വരവേൽക്കാം പുണ്യങ്ങളുടെ പൂക്കാലത്തെ 

മുനീർ അഹ്സനി ഒമ്മല
               പുണ്യങ്ങളുടെ പൂക്കാലം വിശുദ്ധ റമളാന്‍ ആഗതമാവുന്നു. റമളാന്‍ വന്നാല്‍ വിശ്വാസിയുടെ മനസ്സും ശരീരവുമെല്ലാം എല്ലാ തിന്മകളില്‍ നിന്നും മാറ്റി നിര്‍ത്തി ആത്മ സംതൃപ്തി കരസ്തമാക്കുകയാണ് വേണ്ടത്. പൂര്‍വ സ്തിഥിയിലുള്ള ആത്മ സംതൃപ്തി നേടിയെടുക്കാന്‍ പ്രയാസമാണ്. അതിനാൽ ഉതകുന്ന രൂപത്തിൽ അത് സ്വായത്തമാക്കണം. എന്നാല്‍ മാത്രമേ നോമ്പ് കൊണ്ട് വിജയം കെെവരിച്ചു എന്ന് പറയാനാവൂ.
            ഇമാം ഗസ്സാലി (റ) നോമ്പിനെ മൂന്ന് സ്റ്റേജുകളാക്കി തിരിക്കുന്നുണ്ട്. അതിലേതെങ്കിലും ഒന്നില്‍ പെടാനെങ്കിലും ശ്രമിക്കണം. 1. സാധാരണക്കാരന്‍െറ നോമ്പ്. 2. പ്രത്യേകക്കാരുടെ നോമ്പ് 3. പ്രത്യേകക്കാരില്‍ പ്രത്യേകക്കാരുടെ നോമ്പ്. ഇതില്‍ ഒന്നാം വിഭാഗം കാമ വികാരങ്ങളില്‍ നിന്നും അന്നപാനീയങ്ങളില്‍ നിന്നും വയറിനെയും ഗുഹ്യ ഭാഗത്തെയും തടഞ്ഞു നിര്‍ത്തുകയെന്നതാണ്. ഇതാണ്‌ സാധാരണക്കാരുടെ നോമ്പ്. സാധാരണ ഗതിയിൽ നോമ്പ് കൊണ്ട് വിവക്ഷിക്കപ്പെടുകയും കര്‍മ്മ ശാസ്ത്ര പണ്ഡിതർ പറയുകയും ചെയ്യുന്നത് ഇതാണ്‌.
ഈ ഗണത്തില്‍പ്പെടാന്‍ സാധാരണ അധിക ആളുകൾക്കും സാധിക്കും അത് കൊണ്ട് തന്നെ ഇതിന് സാധാരണക്കാരുടെ നോമ്പ് എന്ന് പദവി നല്‍കിയതും. ഇത് വളരെ ബുദ്ധിമുട്ടില്ലാതെ നേടിയെടുക്കാരണം കാരണം ഇത് രണ്ടുമില്ലങ്കില്‍ പിന്നെ നോമ്പാവില്ലല്ലോ.
           രണ്ടാം വിഭാഗം പ്രത്യേകക്കാരുടെ നോമ്പാണ്. അതായത് കണ്ണ്, ചെവി, നാവ്, കെെകാലുകള്‍, മറ്റു അവയവങ്ങൾ ഇവയെല്ലാം കൊണ്ട് തെറ്റുകളില്‍ നിന്ന് മാറി നില്‍ക്കുകയെന്നതാണ്.
