ജ്ഞാന ജ്യോതിസ് താജുൽ ഉലമ വേർപാടിന്റെ മൂന്നാണ്ട് മുനീർ അഹ്സനി ഒമ്മല

ഇസ്ലാമിക നവോത്ഥാന രംഗത്ത് ഈ നൂറ്റാണ്ടിലെ ഇതിഹാസ താരമായിരുന്ന സയ്യിദ് അബ്ദുറഹ്മാൻ അൽ ബുഖാരി കുഞ്ഞിക്കോയ തങ്ങൾ എന്ന താജുൽ ഉലമ വഫാത്തായിട്ട് മൂന്നാം വർഷമാണിത്. വിവിധങ്ങളായ പരിപാടികളുമായി അവിടുത്തെ ചാരത്ത് മൂന്നാം ഉറൂസ് നടക്കുന്നു. 

             സയ്യിദും പണ്ഡിതനുമായ താജുൽ ഉലമ  1922, ഹിജ്റ  1341 റബീഉൽ അവ്വൽ 25 ന് നിരവധി ചരിത്ര സംഭവങ്ങൾക്ക് സാക്ഷ്യം വഹിച്ച ചാലിയത്തിന്റെ സമീപം കരുവൻ തിരുത്തിയിലാണ്  ജനിച്ചത്. മഹാനായ ഒരു സയ്യിദിനെയും പണ്ഡിത തേജ്യസിനെയും പിറക്കാനുള്ള സൗഭാഗ്യം ലഭിച്ചതോടെ ആ നാട് ചരിത്രത്തിൽ ഇടം പിടിച്ചു.കടലുണ്ടി പുഴയോരത്ത് ആ മഹാത്മാവ് വളർന്നു വന്നു.

                പുത്തൻവീട്ടിൽ മുഹമ്മദ് മുസ്ലിയാരിൽ നിന്നാണ് പഠന തുടക്കം. നാട്ടുകാരനായ കുഞ്ഞായിൻ മൊല്ലയിൽ നിന്നാണ് ഖുർആൻ പഠിച്ചത്. അൽഫിയയും മറ്റു ചില കിതാബുകളും സ്വന്തം നാട്ടിൽ നിന്ന് തന്നെ പഠിച്ചു. കോടമ്പിയകത്ത് മുഹമ്മദ് മുസ്ലിയാരിൽ നിന്ന് തഫ്സീർ ഓതി തുടങ്ങി. ഓതുന്ന ദിവസങ്ങളിൽ ആ സൂക്തങ്ങൾ മനപാഠമാക്കൽ അവിടുത്തെ പതിവാണ്. കുശാഗ്രബുദ്ധി ശാലിയും ജ്ഞാന ദാഹിയുമായിരുന്ന സയ്യിദവർകൾ പ്രശസ്തരായ പണ്ഡിതന്മാരിൽ നിന്ന് ജ്ഞാനം കരസ്ഥമാക്കി പറവണ്ണ മുഹിയദ്ദീൻ കുട്ടി മുസ്ലിയാർ, കണ്ണിയത്ത് അഹ്മദ് മുസ്ലിയാർ, അവറാൻ മുസ്ലിയാർ,ഇ കെ അബൂബക്കർ മുസ്ലിയാർ തുടങ്ങി പണ്ഡിത പ്രമുഖരുടെ ശിഷ്യത്വം കരസ്ഥമാക്കി. തുല്യതയില്ലാത്ത പാണ്ഡിത്വത്തിന് ഉടമയായി തങ്ങൾ  ഒന്നാം റാങ്കുമായി രണ്ട് വർഷത്തെ പഠനം കഴിഞ്ഞ് ബാഖിയാത്തിൽ നിന്നും തിരിച്ചു വന്നു. ഇക്കാലത്ത് ബാഖിയാത്തിലെ ഓരോരുത്തരും തങ്ങളെ അടുത്തറിഞ്ഞു. സദ്ഗുണങ്ങളുടെ സമന്വയ വ്യക്തിത്വമായി അവർ ഹൃദയത്തിലിട്ട് അദബും ആദരവും നൽകി സ്വീകരിച്ചു. 

