പാലക്കാട് ജില്ലയിലെ ഒരു പുരാതന ഗ്രാമമാണ് തസ്രാക്ക്. കരിമ്പന കൂട്ടങ്ങളും വയലുകളും കുടിലുകളും നിറഞ്ഞ ഒരു ഗ്രാമം. ഇന്നും ആ പ്രാചീന ഗ്രാമത്തിന്റെ പ്രതീതി അവിടെ തങ്ങി നിൽക്കുന്നു. ചുറ്റും പച്ചപ്പു നിറഞ്ഞ വയലോരങ്ങൾ കൊണ്ട് ആ ഗ്രാമം സൗന്ദര്യ പൂർണ്ണമായിരിക്കുന്നു. മലയാള സാഹിത്യത്തിൽ കഴിഞ്ഞ അര നൂറ്റാണ്ടു മുൻപ് രചന നിർവഹിക്കപ്പെട്ടവയിൽ മികച്ച ഗ്രന്ഥമെന്ന് ഖ്യാതി നേടിയ ഖസാക്കിന്റെ ഇതിഹാസം എന്ന ഒ വി വിജയന്റെ ഗ്രന്ഥം പിറവി പൂണ്ടത് ഈ ഗ്രാമത്തെ അടിസ്ഥാനപ്പെടുത്തിയാണ്. വർഷങ്ങൾ കഴിഞ്ഞിട്ടും ഇന്നും വായിക്കപ്പെടുന്നുണ്ട് ആ പുസ്തകം. പാലക്കാടിന്റെ പഴമ പറയുന്ന ഈ ഗ്രാമത്തെയാണ് ഒവി വിജയൻ ഖസാക്കായി രൂപാന്തരപ്പെടുത്തിയത്. ഒരു ഗ്രാമത്തിലെ മനുഷ്യരുടെ ജീവിതത്തെ അടയാളപ്പെടുത്തിയതാണ് ഇതിഹാസം.
ഖസാക്ക് അന്ന് തസ്രാക്കുകാർക്ക് കേട്ടു പരിചയമില്ലാത്ത ഈ നാമം കഥാകൃത്തിന്റെ സൃഷ്ട്ടിയാണ്. ഒരു സാങ്കല്പിക സൃഷ്ടി. എന്നാൽ ഇതിഹാസത്തിന്റെ പിറവിയോടെ അതാ ഗ്രാമത്തിന്റെ മറു പേരായി അല്ല അറിയപ്പെട്ട നാമമായി, ആ ഗ്രാമത്തിന്റെ വിളിപ്പേരായി മാറി. ഇന്ന് ഖസാക്കറിയാത്തവരില്ല ഖസാക്കിനെ പരിചയമില്ലാത്തവരും കുറവായിരിക്കും. എന്നാൽ തസ്രാക്ക് എന്ന് കേൾക്കുമ്പോൾ അതും ഒരു സാങ്കൽപികമാണെന്ന് നാം ധരിച്ചെങ്കിൽ തെറ്റി. അത് ആ നാടിന്റെ യത്ഥാർത്ത പേരു തന്നെയാണ്. ഒവി വിജയൻ സഞ്ചരിച്ച നടപ്പാതയിലൂടെ ഇന്ന് നമ്മൾ സഞ്ചരിക്കുമ്പോൾ ഖസാക്കിന്റെ ഇതിഹാസത്തിന്റെ കഥകൾ നമ്മിലേക്ക് ഓർമകളായി കടന്നുവരും. അടിച്ചു വീശുന്ന കരിമ്പനക്കാറ്റ് അവിടെയുള്ള ഒരോ ചരിത്രങ്ങളും പുനസൃഷ്ടിച്ചു തരും ചിതലി മലയുടെ , അറബിക്കുളത്തിന്റെ , ഏകാധ്യാപക വിദ്യാലയത്തിന്റെ കാവലാളായ രവിയുടെ , അള്ളാപിച്ച മൊല്ലാക്ക മുതൽ അപ്പുക്കിളി അടക്കമുള്ള അങ്ങനെ ... ഓരോന്നിന്റെയും. നാടും നഗരവും വികാസത്തിന്റെ ഉച്ചിയിലെത്തുമ്പോഴും ഈ ഗ്രാമത്തിന് മാറ്റങ്ങൾ അത്ര പറയാനൊന്നുമില്ല. കഥാകാരൻ നടന്ന നടവഴികൾക്കു പകരം പൊട്ടിയും പൊളിഞ്ഞതുമായ റോഡ് ഉണ്ട്. കൂരകൾക്കു പകരം ചെറിയ വാർക്ക വീടുകൾ ഇടം പിടിച്ചിരിക്കുന്നു പ്രകൃതിയുടെ ചമൽക്കാരം അങ്ങനെ തന്നെ സ്ഥായിയിട്ടുണ്ട്.