           അത്ര പെട്ടെന്ന് നേടിയെടുക്കാന്‍ സാധ്യമല്ല. അല്‍പം ബുദ്ധിമുട്ടാണ് ഈ പദവിയിലെത്താന്‍. ആദ്യം പറഞ്ഞതെടുക്കാം കണ്ണ്. കണ്ണ് മുഖാന്തിരം ധാരാളം നിഷിദ്ധമായ കാര്യങ്ങൾ ഹൃദയത്തില്‍ കടന്നു വരാം. അതിനെ മറച്ചു പിടിച്ച് പൂര്‍ണ്ണമായും കണ്ണിനെ സംരക്ഷിക്കണം. അപ്പോള്‍ ഹൃദയ ശുദ്ധിക്ക് കാരണമാവും. അങ്ങനെ സാധ്യമായാലാണ് ഇൗ പദവിയിലെ ആദ്യ കടമ്പ കടക്കാന്‍ സാധിക്കുക. വികാരത്തോടെയുള്ള നോട്ടം നോമ്പിനെ ഫസാദാക്കുമെന്ന് തിരു നബി (സ) തങ്ങള്‍ പഠിപ്പിച്ചു. ഇത് ഇല്ലാതാവണമെങ്കില്‍ കണ്ണിനെ സൂക്ഷിക്കണം.
             രണ്ടാമതായി സൂക്ഷിക്കേണ്ടത് നാവിനെയാണ്. വളരെ പെട്ടെന്ന് നോമ്പ് ഫസാദാവാനും അടക്കി നിര്‍ത്താന്‍ വളരെ ബുദ്ധിമുട്ടുമുള്ള ഒന്നാണ് നാവ്. അതിനെ അടക്കി നിര്‍ത്താന്‍ സാധിച്ചാല്‍ അവന്‍ വിജയിച്ചു.  അനാവശ്യ സംസാരങ്ങള്‍, തര്‍ക്കങ്ങള്‍, ഏഷണി പരദൂഷണം തുടങ്ങിയവയാണ് നാവ് മൂലം ഉണ്ടാവുന്ന വിപത്തുകള്‍. ഇതിൽ നിന്ന് നാവിനെ സംരക്ഷിച്ച് നിര്‍ത്താനുള്ള മാര്‍ഗം സദാസമയം ഖുർആൻ പാരായണം ചെയ്യുക. ദിക് ര്‍ ചൊല്ലുക അതുമല്ലങ്കില്‍ മൗനം പാലിക്കുക എന്നതാണ്. ഇത് വളരെ സാഹസികമാണ്. അത് കൊണ്ടാണ് പ്രത്യേകക്കാരുടെ നോമ്പില്‍ പെടുത്തിയത്.
      അതുപോലെ നാവില്‍ നിന്ന് ഉത്ഭവിക്കുന്ന വളരെ നോര്‍മലായി ജനം കാണുകയും വിഷയമാക്കുകയും ചെയ്യാത്ത ഒന്നാണ് കളവ് പറയുകയെന്നത്. ഇന്ന് കളവ് പറയാൻ ഒരു മടിയുമില്ലാതെയായിരിക്കുന്നു. അനങ്ങിയാല്‍ കളവ് ഈ സാഹചര്യത്തിൽ ഈ പദവിയിലേക്ക് കടന്നവരെ കണ്ടെത്തുക പ്രയാസമായി വരും. പരദൂഷണവും കളവും നോമ്പിന്‍െറ പ്രതിഫലത്തെ ഇല്ലാതാക്കി കളയുമെന്ന് നബി (സ) പഠിപ്പിച്ചിട്ടുമുണ്ട്. അപ്പോള്‍ ഇത്തരം കാര്യങ്ങളിൽ നിന്ന് നാവിനെ തടഞ്ഞു നിര്‍ത്തുക തന്നെ വേണം. നമ്മേ അനാവശ്യ സംസാരങ്ങളാല്‍ വേദനിപ്പിക്കുന്നവരോടും, ചീത്ത പറയുന്നവരോടും മൗനം പാലിക്കാനാണ് തിരു പാഠം. അപ്രകാരം തന്നെ മനസ്സില്‍ ഞാൻ നോമ്പ്കാരനാണെന്ന് കരുതുകയും വേണം. വല്ലാതെ അധികമാവുബോഴാണ് തുറന്ന് പറയേണ്ടത്. ഇങ്ങനെ നാവിനെ പരമാവധി സൂക്ഷിക്കണം.
