അനുരാഗത്തിന്റെ നേർസാക്ഷ്യം


       
         സ്നേഹത്തിന്റെ മധുവും മധുരവും പകർന്നു നൽകിയ സ്നേഹറസൂൽ മുഹമ്മദ് റസൂലുള്ളാഹി യോടുള്ള അവാച്യ സ്നേഹവും അനശ്വര ആദരവും മുസ്‌ലിമിന്റെ ആശ്രയവും അവലംബവുമാണ്. സർവ്വലോകത്തേക്കും അനുഗ്രഹമായി അയക്കപ്പെട്ടവരാണല്ലോ അതിനാൽ ലോക ജനതക്ക് ആ നബിയെ  സ്നേഹിക്കാതിരിക്കാനാവുമോ . ഒരിക്കലുമില്ല ഒരു വിശ്വാസി ഏറ്റവുമധികം സ്നേഹിക്കേണ്ടത് തിരുനബി(സ)യെ യാണ് .അവിടുന്ന് പറഞ്ഞു ഒരുവൻ പൂർണ്ണമായി മറ്റുള്ളവരെക്കാൾ എന്നെ പ്രിയ്യം വെക്കുമ്പോഴാണ് അവൻ സത്യവിശ്വാസിയാക്കുന്നത്.വിശുദ്ധ ഖുർആൻ തന്നെ പറയുന്നു: നബിയേ പറയുക :നിങ്ങളുടെ പിതാക്കളോ, മക്കളോ, സഹോദരങ്ങളോ ,ഇണകളോ , കുടുംബങ്ങളോ ,നിങ്ങൾ സമ്പാദിച്ചുണ്ടാക്കിയ സമ്പത്തോ , മാന്ദ്യം നേരിടുമെന്ന് നിങ്ങൾ ഭയക്കുന്ന നിങ്ങളുടെ കച്ചവടമോ , നിങ്ങൾ തൃപ്തിപ്പെടുന്ന വീടോ , അല്ലാഹുവിനേക്കാളും അവന്റെ റസൂലിനേക്കാളും അല്ലാഹുവിന്റെ മാർഗത്തിൽ ധർമ്മസമരം ചെയ്യുന്നതിനേക്കാളും നിങ്ങൾക്ക് ഏറ്റവും പ്രിയങ്കരമായാൽ അല്ലാഹു അവന്റെ കൽപന കൊണ്ട് വരുന്നത് വരെ നിങ്ങൾ കാത്തിരിക്കുക. അല്ലാഹു ധിക്കാരികളായ ജനതയെ സന്മാർഗത്തിലാക്കില്ല.

അപ്പോൾ എല്ലാറ്റിലുമുപരി മുത്ത് റസൂലിനെ സ്നേഹിക്കണം എന്നാൽ മാത്രമേ സന്മാർഗ പാതയിൽ നമുക്ക് സഞ്ചരിക്കാൻസാധിക്കുകയുള്ളുവെന്നാണ് ഖുർആനിന്റെ അധ്യാപനം
         മാത്രമല്ല അല്ലാഹു പറയുന്നു: നബിയേ പറയുക നിങ്ങൾ സ്രഷ്ടാവായ അല്ലാഹുവിനെ പ്രിയ്യം വെക്കുന്നുവെങ്കിൽ എന്നെ പിൻന്തുടരുക എന്നാൽ അല്ലാഹു നിങ്ങളെ പ്രിയ്യം വെക്കുകയും നിങ്ങളുടെ ചെയ്തികൾക്ക് വിടുതി ചെയ്യുന്നതുമാണ് അല്ലാഹു കൂടുതൽ വിടുതി ചെയ്യുന്നവനും കാരുണ്യവാനുമാണ്. (ആലു ഇംറാൻ 31) 
തിരുനബി സ്‌നേഹം' ഇരുലോക വിജയത്തിന്റെ പ്രതീക്ഷാനിർഭരമായ കവാടമാണ്. അതിലൂടെ മാത്രമെ വിശ്വാസിക്ക് വിജയിക്കാൻ സാധിക്കൂ. ആ വാതായനത്തിന്റെ രാജവീഥികൾ കീഴടക്കിയവരാണ് മുൻ കഴിഞ്ഞ മഹാന്മാർ. അവർ തിരുനബിയെ മറ്റെന്തിനേക്കാളും അതിരറ്റു സ്‌നേഹിച്ചു.