          ബാഖിയാത്തിൽ നിന്നും വന്ന താജുൽ ഉലമ ജ്ഞാന പ്രസരണത്തിന് നാന്ദി കുറിച്ചു. 1952 ലാണ് ഈ തുടക്കം. നേത്രാവദി പുഴയോരത്തുള്ള മനോഹരമായ തീരദേശം ഉള്ളാൾ അവിടെയാണ് തന്റെ കർമ്മമണ്ഡലമായി തങ്ങൾ തിരഞ്ഞെടുത്തത് .ജീവിതാന്ത്യം വരെ അവിടെ തന്നെയായിരുന്നു തങ്ങൾ അധ്യാപനം നടത്തിയത്. "ഉള്ളാളം മുദരിസ് " എന്ന പ്രത്യേക നാമവും തങ്ങളെ തേടിയെത്തി. ഉള്ളാളത്തും പരിസര പ്രദേശത്തും ഇസ്ലാമിക പൈതൃകത്തിന് നിറവും ചൈതന്യവും നൽകിയത് താജുൽ ഉലമ തന്നെ. മദനി തങ്ങളെ കൊണ്ട് പ്രശോഭിതമായ ആ നാടിന് പിന്തുടർച്ചക്കാരനായി മറ്റൊരു സയ്യിദിന് ഇടം നൽകുകയായിരുന്നു ആ ഗ്രാമം.

              സംഭവ ബഹുലമായ ആ  ദർസ് എട്ട് വിദ്യാർത്ഥികളുമായാണ് തുടക്കം എന്നാൽ 1972 ആയപ്പോഴേക്കും വളർന്ന് പന്തലിച്ച് ദറസ് എന്നതിൽ നിന്ന് രൂപം പ്രാപിച്ച് ബിരുദം നൽകുന്ന ഒരു വലിയ അറബി കോളേജായി മാറ്റിയെടുക്കാൻ തങ്ങൾക്കായി . തിരക്കിനിടയിലും ഒരു ക്ലാസ്സ്പോല്ലും മുടക്കം വരുത്താതെ മാതൃകായേഗ്യനായ മുദരിസായി പിൻഗാമികൾക്ക് ജീവിച്ച് കാണിച്ച് കൊടുക്കാന് തങ്ങൾക്കായി . നിരവധി കഴിവുറ്റ പണ്ഡിതവ്യൂഹത്തെ സമൂഹത്തിന് സമർപ്പിക്കാൻ താജുൽ ഉലമക്കായി ബേക്കൽ ഇബ്റാഹീം മുസ്ലിയാർ, താഴേക്കോട് അബ്ദുല്ല മുസ്ലിയാർ, പാനൂർ തങ്ങൾ, പല്ലൂക്കര ഉസ്താദ് മഞ്ഞനാടി അബ്ബാസ് മുസ്ലിയാർ തുടങ്ങി നിരവധി പേർ ശിഷ്യഗണത്തിൽ പ്പെടുന്നു. 

                    1956  സെപ്തംബർ  20നാണ് തങ്ങൾ മുശാവറയിൽ അംഗമാവുന്നത്. പിന്നീടങ്ങോട്ട് ഒരു കുതിച്ചു ചാട്ടം തന്നെയായിരുന്നു. 1971 ഫെബ്രുവരി 13 ന് കണ്ണൂർ  ജില്ലയുടെ മുശാവറ പ്രസിഡന്റ് 76 ൽ കേന്ദ്ര മുശാവറ ഉപാധ്യക്ഷൻ 1976 നവംബർ 19നായിരുന്നു ഈ നിയമനം. സംഭവ ബഹുലമായ ഒരദ്ധ്യായത്തിന് നാന്ദി കുറിക്കപ്പെട്ടു. പിന്നീട് യോഗങ്ങളിലെ പ്രധാന ശ്രദ്ധാകേന്ദ്രം തങ്ങൾ തന്നെ.  പഠന കാലത്ത് തന്നെ ഉസ്താദുമാരുടെ കണ്ണിലുണ്ണിയായ തങ്ങൾ ഉസ്താദും പ്രസിഡന്റുമായ കണ്ണിയത്ത് ഉസ്താദിന്റെ അസാന്നിധ്യം കാരണം 78 ഏപ്രിൽ 15 മുതൽ അധ്യക്ഷ കസേരയിൽ ഇരിപ്പിടവും തുടങ്ങി. അസുഖങ്ങൾ കാരണം കണ്ണിയത്ത് ഉസ്താദിന് പലപ്പോഴും പങ്കെടുക്കാൻ സാധിക്കാത്തതാണ് പ്രിയ ശിഷ്യനെ സ്വന്തം ഇരിപ്പിടത്തിൽ സ്ഥാനം കൊടുത്തത്. 