    മറ്റൊരവയവമാണ് ചെവി. ഇതും വളരെ പ്രധാനപ്പെട്ടതാണ്. കാരണം നാം പറഞ്ഞില്ലങ്കിലും മറ്റുള്ളവര്‍ക്ക് ചെവികൊടുക്കലിലൂടെ നാം കുറ്റക്കാരാവും. ഏഷണി പോലുള്ളവ പറയലും കേള്‍ക്കലും ഒരുപോലെ കുറ്റകരമാണന്നാണ് അധ്യാപനം. ഇമാം ബുഖാരി (റ) പറഞ്ഞു ഗീബത്ത് പറയല്‍ നിഷിദ്ധമാണന്ന് അറിഞ്ഞതു മുതല്‍ ഞാൻ എന്‍െറ ജീവിതത്തില്‍ അത് പറഞ്ഞിട്ടേയില്ല. അപ്പോള്‍ മഹാന്‍ കേട്ടിടുമുണ്ടാവില്ല. ഇത്തരക്കാരെ ഇന്ന് സമൂഹ മദ്ധ്യേ കാണാൻ പ്രയാസമാണ്. മാത്രമല്ല ഇന്ന് നാം നിലകൊള്ളുന്നത് തന്നെ ന്യൂ ജനറേഷന്‍ എന്ന് പേരിട്ട കാലത്താണ് പലരുടെയും ചെവികളില്‍ രണ്ട് കണ്ണ് ഘടിപ്പിച്ചിട്ടുണ്ടാവും അതിനാൽ ഞങ്ങള്‍ ആരെയും പറ്റി സംസാരിക്കുന്നുമില്ല, കേള്‍ക്കുന്നുമില്ല എന്ന് പറഞ്ഞ് ഒഴിഞ്ഞുമാറാനും വകയില്ല. കാരണം അവർ അതിനെക്കാളും വലിയ കുറ്റത്തിലേക്കാണ് നീങ്ങുന്നത് . അത്തരക്കാര്‍ ഏതെങ്കിലും സിനിമ ഗാനങ്ങളോ കോമടികളോ കണ്ട് ആസ്വദിക്കുന്നവരാവാം അതും കുറ്റം തന്നെ മറ്റു ചിലർ തന്‍െറ മൊബെെലില്‍ വരുന്ന നീചമായ ദൃശ്യങ്ങൾ കണ്ട് രസിക്കുന്നവരാവാം ഇത് മൂലം ഒരേസമയം രണ്ട് കുറ്റങ്ങള്‍ വരുന്നു .  കണ്ണും ചെവിയും അതില്‍ പങ്കുചേരുന്നു. ഇതിൽ നിന്നെല്ലാം മുക്തമായാലാണ് പ്രതേകക്കാരില്‍ പെടുകയുള്ളു.
       അവസാനമായി എണ്ണിയത് കെെ കാലുകളും മറ്റു അവയവങ്ങളുമാണ് മുകളിൽ പറഞ്ഞതെറ്റുകളും ഇനി പറയാൻ ബാക്കിയുള്ളതിനുമെല്ലാം പൊതുവിൽ കുറ്റകരമായതാണ് അവന്‍െറ കാല് കാരണം ഇതിലേക്കെല്ലാം നടന്നു നീങ്ങുന്നത് ആ കാലിലൂടെ യാണല്ലോ. അപ്പോള്‍ എല്ലാ തെറ്റിലൂടെയും കാല് പങ്കാളിയാവുന്നു. അതുപോലെ കെെ കൊണ്ട് വരാൻ ഇടയുള്ള എന്തെല്ലാമുണ്ടോ അതെല്ലാം ഒഴിവാക്കാൻ ശ്രമിക്കണം. ഹലാലത്ത ഭക്ഷണം റമളാനില്‍ ഭക്ഷിച്ചാല്‍ അവന്‍െറ കെെയും വയറുമെല്ലാം പ്രതികൂട്ടിലാവും . മഹാരഥന്‍മാരുടെ ജീവിതം പരിശോധിച്ചാല്‍ ഇതെല്ലാം അവരുടെ ജീവിതത്തില്‍ പാലിച്ചതായി കാണാൻ കഴിയും. അവർക്കൊന്നും ഇത് വലിയ ബുദ്ധിമുട്ടല്ലായിരുന്നു. അത് കൊണ്ട് തന്നെയാണ് പ്രത്യേകക്കാരുടെ നോമ്പായതും.