അനുരാഗത്തിന്റെ അവാച്യ ലോകത്തെ മുഹബ്ബീങ്ങളിൽ പ്രധാനിയാണ് മഹാനായ സിദ്ധീഖ് (റ). തിരുനബിയെ ഏറ്റവുമധികം സ്‌നേഹിച്ചവർ, കൂടെ നടന്നവർ. ഹിജ്റ വേളയിൽ പോലും തിരുനബിയോടൊപ്പം ഉണ്ടായിരുന്നു. സൗർ ഗുഹയിലെ മാളങ്ങൾ അടച്ചപ്പോൾ ബാക്കി വന്ന ഒന്ന് തന്റെ കാൽവിരൽ കൊണ്ട് അടച്ച് പിടിച്ച് തിരുനബിക്ക് സംരക്ഷണവലയമൊരുക്കിയവരാണ്.
പാതിരാവിലും തിരുനബി കീർത്തനം ആലപിച്ച ഉമ്മയെ ശ്രവിച്ച് പൊട്ടിക്കരഞ്ഞ ഉമറുബ്നുൽ ഖത്താബ് (റ). തിരുനബിയുടെ കാലശേഷം ബാങ്ക് വിളിക്കാൻ, ആ തിരുനാമം ഉച്ചരിക്കാൻ കഴിയാതെ ബോധമറ്റു വീണ് പോയ ബിലാൽ (റ). മുത്ത് നബിക്ക് നേരെ വന്ന കൂരമ്പുകൾസ്വശരീരത്തിലേക്ക്ഏറ്റുവാങ്ങിയ അബൂത്വൽഹ(റ). തിരുദൂതരോടുള്ള പ്രിയം കാരണം മദീനയുടെ മണ്ണിചെരിപ്പ് പോലും ധരിക്കാൻ തയ്യാറാവാത്ത ഇമാം മാലിക്(റ). എഴുതിയ കിതാബിന്റെ അവസാന ഭാഗത്ത് മുത്ത് നബിയോടുള്ള അനുരാഗത്താൽ എഴുതിവെച്ച സ്വലാത്തിന്റെ ഫലമായി മരണം വരിച്ചപ്പോൾ പുതിയാപ്ല സ്വീകരണം ലഭിച്ച ഇമാം ശാഫിഈ (റ) ഇങ്ങനെ ചരിത്രത്തിൽ ഒരോ യുഗത്തിലും പ്രദേശത്തിലും കഴിഞ്ഞു പോയ വിളക്കുമാടങ്ങൾ അവരുടെ ജീവിതവിജയത്തിന്റെ നിധാനമായി കണ്ടത് മുത്ത് നബി സ്നേഹമായിരുന്നു . അക്കൂട്ടത്തിൽ അറിയപ്പെട്ട മറ്റൊരു വ്യക്തിത്വമാണ് ആത്മജ്ഞാനികളുടെ ചക്രവർത്തിയായി വാഴുന്ന ശൈഖ് രിഫാഈ(റ).
