി ദിനാചരണം നടത്താൻ തീരുമാനിച്ചത്.മരങ്ങളും കാടുകളുംസംരക്ഷിക്കുക, വനപ്രദേശങ്ങൾ വിസ്തൃതമാക്കാൻ ശ്രമിക്കുക, അതുവഴി ആഗോള പാർസ്ഥിതിക സന്തുലനവും കാലാവസ്ഥാ സുസ്ഥിരതയും ഉറപ്പാക്കുക എന്നതാണ് പരിസ്ഥിതി ദിനാചരണത്തിന്റെ ലക്ഷ്യം. ലോക ജനതക്കിടയിൽ വിവിധ മലിനീകരണങ്ങളാൽ ആവാസവ്യവസ്ഥ മലിനപ്പെടുകയും പരിസ്ഥിതി നശിപ്പിക്കുകയും ചെയ്തു കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ അതിന്റെ സംരക്ഷണത്തിനായി ഇത്തരം ആചരണങ്ങളും ബോധവൽക്കരണങ്ങളും അത്യാവശ്യമാണ്. Beat air Pollution' എന്നതാണ് 2019-ലെ ലോക പരിസ്ഥിതി ദിനത്തിന്റെ മുദ്രാവാക്യം. ചൈനയാണ് ആതിഥേയ രാജ്യം. 
          നാം ജീവിക്കുന്നത് ഭൂമിയിലാണ്. എല്ലാത്തിന്റെയും അടിസ്ഥാനം ഭൂമിയാണ്. നമ്മുടെ പാർപ്പിടം, വസ്ത്രം, ഭക്ഷണം, കൃഷി തുടങ്ങി നാം ഇടപെടുന്ന സകല മേഖലകളും ഭൂമിയുമായി ബന്ധപ്പെട്ട് കിടക്കുന്നു. പ്രകൃതിക്ക് മനുഷ്യനുമായുള്ള അവാച്യമായ ബന്ധം ഇതിൽ നിന്നും വായിച്ചെടുക്കാം. എല്ലാം ഉൾകൊള്ളിച്ച സുന്ദരമായ പ്രകൃതിയെ ഉടയതമ്പുരാൻ സൃഷ്ടിച്ചത് മനുഷ്യന്റെ സുഖാസ്വാദന ജീവിതത്തിനാണ് എന്നാൽ ഈ മനുഷ്യർ തന്നെയാണ് പ്രകൃതി വളർച്ച് വിഘാതം സൃഷ്ടിച്ച് കൊണ്ടിരിക്കുന്നതും. പ്രകൃതി വിഭവങ്ങളെ ഇല്ലായ്മ ചെയിതും മലിനീകരണമുണ്ടാക്കുന്ന വസ്തുക്കളെ വൻതോതിൽ ഉപയോഗിച്ചും പരിസ്ഥിതിയെ ഉൻമൂലനം ചെയ്ത് കൊണ്ടിരിക്കുന്ന നാം ഓർക്കുക നമ്മെ നശിപ്പിക്കുന്നത് നാം തന്നെയാണ്. 
          ലോകത്തുള്ള സകല പ്രത്യേയശാസ്ത്രങ്ങളും പരിസ്ഥിതി സംരക്ഷണത്തിന്റെ ആവശ്യകഥയെ ഊന്നി പറഞ്ഞിട്ടുണ്ട് .പരിസ്ഥിതി സംരക്ഷണത്തിന്‍െറ വളരെ പ്രധാന ഭാഗമാണ് വൃക്ഷങ്ങൾ സംരക്ഷിക്കല്‍. ഇസ്ലാം വൃക്ഷങ്ങൾ നടാനും സംരക്ഷിക്കാനും വളരെ പ്രാധാന്യത്തോടെ  പ്രോത്സാഹനം നല്‍കുന്നു . ഖുർആൻ പറയുന്നു: ഭൂമിയില്‍ പരസ്പരം സമീപത്തു നിലകൊള്ളുന്ന പല തരം ഖണ്ഡങ്ങളും, മുന്തിരികളുടേതായ പല തരം തോട്ടങ്ങളും, കൃഷികളുമുണ്ട്; ഇണച്ചമുള്ളവയും, ഇണച്ചമുള്ളതല്ലാത്തതുമായ ഈത്തപ്പനകളും ഉണ്ട്; ഒരേ വെള്ളം കൊണ്ടു അതിനു നനക്കപ്പെടുന്നു എന്നിട്ടും അവയില്‍ ചിലതിനെ ചിലതിനേക്കാള്‍ തീറ്റയില്‍ നാം ശ്രേഷ്ഠമാക്കുന്നു. നിശ്ചയമായും,അതിൽ ഒക്കെയും ബുദ്ധി കൊടുത്തു ഗ്രഹിക്കുന്ന ജനങ്ങൾക്ക് പല ദൃഷ്ടാന്തങ്ങളുമുണ്ട്.