കനാൽ സ്റ്റോപ്പിൽ ബസ്സിറങ്ങി നടന്നോ ഓട്ടോ വിളിച്ചോ വേണം തസ്രാക്കിലെത്താൻ. പാലക്കാട് പെരുവമ്പ റോഡിൽ നിന്നും അൽപ്പം മാറിയാണ് ഈ ഗ്രാമം . കിണാശ്ശേരിക്കപ്പുറം തണ്ണീർ പന്തൽ കഴിഞ്ഞ് ഏകദേശം നാനൂറ് മീറ്റർ സഞ്ചരിച്ചാൽ കനാൽ എത്തും അവിടെ നിന്നാണ് തസ്രാക്കിലേക്ക് പോവേണ്ടത് ഏകദേശം രണ്ടു കിലോമീറ്റർ ദൂരം ഉണ്ട്. കുഴൽമന്ദത്തു നിന്ന് കൊടുവായൂർ വഴിയും അവിടെയെത്താം.
പാലക്കാട് ജില്ലാ സാഹിത്യോത്സവുമായി ബന്ധപ്പെട്ടാണ് ഞങ്ങൾ തസ്രാക്ക് ലക്ഷ്യമാക്കി നീങ്ങിയത്. പാലക്കാട് ജില്ലാ സാഹിത്യോത്സവ് തീം ഒവി വിജയൻ എന്ന സാഹിത്യകാരൻ ആയത് കൊണ്ട് തന്നെ അദ്ധേഹം പ്രസിദ്ധിയാർജിച്ച ഖസാക്കിന്റെ ഇതിഹാസം വിരചിതമായ നാട് സന്ദർശിക്കാനും ജില്ലാ കമ്മറ്റിയുടെ ഉപഹാരം കൈമാറാനുമായിരുന്നു യാത്ര . സഹ പ്രവർത്തകൻ അബ്ദുൽ ഹക്കീമായിരുന്നു സഹയാത്രികൻ. തസ്രാക്ക് കേട്ടു പരിചയും മാത്രമെയുള്ളു. ഖസാക്കിന്റെ ഇതിഹാസത്തിലൂടെ അറിഞ്ഞ തസ്രാക്ക് അതല്ലാതെ കൃത്യമായ ഒരു വിവരവും ഞങ്ങളിലില്ല. പെട്ടന്ന് പോയി വരേണ്ടതുള്ളത് കൊണ്ട് സ്കൂട്ടർ തന്നെയാണ് യാത്രക്കായി തിരഞ്ഞെടുത്തതും ബസ്സിൽ പോവാൻ ആണ് ഉദ്ദേശിച്ചതെങ്കിലും അവിടെ എത്തിയപ്പോൾ മനസ്സിലായി ബസ്സ് യാത്രയെക്കാൾ നല്ലത് മറ്റു വാഹനങ്ങൾ ആണെന്ന് . ഒന്ന് അവിടെ എത്തിപ്പെടാനുള്ള ദുസ്സഹത. മറ്റൊന്ന് വഴിയോര കാഴച്ച. പാലക്കാട് - തൃശ്ശൂർ പ്രധാന പാതയിൽ ചന്ദ്രനഗർ സ്റ്റോപ്പിൽ നിന്നാണ് തിരിഞ്ഞ് പോവേണ്ടത്. ഒലവക്കോട് നിന്നും വരുമ്പോൾ ചന്ദ്രനഗർ എത്തിയാൽ മേൽപ്പാലത്തിന് മുൻപായി ഒരു ചെറിയ റോഡ് ലഭിക്കും. ആ വഴിയിലൂടെയും തസ്റാക്കിലേക്ക് പോവാം. ഞങ്ങൾ ആ വഴിയാണ് യാത്ര ചെയ്തത്. നല്ല സുന്ദരമായ ഗ്രാമ കാഴ്ച്ചകൾ കണ്ടുള്ള യാത്ര. ചെറിയ റോഡ് ഇരുവശങ്ങളിലും പച്ചപിടിച്ച വയലുകളും ഇടയിൽ ചെറിയ വീടുകളും. അല്പം സഞ്ചരിച്ചാൽ ബ്രിട്ടിഷുകാർ നിർമ്മിച്ച മനോഹരമായ ഒരു പാലം കാണാം. രൂപാകൃതി തന്നെ സുന്ദരമാണ് പാലം പഴക്കമുള്ളതിന്റെ അടയാളമുണ്ട്. ഇടക്കിടക്ക് കയറി