           ഇമാം സുബ്കി(റ)വിന്റെ അഭിപ്രായപ്രകാരം ഹി 500 മുഹ്റത്തിലാണ് മഹാനുഭാവന്റെ ജനനം. 512 റജബ് 15 എന്ന മറ്റൊരഭിപ്രായം കൂടിയുണ്ട് . ഉമ്മു അബീദയിലെ ഹസൻ എന്ന പ്രദേശത്താണ് പിറവി. ജനനവേളയിൽ തന്നെ അസാധാരണ വിധത്തിത്തിലായിരുന്നു അവിടുത്തെ ജനനമുണ്ടായത്. നിസ്ക്കരിക്കുന്നയാൾ കൈ വെക്കുന്നത് പ്രകാരം വലത് കൈ നെഞ്ചിന് താഴെയും ഇടത് കൈ ഗുഹ്യഭാഗത്തുമായിരുന്നു വെച്ചിരുന്നത്.  എന്നാൽ ഉമ്മയുടെ സഹോദരൻ ശൈഖ് മൻസൂറുസ്സാഹദിന്റെ നിർദ്ദേശപ്രകാരം കൈമാറ്റിയെങ്കിലും കുട്ടി വീണ്ടും ഇടത് കൈ അവിടെ തന്നെ വെച്ചു. ഇത് അറിഞ്ഞ ശൈഖ് മൻസൂർ (റ) പറഞ്ഞു ഞങ്ങളുടെ ഭവനത്തിൽ മുഹമ്മദീയപ്രകാശം ജ്വലിപ്പിച്ച നാഥന് സർവ്വ സ്തുതികളും. ഈ സംഭവം ശൈഖ് ഇമാദുദ്ധീൻ സിൻകി (റ) അറൗളുന്നളീറിൽ ഉദ്ധരിച്ചിരിക്കുന്നു. ശൈഖിന്റെ പിതൃപരമ്പര മുത്ത് നബിയിലേക്ക് അവിടുത്തെപ്രിയ പുത്രി ഫാത്വിമ ബീവിയിലൂടെ എത്തിച്ചേരുന്നു. മാതൃപരമ്പര തിരുനബിഅനുചര ശ്രേഷ്ഠൻ അബു അയ്യൂബുൽ അൻസാരി (റ) വിൽ എത്തിച്ചേരുന്നു. രണ്ട് നിലയിലും ശ്രേഷ്ഠപരമ്പരയിലൂടെയാണ് വളർച്ച.
ബാല്യകാലത്ത് തന്നെ ആധ്യാത്മക രംഗത്തേക്ക് പ്രവേശിച്ച മഹാൻ സമപ്രായക്കാർക്കൊപ്പം ഉല്ലസിച്ചു രസിക്കാതെ ആരാധനയിൽ മുഴുകിയും പഠനത്തിൽ ശ്രദ്ധ കേന്ദ്രീകരിച്ചും ജീവിത്തിന്റെ നല്ല പാതി കഴിച്ചുകൂട്ടി.  വിശിഷ്ട പണ്ഡിത മഹത്തുക്കളിൽ നിന്ന് വിദ്യ നുകർന്ന അവർ അറിവിന്റെയും ജ്ഞാനികളുടെയും നഗരമെന്ന നാമത്തിൽ വിശ്രുതമായ വാസ്വിതിൽ അധ്യാപനം തുടങ്ങി .നീണ്ട ഇരുപതി ഏഴ് വർഷം നീണ്ടുനിന്നു . ശിഷ്ഠ കാലം തന്റെ മാതുലനും ശൈഖുമായ മൻസൂർ(റ)വിന്റെ നിർദ്ദേശ പ്രകാരം ഉമ്മു അബീദയിൽ ആയിരുന്നു.
          തികഞ്ഞ അനുരാഗിയായ മഹാൻ തിരുനബി മാതൃകകൾ ജീവിതത്തിൽ പകർത്തിയാണ് ജീവിതം നയിച്ചത്. മറ്റുള്ളവരോട് കാരുണ്യത്തോടെ ജീവിച്ച അവർ ഇതര ജീവികളോടും കാരുണ്യത്തോടെ പെരുമാറിയിരുന്നു. മാരക വൃണം ബാധിച്ച ഒരു പട്ടിയെ ആരും തിരിഞ്ഞ് നോക്കാത്ത അവസ്ഥയിൽ ശൈഖ് രിഫാഈ(റ) അതിന് വേണ്ട ശുശ്രുഷകൾ നടത്തി മരുന്നും ഭക്ഷണവും കൊടുത്ത് നാല്പത് ദിവസം പരിചരണം നടത്തിയത് പ്രസിദ്ധമാണല്ലോ. മറ്റൊരു ദിവസം ശൈഖിന്റെ മജ്ലിസിലേക്ക് ഒരു ശിഷ്യൻ കാലുകൾ കെട്ടി ബന്ധപ്പെടുത്തിയ നിലക്ക് ഒരു കുരുവിയുമായി വന്നു .