           ചുരുക്കത്തിൽ ഇൗ പറഞ്ഞ കാര്യങ്ങളിൽ നിന്ന് ശ്രദ്ധ തെറ്റിയാല്‍ നോമ്പ് ഫസാദാവും നബി (സ) പറഞ്ഞുവല്ലോ കളവ് , ഗീബത്ത്, നമീമത്ത് , കള്ളസത്യം, വികാരത്തോടെയുള്ള നോട്ടം എന്നിവ  നോമ്പിനെ മുറിച്ച് കളയും ഈ പറഞ്ഞതെല്ലാം ഇതിൽ ഉള്‍കൊണ്ടിട്ടുണ്ട്. അതിനാൽ ഇപ്രകാരം നോമ്പെടുത്താല്‍ മാത്രമേ ഈമാനിന്‍െറ മാധുര്യം രുചിക്കാനാവൂ. അല്ലങ്കില്‍ ശെെത്വാനിന് അടിമ പെടേണ്ടിവരും .
          മൂന്നാമതായി ഇമാം തിരിച്ചത് പ്രത്യേകക്കാരില്‍ പ്രത്യേകക്കാരുടെ നോമ്പാണ് ഈ പദവി കെെവരിക്കാന്‍ വളരെയേറെ പ്രയാസമാണ് കാരണം. ഇത് കൊണ്ടുള്ള വിവക്ഷ ദുന്‍യവിയായ ചിന്ത വെടിഞ്ഞ് നോമ്പിലൂടെ അല്ലാഹുവില്‍ ലയിക്കലാണ്. ഭൗതിക താല്‍പര്യങ്ങള്‍ പൂര്‍ണ്ണമായും വെടിഞ്ഞ് ചിന്തകള്‍ പൂര്‍ണ്ണമായും അല്ലാഹുവിലേക്ക് സമര്‍പ്പിക്കുക. മനസ്സില്‍ അല്ലാഹുവിനെ മാത്രം കുടിയിരുത്തുകയെന്നതാണ്. അവർക്കുള്ള നോമ്പ് അത് തന്നെയാണ്. അല്ലാഹു അല്ലാത്ത മറ്റൊരു ചിന്ത കടന്നു വന്നാല്‍ ഇത്തരക്കാരുടെ നോമ്പ് മുറിഞ്ഞുപോവും. ഇവരെ ഇന്ന് കാണാല്‍ വളരെ വിരളമാണ്. മഹാന്‍മാരായ അമ്പിയാക്കള്‍, ഒൗലിയാക്കള്‍ , സിദ്ദിഖുകള്‍ ഇവർ ഈ ഗണത്തില്‍ പെടുന്നവരാണ്. നോമ്പ് മുറിക്കാന്‍ എന്തു ലഭിക്കുമെന്ന് പകലില്‍ ചിന്തിച്ചാല്‍ പോലും നോമ്പ് മുറിയുമെന്ന് പ്രസ്താവിച്ച സൂഫി പണ്ഡിതർ ഉണ്ട്. ഈ ചിന്ത വരുന്നത് അല്ലാഹുവിലുള്ള ഉറപ്പ് കുറഞ്ഞത് കൊണ്ടാണല്ലോ. അവർ ഭക്ഷണം തരാമെന്നേറ്റതല്ലേ. അപ്പോള്‍ ആത്മീയ ലോകത്ത് വിരാജിക്കുന്നവര്‍ക്കെ ഇതിന് സാധിക്കൂ. അല്ലാത്തവര്‍ക്ക് സാധ്യമല്ല.
           ചുരുക്കി പറഞ്ഞാല്‍ ഈ മൂന്ന് പദവിയിലേതെങ്കിലുമൊന്നില്‍ പെടണം ചുരുങ്ങിയത് ഒന്നാമത്തതില്‍ പെടണം. അല്ലാതെ വെറും പേരിൽ നോമ്പുകാരനായാല്‍ പോരാ . ഇത്തെത്തിലുള്ള നോമ്പ് അനുഷ്ഠിച്ച് ആത്മീയ ഉന്നതി കെെവരിക്കാന്‍ നാഥന്‍ തുണക്കട്ടെ.
                    9048740007
 

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