നാം നട്ടുപിടിപ്പിക്കുന്നതില്‍ നിന്നും വല്ല മനുഷ്യനോ അല്ലങ്കില്‍ മറ്റു ഇതര ജീവജാലങ്ങളോ ഭക്ഷിച്ചാല്‍ നമുക്ക് കൂടുതലായി പ്രതിഫലം ലഭിക്കുന്നു. നബി (സ)പറയുന്നു: ഒരു മുസ്ലിം ഒരു വൃക്ഷം നടുകയോ കൃഷി ചെയ്യുകയോ ചെയ്താല്‍ അതില്‍ നിന്ന് മനുഷ്യനോ, പക്ഷികളോ, മൃഗങ്ങളോ ഭക്ഷിച്ചാല്‍ അത് അവനിക്കുള്ള സ്വദഖയാകുന്നതാണ്. (സ്വഹീഹ് മുസ്ലിം).  അബീ അയ്യൂബിൽ അൻസാരി (റ) വിൽ നിന്ന് ഉദ്ധരണി നബി(സ) പറയുന്നു: ഒരു വ്യക്തി വല്ല വൃക്ഷവും നട്ടുപിടിപ്പിച്ചാൽ അതിൽ നിന്നും ലഭിക്കുന്ന പഴത്തിന്റെ എണ്ണമനുസരിച്ച് അവന് അല്ലാഹു പ്രതിഫലം രേഖപ്പെടുത്തുന്നതാണ് (മുസ്നദ് അഹ്മദ്) ഇസ്ലാം പ്രകൃതിയെ സംരക്ഷിക്കാൻ നമ്മോട് ആവശ്യപ്പെടുന്നതാണ് മേൽ ഉദ്ധരണികൾ,മാത്രമല്ല അനാവശ്യമായി മരങ്ങൾ നശിപ്പിക്കുന്നതിനെയും മറ്റും നബി(സ) നിരുത്സാഹപ്പെടുത്തുകയും എതിർക്കുകയും ചെയ്തതായി ചരിത്രം സാക്ഷ്യപ്പെടുത്തുന്നു. അതിനാൽ നാമും അനാവശ്യമായി പ്രകൃതി നശിപ്പിക്കാതെ നാടിന്റെ നന്മക്കായി പരിസ്ഥിതിയെ സംരക്ഷിക്കണം. നാം നട്ടുപിടിപ്പിച്ച വൃക്ഷത്തിൽ നിന്ന് പഴങ്ങൾ കളവ് പോയാൽ പോലും അത് നമുക്ക് നന്മയാണെന്ന് പഠിപ്പിച്ച മതമാണ് ഇസ്ലാം. നബി (സ) പറയുന്നു: ഒരു മുസ്ലിം ഒരു വൃക്ഷതൈ നട്ട് പിടിപ്പിക്കുകയും അതിൽ നിന്ന് അവൻ ഭക്ഷിപ്പിക്കുന്നത് അവനുള്ള  സ്വദഖയാണ്, കളവ് ചെയ്യപ്പെടുന്നതും സ്വദഖയാണ്, പിടിമൃഗങ്ങൾ ഭക്ഷിക്കുന്നതും, പക്ഷികൾ കഴിക്കുന്നതുമെല്ലാം അവനുള്ള സ്വദഖയാകുന്നതാണ്. അതിൽ നിന്ന് അല്പം പോലും  കുറയാതെ ആര് എടുത്താലും അതെല്ലാം സ്വദഖയാകുന്നതാണ്.(മുസ്ലിം) എന്ന് മാത്രമല്ല നാം മരണം വരിച്ചാൽ ശേഷവും ഖബ്റിൽ പ്രതിഫലം ലഭിക്കപ്പെടുന്ന നന്മകളെ എണ്ണിയ കൂട്ടത്തിൽ മരം നടുന്നതിനെയും എണ്ണിയിട്ടുണ്ട്. നാം ഇന്ന് കഴിക്കുന്ന പഴങ്ങൾ നമ്മുടെ മുൻഗാമികൾ നട്ടുപിടിപ്പിച്ച മരങ്ങളിൽ നിന്നാണ് അതിനുള്ള പ്രതിഫലങ്ങൾ അവർ കരസ്ഥമാക്കുന്നു.   നമ്മുടെ ഭാവി തലമുറകൾക്കായുള്ളത് നട്ടുപിടിപ്പിക്കേണ്ട ബാധ്യത നമുക്കാണ്. 