നിൽക്കാൻ കൂടുകൾ ഉണ്ട് എന്തു കൊണ്ടും മനോഹരം. അത് കഴിഞ്ഞ് പോവുമ്പോൾ പാതയോരങ്ങളിൽ ഇരു ഭാഗത്തേക്കും തണൽ വിരിച്ച് റാ ശൈപ്പിൽ മരങ്ങൾ തിങ്ങി നിൽക്കുന്നു. ഉച്ച സമയത്തെ കത്തുന്ന വെയ്ലിൽ തണുപ്പുമായി സമാശ്വാസം നൽകുന്നുണ്ട് ഈ മരങ്ങൾ. വഴിയോര കാഴ്ച്ചകൾ കണ്ട് ഞങ്ങൾ നേരെ തസ്റാക്ക് ലക്ഷ്യമാക്കി നീങ്ങി. ഇടക്കിടക്ക് ഒവി വിജയൻ സ്മാരകം എന്നെഴുതി വെച്ച സൈൻ ബോർഡ് കാണാം. ആ ആരോമാർക്കുകൾ ഞങ്ങൾക്ക് ലക്ഷ്യസ്ഥാനത്തേക്കെത്താൻ സഹായിച്ചു. കിണാശ്ശേരി വഴി പോകുമ്പോൾ വഴിയമ്പലമാണ് നമ്മെ
ആദ്യം എതിരേൽക്കുന്നത് വഴിയമ്പലമാണ്. നല്ല മനോഹരമായ കാഴ്ച്ചകളുള്ള കൂറ്റൻ പ്രവേശന കവാടവും മറ്റും കാണാം. യാത്രികർക്ക് വിശ്രമിക്കാൻ ഇടവുമുണ്ട്.
ഉച്ചക്ക് ഒരു മണിക്ക് ശേഷമാണ് അവിടെയെത്തുന്നത്. തസ്റാക്കിലെത്തി ഉച്ച ഭക്ഷണം കഴിക്കാമെന്നാണ് ഞങ്ങൾ കരുതിയത് പക്ഷേ തസ്റാക്കിലത്തിയപ്പോൾ അവിടെ രണ്ടു ചെറിയ കടകൾ മാത്രമായിരുന്നു.
ഒരു പുരാതനയെ അടയാളപ്പെടുത്തുന്ന ഗ്രാമം തന്നെയാണ് ഇന്നും തസ്റാക്ക്. എങ്കിലും ഞങ്ങളുടെ വരവറിഞ്ഞ തസ്റാക്ക് പള്ളിയിലെ ഉസ്താദ് ഖാദർ സഖാഫി ഭക്ഷണം കരുതി വെച്ചിരുന്നു. ഒവി വിജയൻ സ്മാരക ഗൈറ്റിനു മുൻപിൽ വാഹനം നിർത്തി ഞങ്ങൾ പുറത്തെ ചിത്രം പകർത്തി അകത്തു കടന്നു. 2010 ൽ അന്നത്തെ വിദ്യാഭ്യാസ-സാംസ്‌കാരിക വകുപ്പ് മന്ത്രി ശ്രീ.എം.എം. ബേബിയാണ് ഒ.വി.വിജയൻ സ്മാരക സമിതിക്കു രൂപമിട്ടത്.
കേരള സാംസ്‌കാരിക വകുപ്പിന് കീഴിലായിരുന്നു. ഇതിഹാസത്തിന് സാക്ഷിയായ മുഴുവൻ സ്ഥലവും സർക്കാർ കാഷ് കൊടുത്ത് മേടിച്ചു. 2016 ൽ കേരള സാംസ്കാരിക നിയമ വകുപ്പ് മന്ത്രി എ കെ ബാലന്റെ നേതൃത്വത്തിൽ വീണ്ടും സമിതി പുതുക്കുകയും ഇന്ന് കാണുന്ന രൂപത്തിൽ സ്മാരകം പൂർത്തീകരിക്കുകയും ചെയ്തു. ഖസാക്കിന്റെ ഇതിഹാസത്തിലെ ഒരോന്നും അവിടെ പുനരാവിഷ്ക്കരിച്ചിരിക്കുന്നു. ആ പുസ്തകം വായിച്ചവർക്ക് ആസ്വദിക്കാനുള്ള വർണ്ണാഭ കാഴ്ചകളാണ് അവിടെ ഒരുക്കിയിരിക്കുന്നത്.
0 അഭിപ്രായങ്ങള്‍