അത് കണ്ടപാടെ ശൈഖവറുകൾ അഴിച്ച് വിടാൻ പറഞ്ഞു ശിഷ്യൻ വിസമതപൂർവ്വം അല്പം ഗൗരവത്തിൽ പറഞ്ഞു ഇത് എന്റെ ഉടമസ്തതയിൽ ഉള്ളതാണ് അങ്ങേക്ക് വേണമെങ്കിൽ ഇതിനെ വില കൊടുത്ത് വാങ്ങി മോചിപ്പിക്കാം. വാക്കുകൾ കേട്ട ശൈഖവറുകൾ വില കൊടുക്കാൻ തീരുമാനിച്ചു വില അന്വേഷിച്ചപ്പോൾ ശിഷ്യൻ പറഞ്ഞു സ്വർഗീയ ഉദ്യാനത്തിൽ എനിക്ക് അങ്ങേക്കൊപ്പം സന്തത സഹചാരിയാവണം. സ്വിറാഥ് മുറിച്ച് കടക്കാൻ സാധിക്കണം. ശൈഖ് സമ്മതിച്ചു. ഉറപ്പു തന്നതായി കരാർ ചെയ്യണമെന്ന് പറഞ്ഞപ്പോൾ ആ മിണ്ടാപ്രാണിയുടെ തുടിക്കുന്ന ജീവന് വേണ്ടി അതും സമ്മതിച്ചു . ഇത്തരം കാരണ്യദായകമായ മനസ്സ് അവർക്ക് ഉണ്ടായത് തിരുനബിയെ സ്നേഹിക്കുകയും അവിടുത്തെ ചര്യ മാതൃകയാക്കിയത് കൊണ്ടുമാണ്.
            നബി (സ )യോട് അടങ്ങാത്ത അനുരാഗത്തിനുടമയായിരുന്നു എന്നതിന്റെ ഏറ്റവും വലിയ തെളിവാണ് പുണ്യ റൗളയിൽ വെച്ചുണ്ടായ സംഭവം . ഹിജ്റ 555 ലാണ് പ്രസ്തുത സംഭവം അരങ്ങേറുന്നത്. ഒരിക്കൽ വിജ്ഞാന സദസ്സിലായിരിക്കെ ശൈഖ് പെട്ടെന്ന് എഴുന്നേറ്റ് അത്യുച്ചത്തിൽ പറഞ്ഞു അല്ലാഹു അക്ബർ , അല്ലാഹു അക്ബർ യാതാർത്ഥ്യം വെളിവായിരിക്കുന്നു ,സത്യം വ്യക്തമായിരിക്കുന്നു എനിക്ക് പ്രപഞ്ചനാഥന്റെ വിളിയാളം എത്തിയിരിക്കുന്നു .ഞാനിതാ തിരുസവിധത്തിൽ നിന്ന് വിളിക്കപ്പെട്ടിരിക്കന്നു; സദസ്സിൽ പ്രമുഖരായ പലരുമുണ്ട് .ശിഷ്യരെല്ലാം എഴുന്നേറ്റ് വിധിക്ക് സ്വാഗതമോതി. ശൈഖിന്റെ നേതൃത്വത്തിൽ വലിയൊരു സംഘം മക്കയും മദീനയും ലക്ഷ്യമാക്കി നീങ്ങി. അക്ഷമനായി യാത്ര തുടർന്നു ഹജ്ജ് നിർവഹിച്ചു. ശേഷം മദീനയിലേക്ക് ശൈഖിന്റെ മനം നിറയെ മദീനയാണ് . ആ വിശുദ്ധ മണ്ണിനോടുള്ള അടങ്ങാത്ത അനുരാഗം ജീവാമൃതായി മനമിൽ ത്രസിച്ച് നിൽക്കുന്നു. അവർ യാത്ര തുടർന്നു പുണ്യ നബിയുടെ പുണ്യപാദസ്പർശനമേറ്റ ആനഗരി കൺമുന്നിൽ പ്രത്യക്ഷമായപ്പോൾ മനസ്സും ശരീരവും കോൾമയിർ കൊണ്ടു . ഹൃദയം തന്റെ പ്രേമഭാജനത്തിനായി തപിച്ചു . പുണ്യ ഹബീബിന്റെ ചാരത്തേക്ക് ഭവ്യതയോടെ നടന്നു നീങ്ങി . റൗളയുടെ സമീപം എത്തിയപ്പോൾ പിതാമഹന് അഭിവാദനമർപ്പിച്ചു അസ്സലാമു അലൈക്കും യാ ജദ്ദീ . തിരിച്ചും മറുപടി അലൈക്കു മുസ്സലാം യാ വലദീ എന്ന് ലഭിച്ചതായി പണ്ഡിതർ രേഖപ്പെടുത്തുന്നു .അടങ്ങാത്ത അനുരാഗം ഒരു കീർത്തനായി അണപൊട്ടിയൊഴുകി. "പുണ്യ നബിയേ .. ദേഹം അകലെയാണെങ്കിലും ഈ മണ്ണ് ചുംബിച്ച് പുളകിതനാവാൻ എന്റെ ആത്മാവിനെ ഞാൻ എനിക്ക് പകരക്കാരനായി സദാ ഇങ്ങോട്ട് അയക്കാറുണ്ട് . ഇപ്പോഴിതാ ഞാൻ തന്നെ അങ്ങയുടെ സവിധത്തിലെത്തിയിരിക്കുന്നു തൃക്കരം അവിടുന്ന് ഒന്ന് നീട്ടി തരാമോ ഞാനൊന്ന് ചുണ്ടുകൾ വെച്ച് ആത്മനിർവൃതിയടയട്ടെയോ. " കവിത കേൾക്കേണ്ട താമസം റൗളയിൽ നിന്ന് പുണ്യകരം പുറത്തേക്ക് വന്നു . ശൈഖ് മതിവരോളം ചുംബനങ്ങളർപ്പിച്ചു ഈ മഹാ സംഭവത്തിന് ശൈഖ് ജീലാനി(റ) അടക്കമുള്ള ചില പ്രമുഖ വ്യക്തിതങ്ങൾ ദൃക്ഷാസിയായിരുന്നു. പ്രസ്തുത സംഭവം ഇമാം സുയൂഥി (റ) അൽ ഹാവിയിലും യൂസുഫുന്നബ്ഹാനി (റ) സആദത്തുദ്ദാറൈനിലും ഉദ്ധരിച്ചിട്ടുണ്ട്. പുത്തനാശയക്കാർക്ക് ഇതത്ര ദഹിക്കില്ലങ്കിലും വസ്തുതാപരമാണ് കാരണം നബിമാർ ഖബർ ജീവിതത്തിലും ജീവിച്ചിരിക്കുന്നവരാണ് അതിന്റെ വ്യക്തമായ സംഭവമാണല്ലോ ഇസ്റാഇന്റെത് മുസാനബിയും നബിയും തമ്മിൽ സംഭാഷണമുണ്ടായി, ഓരോ ആകാശത്തും നിശ്ചയിക്കപ്പെട്ട നബിമാരെ കണ്ട് മുട്ടി, നബിമാർക്ക് ഇമാമായി മുത്ത്നബി(സ) നിസ്ക്കരിച്ചു . ഇതെല്ലാം ഖബ്ർ ജീവിതത്തിലും നബിമാർ. കർമ്മലോകത്താണെന്ന് അറിയിക്കുന്നു.       
         മുത്ത് റസൂൽ (സ) യെ ജീവിതത്തിൽ സനേഹിച്ചവർക്ക് സ്നേഹറസൂൽ വേണ്ടതെല്ലാം നൽകും. അവരുടെ ആഗ്രഹ പൂർത്തികരണം നടത്തും എന്നതിന്റെ തെളിവാണ് ശൈഖ് രിഫാഇയുടെ ഈ സംഭവം .ഇത് പോലെ നിരവധി നേർസാക്ഷ്യങ്ങളുണ്ട് . നമ്മുടെ പ്രദേശത്തെ ജ്വലിക്കും താരകങ്ങളായ വെളിയംകോട് ഉമർ ഖാളി (റ) യും കുണ്ടൂർ ഉസ്താദുമെല്ലാം ഇത്തരത്തിൽ സ്ഥാനം നേടിയവരാണ്.


മുനീർ അഹ്സനി ഒമ്മല



ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