          കേവലം മരം നടൽ മാത്രമല്ല പരിസ്ഥിതി സംരക്ഷണം പ്രകൃതിയിൽ നിന്ന് ലഭിക്കുന്ന ജലം, മണ്ണ് വായു തുടങ്ങിയവയെല്ലാം സംരക്ഷിക്കേണ്ടത് നമ്മളാണ്. ഇവയെല്ലാം മലിനപ്പെടുത്താതെ സംരക്ഷിക്കണം. വെള്ളം അമിതമാക്കരുത്. കിണറും പുഴകളും മലിനപ്പെടുത്തരുത്. മനുഷ്യജീവന് നിലനിൽപ്പിന് അത്യാവശ്യമാണ് ജലം. നമ്മുടെ കിണർ നാം നിർമ്മിച്ചതാവാം. അതിൽ വെള്ളം ഉണ്ടാക്കുന്നതാണ് സ്രഷ്ടാവായ അല്ലാഹു തരുന്നതാണ്. പ്രകൃതിയിൽ മാനവകുലത്തിനായി സൃഷ്ടിക്കപ്പെട്ടതാണ്, ആരെയും തടയരുത് ഉള്ളത് എല്ലാവർക്കും നൽകണം. മണ്ണ് മാഫിയയ്കൾ വർദ്ധിക്കുകയും ചില അധികാരികൾ വരെ അവരെ സംരക്ഷിക്കുകയും ചെയ്യുന്ന അത്യാധുനിക കാലത്ത് മണ്ണിനെ സംരക്ഷിക്കണം. വായു മലിനമാക്കരുത്. നഗരവത്കരണത്തിന്റെയും വ്യവസായവത്കരണത്തിന്റെയും ഫലമായി ഇന്ന് ലോകം നേരിടുന്ന കനത്ത വെല്ലുവിളിയാണ് വായു മലിനീകരണം. ലോകജനസംഖ്യയുടെ 90 ശതമാനവും മലിനവായു ശ്വസിക്കുന്നതായാണ് പഠനങ്ങൾ. ലോകത്ത് വർഷം 70 ലക്ഷം പേർ ഇതുമൂലം മരിക്കുന്നുവെന്നാണ് ലോകാരോഗ്യസംഘടനയുടെ കണക്കുകൾ. വായു മലിനീകരണത്തിനെതിരെയാണ് ഈ വർഷത്തെ പരിസ്ഥിതി ദിനാചരണം. അതിനാൽ നാം വായുവിനെ മലിനപ്പെടുത്തരുത്. 
പ്ലാസ്റ്റിക്ക് ഉപയോഗം കുറക്കണം. പ്ലാസ്റ്റിക്കിന്റെ ഉപയോഗവർധനവിനാൽ മാനവരാശിയെ വലിയ തോതിൽ ഗുരുതരമായി ബാധിക്കുന്നതാണ്. പ്ലാസ്റ്റിക്കാണങ്കിൽ ഇന്ന് നമ്മുടെ ജീവിതത്തിലെ ഒരു പ്രധാന ഘടകമായി മാറുകയും ചെയ്തിരിക്കുന്നു. അതിനാൽ അതിന്റെ ഉപയോഗത്തിൽ സൂക്ഷിക്കേണ്ടതായുണ്ട്. ഇത് നാം മണ്ണിൽ വലിച്ചെറിയുമ്പോൾ മണ്ണിന്റെ ശ്വസനത്തെ ബാധിക്കും. അതിന്റെ ഫലഭൂയിഷ്ഠതയെനശിപ്പിക്കുകയും ചെയ്യും. പുഴയിലേക്കും മറ്റും തള്ളിയാൽ അതിന്റെ ഒഴുക്കിനെ ബാധിക്കും. ജലം മലിനമാക്കും അതുവഴി പലവിധ രോഗങ്ങൾ വരും. കാട്ടിലേക്ക് വലിച്ചെറിയുമ്പോൾ അതിന്റെ പരിസ്ഥിക്ക് കോട്ടം വരും അതിനാൽ ജാഗ്രത പുലർത്തേണ്ടതുണ്ട്. 
         നമ്മുടെ പ്രകൃതി ചിലപ്പോൾ ക്ഷോഭിക്കാറുണ്ട് ദുരന്തമുണ്ടാവാറുണ്ട്. കഴിഞ്ഞ വർഷം നമ്മൾ നേരിട്ട്  അനുഭവിച്ചതാണ്. ഇതിനു കാരണക്കാർ നാം തന്നെയാണ്. നാം പ്രകൃതി നശിപ്പിക്കുമ്പോഴാണ് ഇത്തരം വലിയ ദുരന്തങ്ങൾ ഉണ്ടാവുന്നത് അതിനാൽ നമ്മുടെ പ്രകൃതിയെ നാം നശിപ്പിക്കരുത്. പരിസ്ഥിതി സംരക്ഷിക്കണം അതിന് മാതൃകാപരമായിത്തന്നെബോധവല്‍ക്കരണങ്ങള്‍ തുടരേണ്ടതുണ്ട്.ഇത്തരം വിഷയങ്ങൾ ശ്രദ്ധിച്ചാല്‍ നമ്മുടെ
നാട്ടിലെ മണ്ണും ജലവും വനവും
വന്യജീവികളും സംരക്ഷിക്കാന്
സാധിക്കൂ. അതിലൂടെ മാത്രമേ നമുക്കും നമ്മുടെ വരും തലമുറക്കും സ്വസ്ഥമായിജീവിക്കാന് സാധിക്കൂ. പരമാവധി കൃഷികൾ ചെയ്യാൻ ശ്രമിക്കുക പണ്ഡിതന്മാർ പറയുന്നു ഏറ്റവും നല്ല തൊഴിൽ കൃഷി ചെയ്യലാണ്. അങ്ങനെ നമ്മുടെ നാടിന്റെ നല്ല നാളേക്കായി പരിസ്ഥിതിയെ സംരക്ഷിക്കാനാവും. 

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