          1980 ൽ വിദ്യാഭ്യാസ ബോർഡിന്റെ പ്രസിഡന്റായിരുന്ന വാണിയമ്പലം അബ്ദുറഹ്മാൻ മുസ്ലിയാരുടെ വിയോഗാനന്തരം ആ സ്ഥാനത്തേക്ക് നിയുക്തനായത് താജുൽ ഉലമ തന്നെയായിരുന്നു. 89 മുതൽക്ക് വഫാത് വരെ സമസ്തയുടെ അധ്യക്ഷ പദവി തങ്ങളിൽ തന്നെ .  ദർസ് കൊണ്ടും സംഘടന പ്രർത്തനം കൊണ്ടും ത്യാഗോജാലമായ ജീവിതം  കാഴ്ച്ചവെച്ച തങ്ങൾ ആത്മീയത കൊണ്ടും  പ്രവാചക സ്നേഹം കൊണ്ടും ധന്യമായിരുന്നു ആ ജീവിതം അവസാനസമയം വരെയും വിത്റ് പതിനൊന്ന് റക്അത്ത് തന്നെ നിന്ന് കൊണ്ട് നിസ്ക്കരിക്കുമായിരുന്നു.  അവസാന സമയം വഫാത്ത് വരെയും ദിക്ർ ചൊല്ലിയും ബുർദ :പാരായണം നടത്തിയുമായിരുന്നു ആ ധന്യ ജീവിതത്തിനുടമയായ തങ്ങൾ മരണത്തിനായി തയ്യാറെടുത്തത്. ജീവിതത്തിൽ അല്ലാഹുവിനെയല്ലാതെ മറ്റാരെയും ഭയപ്പെടാതെ ദീനിന്റെ ചട്ടക്കൂടിൽ നിന്ന് കൊണ്ട് തന്നെ ജീവിതം നയിക്കാൻ തങ്ങൾക്കായി ത്യാഗനിർഭരമായ ജീവിതം നയിച്ച ആ ജ്ഞാനപ്രഭ 2014 ഫെബ്രുവരി 1 ന് ഇത്പോലൊരു റബീഉൽ ആഖിർ 1 ന് നമ്മോട് യാത്ര ചോദിച്ചു. ആ ഭൗതിക ദേഹം ഇന്നില്ലങ്കിലും അവിടുത്തെ നിയന്ത്രണം എപ്പോഴുമുണ്ട്. എട്ടിക്കുളം തഖവ മസ്ജിദിൽ അന്ത്യമയക്കത്തിലാണെങ്കിലും ആയിരകണക്കായ ജനഹൃദയങ്ങളിൽ താജുൽ ഉലമ ജീവിക്കുന്നു വേർപ്പാടിന്റെ വ്യസനം ഉണ്ടെങ്കിലും അവിടുത്തെ സാരോപദേശങ്ങൾ നമ്മിൽ ഇന്നും ജീവിച്ചിരിപ്പുണ്ട്.

       എട്ടിക്കുളം ഇന്ന് സുന്നത്ത് ജമാഅത്തിന്റെ കർമ്മ ഭടൻമാരെ കൊണ്ട് നിറസാന്നിധ്യമാണ്. താജുൽ ഉലമ യെന്ന നേതാവിന്റെ തൃപ്ത്തി മാത്രമാണ് അവരുടെ  ആഗ്രഹം. ഇപ്പോൾ അവിടുത്തെ മൂന്നാം ഉറൂസ് നടന്നുവരികയാണ്. വിപുലമായ പരിപാടികളോടെ താജുൽ ഉലമയുടെ ചാരെ അവർ  വളർത്തിയ സുന്നിമക്കൾ  ഓർക്കുകയാണ്.

muneerommala91@gmail.com

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